3 May 2024, Friday

ഇന്ത്യയും കേരളവും

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
November 19, 2023 4:24 am

ഇന്ത്യയിൽ നിതി ആയോഗിനു മുമ്പുണ്ടായിരുന്ന പ്ലാനിങ് കമ്മിഷൻ രൂപീകരിച്ചത് 1950 ൽ ആയിരുന്നു. 1951 മുതൽ 1956 വരെയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി. ആ പദ്ധതിയിൽ പ്ലാനിങ് കമ്മിഷൻ പ്രധാനമായും ലക്ഷ്യമിട്ടത് ഭക്ഷ്യ സ്വയംപര്യാപ്തതയായിരുന്നു. വെട്ടിമുറിക്കപ്പെട്ട ഇന്ത്യയുടെ വിഭജന നൊമ്പരത്തിൽ നിന്നും കരകയറുന്നതോടൊപ്പം സമ്പത്തിന്റെ അസന്തുലനം പരിഹരിക്കണമെന്നതും ഒരു ലക്ഷ്യമായിരുന്നു. എങ്കിലും പ്രാമുഖ്യം കാർഷിക മേഖലയുടെ വികസനത്തിനു തന്നെയായിരുന്നു. മാറിമാറി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതികളിൽ കാർഷിക മേഖലയ്ക്കും വ്യാവസായിക മേഖലയ്ക്കും മുന്തിയ പരിഗണനകൾ നൽകി. ഭക്ഷ്യധാന്യ ഉല്പാദനത്തിൽ ഇന്ത്യക്ക് മുന്നേറാൻ കഴിയുന്ന പദ്ധതികൾ രൂപകല്പന ചെയ്തു. 1968ൽ ഇന്ത്യയിൽ ആരംഭിച്ച ഹരിത വിപ്ലവത്തോടുകൂടി അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ കൃഷി വ്യാപകമാക്കി. ഗോതമ്പ്, നെല്ല്, പയറുവർഗങ്ങൾ എന്നിവയുടെ ഉല്പാദനം വൻതോതിൽ വർധിച്ചു. വ്യാവസായിക മേഖലയിലും മാറ്റങ്ങൾ പ്രതിഫലിച്ചു. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ലായി പ്രവർത്തിച്ചു. 1950കളിലെ വികസിത രാജ്യങ്ങളോടൊപ്പം നവസ്വതന്ത്രമായ ഇന്ത്യയും തലയുയർത്തി നിന്നു. പണ്ഡിറ്റ് നെഹ്രുവിന്റെ വ്യാവസായിക നയം ഇന്ത്യയെ മുതലാളിത്ത വിരുദ്ധ ചേരിയിലെ സജീവ സാന്നിധ്യമാക്കി.


ഇതുകൂടി വായിക്കൂ; നവകേരള സദസ്; മന്ത്രിസഭ ജനങ്ങളിലേക്ക്


1991 മുതൽ ആരംഭിച്ച നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യയുടെ വ്യാവസായിക കാർഷിക നയങ്ങളിലും പ്രതിഫലിച്ചു. മാത്രമല്ല, സേവന മേഖലയ്ക്ക് അമിതമായ പ്രാമുഖ്യം പടിപടിയായി കിട്ടിത്തുടങ്ങുകയും ചെയ്തു. തൊഴിൽരഹിത വളർച്ചയുടെ വക്താക്കളായ ധനമൂലധന ശക്തികൾ ശക്തിപ്പെട്ടതോടെ വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥ കൂടുതൽ പ്രകടമായി.  എന്നാൽ 1957 മുതൽ സുസ്ഥിര വികസനത്തിലൂന്നി മുന്നോട്ടുപോയ കേരളം രാജ്യത്തിന്റെ മുമ്പിൽ വികസനത്തിന്റെ ഒരു പുതിയ മാതൃക അവതരിപ്പിച്ചു. ഭൂവുടമാ ബന്ധത്തെ പൊളിച്ചെഴുതി ഭൂപരിഷ്കരണ നിയമനടപടികളിൽക്കൂടി കേരളം സാമ്പത്തിക രംഗത്തും സാമൂഹികരംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങൾക്ക് കേരളീയ സമൂഹത്തെ പ്രാപ്തമാക്കിയതിൽ പോലും ഭൂപരിഷ്കരണങ്ങൾക്ക് ഒരു വലിയ പങ്കുണ്ട്. മണ്ണിന്റെ ഉടമകളായതുകൊണ്ട് മാത്രമാണ് കേരളത്തിലെ കർഷകനും കർഷകത്തൊഴിലാളിക്കും മറ്റു സാധാരണക്കാർക്കും ഈ സാമ്പത്തിക സാമൂഹിക മാറ്റങ്ങളുടെ ഗുണഭോക്താക്കളാകാൻ കഴിഞ്ഞത്. ഇന്ത്യ തളരുമ്പോഴും കേരളം വളർന്നു. പ്ലാനിങ് കമ്മിഷനെ പിരിച്ചു വിട്ടതിനുശേഷം മോഡി സർക്കാർ 2015 മുതൽ കൊണ്ടുവന്ന നിതി ആയോഗ് ആസൂത്രണ സംവിധാനത്തിലെ വട്ടപൂജ്യമാണെന്ന് ഇന്ന് എല്ലാവർക്കും അറിയാം. വിവരശേഖരണത്തിലൂടെ ചില കണ്ടെത്തലുകൾ നടത്തി പ്രഖ്യാപിക്കുന്നതിനപ്പുറത്തേക്ക് വികസന-ആസൂത്രണ പ്രക്രിയയിൽ അവർ ഒരു സംഭാവനയും ചെയ്യുന്നില്ലായെന്നതാണ് യാഥാർത്ഥ്യം. ഒരു കേന്ദ്ര സര്‍ക്കാര്‍ വകുപ്പുപോലെ ‘നിതി ആയോഗ്’ ഇന്ന് പ്രവർത്തിക്കുന്നു. എങ്കിലും അവരുടെ റിപ്പോർട്ടുകൾ രാജ്യത്തിന്റെ നേർരേഖ വരച്ചു കാണിക്കുന്നു.

 


ഇതുകൂടി വായിക്കൂ; പാവപ്പെട്ടവര്‍ക്കു മീതെ ചാപ്പകുത്ത് മനുഷ്യാവകാശ ലംഘനം


 

നിതി ആയോഗിന്റെ റിപ്പോർട്ടനുസരിച്ച് ഏറ്റവും മികച്ച ആരോഗ്യ റാങ്കിങ്ങുള്ള സംസ്ഥാനമാണ് കേരളം. ശിശുമരണ നിരക്കിൽ കേരളം ആയിരത്തിന് 4.4 എന്ന നിലയിൽ നിൽക്കുമ്പോൾ ദേശീയ ശരാശരി 28–30 ആണ്. അഞ്ചുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് കേരളത്തിൽ ആയിരത്തിന് എട്ട് ആണെങ്കിൽ ദേശീയതലത്തിൽ 32 ആണ്. ആയുർദൈർഘ്യം കേരളത്തിന്റെ ശരാശരി 75 ഉം ദേശീയ തലത്തിൽ 68 ഉം ആണ്. ശുചിമുറികളുൾപ്പെടെയുള്ള ശുചിത്വ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ കേരളത്തിലെ റേറ്റിങ് 98 ശതമാനത്തിൽ നിൽക്കുമ്പോൾ മറ്റു മിക്ക സംസ്ഥാനങ്ങളും 40–30 ശതമാനത്തിൽ നിൽക്കുന്നു.
1951 ൽ 47.8 ശതമാനം സാക്ഷരതയിൽ നിന്ന കേരളം ഇന്ന് 94 ശതമാനം സാക്ഷരത നേടി രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്കൂളിൽ ചേർന്ന് പഠിക്കുന്ന പെൺകുട്ടികളുടെ തോതും കേരളത്തിൽ കൂടുതലാണ്. ആകെ സ്കൂൾ കുട്ടികളുടെ 48.93 ശതമാനവും പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ തീരെ ചെറിയ വ്യത്യാസം മാത്രമാണെന്ന് കാണാം. സ്കൂളിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്കിലെ ദേശീയ ശരാശരി 4.13 ശതമാനമാണെങ്കിൽ കേരളത്തിലെ കൊഴിഞ്ഞുപോക്ക് പ്രൈമറിതലത്തിൽ 0.04 ഉം ഹൈസ്കൂൾ തലത്തിൽ 0.05ഉം ആണ്. പ്രൈമറി വിദ്യാഭ്യാസത്തിൽ 100 ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനവുമാണ് കേരളം. കുട്ടികൾക്കുള്ള സ്കൂൾ ലഭ്യതയിലും കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുമ്പിലാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസമേഖലയിൽ നമുക്ക് ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കേണ്ടതായിട്ടുണ്ട്.
നിതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം സുസ്ഥിര വികസനത്തിൽ ഏറ്റവും ഉയർന്ന റാങ്ക് ലഭിച്ചത് കേരളത്തിനാണ്. 75 പോയിന്റുകളോടെ സംസ്ഥാനം ഏറ്റവും മുമ്പിൽ നിൽക്കുന്നു. രണ്ടും മൂന്നും സ്ഥാനങ്ങൾ തമിഴ്‌നാടിനും ഹിമാചൽ പ്രദേശിനുമാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യവികസന സൂചികയിൽ ഇടം നേടിയ ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമാണ് കേരളം എന്നതുകൂടി നമ്മുടെ സംസ്ഥാനത്തെ വ്യത്യസ്തമാക്കുന്നു.

നമ്മുടെ രാജ്യത്തെക്കുറിച്ച് ഏറെ അഭിമാനിക്കുമ്പോഴും ചില അവസ്ഥകൾ നമ്മെ ആശങ്കാകുലരാക്കുന്നു. 2022ൽ ആഗോള വിശപ്പു സൂചികയിൽ 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 107-ാം സ്ഥാനം ആയിരുന്നു. 2023ൽ അത് 111-ാം സ്ഥാനമായി. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അടിസ്ഥാനപരമായ അപാകതകളും സമ്പത്തിന്റെ അസന്തുലിതമായ വിതരണവും മനസിലാക്കി അവ പരിഹരിക്കുന്നതിനു പകരം സർവേ നടത്തിയ മാർഗങ്ങളിലും സൂചികയുടെ മാനദണ്ഡങ്ങളിലും കുറ്റം കണ്ടെത്തി തടിതപ്പാനാണ് ഭരണാധികാരികൾ ശ്രമിക്കുന്നത്. അതിന്റെ ഫലമായാണ് 1950 മുതൽ പ്രവർത്തിച്ചിരുന്ന നാഷണൽ സാമ്പിൾ സർവേ ഓഫിസും അവർ നടത്തിയിരുന്ന ശാസ്ത്രീയാടിസ്ഥാനത്തിലുള്ള സാമൂഹിക സാമ്പത്തിക സർവേയും വേണ്ടെന്നു വച്ച്, 2019ൽ ആ സ്ഥാപനത്തെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസുമായി ലയിപ്പിച്ചുകൊണ്ട് പുതിയ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് രൂപീകരിച്ചത്. സ്വതന്ത്ര സർവേ ഏജൻസിയെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിനു കീഴിൽ തളച്ചിട്ടു. സര്‍ക്കാരിന്റെ പ്രവർത്തന വൈകല്യങ്ങൾക്ക് സ്ഥിതിവിവര കണക്കിനെ കുറ്റം പറയുന്നതുകൊണ്ട് രാജ്യത്തിനും ജനങ്ങൾക്കും എന്തു നേട്ടം.
ഐക്യരാഷ്ട്രസഭയുടെ 191 രാജ്യങ്ങളുൾപ്പെടുന്ന മനുഷ്യവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യയുടെ സ്ഥാനം 132-ാമതാണ്. രാജ്യത്തിന്റെ സമഗ്രമായ വികസനത്തിനുതകുന്ന നടപടികൾ കൈക്കൊള്ളുന്നതിനു പകരം മതാധിഷ്ഠിത രാഷ്ട്രം സ്വപ്നം കാണുന്നവർ തയ്യാറാക്കുന്ന സാമ്പത്തിക‑സാമൂഹ്യ വികസന പദ്ധതികൾ രാജ്യത്തെ വളർത്താനല്ല തളർത്താനാണ് സഹായിക്കുകയെന്ന തിരിച്ചറിവ് ഉണ്ടാകണം. അവിടെയാണ് വിദ്യാഭ്യാസ, ആരോഗ്യ, ഭൂപരിഷ്കരണ മേഖലകളിലും, പൊതുവിതരണം, അധികാര വികേന്ദ്രീകരണം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലും കേരളം കെെവരിച്ച നേട്ടങ്ങൾ മാതൃകയാവുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.