3 January 2025, Friday
KSFE Galaxy Chits Banner 2

ചോര കിനിയുന്ന ക്ഷേത്രവൽക്കരണം

എം കെ നാരായണമൂര്‍ത്തി
January 1, 2025 4:30 am

ചരിത്രത്തിന്റെ വളച്ചൊടിക്കലും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ചോരപുരണ്ട വ്യാപനവും തങ്ങളുടെ നിലനില്പിനാവശ്യമാണെന്ന നിഗമനത്തിൽ പുതിയ ക്ഷേത്രങ്ങളുടെ കുഴിച്ചെടുക്കലുകളിൽ വ്യാപൃതരാകാൻ ബിജെപിയുടെയും സംഘപരിവാരത്തിന്റെയും നേതൃത്വങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ചകളാണ് കുറച്ചുനാളുകളായി ഹിന്ദി ഹൃദയഭൂമിയിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. കൂടുതൽ ക്ഷേത്രവൽക്കരണത്തിന് നിൽക്കാതെ താൽക്കാലിക സമാധാനത്തിനായി പ്രവർത്തിക്കാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ആഹ്വാനം നൽകിയെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തണമെങ്കിൽ അമ്പലപർവം കെട്ടിയാടേണ്ടതുണ്ടെന്ന ആദിത്യനാഥിന്റെ പ്രബലവിശ്വാസമാണ് പുതിയതായി വലുതും ചെറുതുമായ കുഴിമാടങ്ങളിൽ ദൈവത്തിന്റെ അസ്തിത്വം കെട്ടിയേല്പിക്കുന്ന ഭഗ്നരാഷ്ട്രീയത്തിന്റെ തീനാളങ്ങൾ വ്യാപിപ്പിക്കാൻ സംഘപരിവാരത്തെ പ്രേരിപ്പിക്കുന്നത്.
വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാർ അല്ലെന്നും കുംഭകർണ്ണൻ ലോകോത്തര ശാസ്ത്രജ്ഞൻ ആയിരുന്നെന്നുമുള്ള ആനന്ദി ബെൻ പട്ടേലിന്റെ പ്രസ്താവന പോലും കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്നതാണ്. അയോധ്യാ കാലത്തിന് ശേഷം പുതിയ മുദ്രാവാക്യങ്ങൾ തേടുന്ന സംഘപരിവാരത്തിന് തങ്ങളുടെ അണികൾ ആവേശഭരിതരാകണമെങ്കിൽ ക്ഷേത്ര‑പള്ളി തർക്കങ്ങൾ അണയാതെ നിൽക്കണമെന്ന് അറിയാം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദൈവത്തിന്റെ മേലങ്കി സ്വയം എടുത്തണിഞ്ഞിട്ടും താൻ അത്ഭുതപ്പിറവിയാണെന്ന് പുരപ്പുറത്തേറി കൂവിയിട്ടും സ്വന്തമായി ഭൂരിപക്ഷം ലഭിക്കാതെ വന്ന പ്രധാനമന്ത്രിയുടെ ആശീർവാദങ്ങളും ഇപ്പോഴത്തെ പുത്തൻ തർക്കങ്ങൾക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഹിന്ദു മഹാസഭ, ഉത്തർപ്രദേശില്‍ ഫറൂഖാബാദിലെ മധേപൂർ വില്ലേജിൽ പുതിയ അമ്പലം കണ്ടെത്തിയത്. നശിപ്പിക്കപ്പെട്ട ശിവക്ഷേത്രമാണ് തങ്ങൾ കണ്ടെത്തിയിരിക്കുന്നതെന്നും ഉടൻ തന്നെ അവിടെ ജലാഭിഷേകം നടക്കുമെന്നും ആരാധനകൾ ആരംഭിക്കുമെന്നും ഹിന്ദു മഹാസഭാ നേതാക്കൾ പറഞ്ഞു കഴിഞ്ഞു. പരിപാലനമില്ലാതെ കഴിഞ്ഞ 40 വർഷങ്ങളായി അടഞ്ഞുകിടന്ന ഈ ക്ഷേത്രം പിന്നാക്ക വിഭാഗക്കാർ കയ്യടക്കിയതാണെന്നും ബ്രാഹ്മണരായ എല്ലാവരും ആരാധന നടത്താൻ തയ്യാറാകണമെന്നും ആ പ്രദേശത്തെ ജന്മിയായ മഹന്ത് ഈശ്വർ ദാസ് പ്രഖ്യാപനം നടത്തിയതിലൂടെ ഇപ്രാവശ്യത്തെ ക്ഷേത്ര വിമോചന കലാപരിപാടികളിൽ ഇരകളാക്കപ്പെടാൻ പോകുന്നത് മുസ്ലിം ജനവിഭാഗം മാത്രമല്ല, ദളിത്-പിന്നാക്ക വിഭാഗങ്ങൾ കൂടിയാണെന്ന് വ്യക്തം.
ലഖ്നൗ വിധാൻ സൗധയ്ക്കടുത്തുള്ള മാർക്കറ്റിലെ ഒരു കെട്ടിടത്തിന്റെ അടിഭാഗത്ത് നിന്നായി 1885ൽ ഗജരാജ് സിങ് എന്ന ഹിന്ദു നാട്ടുപ്രമാണി നിർമ്മിച്ച ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ എന്ന നിലയിൽ മൂന്ന് പ്രതിമാ കഷണങ്ങളുമായി ബ്രാഹ്മിൺ സൻസദ് എന്ന സംഘടനയുടെ നേതാവ് അമർനാഥ് മിശ്രയും രംഗത്തെത്തിയിട്ടുണ്ട്. ആ ക്ഷേത്രം തകർത്തത് സമാജ്‌വാദി പാർട്ടിയാണെന്നും അയാൾ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 1992ന് മുമ്പ് ഇവിടെ ശിവന്റെയും രാധാകൃഷ്ണ സങ്കല്പങ്ങളുമായി ബന്ധപ്പെട്ടതുമായ പ്രതിമകളാണുണ്ടായിരുന്നതെന്നും തങ്ങൾ നിത്യ പ്രാർത്ഥന നടത്താറുണ്ടായിരുന്നെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
സംഭാലിലെ ഷാഹി മസ്ജിദിൽ സർവേ നടത്താൻ പ്രാദേശിക കോടതി അനുവദിച്ചതിന് പിന്നാലെയാണ് ഈ കൂട്ട ക്ഷേത്രകണ്ടെത്തെലുകൾ നടക്കുന്നത്. ഉത്തർപ്രദേശിലെ ഏറ്റവും പിന്നാക്ക പ്രദേശമായ ഗാസിയാബാദിന് ചുറ്റുമാണ് ഏറ്റവുമധികം ക്ഷേത്ര കണ്ടെത്തലുകൾ നടക്കുന്നതെന്ന് ദി ടെലിഗ്രാഫ് പത്രം റിപ്പോർട്ടു ചെയ്യുന്നു. വർഗീയ സംഘട്ടനങ്ങൾ വളരെ വേഗത്തിൽ വ്യാപിക്കുന്ന ഈ പ്രദേശം തന്നെ സംഘ്പരിവാർ കണ്ടെത്തിയതിൽ അത്ഭുതമൊന്നുമില്ല. മാത്രമല്ല ജില്ലാ ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയും അവര്‍ക്കുണ്ട്. ഔദ്യാേഗിക ഭാഷ്യങ്ങൾ സമയാസമയത്ത് ചമച്ചു നൽകാൻ പ്രാദേശിക ഭരണകൂടങ്ങൾ തയ്യാറായാൽ ഏറെക്കുറെ മതവൽക്കരിക്കപ്പെട്ടുകഴിഞ്ഞ ഉത്തർപ്രദേശിലെയും ഹിന്ദി ബെൽറ്റിലെയും ന്യായാധിപന്മാരെക്കൊണ്ട് വേണ്ട വിധത്തിലുള്ള ഉത്തരവുകൾ എഴുതിക്കാൻ തങ്ങൾക്ക് കഴിയുമെന്ന ഉത്തമവിശ്വാസവും പ്രാദേശിക സംഘപരിവാരത്തിനുണ്ട്. അത് സത്യമാണ് താനും.
ഹിന്ദുവെന്ന ഒറ്റ ഐഡന്റിറ്റിക്ക് പുറമേ തങ്ങളോടൊപ്പമുള്ള പ്രബല സമുദായങ്ങളെയും ഈ ക്ഷേത്രവീണ്ടെടുപ്പ് നാടകത്തിൽ നായകവേഷമണിയാൻ ക്ഷണിക്കുന്നുണ്ട്. അതിന് അതാത് സമുദായങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിന് തക്കതായ പ്രതിഫലവും ആദിത്യനാഥ് വഴി മോഡി-അമിത് ഷാ സഖ്യം നൽകുന്നുവെന്നാണ് ചില ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ബുലന്ദ്ഷഹറിലെ സൽമാ ഹഖൻ മൊഹള്ളയിലെ പഴയൊരു പള്ളി ക്ഷേത്രമാണെന്നും, അത് യാദവ സമുദായത്തിന്റേതാണെന്നും വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങൾ. പള്ളി തകർത്ത് ഉടൻ അവിടെയൊരു ക്ഷേത്രം ഉയരുമെന്നും പൂജകൾ ആരംഭിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവിനൊപ്പം പത്രസമ്മേളനം നടത്തിയ ജാദവ് വികാസ് മഞ്ചിന്റെ പ്രസിഡന്റ് കൈലാഷ് ഭഗ്മൽ ഗൗതം പറ‍ഞ്ഞത് തങ്ങളുടെ വോട്ട് ബാങ്കുകൾ വീണ്ടെടുക്കാനുള്ള സംഘപരിവാര ശ്രമത്തിന്റെ മകുടോദാഹരമാണ്.
ഹിന്ദു ഏകീകരണത്തോടൊപ്പം ജാതീയമായ ഏകീകരണം കൂടി തങ്ങൾക്ക് അനുകൂലമാക്കണമെന്ന നിലപാട് ബിജെപി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. പക്ഷേ ഹിന്ദി രാഷ്ട്രീയത്തിൽ ജാതി സമവാക്യങ്ങൾ ഏറെ നിർണായകമായതുകൊണ്ട് ക്ഷേത്ര‑പള്ളി തർക്കങ്ങൾ ആ വഴിക്ക് തിരിച്ചുവിട്ടാൽ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് ബിജെപിയും സഖ്യകക്ഷികളും കണക്കുകൂട്ടുന്നു. നൂറ് ശതമാനം ജാതി പാർട്ടിയും ബിജെപിയുടെ ഘടകകക്ഷിയുമായ നിഷാദ് പാർട്ടിയുടെ എംഎൽഎ രമേഷ് സിങ് പറയുന്നത് ഇങ്ങനെയാണ്; ” മുഗളന്മാരും ബ്രിട്ടീഷുകാരും ഹിന്ദു ക്ഷേത്രങ്ങളെ നശിപ്പിച്ചു. അപ്പോൾപ്പിന്നെ ഹിന്ദുക്കൾ അവരുടെ ക്ഷേത്രങ്ങൾ തിരിച്ചെടുക്കട്ടെ.” നൂറ്റാണ്ടുകളായി ബ്രാഹ്മണ മേധാവിത്തത്തിൽ ഞെരിഞ്ഞമർന്ന ഒരു ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് ഇത് പറയുന്നതെന്ന് ഓർക്കുക.
ഗാസിയാബിദിലെ തന്നെ അബിദ്പൂർ മങ്കി വില്ലേജിലെ മോഡിനഗറിൽ പ്രവർത്തിക്കുന്ന ഒരു ശ്മശാനം ഉടനടി അടച്ചുപൂട്ടണമെന്നാണ് ഹിന്ദു യുവവാഹിനി പ്രവർത്തകരുടെ ആവശ്യം. അവിടെ ഒരു പുരാതനമായ ശിവലിംഗം കണ്ടെത്തിയെന്നും ശ്മശാനം അടച്ചുപൂട്ടി ശിക്ഷേത്ര നിർമ്മാണം ഉടനെ ആരംഭിക്കണമെന്നും സംഘടനാ നേതാവ് നീരജ് ശർമ്മ സർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഡിസംബർ 24ന് സർക്കാർ പ്രതിനിധികൾ സ്ഥലം സന്ദർശിച്ച്, അനുകൂല റിപ്പോർട്ട് നൽകിയെന്നും ഉത്തർപ്രദേശിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്ത് നിന്നും സമാജ് വാദി പാർട്ടിയും ഇടതുപക്ഷ പാർട്ടികളും മാത്രമാണ് ഈ നരാധമ പ്രവൃത്തികളെ പൊതുജനത്തിന് മുന്നിൽ തുറന്നുകാട്ടാൻ പരിശ്രമിക്കുന്നത്.
പണവും അധികാരവും മതരാഷ്ട്രീയവും ചേർന്ന തീക്കളി നിര്‍ത്താൻ ബിജെപിക്ക് കഴിയില്ല. അത് അവരുടെ നിലനില്പിനാവശ്യമാണ്. രാജ്യവ്യാപകമായിത്തന്നെ ഇവരെ തുറന്നു കാട്ടേണ്ട ബാധ്യത രാഷ്ട്രീയപാർട്ടികൾക്കും സിവിൽ ഗ്രൂപ്പുകൾക്കും നിശ്ചയമായുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.