ലോക്‌സഭയിൽ 2024ലെ വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതിന് പിന്തുണച്ചതിനെത്തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ (യുണൈറ്റഡ്) നുള്ളിൽ അതൃപ്തി പുകഞ്ഞതോടെ പട്നയിലെ രാഷ്ട്രീയം കലങ്ങുകയാണ്. ബില്ലിന് പിന്തുണ നൽകിയതിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവ് മുഹമ്മദ് ഖാസിം അൻസാരി ഉള്‍പ്പെടെ നിരവധി ജെഡിയുവിൽ നിന്ന് രാജിവച്ചു. വഖഫ് വിഷയത്തിൽ കേന്ദ്രത്തെ പിന്തുണച്ചത് അതൃപ്തനാക്കിയെന്ന് അൻസാരി നിതീഷ് കുമാറിനയച്ച കത്തിൽ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ തങ്ങളുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അൻസാരി പറഞ്ഞു. ജെഡിയുവിന്റെ ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി മുഹമ്മദ് നവാസ് മാലിക്കും രാജിവച്ചു. സംസ്ഥാന സർക്കാർ നടത്തിയ ജാതി സർവേ പ്രകാരം ജനസംഖ്യയുടെ ഏകദേശം 17.70 ശതമാനവും മുസ്ലിങ്ങളാണ്. മാത്രമല്ല, 243 നിയമസഭാ സീറ്റുകളിൽ 50 എണ്ണത്തിലും മുസ്ലിം വോട്ടുകൾ നിർണായക പങ്ക് വഹിക്കുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും പാസായതും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതുമായ വഖഫ് ബില്ലിനെച്ചൊല്ലിയുള്ള തർക്കം, ഈ വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും എന്‍ഡിഎയെ അലട്ടാൻ സാധ്യതയുണ്ട്. മഹാസഖ്യത്തിന് പിന്തുണ നൽകുന്ന തരത്തില്‍ മുസ്ലിങ്ങളെ ഏകീകരിക്കാൻ ലക്ഷ്യമിട്ട് വഖഫ് വിഷയത്തിൽ ജെഡിയുവിനെ ഒതുക്കാനുള്ള അവസരം ആർജെഡി, കോൺഗ്രസ്, ഇടതുപക്ഷ സഖ്യം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ ബുധനാഴ്ച, ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവും തമ്മിൽ വാക്പോരുണ്ടായി. ഇരു നേതാക്കളും പരസ്പരം പാർട്ടി അധ്യക്ഷരെ പരിഹസിച്ചു. പക്ഷേ അവർ പരസ്പരം ചിരിച്ചുകൊണ്ട് സഭയിൽ മാന്യത നിലനിർത്തി. ചർച്ചയ്ക്കിടെ സഭയെ അഭിസംബോധന ചെയ്തുകൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു: ‘ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന ബിജെപിക്ക് ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ല.’ അപ്പോൾ അമിത് ഷാ എഴുന്നേറ്റ് പറഞ്ഞു, ‘അഖിലേഷ് ജി ഒരു പുഞ്ചിരിയോടെ എന്തോ പറഞ്ഞു. ഞാൻ ഒരു പുഞ്ചിരിയോടെ പ്രതികരിക്കുന്നു.’ പ്രതിപക്ഷ ബെഞ്ചുകളെ ചൂണ്ടി ആഭ്യന്തരമന്ത്രി പറഞ്ഞു: ‘ഒരു കുടുംബത്തിലെ അഞ്ച് പേരില്‍ നിന്നാണ് ദേശീയ പാർട്ടി അതിന്റെ തലവനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ 50 വർഷമായി നേതാവിനെ മാറ്റാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. ബിജെപിയിൽ, 12–13 കോടി പേര്‍ ഒരു പ്രക്രിയയിലൂടെയാണ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്, അതിനാൽ സമയമെടുക്കും. അടുത്ത 25 വർഷത്തേക്ക് അഖിലേഷിന് അദ്ദേഹത്തിന്റെ പാർട്ടി അധ്യക്ഷനായിരിക്കാന്‍ കഴിയും, അതിന് ഒരു തടസവുമുണ്ടാകില്ല.’ 2020 ജനുവരിയിലാണ് ജെ പി നഡ്ഡ ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്ന് അദ്ദേഹം ചുമതലയേറ്റു. അധ്യക്ഷന്റെ കാലാവധി മൂന്ന് വർഷമാണ്. എന്നാല്‍ 2024ലെ ലോക്‌സഭാ തെഞ്ഞെടുപ്പിൽ ബിജെപിയുടെ നേരിയ വിജയത്തെത്തുടർന്ന് നഡ്ഡ, മോഡി മന്ത്രിസഭയിൽ ഉൾപ്പെട്ടു. തുടര്‍ന്ന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ 10 മാസമായി ത്രിശങ്കുവില്‍ നിൽക്കുകയാണ്. ഏപ്രിൽ അവസാനത്തോടെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്ന് സ്രോതസുകൾ പറയുന്നു.
വഖഫ് ഭേദഗതി ബിൽ ഭരണഘടനയ്ക്കെതിരായ കടുത്ത ആക്രമണമാണെന്നും സമൂഹത്തെ ധ്രുവീകരണാവസ്ഥയിൽ നിലനിർത്താനുള്ള ബിജെപി തന്ത്രമാണെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി ആരോപിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനാധിപത്യ മൂല്യങ്ങളെ തന്ത്രപരമായി ദുർബലപ്പെടുത്തുകയും ഇന്ത്യയെ ഒരു നിരീക്ഷണ രാജ്യമായി മാറുക എന്ന പ്രതിച്ഛായയിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്ന് അവർ മുന്നറിയിപ്പ് നൽകി. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദേശത്തിലും സോണിയ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഇത് “ഭരണഘടനയുടെ മറ്റൊരു അട്ടിമറി” എന്നാണ് വിശേഷിപ്പിച്ചത്. 12 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചയ്ക്കുശേഷം ബുധനാഴ്ച ലോക്‌സഭയിൽ വിവാദ ബിൽ പാസായി. അനുകൂലമായി 288 വോട്ടുകളും എതിർത്ത് 232 വോട്ടുകളും ലഭിച്ചു. ടിഡിപി, ജെഡിയു, ശിവസേന, എൽജെപി എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളിൽ നിന്ന് ബിജെപിക്ക് പിന്തുണ ലഭിച്ചു. വഖഫ് ബില്ലിനെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം മഹാരാഷ്ട്രയിലും ശക്തമായി. ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ബില്ലിനെച്ചൊല്ലിയുള്ള നിലപാടിനെ പരസ്പരം കുറ്റപ്പെടുത്തുന്നു. “ബിജെപി ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ്, പക്ഷേ അത് ആശയക്കുഴപ്പത്തിലാണ്. നേരത്തെ ബിജെപി നേതാക്കൾ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആഹ്വാനം നൽകിയിരുന്നു, പിന്നീട് അവരുടെ മാതൃസംഘടനയായ ആർഎസ്എസ് അത് അപ്രസക്തമായ വിഷയമാണെന്ന് പറഞ്ഞു. ബിജെപി ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു.” ഉദ്ധവ് കുറ്റപ്പെടുത്തി. മറുവശത്ത്, താക്കറെയുടെ പാർട്ടി തീരുമാനമെടുത്തിട്ടേയില്ലെന്ന് ഏക്‌നാഥ് ഷിൻഡെ ആരോപിച്ചു. “ശിവസേന (യുബിടി) വലിയ ആശയക്കുഴപ്പത്തിലാണ്. ബില്ലിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന് അവർക്കറിയില്ല. അവർക്ക് ഒരു വിഷയത്തിലും വ്യക്തമായ നിലപാടെടുക്കാൻ കഴിയില്ല. നേതൃത്വവും പാർട്ടിയും ആശയക്കുഴപ്പത്തിലാണ്. ബാലാസാഹേബ് താക്കറെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ അവർ ഉപേക്ഷിച്ചുവെന്നും ഇത് കാണിക്കുന്നു,” അദ്ദേഹം ആരോപിച്ചു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതൃത്വത്തെ സംസ്ഥാനത്തെ ഹണി ട്രാപ്പ് വിഷയത്തെക്കുറിച്ചും മറ്റ് രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും ധരിപ്പിച്ചു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ, ഡി കെ ശിവകുമാർ ഒന്നിലധികം വകുപ്പുകളുടെ ചുമതലവഹിക്കുന്നതിനാൽ സംസ്ഥാന കോൺഗ്രസിന് പുതിയ മേധാവിയെ നിയമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ലെജിസ്ലേറ്റീവ് കൗൺസിലിലെ നാല് ഒഴിവുകൾ നികത്തുന്നതിനുള്ള സ്ഥാനാർത്ഥികളുടെ പേരുകളും ചർച്ച ചെയ്തു. പാർട്ടിയോട് വിശ്വസ്തരായ സ്ഥാനാർത്ഥികളെയും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ നിർദേശിച്ച പേരുകളെയും ഉൾപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി സിദ്ധരാമയ്യയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതും മന്ത്രിസഭാ പുനഃസംഘടനയും സംബന്ധിച്ച വിഷയത്തിൽ വെെകാതെ ഹൈക്കമാൻഡ് തീരുമാനമെടുക്കാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.