ഹൈന്ദവ ആഘോഷങ്ങളെ സംഘ്പരിവാർ സംഘടനകൾ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരായ കലാപമാക്കിയതിന്റെ നിരവധി വാർത്തകൾ മാധ്യമങ്ങളിൽ നിറയുകയുണ്ടായി. ഹോളിയായിരുന്നു അവസാനത്തേത്. ഇത്തവണ ഹോളി ആഘോഷം മാർച്ച് 14 വെള്ളിയാഴ്ച ആയിരുന്നുവെന്നത് സംഘർഷ സാധ്യത കൂട്ടി. കാരണം മുസ്ലിങ്ങൾ വെള്ളിയാഴ്ച നമസ്കാരം നടത്തുന്നതിന് പുറത്തിറങ്ങുന്നത് സംഘർഷത്തിനിടയാക്കുമെന്നായിരുന്നു ആശങ്ക. അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള സുരക്ഷാ സജ്ജീകരണങ്ങളല്ല പൊലീസ് ഒരുക്കിയത്. പകരം പ്രകോപിപ്പിക്കുന്ന നിർദേശങ്ങൾ പുറപ്പെടുവിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി ആദിത്യനാഥ് മുതൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വരെ പ്രകോപനപരമായ പ്രസ്താവനകളാണ് നടത്തിയത്. വർഷത്തിൽ എല്ലാ ആഴ്ചയിലും വെള്ളിയാഴ്ചയുണ്ടെന്നും ഹോളി വര്‍ഷത്തിലൊരിക്കൽ മാത്രമാണെന്നും അതുകൊണ്ട് നിറങ്ങളോട് അലർജിയുള്ളവർ പുറത്തിറങ്ങരുതെന്നുമായിരുന്നു ആദിത്യനാഥുൾപ്പെടെ നിർദേശിച്ചത്. അന്നേ ദിവസം വീട്ടിൽവച്ച് വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയാൽ മതിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കല്പിച്ചു. അങ്ങനെ എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമാണ് ഉന്നതരുടെ ഭാഗത്തുനിന്നുണ്ടായത്. ഉത്തർപ്രദേശിൽ മാത്രമല്ല മധ്യപ്രദേശ്, ഒഡിഷ തുടങ്ങി ബിജെപി ഭരിക്കുന്നതും ബംഗാളിലുൾപ്പെടെ അവർക്ക് ശക്തിയുള്ളതുമായ പ്രദേശങ്ങളിലെല്ലാം സംഘർഷങ്ങളുടെ വാർത്തകളുണ്ടായി. എന്നാൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ മാത്രമല്ല ദളിത് വിഭാഗങ്ങൾക്കെതിരെയും നിരവധി അതിക്രമങ്ങളുണ്ടായെന്നാണ് ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ, ഹോളി ആഘോഷിക്കാൻ പോകുന്നതിനിടെ കുർമി സമുദായത്തിൽ നിന്നുള്ള മൂന്നുപേർ നാടൻ തോക്ക് ഉപയോഗിച്ച് വെടിവച്ചതിനെ തുടർന്ന് ആറ് ദളിതർക്കാണ് പരിക്കേറ്റത്. രാവിലെ ദളിതരുടെ വീടുകളിലെത്തിയ അക്രമികൾ അവരെ അധിക്ഷേപിച്ചിരുന്നു. തുടർന്നാണ് വൈകിട്ട് ഹോളി ആഘോഷത്തിന് തയ്യാറെടുക്കുമ്പോൾ അക്രമിച്ചത്. ആൾക്കൂട്ടത്തിലേക്ക് കടന്നുകയറിയ അക്രമികളുടെ വെടിവയ്പില്‍ പരിക്കേറ്റവരിൽ ഒരു വനിതയുമുൾപ്പെടുന്നു.
സന്ത് കബീർ നഗറിൽ, ഒബിസി വിഭാഗത്തിൽപ്പെട്ടവരുടെ നേരെയാണ് ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ളവരുടെ ആക്രമണമുണ്ടായത്. ഹോളി ആഘോഷത്തിന്റെ ഭാഗമായി പാട്ട് പാടിയത് ചോദ്യം ചെയ്താണ് സവർണർ അക്രമം നടത്തിയത്. 20 കുടിലുകളെങ്കിലും കത്തിച്ചതായി ആരോപിക്കപ്പെടുന്നു.
ഉത്തർപ്രദേശിലെ മഥുരയിൽ പത്തോളം പേർക്ക് പരിക്കേറ്റ സംഭവമുണ്ടായത് ദളിത് വിഭാഗത്തിൽപ്പെട്ട ആളുകൾ ഹോളിയുടെ ഭാഗമായി ഒരു സ്കൂളിൽ ആഘോഷം സംഘടിപ്പിച്ചത് സവർണ സമുദായത്തിൽപ്പെട്ടവർ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു. ദളിത് വിഭാഗക്കാര്‍ ആഘോഷത്തിന്റെ ഭാഗമായി രാവിലെ പത്തോടെ സ്കൂളിലെത്തിയ വേളയിൽ താക്കൂർ വിഭാഗത്തിൽപ്പെട്ടവരും അവിടെയെത്തുകയായിരുന്നു. ആഘോഷത്തിന്റെ ഭാഗമാകാനെത്തിയവരാണെന്ന ധാരണയിൽ അവരുടെ മേലും നിറം പൂശാന്‍ ശ്രമിച്ചപ്പോൾ തടയുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. നിങ്ങൾ താഴ്ന്ന വിഭാഗത്തിൽപ്പെട്ടവരാണെന്നും ഞങ്ങൾക്ക് നിറംപൂശാൻ അർഹതയില്ലെന്നും പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് ദളിത് വിഭാഗത്തിൽപ്പെട്ട മനോജ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിൽ പലർക്കും പരിക്കേറ്റു. ചെറുതും വലുതുമായ ഇത്തരം നിരവധി സംഭവങ്ങളാണുണ്ടായത്. ഹോളി ആഘോഷം സവർണ വിഭാഗത്തിന്റേത് മാത്രമാണെന്ന് വരുത്താനുള്ള സംഘ്പരിവാർ സംഘടനകളുടെ ശ്രമമാണ് പലയിടങ്ങളിലും ദളിതർക്കെതിരായ അതിക്രമങ്ങളായി പരിണമിച്ചത്.
ദളിതർക്ക് മറ്റ് വിഭാഗങ്ങളെപ്പോലെ ആഘോഷങ്ങൾ അനുവദനീയമല്ലെന്നത് ഹോളിയിൽ മാത്രം ഒതുങ്ങുന്നില്ല. വിവാഹത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ നടത്തുമ്പോഴും ദളിതർ അക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് പല സംസ്ഥാനങ്ങളിലും ഉണ്ടായത്. ആഗ്രയിലെ അസീസ്‌പുരിലായിരുന്നു ഏറ്റവും ഒടുവിലത്തെ സംഭവം. ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിന്റെ വിവാഹ ഘോഷയാത്രയാണ് തടഞ്ഞത്. അംബേദ്കറുടെയും ഗൗതം ബുദ്ധന്റെയും ഫോട്ടോകളുമായായിരുന്നു ഘോഷയാത്ര. രണ്ട് ചിത്രങ്ങളും കണ്ട ചിലർ ദളിത് സമുദായത്തിന് അവിടെ വിവാഹ ഘോഷയാത്ര അനുവദനീയമല്ലെന്ന് ആക്രോശിക്കുകയും വരനെ മർദിക്കുകയും ഛായാചിത്രങ്ങളുടെ ചില്ലുകൾ തകർക്കുകയുമായിരുന്നു. തോക്കിന്റെ പാത്തികൊണ്ട് തലയിൽ അടിക്കുകയായിരുന്നുവെന്നാണ് വരന്റെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുമുണ്ടായി. കഴിഞ്ഞ ഒരുവർഷത്തിനിടെ സമാനമായ നിരവധി സംഭവങ്ങൾ വിവിധ സംസ്ഥാനങ്ങളിലുണ്ടായെന്ന് ദ ക്വിന്റ് അടുത്തിടെ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. മീററ്റിൽ മാർച്ച് ഒന്നിനാണ് മറ്റൊരു സംഭവമുണ്ടായത്. ഇവിടെ വിവാഹത്തിന് ഗാനമാലപിച്ചതാണ് സവർണ സമുദായത്തിൽപ്പെട്ടവരെ പ്രകോപിപ്പിച്ചത്. അക്രമത്തിൽ വധുവിനുൾപ്പെടെ പരിക്കേറ്റു. മീററ്റിനടുത്ത കാളിന്ദിയിലായിരുന്നു സംഭവം. പ്രദേശത്തെ ദളിതർക്ക് വിവാഹാഘോഷം നടത്താൻ അനുവാദമില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് വധൂവരന്മാരുടെ ബന്ധുക്കൾ പറയുന്നു. രണ്ട് മോതിരങ്ങളും പണവും കവർന്നതായും ആരോപണമുയർന്നിരുന്നു.
ഫെബ്രുവരി 22ന് ബുലാന്ദ്ഷെഹറിലാണ് മറ്റൊരു സംഭവമുണ്ടായത്. 40ഓളം വരുന്ന സംഘം വിവാഹ ഘോഷയാത്രയെ അക്രമിക്കുകയും വധൂവരന്മാർ സഞ്ചരിച്ചിരുന്ന കുതിരപ്പുറത്തുനിന്ന് അവരെ വലിച്ചിടുകയും ചെയ്തുവെന്നാണ് പരാതി. ഘോഷയാത്രയിൽ പങ്കെടുത്തവരെ അക്രമിക്കുകയും ചെയ്തു. ആറുപേർക്ക് തലയ്ക്കാണ് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. ഇവിടെത്തന്നെ കഴിഞ്ഞ ഡിസംബർ 11ന് മറ്റൊരു ആക്രമണവുമുണ്ടായി. റോബിൻ സിങ് എന്ന യുവാവാണ് അക്രമത്തിനിരയായത്. ലക്ക്വത്തിയിലെ വധൂഗൃഹത്തിലേക്ക് ഘോഷയാത്രയായി പോകുമ്പോഴായിരുന്നു അക്രമം. വധൂവരന്മാർ പൊലീസുകാരാണെന്ന പ്രത്യേകതയുമുണ്ട്. വഴിയിൽ വച്ച് വരൻ സഞ്ചരിച്ച കുതിരപ്പുറത്തുനിന്ന് ഇറക്കുകയും കല്ലെറിയുകയുമായിരുന്നു. മധ്യപ്രദേശിലെ ദമോഹിൽ കഴിഞ്ഞ ഡിസംബർ 10ന് വിവാഹം കഴിഞ്ഞ് വധൂവരന്മാരും ബന്ധുക്കളും നടത്തിയ ഘോഷയാത്രയ്ക്കുനേരെയായിരുന്നു ആക്രമണമുണ്ടായത്. തോക്ക് ചൂണ്ടിയായിരുന്നു അതിക്രമമെന്ന് പരാതിയിൽ പറയുന്നു. വാഹനം അക്രമിക്കുകയും കുതിരയെ പരിക്കേല്പിക്കുകയും ചെയ്തു. അഹിർവാർ സമുദായക്കാരുടെ വീടുകൾക്ക് സമീപം വിവാഹ ഘോഷയാത്ര നടത്തരുതെന്ന് കുടുംബത്തോട് നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രാദേശിക നേതാക്കളുടെ ഉറപ്പിനെ തുടർന്ന് നടത്തിയതായിരുന്നു. നേതാക്കളുടെ ഉറപ്പ് അംഗീകരിക്കാതിരുന്ന ഒരു വിഭാഗം അക്രമം അഴിച്ചുവിടുകയായിരുന്നു.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ മേയ് 20നാണ് അക്രമമുണ്ടായത്. ഗ്വാളിയോറിനടുത്ത് റിതോട ഗ്രാമത്തിൽ നരേഷ് എന്ന യുവാവിന്റെ വിവാഹഘോഷയാത്രയാണ് അക്രമിക്കപ്പെട്ടത്. ഗുജറാത്തിലെ ഗാന്ധിനഗറിൽ 2024 ഫെബ്രുവരി 12നാണ് സമാന സംഭവമുണ്ടായത്. രാജസ്ഥാനിലും സമാന സംഭവമുണ്ടായതിനെ തുടർന്ന് പല വിവാഹങ്ങളിലും പൊലീസ് സംരക്ഷണം തേടേണ്ടിവരികയാണ്. ഇത്തരം സംഭവങ്ങളിൽ മാത്രമല്ല ദളിതർക്കെതിരായ അതിക്രമങ്ങൾ നടക്കുന്നത്. അല്ലാതെയും എത്രയോ സംഭവങ്ങളുണ്ടാകുന്നുവെന്നാണ് കേന്ദ്ര സർക്കാർതന്നെ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. അത് പക്ഷേ 2022വരെയുള്ളതു മാത്രമാണ്. ദളിതർക്കെതിരായ അതിക്രമങ്ങളിൽ 97.7 ശതമാനവും 13 സംസ്ഥാനങ്ങളിലാണെന്നും അതിൽത്തന്നെ മുന്നിലുള്ളത് ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ ബിജെപി ഭരിക്കുന്നവയാണെന്നുമായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവിട്ട കണക്കുകളിലുള്ളത്. എസ്‌സി വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളിലെ 51,656 കേസുകളിൽ 23.78 ശതമാന (12,287) വും ഉത്തർ പ്രദേശിലായിരുന്നു. 16.75 ശതമാന (8,651) വുമായി രാജസ്ഥാനാണ് രണ്ടാംസ്ഥാനത്ത്. 7,732 കേസുകളുമായി മധ്യപ്രദേശ് മൂന്നാമതും. ബിഹാർ 6,799, ഒഡിഷ3,576, മഹാരാഷ്ട്ര 2,706 എന്നിങ്ങനെയാണ് മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.
എസ്‌ടി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ മധ്യപ്രദേശാണ് മുന്നിൽ, 2,979 കേസുകൾ (30. 61 ശതമാനം). രാജസ്ഥാൻ 2,498 (25.66), ഒഡിഷ 773 (7.94), മഹാരാഷ്ട്ര 691 (7.10) എന്നിങ്ങനെയാണ് ആദ്യ സ്ഥാനത്തുള്ള സംസ്ഥാനങ്ങളുടെ സ്ഥിതി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ദളിതർ എത്രത്തോളം അരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. ബിജെപി — ആർഎസ്എസ് സംഘടനകളുടെ ഹിന്ദുത്വ കാഴ്ചപ്പാടിനകത്ത് സവർണവിഭാഗങ്ങൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ എന്നതിന്റെ തെളിവായി ഇതിനെ കാണണം. മുസ്ലിങ്ങളും കമ്മ്യൂണിസ്റ്റുകാരും ക്രിസ്ത്യാനികളും ശത്രുക്കളാണെന്ന് പ്രഖ്യാപിച്ച തീവ്ര ഹിന്ദുത്വ സംഘടനകളുടെ ശത്രുപക്ഷത്തുതന്നെയാണ് ദളിതരുൾപ്പെടെ ഇതര വിഭാഗങ്ങളെന്നുള്ള വിലയിരുത്തൽ ശരിവയ്ക്കപ്പെടുകയാണിവിടെ. മനുസ്മൃതിയും ചാതുർവർണ്യ വ്യവസ്ഥിതിയും അനുശാസിക്കുന്ന സവർണവിഭാഗം മാത്രമാണ് സംഘ്പരിവാറിന്റെ ഹിന്ദുത്വ നിർവചനത്തിൽ വരുന്നത് എന്ന് ഈ സംഭവങ്ങളും കണക്കുകളും അടിവരയിടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.