16 January 2026, Friday

ഭരണഘടനയും മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനവും

മിലൂൺ കോത്താരി
September 12, 2025 4:15 am

ന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കലും മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനവും (യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൺ റൈറ്റ്സ് — യുഡിഎച്ച്ആർ) തമ്മിൽ ഇഴചേർന്നിരിക്കുന്നത് ചരിത്രത്തിലെ ഒരു സുപ്രധാന യാദൃച്ഛികതയാണ്. 1947 ജനുവരി മുതൽ 1948 ഡിസംബർ വരെയാണ് യുഡിഎച്ച്ആർ തയ്യാറാക്കിയത്. 1946 ഡിസംബർ മുതൽ 1949 നവംബർ വരെയാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. ഗുണപരമായ ഈ സംയോജനത്തിന്റെ ഫലം യുഡിഎച്ച്ആറിലെയും ഇന്ത്യൻ ഭരണഘടനയിലെയും മനുഷ്യാവകാശ വ്യവസ്ഥകളെ ശക്തിപ്പെടുത്തി.
ഭരണഘടനയുടെ ഉള്ളടക്കത്തിൽ യുഡിഎച്ച്ആറിന്റെ സ്വാധീനത്തെക്കുറിച്ചുള്ള സൂചനകൾ വ്യക്തമാണ്. മൗലികാവകാശങ്ങൾ കൈകാര്യം ചെയ്യുന്ന ഭാഗം മൂന്ന്, സംസ്ഥാന നയത്തിന്റെ നിർദേശക തത്വങ്ങളിൽ ഭാഗം നാല് എന്നിവ യുഡിഎച്ച്ആറിന് സമാനമാണ്. കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതയുടെ പ്രസ്താവന ശ്രദ്ധേയമായിരുന്നു. ‘മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം നിയമപരമായി നടപ്പിലാക്കാൻ കഴിയുന്നതായിരിക്കില്ല. പക്ഷേ ഭരണഘടന നടപ്പിലാക്കിയ സമയത്ത് മനുഷ്യാവകാശങ്ങളുടെ സ്വഭാവം എങ്ങനെ ആയിരിക്കണമെന്ന് ഇന്ത്യ മനസിലാക്കിയിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു’.
യുഡിഎച്ച്ആറിന്റെ ഉള്ളടക്കത്തിൽ ഭരണഘടനയുടെ സ്വാധീനത്തെ വിശദീകരിക്കുന്ന വിവരങ്ങൾ കുറവാണ്. എന്നാല്‍ ഭരണഘടനയുടെ സ്വാധീനം ഗണ്യവുമായിരുന്നു. അവയാകട്ടെ ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിൽ നിന്ന് നേരിട്ട് ഉരുത്തിരിഞ്ഞവയുമാണ്. ഇത്തരം സമാനതകളും പരപരാഗപോഷണവും പ്രകടമാക്കുന്ന ഒരു ഉദാഹരണം യുഡിഎച്ച്ആറിന്റെ കരട് തയ്യാറാക്കുമ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ച ഹൻസ മേത്ത വഹിച്ച പങ്കിൽ പ്രകടമാണ്. മേത്ത ഭരണഘടനാ അസംബ്ലിയിലെ അംഗവുമായിരുന്നു. ഭരണഘടനാ അസംബ്ലിയിലെയും യു‍ഡിഎച്ച്ആറിന്റെ ഡ്രാഫ്റ്റിങ് ടീമിന്റെ ഭാഗമായും അദ്ദേഹം സഞ്ചരിച്ചു. യു‍ഡിഎച്ച്ആറിലെ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭരണഘടനാ അസംബ്ലിയിലെ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ ചർച്ചകളിലും പ്രമേയത്തിലും പങ്കെടുത്ത ശേഷം, മേത്ത യു‍‍ഡിഎച്ച്ആർ കരട് ചർച്ചകളിൽ ഉൾച്ചേർന്നപ്പോൾ, ഇന്ത്യൻ ഭരണഘടനയിൽ ഒരു രാജ്യത്തിനുള്ളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭാ കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടി. സോവിയറ്റ് യൂണിയനിൽ നിന്നും, തങ്ങളുടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് രാജ്യത്തിനുള്ളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം വേണ്ടെന്ന് ആഗ്രഹിക്കുന്ന മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള എതിർപ്പുകൾക്കിടയിലും രാജ്യത്തിനുള്ളിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം യുഡിഎച്ച്ആർ ലേഖനത്തിൽ ഉൾപ്പെടുത്തണമെന്ന് മേത്ത ആവശ്യപ്പെട്ടു. യുഡിഎച്ച്ആറിന്റെ അനുച്ഛേദം 13(1)ൽ ‘ഓരോ രാജ്യത്തിന്റെയും അതിർത്തിക്കുള്ളിൽ സഞ്ചരിക്കാനും താമസിക്കാനും എല്ലാവർക്കും അവകാശമുണ്ട്’ എന്ന് നിശ്ചയിക്കുന്നതിന് ഇത് കാരണമായി. 

മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപത്തിൽ ഇന്ത്യയുടെ സംഭാവന വളരെ വലുതാണ്. അത് ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിലും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഉരുത്തിരിഞ്ഞ അനുഭവങ്ങളിലും ഗതകാലാനുഭവങ്ങളുടെ സഞ്ചിതവിജ്ഞാനവുമായും ഇഴചേരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ (‘പുരുഷന്മാർ’ എന്ന വാക്കിന് പകരം ‘മനുഷ്യർ’ എന്ന് മാറ്റണമെന്നത്), വിവേചനമില്ലായ്മ (വിവേചനമില്ലായ്മയ്ക്കുള്ള മാനദണ്ഡമായി ‘നിറം’, ‘രാഷ്ട്രീയ അഭിപ്രായം’ എന്നീ വാക്കുകൾ), സഞ്ചാര സ്വാതന്ത്ര്യം (ഒരു രാജ്യത്തിനുള്ളിൽ സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന വ്യവസ്ഥകളും വിശദാംശങ്ങളും), ആരോഗ്യത്തിനുള്ള അവകാശം (ആരോഗ്യം കേവല’വൈദ്യ പരിചരണത്തിനുള്ള അവകാശം’ എന്നതിനെക്കാൾ വളരെ കൂടുതലാണെന്ന്) തുടങ്ങിയവയും ‘ആരോഗ്യത്തിനുള്ള അവകാശം’ എന്ന പദം നിർദേശിക്കുകയും ചെയ്തു. മാതൃത്വത്തിനും ബാല്യത്തിനും പ്രത്യേക പരിചരണത്തിനും സംരക്ഷണത്തിനും അർഹതയുണ്ടെന്ന് ബ്രിട്ടന്റെ പ്രതിനിധിയുമായി സഹകരിച്ച് ഇന്ത്യ നിർദേശിച്ചു. ജോലി ചെയ്യാനുള്ള അവകാശം ‘നീതിയും അനുകൂലവുമായ തൊഴിൽ സാഹചര്യങ്ങൾ’ എന്ന തത്വം കൂട്ടിച്ചേർത്തതും ഇന്ത്യയുടെ ഇടപെടലാണ്. നേടിയെടുക്കുന്ന അവകാശങ്ങളിൽ കടമകളുടെ പങ്ക് അംഗീകരിപ്പിക്കുന്നതിൽ ഇന്ത്യ ഉറച്ചുനിന്നു. മതേതരത്വം ലോകത്തിലെ എല്ലാവർക്കും ബാധകമാണെന്നും ദൈവത്തിൽ വിശ്വസിക്കാത്ത ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ടെന്നും ഇന്ത്യയുടെ പ്രതിനിധികൾ നിലപാടെടുത്തു. ‘എല്ലാ മനുഷ്യരും സ്വതന്ത്രരും തുല്യരും അന്തസിലും അവകാശങ്ങളിലും ജനിക്കുന്നവരുമാണ്. അവർക്ക് പ്രകൃതിയാൽ യുക്തിയും മനഃസാക്ഷിയും നൽകിയിട്ടുണ്ട്, അവർ പരസ്പരം സാഹോദര്യത്തിന്റെ ആത്മാവിൽ പ്രവർത്തിക്കണം’ എന്ന് മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപത്തിൽ ഉൾപ്പെടുത്തി. യുഡിഎച്ച്ആർ കരട് നിർമ്മാണ കമ്മിറ്റികളിലേക്ക് നിരവധി ഇന്ത്യൻ പ്രതിനിധികൾ ഈടുറ്റ സംഭാവനകൾ നൽകി. ഹൻസ മേത്ത, ബീഗം ഹമീദ് അലി, ലക്ഷ്മി മേനോൻ, മുഹമ്മദ് ഹബീബ്, എം ആർ മസാനി ഇങ്ങനെ നീളുന്നു പട്ടിക. മഹാത്മാഗാന്ധിയുടെ സന്ദേശങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായിരുന്നവരുടെ നിലപാടുകളും യുഡിഎച്ച്ആർ കരട് കമ്മിറ്റിയെ സ്വാധീനിച്ചിരുന്നു. മനുഷ്യാവകാശങ്ങൾ വിമോചനപരമാണെന്ന ആശയം ഇതിലൂടെ ഉയർന്നു. ഭരണഘടനയുടെ ഉള്ളടക്കത്തിലും യുഡിഎച്ച്ആർ പ്രതിനിധികളുടെ ഇടപെടൽ കാണാം. ഭരണഘടനയിലേക്ക് നയിച്ച സംവാദങ്ങളിലേക്കുള്ള അവരുടെ സംഭാവനകളിൽ പലപ്പോഴും അത് പരാമർശിക്കുകയും ചെയ്തു. മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഡിഎച്ച്ആറിന്റെ അനുച്ഛേദം 18ലെ ഒന്നാം വാചകം പറയുന്നത്, ‘എല്ലാവർക്കും ചിന്താ സ്വാതന്ത്ര്യത്തിനും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും അവകാശമുണ്ട്. ഈ അവകാശത്തിൽ ഒറ്റയ്ക്കോ മറ്റുള്ളവരുമായോ സമൂഹമായോ തന്റെ മതമോ വിശ്വാസമോ മാറ്റാനുള്ള സ്വാതന്ത്ര്യവും ഉൾപ്പെടുന്നു’ എന്നാണ്. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം 1948ൽ അംഗീകരിച്ചതിനുശേഷവും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രമാണങ്ങളിലെ വ്യവസ്ഥകളെ ഇന്ത്യൻ ഭരണഘടന സ്വാധീനിച്ചു. 

ഇന്ത്യൻ സുപ്രീം കോടതിയുടെ വിധിന്യായങ്ങളിൽ യുഡിഎച്ച്ആർ പ്രകടമാണ്. ഭരണഘടനയിൽ അംഗീകരിക്കപ്പെട്ട സ്വാതന്ത്ര്യങ്ങളുടെ വ്യാപ്തി വികസിപ്പിക്കുന്നതിൽ യുഡിഎച്ച്ആറിൽ നിന്നുള്ള പ്രസക്തമായ ലേഖനങ്ങൾ ഉപയോഗിച്ച് സുപ്രീം കോടതി തങ്ങളുടെ വാദമുഖങ്ങൾ ആവർത്തിച്ച് ഉറപ്പിക്കുന്നു. മൗലികാവകാശങ്ങളുടെ വ്യാപ്തി വികസിപ്പിക്കുന്നതിൽ യുഡിഎച്ച്ആർ വാദങ്ങളെ സുപ്രീം കോടതി ഉൾച്ചേർക്കുന്നു. അങ്ങനെ ഭരണഘടനയുടെ നിർദേശകതത്വ വിഭാഗത്തിലുള്ള അവകാശങ്ങൾക്ക് നിയമ പിന്തുണ നൽകുന്നു. ഉദാഹരണത്തിന് വിദ്യാഭ്യാസം ഒരു മൗലികാവകാശമായി സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്, അതിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശവും ഉൾപ്പെടുന്നു. ഈ ഭേദഗതി യു‍ഡിഎച്ച്ആറിന്റെ അനുച്ഛേദം 26ലെ വാചകത്തെ പ്രതിഫലിപ്പിക്കുന്നു, ‘എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്. വിദ്യാഭ്യാസം സൗജന്യമായിരിക്കണം, നിർബന്ധിതമായിരിക്കണം; കുറഞ്ഞത് പ്രാഥമികവും അടിസ്ഥാനപരവുമായ ഘട്ടങ്ങളിലെങ്കിലും.’ ഈ ഭേദഗതികൾ യുഡിഎച്ച്ആറിൽ ഇതിനകം വിഭാവനം ചെയ്തിരിക്കുന്ന മൗലികാവകാശങ്ങളുടെ വ്യവസ്ഥകളിലേക്ക് ഇന്ത്യൻ ഭരണഘടനയെ അടുപ്പിച്ചു. യുഡിഎച്ച്ആറും ഇന്ത്യൻ ഭരണഘടനയും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം തിരിച്ചറിയേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പും ശേഷവും, യുഡിഎച്ച്ആറിന്റെ കരട് തയ്യാറാക്കലിൽ നിന്ന് ഉരുത്തിരിയുന്ന സാർവത്രിക മനുഷ്യാവകാശങ്ങൾ സ്വാംശീകരിക്കാനുള്ള ഇന്ത്യയുടെ തുറന്ന മനസിനെ ചിന്തകളുടെയും ആശയങ്ങളുടെയും ഈ സംഗമം സ്ഥിരീകരിക്കുന്നു. യുഡിഎച്ച്ആറിന്റെ സാർവത്രികതയ്ക്ക് കാരണമായ ആഗോള സ്വാധീനത്തിന്റെ അതിശക്തമായ തെളിവുകൾ ജനീവയിലെ യുഎൻ ലൈബ്രറിയിൽ, യുഡിഎച്ച്ആറിന്റെ കരട് തയ്യാറാക്കൽ പ്രക്രിയയുടെ സംഗ്രഹ രേഖകളുടെ രൂപത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കും. അന്താരാഷ്ട്ര മനുഷ്യാവകാശ ഉപകരണങ്ങൾ ‘പാശ്ചാത്യ’മാണെന്ന് അവകാശപ്പെടുന്നവരുടെ ബോധ്യങ്ങളെ നിരാകരിക്കുന്നതാണ് ഈ വസ്തുതകൾ. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം (യുഡിഎച്ച് ആർ) ഭൂമിയിലെ എല്ലാ നിവാസികൾക്കും അവകാശപ്പെട്ടതാണ്.
മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം ഒരു ആഗോള രേഖയാണ്. ഇത് ലോകത്തിലെ ഓരോ വ്യക്തിയുടെയും അടിസ്ഥാന മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും നിർവചിക്കുന്നു. 1948 ഡിസംബർ 10ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയാണ് ഇത് അംഗീകരിച്ചത്. ഈ പ്രഖ്യാപനം നിയമപരമായി നിർബന്ധിതമല്ലെങ്കിലും, ഇത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ വികാസത്തിന് വലിയ പ്രചോദനമായിട്ടുണ്ട്. കൂടാതെ നിരവധി അന്താരാഷ്ട്ര ഉടമ്പടികളിലും നിയമങ്ങളിലും ഇതിന്റെ വ്യവസ്ഥകൾ ഉൾപ്പെട്ടിരിക്കുന്നു. പ്രഖ്യാപനത്തിൽ 30 ലേഖനങ്ങളുണ്ട്. ഓരോ ലേഖനങ്ങളും ഓരോ വ്യക്തിക്കുമുള്ള പൗരാവകാശങ്ങൾ, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ എന്നിവ വിശദീകരിക്കുന്നു.
(ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.