6 May 2024, Monday

സമരഭരിതമായ യുഎസ്, യൂറോപ്യൻ തെരുവുകൾ

അബ്ദുൾ ഗഫൂർ
September 26, 2023 4:30 am

മികച്ച തൊഴിൽസാഹചര്യങ്ങള്‍, കൂടിയ വേതനം തുടങ്ങിയ പ്രലോഭനങ്ങളാണ് യുഎസിനെയും യൂറോപ്പിനെയും ആകർഷക കേന്ദ്രമാക്കുന്നത്. മേയ് ദിനത്തിന് നിദാനമായ ചിക്കാഗോ സമരം നടന്നത് യുഎസിലായിരുന്നു എന്നതുകൊണ്ട് നിശ്ചിതസമയം ജോലി, സ്ഥിരവേതനം, മെച്ചപ്പെട്ട തൊഴിൽ സൗകര്യങ്ങൾ എന്നിവ ലഭ്യമാണെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്, പ്രത്യേകിച്ച് യുഎസിൽ. അതോടൊപ്പം ആളുകളെ വശീകരിക്കുവാൻ പ്രചണ്ഡമായ പ്രചരണങ്ങളുമുണ്ടായി. എന്നാൽ അവിടെയെല്ലാം പുതിയകാല തൊഴിൽ പ്രവണതകളായി പിരിച്ചുവിടൽ, വേതനം വെട്ടിക്കുറയ്ക്കൽ, തൊഴിൽസുരക്ഷ ഇല്ലാതാകൽ എന്നിങ്ങനെ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നേരിടുന്നുവെന്നതിനാൽ തൊഴിലാളികളുടെ വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. വാഹനക്കമ്പനികൾ, വ്യാപാരമേഖല, വിദ്യാഭ്യാസ, ആരോഗ്യ, സേവന മേഖലകൾ, എന്തിന് ബോളിവുഡിലെ ചലച്ചിത്ര വ്യവസായമുൾപ്പെടെ തൊഴിലാളി സമരത്തിന്റെ രുചിയറിയുന്നുണ്ട്. യുഎസിലെ പ്രമുഖ വാഹനക്കമ്പനികളിലെ‍ തൊഴിലാളികൾ ആരംഭിച്ച സമരം തുടരുകയാണ്. ജനറൽ മോട്ടോഴ്സ്, ഫോർഡ്, സ്റ്റെലന്റിസ് കമ്പനികളിലെ തൊഴിലാളികളാണ് സമരത്തിലുള്ളത്. 88 വർഷത്തെ ചരിത്രമുള്ള യുഎസ് വാഹനവ്യവസായ രംഗത്തെ ഏറ്റവും ശക്തമായ പണിമുടക്കാണ് ഇപ്പോഴത്തേതെന്നാണ് അസോസിയേറ്റ് പ്രസ് വാർത്തയിൽ പറയുന്നത്.

 


ഇതുകൂടി വായിക്കൂ;ഇന്ത്യ‑കാനഡ വിഷയവും അന്താരാഷ്ട്ര മാധ്യമങ്ങളും


നാലുവർഷ തൊഴിൽ കാലാവധി അവസാനിക്കാനിരിക്കെയാണ് 13,000ത്തിലധികം തൊഴിലാളികൾ പണിമുടക്കിനിറങ്ങിയത്. 46 ശതമാനം വേതന വർധനയാണ് തൊഴിലാളികൾ ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നതെങ്കിലും പിന്നീട് ചർച്ചകളിൽ അത് 30 ശതമാനമെന്നാക്കി. എന്നാൽ വർധനയ്ക്ക് ഉടമകൾ തയ്യാറായില്ല. അതുകൊണ്ടാണ് പണിമുടക്കിലേക്ക് പോയത്. വേതന വർധനയ്ക്കൊപ്പം ജീവിതച്ചെലവുകൾ പരിഗണിച്ചുള്ള വാർഷിക വർധന, ഫാക്ടറി തൊഴിലാളികളുടെ വേതന പരിഷ്കരണം, ആഴ്ചയിൽ 32 മണിക്കൂർ ജോലി 40 മണിക്കൂർ കണക്കാക്കി വേതനം, സമഗ്ര പെൻഷൻ പദ്ധതി തുടങ്ങിയ ആവശ്യങ്ങളും യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്നു. വാഹനക്കമ്പനി ഉടമകളും തൊഴിലാളി യൂണിയനുകളും പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും സമവായത്തിലെത്തുവാൻ സാധിച്ചിട്ടില്ല. ഡിട്രോയിറ്റിൽ മിസോറിയിലെ ജനറൽ മോട്ടേഴ്സ്, മിഷിഗണിലെ ഫോര്‍ഡ്, ഒഹായോയിലെ സ്റ്റെലന്റിസ് എന്നീ കമ്പനികളിലെ തൊഴിലാളികളുടെ സംയുക്ത സംഘമാണ് പണിമുടക്ക് നടത്തുന്നത്. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മറ്റ് പ്രദേശങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വാഹനവ്യാപാര മേഖല വൻലാഭം കൊയ്യുമ്പോഴും തൊഴിലാളികൾക്ക് വേതന വർധനയ്ക്കും തൊഴിൽസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള സമരം നടത്തേണ്ടിവരുന്നു എന്നതുതന്നെ യുഎസിലെ തൊഴിൽ മേഖല പറഞ്ഞുകേട്ടത്ര മെച്ചപ്പെട്ടതല്ലെന്നതിന്റെ തെളിവാണ്.

യുഎസിലെ വാഹന മേഖലയിൽ ആദ്യത്തേതാണെങ്കിലും ഇതര രംഗങ്ങളിലും തൊഴിലാളികൾ വലിയ സമരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന വാർത്തകൾ അനുദിനം പുറത്തുവരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഹോളിവുഡിൽ തിരക്കഥാകൃത്തുക്കളും സാങ്കേതിക വിദഗ്ധരുമുൾപ്പെടെയുള്ളവരുടെ സമരം. ആറു ദശകത്തിനുശേഷമാണ് ഹോളിവുഡ് ഇത്രയും ശക്തവും സംയുക്തവുമായ സമരത്തിന് സാക്ഷിയായത്. സമരത്തിന് ഐക്യദാർഢ്യവുമായി ഹോളിവുഡ് താരങ്ങളും രംഗത്തെത്തി. പുതിയ കരാ‍ർ ഒപ്പുവയ്ക്കണമെന്ന പ്രധാന ആവശ്യവുമായുള്ള സമരം സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച സ്ഥിതിയിലാണ്. 11,500 തിരക്കഥാകൃത്തുക്കളും അഭിനേതാക്കളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽപ്പെട്ട 1,60,000ത്തിലധികം പേരാണ് സമരങ്ങളിൽ പങ്കാളികളായത്. 1960ന് ശേഷമാണ് രണ്ട് യൂണിയനുകളുടെ സംയുക്ത സമരം ഇപ്പോൾ നടക്കുന്നത്. നിർമ്മാണം പൂർത്തിയായ ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കാനാകാത്ത സാഹചര്യവുമുണ്ട്. യുഎസിലും യൂറോപ്പിലും വ്യാപകമായി തൊഴിലാളി സമരങ്ങൾ നടക്കുന്നുവെന്നതിന്റെ കണക്കുകൾ രണ്ടാഴ്ച മുമ്പ് ന്യൂസ് ക്ലിക്ക് പുറത്തുവിട്ടിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ച വരെയുള്ള കണക്കനുസരിച്ച് യുഎസിൽ മാത്രം ഈ വർഷം ഇരുനൂറിലധികം സമരങ്ങളിലായി 3.40 ലക്ഷം പേർ അണിനിരന്നുവെന്നാണ് യുഎസ് മാധ്യമങ്ങളിൽ സെപ്റ്റംബർ നാലിന് തൊഴിൽ ദിനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് ഇത് വളരെക്കൂടുതലാണെന്ന് യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ്, കോർണൽ സർവകലാശാല സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ആന്റ് ലേബർ റിലേഷൻസ് എന്നിവയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ൽ 4,99,600, 2021ൽ 1,17,300, 2022ൽ 2,21,300 തൊഴിലാളികള്‍ വീതം സമരങ്ങളിൽ അണിനിരന്നുവെന്നാണ് സർക്കാർ കണക്കുകളിലുള്ളത്. 2020ൽ കോവിഡ് മഹാമാരിക്കാലത്തെ കണക്കുകൾ ലഭ്യമായിട്ടില്ല.


ഇതുകൂടി വായിക്കൂ;ജി 20യും ഇടനാഴികളും


 

പ്രകടനങ്ങൾ, പണിമുടക്കുകൾ, പിക്കറ്റിങ് എന്നിങ്ങനെ വിവിധ സമരരൂപങ്ങളാണ് തൊഴിലാളികൾ സ്വീകരിക്കുന്നത്. പിരിച്ചുവിടൽ വ്യാപകമാകുകയും വേതനം വെട്ടിക്കുറയ്ക്കൽ, സ്ഥിരജോലിക്കും വേതനത്തിനും പകരം കരാർ ജോലി, നിശ്ചിതകാല ജോലി, അതിനനുസൃതമായ വേതനഘടന എന്നിവയാണ് യുഎസ്, യൂറോപ്യൻ യൂണിയനുകളുൾപ്പെടെ പല രാജ്യങ്ങളിലും തൊഴിലാളി പ്രക്ഷോഭത്തിന് കാരണമാകുന്നത്. നമ്മുടെ രാജ്യത്തും മോഡി സർക്കാരിന്റെ കാർമ്മികത്വത്തിൽ അതേരീതിയാണ് അടിച്ചേല്പിക്കപ്പെടുന്നത്. യുഎസിലെ സമരത്തിൽ വാഹന തൊഴിലാളികൾക്കും സിനിമാ മേഖലയിലെ തൊഴിലാളികൾക്കും പുറമേ വ്യോമയാനം, റെയിൽവേ, തപാൽ, കൊറിയർ സേവനങ്ങൾ, ആരോഗ്യ രംഗത്തെ ജീവനക്കാർ പ്രധാനമായും നഴ്സുമാർ, അധ്യാപകർ തുടങ്ങിയവരെല്ലാം ഉൾപ്പെടുന്നു. ജൂണിൽ യുഎസിലെ രണ്ട് ഡസനിലധികം സ്ഥാപനങ്ങളില്‍ മാധ്യമപ്രവർത്തകരുടെ പണിമുടക്ക് നടന്നു. തങ്ങളുടെ സേവന വേതന പരിഷ്കാരങ്ങൾക്കൊപ്പം സ്ഥാപന മേധാവികളുടെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെയുമായിരുന്നു സമരം. ഓഗസ്റ്റിൽ കാലിഫോർണിയയിലെ ഹോട്ടൽ മുതൽ ഹോളിവുഡ് വരെയുള്ള മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിയിരുന്നു. വേതനത്തിൽ വാർഷിക വർധന വരുത്തണമെന്നാവശ്യപ്പെട്ട് മിഷിഗൺ സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികൾ നടത്തിയ സമരം അഞ്ചുമാസത്തിലധികം നീണ്ടു. മൂന്നുവർഷ കോഴ്സിൽ എട്ട്, ആറ്, ശതമാനം വീതം വർധന നേടിയ ശേഷമാണ് ഓഗസ്റ്റിൽ സമരം അവസാനിപ്പിച്ചത്. യുഎസ് റെയിൽവേയുടെ പെനിസിൽവാനിയ പ്ലാന്റിലെ 1,400ലധികം തൊഴിലാളികൾ രണ്ടുമാസം പണിമുടക്കിയ ശേഷമാണ് ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടത്.

യൂറോപ്പിൽ പണിമുടക്കും സമരങ്ങളും കാരണം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കപ്പെട്ടു. പൊതുഗതാഗതവും സ്തംഭിച്ചു. വിരമിക്കൽ പ്രായം ഉയർത്തുന്നതിനും പുതിയ പെൻഷൻ പദ്ധതിക്കുമെതിരെ ഫ്രാൻസിൽ നടന്ന സമരങ്ങളും ശ്രദ്ധേയമായിരുന്നു. ജർമ്മനി, ബർലിൻ, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ വ്യോമയാന മേഖലയിലെ സുരക്ഷാ ജീവനക്കാരുടെ പണിമുടക്കുകാരണം വിമാനത്താവളങ്ങൾ അടച്ചു. വേതനം കുറച്ചതിനെതിരെ യുകെയിൽ മൂന്ന് പണിമുടക്കുകളാണ് നടന്നത്. കൂടുതൽ വേതനത്തിനും പെൻഷൻ പദ്ധതിക്കുമുള്ള വ്യവസ്ഥകൾ കർശനമാക്കിയതിനുമെതിരെ യുകെയിൽ 1,30,000 ജീവനക്കാർ ഏപ്രിൽ മാസം പണിമുടക്കി.
ആഗോളതലത്തിൽ രൂക്ഷമായ പണപ്പെരുപ്പം, കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, ഉക്രെയ്ൻ‑റഷ്യ യുദ്ധത്തിന്റെ ആഘാതങ്ങൾ എന്നിവയെല്ലാം ജീവിത പ്രയാസങ്ങൾക്ക് കാരണമായി. പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനിലും യുകെയിലും. വിലകുറഞ്ഞ റഷ്യൻ വാതകത്തെ ആശ്രയിച്ചിരുന്ന പല യൂറോപ്യൻ രാജ്യങ്ങളും റഷ്യ‑ഉക്രെയ്ൻ യുദ്ധം മൂലം ഊർജ പ്രതിസന്ധി നേരിടുന്ന സ്ഥിതിയുമുണ്ടായി. പണപ്പെരുപ്പത്തിനും തകർച്ച നേരിടുന്ന സമ്പദ്‌വ്യവസ്ഥകൾക്കും ഇടയിൽ ലോകമെമ്പാടുമുള്ള തൊഴിലാളികളും വ്യവസായ മേഖലകളിലുള്ള തൊഴിലാളികളും മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ വ്യവസ്ഥകൾക്കും വേണ്ടി രംഗത്തുവരികയാണ്. അതിന്റെ പ്രതിഫലനം കൂടിയാണ് യുഎസിലെയും യൂറോപ്പിലെയും തൊഴിൽശാലകളിലും തെരുവുകളിലും പ്രകടമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.