28 April 2024, Sunday

ബിൽക്കീസ് ബാനു കേസ് തുടരേണ്ടിവരുമോ?

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
January 12, 2024 4:04 am

ബിൽക്കീസ് ബാനുവിന് ഒടുവിൽ നീതി ലഭിച്ചോ? ഇല്ലെന്ന തോന്നൽ വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽക്കീസ് ബാനു കേസിലെ ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട 11 കുറ്റവാളികൾക്ക് മാപ്പു നൽകി മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി രാജ്യത്തിന്റെ പരമോന്നത നീതിപീഠം റദ്ദ് ചെയ്തു എന്നത് തികച്ചും സ്വാഗതാർഹമാണ്. നീതിന്യായ വ്യവസ്ഥിതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം കൂടുതൽ ദൃഢതരമാക്കുന്നതിന് ഈ വിധി സഹായകരമായി. ‘തന്റെ നെഞ്ചിൽ നിന്നും പർവത സമാനമായ ഒരു ഭാരം ഇറക്കി വച്ചതിന്റെ ആശ്വാസമാണ് ബിൽക്കീസ് ബാനുവിന്. വർഷങ്ങൾക്കുശേഷം തനിക്ക് ഒന്നു ചിരിക്കാൻ കഴിഞ്ഞുവെന്ന് പോരാട്ടവീര്യം ഒട്ടും ചോരാത്ത ബിൽക്കീസ് ബാനു എന്ന ബിൽക്കീസ് യാക്കൂബ് റസൂൽ ഉള്ളുതുറന്ന് മാധ്യമങ്ങളോട് പറഞ്ഞു. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് ഉജ്ജൽ ഭുയാനും അടങ്ങിയ ഡിവിഷൻ ബഞ്ച് അവരുടെ വിധിന്യായത്തിൽ ഗുജറാത്ത് സർക്കാർ അധികാരപരിധി വിട്ട് നീതിരഹിതമായി പ്രവർത്തിച്ചു എന്ന് തുറന്നു പറയുകയും ചെയ്തു. ഇന്നത്തെ ഫാസിസ്റ്റ് ഭരണ സംവിധാനത്തിൽ ഈ രണ്ടു ന്യായാധിപർ കാണിച്ച ധീരത പ്രശംസനീയം തന്നെയാണ്.
സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് 2022ൽ നേടിയ ഒരു ഉത്തരവും ഡിവിഷൻ ബഞ്ച് റദ്ദ് ചെയ്തു എന്നതും അഭിനന്ദനീയം തന്നെ. ഇവിടെ രണ്ടു പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനാണ് ആഗ്രഹിക്കുന്നത്. ഒന്ന് ബിൽക്കീസ് ബാനു കേസിന്റെ കുറ്റവിചാരണ നടന്നത് മഹാരാഷ്ട്രയില്‍ ആയതുകൊണ്ട്, ഗുജറാത്തിനെയല്ല, മഹാരാഷ്ട്ര സർക്കാരിനെയാണ് പ്രതികൾ സമീപിക്കേണ്ടതെന്നും ആ സർക്കാർ വേണം ജയിൽ മോചനവും ദയാഹർജിയും പരിഗണിക്കേണ്ടത് എന്നും കോടതി വ്യക്തമാക്കി. അതിനർത്ഥം മഹാരാഷ്ട്ര സർക്കാരാണ് പ്രതികളെ ജയിൽമോചിതരാക്കിയതെങ്കിൽ നിയമപരമായി തെറ്റാകില്ല എന്നാണല്ലോ. നിയമവാഴ്ച മറ്റെന്തിനെക്കാളും ഉപരിയായി നിലനിൽക്കണമെന്ന നീതിപീഠത്തിന്റെ കാഴ്ചപ്പാട് ഒരു പാഠവും നല്ല സന്ദേശവുമാണ്. 

ബിൽക്കീസ് ബാനു എന്ന 2002ലെ 21 വയസുകാരി അന്നനുഭവിച്ച കൊടുംക്രൂരത കോടതി നല്ലതുപോലെ മനസിലാക്കി. ഗർഭിണിയായ ബിൽക്കീസിനെ കൂട്ട ബലാത്സംഗം ചെയ്തവർ അവരുടെ മൂന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ തല പാറയിലടിച്ച് കൊല്ലുകയായിരുന്നു. ഏതാനും ദിവസം മുമ്പ് മാത്രം പ്രസവിച്ച ബന്ധുവിനെയും കശ്മലന്മാർ കൂട്ട ബലാത്സംഗം ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പുമാത്രം ജനിച്ച അവരുടെ കുഞ്ഞിനെ കൺമുമ്പിൽ വച്ച് കൊന്നുകളഞ്ഞു. 17 പേരടങ്ങിയ കുടുംബത്തിലെ നാല് പേർ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. ഫാസിസത്തിന്റെ വംശഹത്യാ സിദ്ധാന്തം നടപ്പിലാക്കിയ പ്രതികളെ ജയിൽ മോചിതരാക്കുന്നതിനെതിരായി മഹാരാഷ്ട്ര (മുംബൈ)യിലെ പ്രിസൈഡിങ് ജഡ്ജിന്റെ ശുപാർശയും സിബിഐ നൽകിയ റിപ്പോര്‍ട്ടും കോടതിയിൽ നിന്നും ഇവര്‍ മറച്ചുപിടിച്ചിരുന്നു. ആ ശുപാർശകൾ വ്യക്തമാക്കുന്നത് ഇവരുടെ കുറ്റം ചെയ്തതിനു ശേഷമുള്ള സ്വഭാവത്തിന്റെ വൈകല്യങ്ങളെയാണ്. ഒരു കാരണവശാലും ഈ പ്രതികൾ ശിക്ഷ ഇളവുചെയ്ത് പുറത്തിറങ്ങുന്നത് പൊതുസമൂഹത്തിന് നല്ലതല്ലെന്നാണതിനർത്ഥം.
പ്രതികൾക്ക് കുറ്റബോധമോ മനഃപരിവർത്തനമോ ഉണ്ടായിട്ടില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇവർക്കെതിരായ റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിൽ ‘ഉചിതമായ അധികാരമുള്ള മഹാരാഷ്ട്ര സംസ്ഥാന സർക്കാരിനെ’ ഈ ഹീനകൃത്യങ്ങൾ ചെയ്ത പ്രതികൾ മാപ്പപേക്ഷയുമായി സമീപിച്ചാലും ജീവിതാവസാനം വരെ ജയിൽവാസം ഉറപ്പാക്കാൻ കഴിയണം. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ബലാൽക്കാരം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തവർ സര്‍ക്കാരിന്റെ രാഷ്ട്രീയത്തണലിൽ ജയിൽമോചിതരാവുകയും നാട്ടിൽ ഭീതി സൃഷ്ടിച്ച് സ്വെെരവിഹാരം നടത്തുകയും ചെയ്യുന്നത് തടയാൻ കഴിയണം. മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി മുന്നണി സർക്കാർ എടുക്കുന്ന നിലപാടുകൾ ഇവിടെ നിർണായകമായിരിക്കും.
സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച് മൂന്നാം പ്രതിയായ രാധേശ്യാം ഭഗവൻദാസ് ഷാ 2022 മേയ് 13ന് നേടിയ ഉത്തരവാണല്ലോ പ്രതികളെ തുറന്നു വിടാൻ ഇടയാക്കിയത്. ഇത്ര ലാഘവത്തോടുകൂടി സുപ്രീം കോടതിയെന്ന പരമോന്നത നീതിപീഠം തെറ്റിദ്ധരിക്കപ്പെടാമോ? ആർക്കും ഈ രീതിയിൽ ന്യായാധിപരെ വഞ്ചിക്കാൻ കഴിയുമോ. വഞ്ചനയിൽക്കൂടി നേടിയ വിധി ജനുവരി എട്ടാം തീയതി റദ്ദ് ചെയ്തു എന്നത് ആശ്വാസകരം മാത്രമല്ല ഇന്ത്യൻ നീതിപീഠത്തിന്റെ യശസ് ഉയർത്തിപ്പിടിക്കുന്നതുമാണ്. എന്നാൽ ജഡ്ജിമാർ എത്ര ലാഘവത്തോടുകൂടിയാണ് കേസുകളുടെ വിചാരണ നടത്തുന്നത് എന്നത് ഗൗരവമുള്ള വിഷയമാണ്. 2019 ജൂലെെ 17ന് ഈ അപേക്ഷ പരിഗണിക്കേണ്ടത് ഗുജറാത്ത് സർക്കാരല്ല, മഹാരാഷ്ട്ര സർക്കാരാണെന്നു വ്യക്തമാക്കി ഗുജറാത്ത് ഹൈക്കോടതി നൽകിയ ഉത്തരവ് പോലും സുപ്രീം കോടതി പരിഗണിച്ചില്ല. മാത്രമല്ല സുപ്രീം കോടതിയുടെ തന്നെ നിരവധി വിധിന്യായങ്ങളെ അവഗണിച്ച് ഗുജറാത്ത് ഹൈക്കോടതിയുടെ ഈ കണ്ടെത്തൽ അന്ന് സുപ്രീം കോടതി തള്ളിക്കളയുകയും ചെയ്തു. ഇത് നീതിപീഠത്തിന്റെ, നീതി നടപ്പിലാക്കേണ്ടുന്നവരുടെ വീഴ്ചകളെ കൂടുതൽ ഗൗരവത്തോടെ വിലയിരുത്താൻ ഇടം നൽകുന്നു. ഇനിയെങ്കിലും ഇത്തരം പിഴവുകൾ ഇല്ലാതെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ നീതിപീഠത്തിനു കഴിയണം.
ജസ്റ്റിസ് ബി വി നാഗരത്നയുടെ വിധിയിൽ 2022 മേയില്‍ പുറപ്പെടുവിച്ച വിധിയിന്മേൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യാതിരുന്നത് എന്തുകൊണ്ട് എന്ന് മനസിലാകുന്നില്ലെന്ന് ഗുജറാത്ത് സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. സത്യം മറച്ചുവച്ച ഗുജറാത്ത് സർക്കാരും പ്രതിയുടെയും സർക്കാരിന്റെയും അഭിഭാഷകരും ഇവിടെ വിചാരണ ചെയ്യപ്പെടേണ്ടതാണ്. മഹാരാഷ്ട്രയിലെ ബിജെപി മുന്നണി സർക്കാരിനെ സമീപിക്കാൻ പോകുന്ന പ്രതികൾക്ക് ലഭിക്കാൻ പോകുന്ന രാഷ്ട്രീയ പരിഗണന ആരെയും ആശങ്കപ്പെടുത്തുന്നതായിരിക്കും. ബിൽക്കീസ് ബാനുവിന് നീതി ഉറപ്പാക്കുന്നതിന് അതുവരെ കാത്തിരിക്കേണ്ടി വരും. എന്തുതന്നെയായാലും ജനുവരി എട്ടിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി, ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള അചഞ്ചലമായ വിശ്വാസം അരക്കിട്ടുറപ്പിക്കുന്നതാണെന്നതിൽ രണ്ടുപക്ഷമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.