27 December 2024, Friday
KSFE Galaxy Chits Banner 2

സാമ്പത്തിക അസമത്വവും ദുസഹമാകുന്ന ജനജീവിതവും

കാനം രാജേന്ദ്രൻ
September 9, 2023 4:55 am

2014നു ശേഷം ഇന്ത്യയിൽ ഒരു ദേശീയ സാമ്പത്തിക സർവേ നടന്നിട്ടില്ല. ലോകത്തെ തന്നെ ഏറ്റവും മികച്ച സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനം നിലനിന്ന രാജ്യമാണ് നമ്മുടേത്. ഇന്ത്യയുടെ സ്റ്റാറ്റിസ്റ്റിക്കൽ പിതാവെന്നറിയപ്പെടുന്ന പ്രതിഭയാണ് പ്രശാന്ത്ചന്ദ്ര മഹലനോബിസ്. രാജ്യം സ്വാതന്ത്ര്യം ലഭിച്ചയുടൻ തന്നെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം രൂപപ്പെടുത്തുകയുണ്ടായി. എന്നാൽ മോഡി ഭരണമായപ്പോഴേക്കും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെ അപ്പാടെ തകിടം മറിച്ചു. പദ്ധതി നിർവഹണത്തിനും ക്ഷേമപദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും രാജ്യത്തിന്റെ മൊത്തം വികസനത്തിനും ഡാറ്റ, സ്ഥിതി വിവര കണക്കുകൾ അത്യന്താപേക്ഷിതമാണ്. എന്നാൽ മോഡി ഗവണ്‍മെന്റിന്റെ നയം രാജ്യത്തിന്റെ സ്ഥിതി വിവര കണക്കുകൾ പുറത്തുവിട്ടാൽ അത് സർക്കാരിന് ക്ഷീണമുണ്ടാക്കുമെന്നാണ്. 2019ലെ തെരഞ്ഞെടുപ്പിനു മുമ്പ് തൊഴിലില്ലായ്മ നിരക്ക് മോഡി ഗവണ്‍മെന്റ് ആവശ്യപ്പെട്ട പ്രകാരം എഴുതി നൽകാത്തതുകൊണ്ടും ജിഡിപി നിരക്ക് കണക്കാക്കുന്നതിന്റെ മാനദണ്ഡം അശാസ്ത്രീയമാണെന്ന തെറ്റായ ന്യായം ഉന്നയിച്ച് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെ തന്നെ മോഡി ഗവണ്‍മെന്റ് ദുർബലപ്പെടുത്തി. സർവേയിൽ നിന്നും സെൻസസിൽ നിന്നുമുള്ള വിവരങ്ങൾ സർക്കാർ പരമാവധി പുറത്തുവിടാതിരിക്കാനാണ് ശ്രമിക്കുന്നത്. ഭരണകൂടത്തിന് അസുഖകരമായ റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കുന്നതിന്റെയും അടുത്ത ജനസംഖ്യാ കണക്കെടുപ്പിനെ കുറിച്ച് മൗനം പാലിക്കുന്നതിന്റെയും കാരണങ്ങൾ വ്യക്തമാണ്. ഉപഭോക്തൃ വിലസൂചിക, ജിഡിപി തുടങ്ങിയ പ്രധാന സാമ്പത്തിക സൂചകങ്ങൾക്കെല്ലാം അടിസ്ഥാന വർഷമായി 2011-12 ആണ് ഉപയോഗിക്കുന്നത്.

 


ഇതുകൂടി വായിക്കൂ; ചങ്ങാത്തമുതലാളിത്ത കൊള്ളയുടെ പുതിയ വെളിപ്പെടുത്തല്‍


അശാസ്ത്രീയവും ജനങ്ങളുടെ കണ്ണിൽ മണ്ണിടാനുമാണ് ഇപ്പോൾ സർക്കാർ പുറത്തുവിടുന്ന സ്ഥിതി വിവരങ്ങൾ. എന്നാൽ വിവിധ അനൗദ്യോഗിക ഏജൻസികളും ഗവേഷകരും എൻജിഒകളും ചില സവിശേഷ മേഖലയെ ആസ്പദമാക്കി സാമ്പത്തിക വളർച്ചയെക്കുറിച്ച് വിവര ശേഖരണം നടത്തിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട സംഘടനയാണ് ഓക്സ്ഫാം. ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി ആഗോള അസമത്വ കണക്കുകൾ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ക്രഡിറ്റ് സുസൈ ഇന്റർനാഷണൽ പോലെയുള്ള അംഗീകരിക്കപ്പെട്ട ഏജൻസികളുടെ കണക്കുകൾ ഉപയോഗിച്ച് പഠനങ്ങൾ തയ്യാറാക്കുന്ന ഓക്സ്ഫാം റിപ്പോർട്ടിൽ ഇന്ത്യയിൽ 73 ശതമാനം സമ്പത്തും ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന ശതകോടീശ്വരന്മാരുടെ കയ്യിലാണെന്നാണ്. രാജ്യസമ്പത്തിന്റെ 90 ശതമാനം ഏറ്റവും ധനികരായ 30 ശതമാനത്തിന്റെ കൈകളിലാണെന്നാണ്. വ്യക്തമാക്കുന്നത്. ശേഷിക്കുന്ന 70 ശതമാനത്തോളം ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും ദുരിതത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. ജനസംഖ്യയുടെ 50 ശതമാനത്തിന്റെ ഉടമസ്ഥതയിൽ മൂന്ന് ശതമാനം സ്വത്ത് മാത്രമേ ഉള്ളൂ. ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട 67 കോടി ജനങ്ങളുടെയും വരുമാനം ഒരു ശതമാനം പോലും വർധിക്കുന്നില്ല. ഇത്തരത്തിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനുശേഷം ഓക്സ്ഫാമിന്റെ ഓഫിസിലേക്ക് ഇഡിയെ അയച്ച് കേസ് എടുത്തു. ഓക്സ്ഫാമിന്റെ ഓഫിസിന്റെ പ്രവർത്തനങ്ങൾക്ക് അങ്ങനെ വിരാമമിട്ടു. ആംനസ്റ്റി ഇന്റർനാഷണലിനു മോഡി സർക്കാർ താഴിട്ടതുപോലെ സത്യം വിളിച്ചു പറയുന്നവരുടെ വായ് മൂടി കെട്ടുകയെന്നതാണ് മോഡി — അമിത്ഷാ നയം. മുകളിൽ പറഞ്ഞ അസമത്വത്തിന്റെ വിടവ് വർധിക്കുന്നതല്ലാതെ കുറയ്ക്കാനുള്ള ഒരു നടപടിയും സർക്കാർ കൈക്കൊള്ളുന്നില്ല. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, കാർഷിക തകർച്ച, ദാരിദ്ര്യം, ചേരി നിവാസികളുടെ പ്രശ്നങ്ങൾ, ആദിവാസികൾ, ദളിതർ, ന്യൂനപക്ഷങ്ങൾ, നാടോടികൾ, സ്ത്രീകൾ, കുട്ടികൾ എന്നിവർ രാജ്യത്ത് അഭിമുഖീകരിക്കുന്ന നിരവധി നീറുന്ന പ്രശ്നങ്ങള്‍ എന്നിവ മറച്ചുവച്ചാണ് മോഡി വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമായ കണക്കുകൾ അവതരിപ്പിക്കുന്നത്. ജി20 പരിസരങ്ങളിലെ ചേരികളും ദരിദ്രർ താമസിക്കുന്ന പ്രദേശങ്ങളും ഒളിപ്പിക്കുകയാണ് മോഡി സർക്കാർ. എത്ര ലജ്ജാകരമാണീ നടപടി. ഇന്ത്യയിലിന്ന് കോടാനുകോടി ജനങ്ങളനുഭവിക്കുന്ന ദാരിദ്ര്യവും പാർപ്പിട പ്രശ്നങ്ങളും മറ്റും മൂടിവച്ചതുകൊണ്ട് എന്താണ് മോഡിയും കൂട്ടരും നേടുന്നത്. ദാരിദ്ര്യം ഇന്ത്യൻ ജീവിതത്തിൽ ഒരു യാഥാർത്ഥ്യമാണ്. ഐക്യരാഷ്ട്ര സംഘടനപോലുള്ള അന്താരാഷ്ട്ര ഏജൻസികൾ സാമ്പത്തിക ശാസ്ത്രജ്ഞരുടെ സഹായത്തോടെ ദാരിദ്ര്യത്തെ ദാരിദ്ര്യം, തീവ്ര ദാരിദ്ര്യം എന്നിങ്ങനെ രണ്ടായി തരംതിരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യം കുറഞ്ഞതായുള്ള കപട റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദാരിദ്ര്യത്തിൽ നിന്നും തീവ്ര ദാരിദ്ര്യത്തെ വേർതിരിക്കുന്നതിന്റെ അപഹാസ്യത മനസിലാക്കാൻ എളുപ്പം കഴിയും. കാരണം പൊതുവിൽ എല്ലാ സാമ്പത്തിക വിദഗ്ധരും ഏജൻസികളും ദാരിദ്ര്യത്തിനു നൽകുന്ന നിർവ്വചനം — ആഹാരം, വസ്ത്രം, പാർപ്പിടം, തൊഴിൽ, ജീവിത സുരക്ഷിതത്വം, സന്തോഷവും സംതൃപ്തിയും തന്നെയാണ് തീവ്ര ദാരിദ്ര്യത്തിനും നൽകിയിരിക്കുന്നത്. മാത്രമല്ല സാമ്പത്തികാസമത്വം അസാധാരണമാം വിധം ഭീമമായി വളരുകയാണെങ്കിൽ ദാരിദ്ര്യ നിരക്ക് കുറഞ്ഞുവെന്ന് അനുമാനിക്കാൻ സാമാന്യ ബുദ്ധിയുള്ളവർക്കാർക്കും കഴിയില്ല.


ഇതുകൂടി വായിക്കൂ; അഡാനി-മോഡി കൂട്ടുകെട്ടിലെ രഹസ്യ അജണ്ട


2023ൽ നിതി ആയോഗ് പ്രസിദ്ധീകരിച്ച ബഹുമുഖ ദാരിദ്ര്യ സൂചിക ഇന്ത്യൻ അവസ്ഥകളിലേക്കുള്ള ഒരു ചൂണ്ടു പലകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നമ്മുടെ രാജ്യത്താണ് ഏറ്റവും കൂടുതൽ ദരിദ്രർ ജീവിക്കുന്നതെന്ന വിവരം നമ്മെ ആകുലപ്പെടുത്തുന്നതാണ്. രാജ്യത്തെ ദരിദ്രരിൽ 80 ശതമാനം പേരും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. അതുപോലെ കുഞ്ഞുങ്ങളും സ്ത്രീകളും അനുഭവിക്കുന്ന പോഷകാഹാരക്കുറവ്, വളർച്ചയില്ലായ്മ, ശിശുമരണ നിരക്ക്, ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത ഇതൊക്കെ രാജ്യം തുറിച്ചുനോക്കുന്ന പ്രശ്നങ്ങളാണ്. കോവിഡ് കാലത്ത് സാധാരണക്കാരും തൊഴിലെടുത്ത് ജീവിക്കുന്നവരും അനുഭവിച്ച ദുരിതങ്ങൾ വിവരണാതീതമാണ്. കേരളമൊഴികെ അനേകം കുടിയേറ്റ തൊഴിലാളികൾ തെരുവോരങ്ങളിലും റെയിൽവേ ട്രാക്കിലും മരണപ്പെട്ടു. 2020–21ൽ കോവിഡ് മരണ കണക്കുകളിൽ സർക്കാർ ഡാറ്റയെക്കാൾ അന്താരാഷ്ട്ര ഏജൻസികൾ സ്വന്തം കണക്കുകൾ ആണ് ഉപയോഗിച്ചത്. സർക്കാർ കണക്കുകൾ വസ്തുതാവിരുദ്ധമായിരുന്നുവെന്നതുതന്നെ കാരണം. കോവിഡ് മൂലമുണ്ടായ യഥാർത്ഥ മരണങ്ങൾ ഇനിയും പുറത്തുവിടാൻ സർക്കാർ തയ്യാറായിട്ടില്ല. സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകളെക്കാൾ വളരെയധികം കോവിഡ് മരണങ്ങൾ ഉണ്ടായതായിട്ടാണ് പ്രമുഖ മാധ്യമ പ്രവർത്തകരുടെ സംഘം ശേഖരിച്ച വിവരങ്ങൾ.
ചുരുക്കത്തിൽ ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകാത്ത മോഡി ഭരണം സമ്പന്ന വർഗത്തെ താലോലിച്ച് വളർത്തുകയാണ്. ഇത് ആർഎസ്എസിന്റെ പാരമ്പര്യത്തിൽ നിന്നുടലെടുത്ത സാമ്പത്തിക നയമാണ്. ഇന്ത്യയിൽ നടപ്പിലാക്കിയ പ്രിവിപേഴ്സ് നിർത്തലാക്കല്‍, ബാങ്ക് ദേശസാൽക്കരണം തുടങ്ങിയ മുതലാളിത്ത ജന്മിത്വ വിരുദ്ധ നയങ്ങളെ എക്കാലവും എതിർത്തിട്ടുള്ള പാരമ്പര്യമാണ് ബിജെപിക്കും സംഘ്പരിവാറിനുമുള്ളത്. കോർപറേറ്റുകളെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി വഴിവിട്ട് സഹായിച്ചതിന്റെ തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ ഹിന്‍ഡന്‍‍ബർഗും ഒസിസിആർപി (ദി ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്)യും പുറത്തുവിട്ടല്ലോ. ആത്മനിർഭർ ഭാരതത്തിന്റെ പേരിൽ പ്രകൃതി വിഭവങ്ങളും രാജ്യത്തിന്റെ പൊതുസ്വത്തും വിറ്റഴിച്ചതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് അഡാനി ആയിരുന്നു. ആഗോളീകരണ-നവ ഉദാരവൽക്കരണ നയങ്ങളെ പിൻപറ്റി പൊതു നിക്ഷേപം ചുരുക്കുകയും പൊതുമേഖലയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന നയത്തിനു നൽകിയ പേരാണ് ‘ആത്മനിർഭർ ഭാരത്. കോർപറേറ്റുകൾക്കു വേണ്ടിയാണ് പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഒട്ടുമിക്ക നിയമ നിർമ്മാണങ്ങളും നടത്തിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൊഴിലാളി നിയമങ്ങളെ തച്ചുതകർത്തുകൊണ്ട് ഒറ്റ കോഡാക്കിയ നടപടി. നിയമങ്ങളാകെ തൊഴിലാളി വിരുദ്ധമാക്കി മാറ്റുകയാണുണ്ടായത്. ബനിറ്റോ മുസോളിനിയുടെ ഫാസിസത്തെ സംബന്ധിച്ച പ്രസിദ്ധമായ നിർവചനമുണ്ട് ”ഭരണകൂടവും കോർപറേറ്റുകളും തമ്മിലുള്ള ലയനമാണ് ഫാസിസം. ” അതേ അതാണിവിടെ അരങ്ങേറുന്നത്. വിലക്കയറ്റംകൊണ്ട് ജനജീവിതം അസാധ്യമായിരിക്കുന്നു. കേന്ദ്രസർക്കാർ പൊതുവിപണിയിലെ വില നിയന്ത്രിക്കുന്നതിനു ഫലപ്രദമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികൾ അവരുടെ മരുന്നുകൾക്കും മറ്റ് ആരോഗ്യ സംവിധാനങ്ങൾക്കും നിത്യേന തോന്നുംപോലെ വിലകൂട്ടുന്നു. സർക്കാർ വെറും നോക്കുകുത്തിയായി നിൽക്കുന്നു. ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം കഴിഞ്ഞമാസം രേഖപ്പെടുത്തിയ 11.5 ശതമാനമായി നിലനിൽക്കുന്നു. ജൂലൈയിലെ 4.55 ശതമാനത്തിൽ നിന്നാണ് ഈ വർധനവുണ്ടായത്. തൊഴിലില്ലായ്മ പരിഹരിക്കുമെന്നതായിരുന്നു മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമെങ്കിൽ കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ പുതിയ കണക്കുകൾ പ്രകാരം ഇപ്പോഴത്തെ തൊഴിലില്ലായ്മ നിരക്ക് 8.2 ശതമാനമാണ്.

 


ഇതുകൂടി വായിക്കൂ; അഴിമതിയും ക്രിമിനല്‍വല്‍ക്കരണവും രാഷ്ട്രീയത്തില്‍


 

പ്രധാനമന്ത്രിയുടെ ”മന്‍കിബാത്തിൽ” ഈ ജീവിത പ്രശ്നങ്ങൾക്കൊന്നും ഒരു ഇടവുമില്ല. എന്നാൽ കോർപറേറ്റുകൾക്ക് വഴിവിട്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നു. കോർപറേറ്റ് മുതലാളിത്തവുമായി കൈകോർത്തും അവർക്ക് ദാസ്യവേല ചെയ്തും ഇന്ത്യയുടെ പ്രകൃതി പരിസ്ഥിതി വിഭവങ്ങളെ നിർബാധം കൊള്ളചെയ്യുകയാണ്. ഇതിനായി വന നിയമം, പരിസ്ഥിതി നിയമം എന്നിവയെല്ലാം ഭേദഗതി ചെയ്തു. ചൂടപ്പം ചുട്ടെടുക്കുന്നതുപോലെ നിയമനിർമ്മാണം നടത്തുകയാണ് പാർലമെന്റിൽ. പാർലമെന്ററി ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും കാറ്റിൽ പറത്തിയാണ് മോഡിയും അമിത്ഷായും മുന്നോട്ട് പോകുന്നത്. ജീവത്തായ കാര്യങ്ങളൊന്നും പാർലമെന്റിൽ ചർച്ചയ്ക്ക് വിധേയമാകുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ആണിക്കല്ലായ ഫെഡറലിസത്തിന് ആണിയടിച്ചിരിക്കുകയാണ് ബിജെപി ഭരണം. കോർപറേറ്റ് ഫെഡറലിസത്തിൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം നൽകുന്നില്ല. ഫിസ്കൽ ഫെഡറലിസത്തിന്റെ തത്വങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങൾക്ക് വിഹിതം പങ്കുവയ്ക്കാൻ മാനദണ്ഡങ്ങൾ ഉണ്ട്. അതൊന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ബാധകമല്ല. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാനകാരണം കേന്ദ്ര ഗവൺമെന്റ് സംസ്ഥാനത്തെ വല്ലാതെ ഞെരുക്കിയതാണ്. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളുടെ മേൽ അധീശത്വം നടത്തുകയാണ് ബിജെപി സർക്കാർ. സഹകരണ മേഖലയെ തങ്ങളുടെ വരുതിയിലാക്കാൻ കൊണ്ടുവന്ന നിയമങ്ങളിവിടെ ഓർക്കപ്പെടേണ്ടതാണ്. ഗവർണർമാരെ ഉപയോഗിച്ച് ബിജെപിയിതര ഗവൺമെന്റുകളുടെ ഭരണ നിർവഹണത്തെ തടസപ്പെടുത്തുന്നു. ഇത്തരത്തിൽ ബിജെപി ഭരണം ജനജീവിതത്തെ അപ്പാടെ ദുസഹമാക്കിയിരിക്കുന്നു. ഭരണ സംവിധാനങ്ങളെ സമ്പന്നർക്കുവേണ്ടി ഉപയോഗിക്കുന്നു. ഈ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി — കർഷകാദി ബഹുജന പ്രക്ഷോഭങ്ങൾ രാജ്യത്ത് ഉയർന്നു വരുന്നു എന്നത് ആശാവഹമാണ്. ആദ്യനാളുകളിൽ, നരസിംഹറാവുവിന്റെ ഭരണകാലം മുതൽ ബിജെപി ഭരണത്തിന്റെ തുടക്കം വരെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിഎംഎസും, ഗുരുമൂർത്തി നേതൃത്വം നൽകിയ ദേശീയ ജനജാഗരൺമഞ്ചും ആഗോളീകരണ നയങ്ങൾക്കെതിരെ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധമുയർത്തിയിരുന്നു. ബിജെപി ഭരണത്തിൻ കീഴിൽ സമരം സംഘടിപ്പിക്കുന്നത് ശരിയല്ല എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നാഗ്പൂർ കേന്ദ്രം കണ്ണുരുട്ടി കാണിച്ചപ്പോൾ ഇവരെല്ലാം മാളത്തിലൊളിക്കുകയായിരുന്നു. എന്നാൽ എഐടിയുസി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയൻ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോടിക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത പണിമുടക്കങ്ങൾ, കർഷക സമരങ്ങൾ, യുവജനപ്രക്ഷോഭം ഇതൊക്കെ മോഡി ഭരണത്തിന്റെ ജനവിരുദ്ധനയങ്ങളെ പിടിച്ചു കുലുക്കുന്ന തരത്തിലായിരുന്നു.
(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.