കഴിഞ്ഞയാഴ്ച ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയുണ്ടായി. ലോകത്തിന്റെ ഭാവികാലത്തിന്റെ ആസുരാവസ്ഥയെ സൂചിപ്പിക്കുന്നവയായിരുന്നു അവയെല്ലാം. ലോകം നേരിടാന്‍ പോകുന്ന ഭക്ഷ്യ പ്രതിസന്ധിയാണ് പലതും പ്രതിപാദിച്ചതെങ്കില്‍ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുവാനിടയാക്കുന്ന ഊര്‍ജ പ്രതിസന്ധിയെയും അഭിമുഖീകരിക്കേണ്ടിവരുന്ന ഇരുട്ടിനെയുമാണ് ചില റിപ്പോര്‍ട്ടുകള്‍ ഓര്‍മ്മപ്പെടുത്തുന്നത്. ഇതിനെക്കാള്‍ വിചിത്രമായ മറ്റൊരു റിപ്പോര്‍ട്ട് ഓക്സ്ഫാമിന്റേതായിരുന്നു, മഹാമാരിക്കാലം. ലോകത്ത് പുതിയ നൂറുകണക്കിന് ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്നുവെന്നായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. യുദ്ധവും കാലാവസ്ഥാ വ്യതിയാനവും ഊര്‍ജ പ്രതിസന്ധിയും വിലക്കയറ്റവും ലോകത്തുണ്ടാക്കുവാന്‍ പോകുന്ന സമാനതകളില്ലാത്ത ദുരന്തങ്ങളാണ് ഊന്നിപ്പറയുന്നത് എന്നതുകൊണ്ടുതന്നെ മാനവരാശിയുടെയും ഭരണകൂടങ്ങളുടെയും ഉത്തരവാദിത്തങ്ങള്‍ കൂടുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം.
ഭക്ഷ്യ സുരക്ഷിതത്വവും വരാനിരിക്കുന്ന ദുരന്തവുമെന്ന പേരില്‍ യൂറേഷ്യ ഗ്രൂപ്പും ഡെവ്റി ബിവി സസ്റ്റെയ്നബ്ള്‍ സ്ട്രാറ്റജീസും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് മേയ് മാസത്തില്‍ ആരംഭിച്ച ആഗോള ഭക്ഷ്യ പ്രതിസന്ധി നവംബറോടെ രൂക്ഷമാകുമെന്നാണ്. 2008 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ആഗോള ഗോതമ്പ് ശേഖരമുള്ളതെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കാലാവസ്ഥാ — കാര്‍ഷിക ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘ഗ്രോ ഇന്റലിജൻസി’ ന്റെ നിഗമനമനുസരിച്ച് ലോകത്ത് രണ്ടര മാസം കൂടി വിതരണം ചെയ്യാനുള്ള ഗോതമ്പേ അവശേഷിക്കുന്നുള്ളൂ. ഗോതമ്പിനായുള്ള ആഗോളയുദ്ധം ആസന്നമായിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണമുള്ള ഉല്പാദന മാന്ദ്യം ഒരു കാരണമാണെങ്കിലും റഷ്യ‑ഉക്രെയ്ന്‍ യുദ്ധമാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് ഇടയാക്കി. ലോകരാജ്യങ്ങള്‍ക്ക് ഗോതമ്പ് കയറ്റുമതി ചെയ്യുന്ന പ്രമുഖ രാജ്യങ്ങളില്‍ ഇവ രണ്ടുമുണ്ട്. 2021–22 ലെ കണക്കനുസരിച്ച് റഷ്യയുടെ വിഹിതം 16 ശതമാനവും ഉക്രെയ്ന്റേത് 10 ശതമാനവുമാണ്. യുദ്ധത്തിന് മുന്നോടിയായി റഷ്യ ഗോതമ്പ്, ബാര്‍ലി, ചോളം ഉള്‍പ്പെടെയുള്ള ധാന്യങ്ങളുടെ യൂറേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ജൂണ്‍ 30 വരെ നിയന്ത്രിച്ചു. റഷ്യക്കെതിരായ ഉപരോധം കാരണം ആഗോള കയറ്റുമതി സംരംഭകര്‍ക്ക് ഇറക്കുമതി അസാധ്യവുമായി. കരിങ്കടലിലെ നൊവോ റോസിസ്ക് വാണിജ്യ തുറമുഖം വഴിയുള്ള ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതിലൂടെയാണ് റഷ്യയിലെ ധാന്യക്കയറ്റുമതിയുടെ പകുതിയും നടക്കുന്നത്.
ഗോതമ്പുല്പാദക രാജ്യമായ കസാക്കിസ്ഥാന്‍ അവരുടെതായ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. ഇന്ത്യയും ആദ്യം ലോകത്തെ ഊട്ടുമെന്ന് മേനി നടിച്ചുവെങ്കിലും യാഥാര്‍ത്ഥ്യത്തോടടുത്തപ്പോള്‍ നിരോധനം പ്രഖ്യാപിച്ചു. വിലക്കയറ്റം രൂക്ഷമാകുകയും രാജ്യത്തെ ജനങ്ങള്‍ പട്ടിണിയിലാകുമെന്ന സാഹചര്യം സംജാതമാകുകയും ചെയ്തപ്പോഴാണ് ഇവിടെ നിരോധനം പ്രഖ്യാപിച്ചത്. ഇവയെല്ലാം ചേര്‍ന്നപ്പോള്‍ ആഗോളതലത്തില്‍ ധാന്യങ്ങള്‍ക്ക് — പ്രത്യേകിച്ച് ഗോതമ്പിന് വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. 18.62 കിലോ വരുന്ന ഒരുപെട്ടി ഗോതമ്പിന് ചിക്കാഗോയില്‍ ആറു ശതമാനം വില ഉയര്‍ന്ന് 12.47 ഡോളറായി. യൂറോപ്പില്‍ കഴിഞ്ഞയാഴ്ച ഒരു ടണ്ണിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 461 ഡോളറിലെത്തി. ആഗോള വിപണിയില്‍ 42 ശതമാനം വരെയാണ് വില ഉയര്‍ന്നിരിക്കുന്നത്. റഷ്യ ഉള്‍പ്പെടെ കരിങ്കടല്‍ തീരത്തെ രാജ്യങ്ങളില്‍ നിന്ന് ആവശ്യമായതിന്റെ 90 ശതമാനം ഗോതമ്പും ഇറക്കുമതി ചെയ്യുന്ന ആഫ്രിക്കന്‍ രാജ്യങ്ങളാണ് വലിയ പ്രതിസന്ധിയും വിലക്കയറ്റവും അഭിമുഖീകരിക്കുന്നത്. ഇതെല്ലാം കൊണ്ടാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ലോകത്തെ മനുഷ്യരാശിയുടെ അഞ്ചിലൊന്നു ദാരിദ്ര്യത്തിന്റെ ഭീഷണിയിലാണെന്ന് കഴിഞ്ഞമാസം മുന്നറിയിപ്പ് നല്കിയത്. യുദ്ധത്തിന്റെ സാഹചര്യത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യയെയാണ് കുറ്റപ്പെടുത്തുന്നത്. ഉപരോധമേര്‍പ്പെടുത്തിയതിന്റെ പേരില്‍ റഷ്യ തിരിച്ചും കുറ്റപ്പെടുത്തുന്നു.
റഷ്യ കയറ്റുമതി നിരോധിച്ചിട്ടില്ല. ആഭ്യന്തര ലഭ്യത ഉറപ്പാക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നാണ് അവരുടെ വിശദീകരണം. താല്ക്കാലിക നികുതികളും അളവ് നിയന്ത്രണങ്ങളും മാത്രമാണ് ഏര്‍പ്പെടുത്തിയത്. റഷ്യയും ഉക്രെയ്‌നും മാത്രമല്ല വന്‍കിട ഗോതമ്പുല്പാദകരെന്നും അതുകൊണ്ടുതന്നെ ഇവര്‍ക്കൊപ്പം മറ്റു ഗോതമ്പുല്പാദക രാജ്യങ്ങള്‍ക്കും പ്രതിസന്ധിയുടെ ഉത്തരവാദിത്തമുണ്ടെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. യുഎസും കാനഡയും യഥാക്രമം 26, 25 ദശലക്ഷം ടണ്‍ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ്. ഇത് ആഗോള കയറ്റുമതിയുടെ 25 ശതമാനം വരും. ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളും കയറ്റുമതിയില്‍ മുന്നിലുള്ള രാജ്യങ്ങളാണ്. അതുകൊണ്ട് ഈ രാജ്യങ്ങള്‍ അവരുടെ ആവശ്യത്തിനുള്ളത് സംഭരിച്ച് കയറ്റുമതി ചെയ്യാന്‍ തയാറാകണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളെല്ലാം ആവശ്യത്തിലധികം സംഭരിക്കുകയെന്ന നിലപാട് സ്വീകരിക്കുകയാണ്. ആഗോള തലത്തില്‍ ഇന്ധന — വൈദ്യുതി വിലക്കയറ്റവും പണപ്പെരുപ്പവര്‍ധനയും തങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് ആ രാജ്യങ്ങളും. ഗോതമ്പ് പ്രതിസന്ധി ഏത്രത്തോളം രൂക്ഷമാകുമെന്നോ ഏതുവിധത്തിലാണ് പരിഹരിക്കപ്പെടുകയെന്നോ പ്രവചിക്കാനാകാത്ത സ്ഥിതിയിലാണ് സാമ്പത്തിക വിദഗ്ധരും കാര്‍ഷിക രംഗത്തെ പ്രമുഖരും. കാലാവസ്ഥാ വ്യതിയാനം മൂലം ഭാവി ഉല്പാദനത്തിലുണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ കൂടിയാണ് അതിനു കാരണം. വളം, കീടനാശിനികള്‍ എന്നിവയ്ക്കുണ്ടായ ദൗര്‍ലഭ്യതയും വന്‍ വിലക്കയറ്റവും ഉല്പാദനത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഗോളതലത്തില്‍ ഒരു യുദ്ധം ഗോതമ്പിനായി സംഭവിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടായ കൊടും ചൂട് ലോകത്തെ വന്‍കിട രാജ്യങ്ങളെ ഊര്‍ജ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പഠനങ്ങളും പുറത്തുവരികയുണ്ടായി. വൈദ്യുതി ഉല്പാദനത്തില്‍ ദശകത്തിലെ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുവാന്‍ പോകുന്നതെന്നും കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരള്‍ച്ച മൂലമുണ്ടായ ഉല്പാദനക്കുറവ്, പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിലെ അപര്യാപ്തത, മഹാമാരി നല്കിയ തിരിച്ചടികള്‍ എന്നിവ മൂലം ഊര്‍ജ ഉല്പാദന — സംഭരണ സംവിധാനങ്ങളെല്ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വടക്കന്‍ അര്‍ധഗോളത്തിന്റെ ഭൂരിഭാഗം മേഖലകളിലും കൊടും ചൂടാണ്. അതുകൊണ്ട് വൈദ്യുതി ഉപഭോഗം വളരെ ഉയര്‍ന്ന നിലയിലെത്തി. ഊര്‍ജ പ്രതിസന്ധി, നിയന്ത്രണങ്ങളിലൂടെ താല്ക്കാലികമായി മറികടക്കാമെന്നിരിക്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പലതാണ്. വ്യാവസായികോല്പാദനത്തില്‍ കുറവ്, ജല വിതരണത്തിലുണ്ടാകുന്ന തടസങ്ങള്‍, ഭക്ഷ്യോല്പാദനത്തെ ദോഷകരമായി ബാധിക്കല്‍ എന്നിവയെല്ലാം ഊര്‍ജ പ്രതിസന്ധിയുടെ ഉപോല്പന്നങ്ങളാണ്. കടുത്ത ചൂട് ശരീരത്തിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ രോഗകാരണമാകുകയും ചെയ്യുന്നു. ഇന്ത്യക്ക് മാത്രം ഊര്‍ജ പ്രതിസന്ധി മൊത്തം ആഭ്യന്തരോല്പാദനത്തില്‍ അഞ്ചു ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ് നിഗമനം.
ലോകമാകെ ആസന്നമായ ഭക്ഷ്യ പ്രതിസന്ധി, ഊര്‍ജ ക്ഷാമം, അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മഹാമാരി എന്നിവയെക്കുറിച്ചുള്ള ആശങ്കയിലാണെങ്കിലും മഹാമാരിക്കാലത്ത് ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരനുണ്ടായെന്ന ഓക്സ്ഫാം റിപ്പോര്‍ട്ട് പുറത്തുവന്നതും ഇതേ കാലയളവിലായിരുന്നു. ഈ വര്‍ഷത്തോടെ 2.6 കോടി പേര്‍ പുതിയതായി കടുത്ത പട്ടിണിയിലേക്ക് വീഴുമെന്ന പ്രവചനത്തോടൊപ്പമാണ് രാജ്യത്ത് കോവിഡ് മഹാമാരിക്കാലത്ത് 573 പുതിയ ശതകോടീശ്വരന്മാരുണ്ടായെന്ന ഓക്സ്ഫാം റിപ്പോര്‍ട്ട് വന്നതെന്ന വൈരുധ്യവുമുണ്ട്. വേദനയില്‍ നിന്ന് ലാഭമുണ്ടാക്കുന്നവര്‍ എന്നാണ് പ്രസ്തുത റിപ്പോര്‍ട്ടിന് പേരിട്ടിരിക്കുന്നത്. പകര്‍ച്ച വ്യാധിയുടെ ഫലമായി ആരോഗ്യ — ഗവേഷണ രംഗത്ത് തുറക്കപ്പെട്ട സാധ്യതകള്‍ സമ്പന്നര്‍ക്ക് ഗുണമായി. അതോടൊപ്പം ഊര്‍ജ, ഭക്ഷ്യ മേഖലകളില്‍ വിലവര്‍ധനയുണ്ടായതും നവ സമ്പന്നരെ സൃഷ്ടിക്കുന്നതിനും അതിസമ്പന്നരുടെ ആസ്തി കൂട്ടുന്നതിനും കാരണമായി. സമ്പന്നരുടെ എണ്ണവും ആസ്തിയും കൂടുമ്പോള്‍തന്നെ ദരിദ്രവല്ക്കരിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഓക്സ്ഫാമിന്റെ കണക്കനുസരിച്ച് 2,668 ശതകോടീശ്വരന്മാരാണ് ഇപ്പോള്‍ ലോകത്തുള്ളത്. ഇവരുടെ ആകെ സമ്പത്ത് 2000ത്തില്‍ ലോകത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 4.4 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 13.9 ശതമാനത്തോളമായി ഉയര്‍ന്നു. ഓരോ 30 മണിക്കൂറിലും ഒരു ശതകോടീശ്വരന്‍ ജനിക്കുമ്പോള്‍ തന്നെ 33 മണിക്കൂറില്‍ 10 ലക്ഷം പുതിയ പട്ടിണിക്കാര്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഓക്സ്ഫാം ഇന്റർനാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഗബ്രിയേല ബുച്ചർ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ട് പറഞ്ഞ കാര്യം പ്രസക്തമാണ്. പുതിയ ശതകോടീശ്വരന്മാര്‍ ഉണ്ടാകുന്നതും നിലവിലുണ്ടായിരുന്നവരുടെ വരുമാനം കുതിക്കുന്നതും അവരുടെ കഠിനാധ്വാനം കൊണ്ടല്ല, മറിച്ച് വ്യവസ്ഥിതിയുടെ തകരാറ് കൊണ്ടെന്നാണ് ബുച്ചര്‍ പറയുന്നത്. അതിസമ്പന്നരുടെ നികുതി ഘടന പരിഷ്കരിക്കണമെന്ന നിര്‍ദേശം പല തവണ മുന്നോട്ടുവയ്ക്കപ്പെട്ടുവെങ്കിലും അത് പരിഗണിക്കുവാന്‍ ലോകത്ത് മഹാഭൂരിപക്ഷം രാജ്യങ്ങളും തയാറാകുന്നില്ല. അതിനാല്‍തന്നെ ഭയപ്പെടുത്തുന്ന ഭാവിയാണ് മാനവരാശിയെ ഉറ്റുനോക്കുന്നതെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും നല്കുന്ന മുന്നറിയിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.