കാനഡയിലെ സംഭവവികാസങ്ങള്‍ ഇന്ത്യന്‍ജനതയില്‍ ആശങ്ക ഉണ്ടാക്കിയിരിക്കയാണ്. ഇന്ത്യന്‍ വംശജരായ 20 ലക്ഷത്തിലധികം ആളുകളാണ് കാനഡയിലുള്ളത്. കേരളത്തില്‍ നിന്നും ഉള്‍പ്പെടെ 10,000ക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അന്നാട്ടിലേക്ക് പോകുന്നത്. 2022ല്‍ മാത്രം 2,26,450 വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്നും പോയിട്ടുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഏറെ ആകര്‍ഷിച്ചിട്ടുള്ള രാജ്യമാണ് കാനഡ. പഠനത്തിന് പോകുന്നവരില്‍ നിരവധിപേര്‍ അവിടെ തൊഴില്‍തേടി സ്ഥിരം താമസക്കാരായും മാറുന്നുണ്ട്. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികളെ കാനയിലേക്ക് ആകര്‍ഷിക്കുന്നത്. സ്കോളര്‍ഷിപ്പുകളും തൊഴിലവസരങ്ങളും സ്ഥിര താമസത്തിനുള്ള സൗകര്യങ്ങളും മറ്റാെരു ആകര്‍ഷണമാണ്.
കാനഡയിലെ പുതിയ സംഭവവികാസങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങളെ ആശങ്കയില്‍ ആക്കിയിട്ടുണ്ട്. അവരുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികളാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. കാനഡയും ഇന്ത്യയും തമ്മില്‍ മുന്‍കാലങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നത്തെ അവസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പരസ്പരം നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ ശത്രുരാജ്യങ്ങള്‍ തമ്മിലുള്ളതു പോലെയായി മാറിക്കഴിഞ്ഞു. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ സിഖ് മതവിശ്വാസികള്‍ താമസിക്കുന്ന രാജ്യമാണ് കാനഡ. രാജ്യത്ത് ഖലിസ്ഥാന്‍ തീവ്രവാദം ഉടലെടുത്തപ്പോള്‍ അതിന്റെ അനുരണനം കാനഡയിലും ഉണ്ടാകുന്നു. ഖലിസ്ഥാന്‍ രാജ്യത്തുണ്ടാക്കിയ സംഘര്‍ഷം ഏറെ ഗുരുതരമായിരുന്നു. ഖലിസ്ഥാന്‍ രാഷ്ട്രവാദമുയര്‍ത്തി രാജ്യത്ത് ആഭ്യന്തര കലാപം തന്നെയുണ്ടായി. ഖലിസ്ഥാന്‍ ഭീകരവാദികളാണ് ഇന്ദിരാഗാന്ധിയെ കൊല ചെയ്തത്. ഖലിസ്ഥാന്‍ തീവ്രവാദതിനെതിരെ ശക്തമായ പോരാട്ടം നടത്തിയ പാര്‍ട്ടിയാണ് സിപിഐ. നിരവധി പാര്‍ട്ടി സഖാക്കളാണ് ഭീരകവാദികളാല്‍ വധിക്കപ്പെട്ടത്. ഖലിസ്ഥാന്‍ വാദം അപകടകരമാണെന്നും അതിനെതിരെ ഇന്ത്യന്‍ജനത ഒറ്റക്കെട്ടായി അണിനിരക്കണമെന്നും സിപിഐ നിലപാട് കൈക്കൊണ്ടു. ദേശവ്യാപകമായി തീവ്രവാദത്തിനെതിരായി പ്രചരണ പരിപാടി സംഘടിപ്പിച്ചു. സത്യപാല്‍ ഡാങ്കെ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ രാജ്യത്തുടനീളം പ്രചരണങ്ങള്‍ സംഘടിപ്പിച്ചു. എഐവൈഎഫ്, എഐഎസ്എഫ് സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അഭിമാനകരമായിരുന്നു.
ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞ ഖലിസ്ഥാന്‍വാദവും അത് ഉയര്‍ത്തിപ്പിടിക്കുന്ന തീവ്രവാദസമീപനവും ഇന്ത്യക്ക് പുറത്ത് ഇപ്പോഴും ശക്തമായി നിലകൊള്ളുന്നു എന്നാണ് കാനഡയിലുണ്ടായ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. കനേഡിയന്‍ സര്‍ക്കാരിന്റെ പൂര്‍ണ സഹായം ഖലിസ്ഥാന്‍ വാദികള്‍ക്ക് ലഭിക്കുന്നു എന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഖലിസ്ഥാന്‍ വാദികളെ കാനഡ പിന്തുണയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കാനയിലെ സിഖ് മത വിശ്വാസികളില്‍ ഖലിസ്ഥാന്‍ വാദം പ്രചരിപ്പിക്കുന്ന ശക്തികള്‍ക്ക് കനേഡിയൻ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് ആശങ്കാജനകമായ കാര്യമാണ്. ഖലിസ്ഥാന്‍ നേതാവായ ഹര്‍ദീപ് സിങ് നിജ്ജര്‍, കാനഡയില്‍ വധിക്കപ്പെട്ടതാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ തകര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ കാരണമായത്. നിജ്ജറിനെ വധിച്ചത് ഇന്ത്യയുടെ പിന്തുണയോടെയാണ് എന്ന ഗുരുതരമായ ആരോപണമാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ചത്. കാനഡയുടെ അഭിപ്രായം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ക്ക് കൈമാറുന്നതിനു പകരം പാര്‍ലമെന്റിനെ അറിയിക്കുകയാണ് ട്രൂഡോ ചെയ്തത്. കനേഡിയന്‍ പാര്‍ലമെന്റിലെ പ്രസ്താവന ആഗോളതലത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായി. ഖലിസ്ഥാന്‍ നേതാവിനെ വധിക്കുന്നതില്‍ ഇന്ത്യക്ക് പങ്കില്ല എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. നിജ്ജറിനെ വധിച്ചതിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് എന്ന ആരോപണം ഉന്നയിച്ചതിനൊപ്പം ഇന്ത്യയുടെ അന്വേഷണ ഏജന്‍സിയായ ‘റോ‘യുടെ കനേഡിയന്‍ മേധാവി പവന്‍കുമാര്‍ റായിയെ പുറത്താക്കുകയും ചെയ്തു. അതിന് മറുപടി എന്നോണം ഇന്ത്യയും നടപടികള്‍ സ്വീകരിച്ചു. ന്യൂഡല്‍ഹിയിലെ കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സി മേധാവിയായ ഒലിവിയര്‍ സിൽവെസ്റ്ററെ ഇന്ത്യയും പുറത്താക്കി. കനേഡിയന്‍ മണ്ണില്‍വച്ച് തങ്ങളുടെ പൗരനായ നിജ്ജറിനെ വധിച്ചതുവഴി രാജ്യത്തിന്റെ പരമാധികാരത്തില്‍ ഇന്ത്യ കൈകടത്തല്‍ നടത്തി എന്നാണ് ജസ്റ്റിന്‍ ട്രൂഡോ ആരോപിക്കുന്നത്. അതിന് ശക്തമായമറുപടി ഇന്ത്യയുടെ ഭാഗത്ത് നിന്ന് നല്‍കുകയും ചെയ്തു.
തര്‍ക്കങ്ങള്‍ വളര്‍ന്നുവരുന്ന സന്ദര്‍ഭത്തില്‍ തന്നെ പ്രമുഖനായ മറ്റൊരു ഖലിസ്ഥാന്‍ വാദ നേതാവായ സുഖ്‌ദൂൽ സിങ് എന്ന സുഖ ദുൻകെ കൊല്ലപ്പെട്ടു. ഇതോടെ കാനഡ-ഇന്ത്യ തര്‍ക്കങ്ങള്‍ കൂടുതല്‍ രൂക്ഷമായി. കാനഡ, യുഎസ്, യുകെ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ അഞ്ച് രാജ്യങ്ങളുടെ സംയുക്ത രഹസ്യാന്വേഷണ ഏജന്‍സി ‘ഫെെവ് ഐസ്’ നിജ്ജറിന്റെ വധത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവര്‍ലി, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നിവോങ്, ന്യൂസിലന്‍ഡ് വിദേശകാര്യ സെക്രട്ടറി നാനിയ മഹുത എന്നിവര്‍ ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ജി20യിലെ സുഹൃദ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ നിലപാട് സ്വീകരിച്ചത് വിദേശനയത്തിലെ തിരിച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. വിദേശ രാജ്യങ്ങളില്‍ ഖലിസ്ഥാന്‍ വാദികള്‍ ഇന്ത്യക്കെതിരെ നടത്തുന്ന ഗൂഢാലോചനകള്‍ ലോക രാജ്യങ്ങളെ എന്തുകൊണ്ടാണ് ഇന്ത്യക്ക് ബോധ്യപ്പെടുത്താന്‍ കഴിയാഞ്ഞത്. ഇന്ത്യന്‍ വിദേശനയ ഉദ്യോഗസ്ഥരുടെയും ഇന്റലിജന്‍സ് അധികാരികളുടെയും മാത്രം പോരായ്മയായി ഇതിനെ കാണാന്‍ കഴിയില്ല.
പ്രശ്നത്തിന് പരിഹാരമുണ്ടാക്കുവാന്‍ നയതന്ത്രതലത്തില്‍ ഫലപ്രദമായ നിലപാട് ഇന്ത്യ സ്വീകരിക്കണം. വിദേശകാര്യ വകുപ്പ് മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ പാേര. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യണം. ജി20 രാജ്യങ്ങളുടെമേല്‍ സ്വാധീനം വര്‍ധിച്ചുവെന്നാണ് നരേന്ദ്രമോഡി അവകാശപ്പെടുന്നത്. ഇന്ത്യക്ക് ലഭിച്ചുവെന്ന് അവകാശപ്പെടുന്ന അംഗീകാരം ഇന്ത്യ‑കാനഡ തര്‍ക്കം പരിഹരിക്കുന്നതിന് ഉപയോഗിക്കുവാന്‍ പ്രധാനമന്ത്രി മുന്നോട്ടു വരണം. അമേരിക്ക, യുകെ, കാനഡ രാഷ്ട്രത്തലവന്മാരുമായി നേടിട്ടുള്ള ചര്‍ച്ചകള്‍ നടത്തി ഇന്ത്യയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കണം. പ്രധാനമന്ത്രി കാഴ്ചക്കാരനായി നിന്നാല്‍പ്പോരാ.
നിജ്ജറിന്റെ വധത്തിന് പിന്നില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളാണെന്ന നിലപാട് അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍ എന്തുകൊണ്ടാണ് സ്വീകരിച്ചത്? അതിര്‍ത്തി കടന്ന് കൊലപാതകം നടത്താനുള്ള അവകാശം ആര്‍ക്കുമില്ല എന്ന അഭിപ്രായം അമേരിക്ക പ്രകടിപ്പിച്ചത് വലിയ തിരിച്ചടിയാണ്. അന്വേഷണ ഏജന്‍സിയുമായി ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്ക നിര്‍ദേശിച്ചതും തിരിച്ചടിയാണ്. ഇന്ത്യന്‍ നിലപാട് അമേരിക്ക ഉള്‍പ്പെടയുള്ള രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. കാനഡ ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ഇന്ത്യയുടെ കൂടി ആവശ്യമാണ്. കാനഡയുടെ പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022–23 വര്‍ഷത്തില്‍ മാത്രം 816 കോടി ഡോളറിന്റെ വ്യാപാരമാണ് നടന്നത്. കഴിഞ്ഞ വര്‍ഷം കാനഡ 4500 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തിയത്. ബന്ധങ്ങള്‍ വഷളാകുന്നത് രാജ്യത്തിന് ഗുണകരമാകില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഭാവിയെ ബാധിക്കുന്നതാണത്. തര്‍ക്കങ്ങള്‍ക്ക് നയതന്ത്രതലത്തിലൂടെ പരിഹാരം കാണുന്നതിനായി പ്രധാനമന്ത്രി മുന്‍കൈ എടുക്കേണ്ട സമയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.