8 January 2025, Wednesday
KSFE Galaxy Chits Banner 2

സൃഷ്ടിയുടെ അൽഗോരിതം കണ്ടെത്തിയോ ആൾട്ട്മാനും കൂട്ടരും?

സി ഗൗരീദാസൻ നായർ
November 25, 2023 4:12 am

‘ഓപ്പൺ എഐയുടെ ചരിത്രത്തിൽ നാലു തവണ, ഏറ്റവുമൊടുവിൽ രണ്ടാഴ്ച മുമ്പ്, ഞാൻ സന്നിഹിതനായിരുന്ന മുറിയിൽ ഞങ്ങൾ അജ്ഞാനത്തിന്റെ മറ അരികിലേക്ക് വലിച്ചൊതുക്കി കണ്ടെത്തലിന്റെ (സൃഷ്ടിയുടെ) അതിര് മുന്നോട്ട് നീക്കി…’. ഭീതിയുളവാക്കുന്ന ഈ വാക്കുകൾ സാം ആൾട്ട്മാന്റെതാണ്. ഓപ്പൺ എഐ എന്ന താൻ കൂടെ ചേർന്ന് സ്ഥാപിച്ച ടെക് കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് നവംബർ 17ന് പുറത്താക്കപ്പെടുകയും നാല് ദിവസങ്ങൾക്ക് ശേഷം ഒരു ആഭ്യന്തര വിപ്ലവത്തിലൂടെ അതേസ്ഥാനത്ത് മടങ്ങിയെത്തുകയും ചെയ്ത ആൾട്ട്മാൻ, പുറത്താക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പ് സാൻ ഫ്രാൻസിസ്കോയിൽ നടന്ന ലോകരാജ്യങ്ങളുടെ പ്രബലരായ നേതാക്കൾ പങ്കെടുത്ത ഏഷ്യ പസിഫിക് ഇക്കണോമിക്ക് കോ-ഓപ്പറേഷൻ (എപിഇസി) ഉച്ചകോടിയുടെ വേദിയിൽ വച്ചാണ് ഇത് പറഞ്ഞത്.
അവിടെ കൂടിയിരുന്നവർക്ക് ആൾട്ട്മാന്റെ വാക്കുകളുടെ യഥാർത്ഥ പൊരുൾ ഒരുപക്ഷെ മനസിലായില്ല. പക്ഷെ, ആൾട്ട്മാൻ സിഇഒ ആയ ഓപ്പൺ എഐ ഡയറക്ടർ ബോർഡ് ആ വാക്കുകൾ ശ്രദ്ധാപൂർവം കേട്ടു. അവർക്ക് അതിന്റെ പൊരുൾ മനസിലായി. ഒരു ദിവസത്തിന് ശേഷം ഓപ്പൺ എഐ ബോർഡ് ആൾട്ട്മാനെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. എന്താണ് ആൾട്ട്മാൻ പറഞ്ഞതിന്റെ പൊരുൾ? ആ വാക്കുകൾ ആൾട്ട്മാൻ ഓപ്പൺ എഐ സിഇഒ സ്ഥാനത്ത് നിന്ന് മാറ്റപ്പെടുന്നതിൽ എന്തുകൊണ്ട് നിർണായകമായി? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരു കോഡ് ഭാഷയിൽ ഓപ്പൺ എഐ തങ്ങളുടെ തീരുമാനം പ്രഖ്യാപിച്ച പ്രസ്താവനയിൽ ചേർത്തിരുന്നു: ആൾട്ട്മാൻ ബോർഡിന് മുന്നിൽ ‘സാന്ദ്രമായ സുതാര്യത’ പാലിച്ചില്ല എന്നാണ് അവർ പറഞ്ഞത്. അവർ പറയാൻ ശ്രമിച്ചതെന്തെന്ന് (ആൾട്ട്മാൻ പറഞ്ഞത് മനസിലാകാതെ പോയതുപോലെ തന്നെ) പലർക്കും മനസിലായില്ല. അവർ പറയാൻ ശ്രമിച്ചത് ഒരുപക്ഷെ മനുഷ്യരാശിക്ക് ഭീഷണിയാകാവുന്ന അതിപ്രധാനമായ ഒരു കണ്ടുപിടിത്തം ബോർഡിന്റെ അറിവില്ലാതെ ആൾട്ട്മാന്റെ നേതൃത്വത്തിൽ ഓപ്പൺ എഐ ഗവേഷകർ നടത്തി എന്നാണ്. ശാസ്ത്രലോകം എല്ലാക്കാലത്തും ഭയന്നിരുന്ന ഒരു ആശയമാണത്. നവസാങ്കേതിക വിദ്യകൾ ഒരേസമയം വിമോചനാത്മകമാണ്, നവമുതലാളിത്തത്തിന്റെ മേച്ചിൽപ്പുറവുമാണ്. അറിവ് സൃഷ്ടിക്കുന്ന വിമോചനാത്മകതയെയും പുരോഗമനാത്മകതയെയും മാനുഷിക നൈതികബോധത്തിന്റെ എല്ലാ അടിസ്ഥാനധർമ്മങ്ങളും മറന്ന് മുതലാളിത്തത്തിന്റെ സങ്കുചിത താല്പര്യങ്ങൾക്ക് മുന്നിൽ അടിയറവയ്ക്കാനാണ് ആൾട്ട്മാൻ ശ്രമിച്ചതെന്നാണ് ഓപ്പൺ എഐ ഡയറക്ടർ ബോർഡ് കുറ്റപ്പെടുത്തിയത്.

 


ഇതുകൂടി വായിക്കൂ; ഇന്ത്യയും കേരളവും


അവർ അങ്ങനെ പറയാൻ ഒരു കാരണമുണ്ടായിരുന്നു. ഓപ്പൺ എഐയിലെ ചില ഗവേഷകർ ആൾട്ട്മാന്റെ നേതൃത്വത്തിൽ അത്തരമൊരു കണ്ടുപിടിത്തം നടന്നതായി ഡയറക്ടർ ബോർഡിനെ ഒരു കത്തിലൂടെ അറിയിച്ചിരുന്നു. നിർമ്മിതബുദ്ധി ഇതുവരെ ചെന്നെത്തിയതിനുമപ്പുറം ഗണിതശാസ്ത്രത്തിന്റെ മുനമ്പിലേക്ക് ഓപ്പൺ എഐ ഗവേഷകർ സഞ്ചരിച്ചുവെന്നാണ് അവർ ബോർഡിനെ അറിയിച്ചത്. തങ്ങൾ കൈവരിക്കുന്ന സാങ്കേതികവിദ്യാ നേട്ടങ്ങളെ അവയുടെ വരുംവരായ്കകൾ അറിയും മുമ്പ് വിപണിയിലെത്തിക്കാൻ ആൾട്ട്മാൻ ആവേശം കാട്ടുന്നുവെന്ന വിമർശനം നേരത്തെ തന്നെ ബോർഡിനുണ്ടായിരുന്നു. അതിനുപുറമെയാണ് തങ്ങളെ ഇരുട്ടിൽ നിർത്തി വളരെ അപകടകരമായ വഴിയിലേക്ക് ഓപ്പൺ എഐയെ ആൾട്ട്മാൻ നയിച്ചതായി ബോർഡിന് വിവരം ലഭിച്ചത്. ബോർഡിന് കത്തെഴുതിയ സ്റ്റാഫ് അംഗങ്ങൾ ആരെന്ന് വെളിവാക്കപ്പെട്ടിട്ടില്ല. എന്നാൽ ഓപ്പൺ എഐ കമ്പനി ഒരു ആഭ്യന്തര സന്ദേശത്തിൽ ‘ക്യൂ സ്റ്റാർ’ എന്ന ഒരു ആർട്ടിഫിഷ്യൽ ജനറേറ്റീവ് ഇന്റലിജൻസ് പ്രോജക്ട് തങ്ങൾക്ക് ഉള്ളതായി സമ്മതിച്ചു. ആൾട്ട്മാനെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ആ സ്ഥാനത്തേക്ക് ഓപ്പൺ എഐ ഡയറക്ടർ ബോർഡ് നിയോഗിച്ച കമ്പനിയിലെ ചീഫ് സയന്റിഫിക് ഓഫിസർ മിറ മുറാട്ടി സ്റ്റാഫ് അംഗങ്ങൾക്ക് അയച്ചതായിരുന്നു ആ സന്ദേശം. ഓപ്പൺ എഐ എന്ന സ്ഥാപനം എജിഐയെ നിർവചിക്കുന്നത് ഏറ്റവും സാമ്പത്തിക മൂല്യമുള്ള പ്രവൃത്തികളിൽ മനുഷ്യസാധ്യതകളെ അതിലംഘിക്കുന്ന സ്വതന്ത്ര സംവിധാനമെന്നാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ സാധാരണത്വത്തിൽ നിന്ന് അസാധാരണത്വത്തിലേക്കുള്ള സഞ്ചാരമാണത്. ഓപ്പൺ എഐ പുറത്തിറക്കി വിജയം കൊയ്ത ചാറ്റ് ജിപിടി അതിന്റെ ദൃശ്യാഗ്രം മാത്രം. എങ്ങനെയാണ് ആൾട്ട്മാനും കൂട്ടരും കണ്ടെത്തിയതായി സൂചിപ്പിക്കപ്പെടുന്ന കാര്യങ്ങൾ ചാറ്റ് ജിപിടി തുറന്നിടുന്ന സാധ്യതകളിൽ നിന്ന് വ്യത്യസ്തമാകുന്നതെന്ന് തിരിച്ചറിഞ്ഞാലേ ഈ പറയുന്നത് മനസിലാകുകയുള്ളൂ.

ചാറ്റ് ജിപിടിയിൽ ഭാഷയുമായും സാഹിത്യവുമായും ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് നിരവധി ഉത്തരങ്ങളുണ്ടാവാം. കളി മാറുന്നത് കാര്യങ്ങൾ കണക്കിലേക്ക് (ഗണിതത്തിലേക്ക്) നീങ്ങുമ്പോഴാണ്. നമുക്കെല്ലാം അറിയാവുന്നതുപോലെ ഗണിതത്തിൽ ഒരു ശരിയായ ഉത്തരമേയുള്ളൂ. ആത്യന്തികമായ ഒരു ശരിയുത്തരത്തിലേക്ക് എത്തുക എന്നുപറഞ്ഞാൽ അതിനർത്ഥം മനുഷ്യധിഷണയ്ക്ക് സമാനമായ കഴിവുകൾ മെഷീൻ ആർജിച്ചുവെന്നാണ്. നാമുപയോഗിക്കുന്ന കാൽക്കുലേറ്ററിൽ നിന്ന് വളരെ ഉയരെയൊരിടമാണിത്. കാൽക്കുലേറ്ററിന് കൂട്ടാം, കുറയ്ക്കാം, ഹരിക്കാം. ആർട്ടിഫിഷ്യൽ ജനറേറ്റീവ് ഇന്റലിജൻസിന് അതിനപ്പുറം പോയി അറിവിനെ സാമാന്യവൽക്കരിക്കാം, പഠിക്കാം, ഗ്രഹിക്കാം, പുതിയതിന്റെ സൃഷ്ടി അവിടെ നിന്ന് ഒരു ചുവട് അകലെ മാത്രം. തങ്ങളെഴുതിയ കത്തിൽ ഓപ്പൺ എഐ ഗവേഷകർ ഈ അപകടം കൃത്യമായി തങ്ങളുടെ ഭീതികൾ എന്തൊക്കെ എന്ന് പറയാതെ ചൂണ്ടിക്കാട്ടിയെന്നാണ് സംഭവവികാസങ്ങൾ അടുത്തുനിന്ന് കണ്ടവർ പറയുന്നത്. ഏറെക്കാലമായി കമ്പ്യൂട്ടർ വിദഗ്ധർ പറയുന്ന അപകടമാണത്. മനുഷ്യവർഗത്തോളം ഉയർന്ന ബുദ്ധിശക്തി നേടുന്ന യന്ത്രങ്ങൾ മനുഷ്യരാശി നശിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് തോന്നിയാൽ അത് ചെയ്യുമെന്ന കാര്യം. അപ്പോഴാണ് അവിടെ ഒരു വര വരയ്ക്കണമെന്ന് ഓപ്പൺ എഐ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. പക്ഷെ, അവർ പ്രതീക്ഷിച്ചതല്ല പിന്നീട് സംഭവിച്ചത്. ഓപ്പൺ എഐയിൽ 1300 ലക്ഷം ഡോളർ മുതൽ മുടക്കുന്ന മൈക്രോസോഫ്റ്റ് ഉടൻ രംഗത്ത് വന്നു. മൈക്രോസോഫ്റ്റിൽ പുതിയ എജിഐ ഗവേഷണ വിഭാഗം സൃഷ്ടിച്ച് അതിന്റെ ചുമതലക്കാരായി ആൾട്ട്മാനെയും അദ്ദേഹത്തെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്തക്കിയതിൽ പ്രതിഷേധിച്ച് കമ്പനി ചെയർമാൻ സ്ഥാനം രാജിവച്ച ഗ്രെഗ് ബ്രോക്മാനെയും നിയോഗിക്കാൻ സന്നദ്ധമാണെന്ന് പ്രഖ്യാപിച്ചു.
കഥയറിയാതെ ആട്ടം കണ്ട ഓപ്പൺ എഐയിലെ 778 ജീവനക്കാരിൽ മിറ മുറാട്ടി അടക്കം 743 പേർ ആൾട്ട്മാനെ മടക്കിയെടുത്തില്ലെങ്കിൽ തങ്ങൾ കമ്പനി വിടുമെന്ന് ഭീഷണിപ്പെടുത്തി ഡയറക്ടർ ബോർഡിന് കത്ത് നൽകുകയും ചെയ്തു. 72 ചർച്ചകൾക്കൊടുവിൽ ആൾട്ട്മാൻ കൂടുതൽ ശക്തനായി ഓപ്പൺ എഐ സിഇഒ സ്ഥാനത്തേക്ക് മടങ്ങിയെത്തി. ആൾട്ട്മാനെ പുറത്താക്കാൻ തീരുമാനമെടുത്ത ബോർഡിലെ അംഗങ്ങളായ ടാഷ മക്കോളി, ഹെലൻ ടോണർ, ഇല്യ സറ്റ്സ്കിവർ എന്നിവർ ബോർഡിൽ നിന്ന് പുറത്തായി. ആൾട്ട്മാൻ ഏഷ്യ പസിഫിക് ഇക്കണോമിക്ക് കോ-ഓപ്പറേഷൻ വേദിയിൽ പറഞ്ഞതെന്ത് എന്നതിനെക്കുറിച്ച് ഇനിയും ചർച്ച നടക്കാനിരിക്കുന്നതേയുള്ളൂ. ഇപ്പോൾ ജയിച്ചു നിൽക്കുന്നത് സാങ്കേതികവിദ്യകൾക്കുമേൽ നീരാളിപ്പിടിത്തമുള്ള മുതലാളിത്ത ശക്തികളാണ്. മാനുഷികത്തിന്റെ ശബ്ദം ഇനിയും ഉയർന്നുകേൾക്കാനിരിക്കുന്നതേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.