21 July 2024, Sunday
KSFE Galaxy Chits Banner 2

അഴിമതിയും ക്രിമിനല്‍വല്‍ക്കരണവും രാഷ്ട്രീയത്തില്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
September 2, 2023 4:30 am

ന്ത്യന്‍ രാഷ്ട്രീയത്തില്‍ ക്രിമിനല്‍വല്‍ക്കരണവും അഴിമതിവല്‍ക്കരണവും അതിവേഗത്തില്‍ വര്‍ധിച്ചുവരുന്നതായി ദേശീയ അന്വേഷണ ഏജന്‍സികളും ആഗോള സന്നദ്ധ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നിയമസഭകളില്‍ നിന്നുള്ള 4,001ല്‍പരം അംഗങ്ങളുടെ ചരിത്രപശ്ചാത്തലവും പ്രവര്‍ത്തനപാരമ്പര്യവും ഇന്ത്യന്‍ രാഷ്ട്രീയ സംബന്ധമായ ഒരു ഏകദേശ ചിത്രം നമുക്കു നല്‍കുന്നുണ്ട്. നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും മത്സരിക്കുന്ന ഓരോ വ്യക്തിയും സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം തങ്ങളുടെ ക്രിമിനല്‍ സ്വഭാവവുമുള്ള കേസുകള്‍ സംബന്ധമായി സ്വയംസാക്ഷ്യപ്പെടുത്തിയ ഒരു പ്രഖ്യാപനം, നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. ഔദ്യോഗികമായി ലഭ്യമായിരിക്കുന്ന വിവരങ്ങളനുസരിച്ച് 4001 നിയമസഭാംഗങ്ങളി‍ല്‍ 1777 പേര്‍ (44 ശതമാനം) ക്രിമിനല്‍ കുറ്റാരോപിതരാണ്. ലോക‌്‌സഭയിലെ അംഗങ്ങളാണെങ്കില്‍ അവരില്‍ 43 ശതമാനവും ഈ വിഭാഗത്തിലുള്ളവരാണ്. 2004ല്‍ ഇത് 22 ശതമാനമായിരുന്നു. ജനങ്ങള്‍ക്കിടയിലുള്ള പൊതു ധാരണ ഇവയില്‍ ഭൂരിഭാഗവും നിസാരവും രാഷ്ട്രീയതാല്പര്യപ്രേരിതമാണെന്നുമാണ്. എന്നാല്‍ ധാരണ ശരിയല്ല. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങളെല്ലാം പാലിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളാണിതെല്ലാം.

ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ എതിരാളികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്രിമമായി പടച്ചുണ്ടാക്കിയവയാണെന്നു അംഗീകരിച്ചാലും അബദ്ധമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമ വ്യവസ്ഥയെ സ്വന്തം താല്പര്യസംരക്ഷണാര്‍ത്ഥം വളച്ചൊടിക്കുകയും സ്വാര്‍ത്ഥതയ്ക്കായി ദുര്‍വിനിയോഗം ചെയ്യുന്നതിന്റെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുക. കേസുകളുടെ കാര്യം വിശദമായ പരിശോധന നടത്തിയാല്‍‍ വെളിപ്പെടുന്നത് അതിശയിപ്പിക്കുന്ന കണക്കുകളാണ്. അഞ്ച് വര്‍ഷമോ അതിലേറെയോ കാലയളവിലേക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ള നിയമസഭാ സാമാജികര്‍ 1336 പേരാണ്(28 ശതമാനം). കൊലപാതകക്കുറ്റങ്ങള്‍ ചുമത്തപ്പെട്ടിട്ടുള്ളവര്‍ 47 പേരും കൊലപാതക ശ്രമത്തിന് 181 പേരും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ 114 പേരും ബലാത്സംഗക്കുറ്റങ്ങളില്‍ 14 പേരും ഉള്‍പ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ 53, ബിഹാറില്‍ 59, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ 39, യുപിയില്‍ 38 ശതമാനം എന്നിങ്ങനെ പോകുന്നു കണക്കുകള്‍.


ഇതുകൂടി വായിക്കൂ:  കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ അഴിമതിയില്‍ മുങ്ങി


ക്രിമിനലുകളുടെ എണ്ണത്തില്‍ മുന്‍പന്തിയിലുള്ളത് ഭാരതീയ ജനതാപാര്‍ട്ടിയാണ്. പാര്‍ട്ടിയിലെ ക്രിമിനല്‍ കുറ്റാരോപിതരായ എംഎല്‍എമാരുടെ എണ്ണം 479 ആണ്. ഇതില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ടവര്‍ 337 പേര്‍ ആണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. മൊത്തം 334 എംഎല്‍എമാരില്‍ ഗുരുതരമായ കുറ്റം ചുമത്തപ്പെട്ടവര്‍ 194 പേര്‍. ഇടതു പാര്‍ട്ടികള്‍, ഡിഎംകെ, ടിഎംസി, ആം ആദ്മി പാര്‍ട്ടി, വൈ എസ്ആര്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഭാരത് രാഷ്ട്രസമിതി (ബിആര്‍എസ്-പഴയ തെലങ്കാന രാഷ്ട്രസമിതി), ബിജുജനതാദള്‍ (ബിജെഡി) തുടങ്ങിയവയില്‍ കുറ്റാരോപിതരായ നിയമസഭാ സാമാജികര്‍ കുറവാണ്. എന്‍സിപി, ശിവസേന, ജനതാദള്‍(യു), ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം), എഐഎഡിഎംകെ തുടങ്ങിയവയിലും ക്രിമിനലുകളുടെ എണ്ണം നന്നേ കുറവാണ്.
2019ല്‍ നിലവില്‍ വന്ന ലോക്‌സഭയിലെ ബിജെപിഎംപിമാരില്‍ 116 പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കോണ്‍ഗ്രസ് 23, ഡിഎംകെ 10, തൃണമൂല്‍ കോണ്‍ഗ്രസില്‍ ഒമ്പത്, ജെഡി(യു)13 പേരും കുറ്റാരോപിതരാണ്. ഗുരുതരമായ ക്രിമിനല്‍ കുറ്റവാളികളായി ആരോപിക്കപ്പെട്ടവര്‍ ബിജെപിയില്‍ 87, കോണ്‍ഗ്രസില്‍ 19, തൃണമൂല്‍ കോണ്‍ഗ്രസില്‍ നാല്, ഡിഎംകെയില്‍ ആറ്, ജെഡി(യു)വില്‍ എട്ട് എന്നിങ്ങനെയാണ്. 2019ല്‍ ഗുരുതരമായ അഴിമതിയുടേയോ ക്രിമിനല്‍ കുറ്റങ്ങളുടേയോ കറപുരണ്ട 61 പേരില്‍ ബിജെപിയിലെ‍ 22 പേരും കേന്ദ്ര മന്ത്രിമാരായി. ഭരണകക്ഷി അംഗങ്ങളില്‍ 15 ശതമാനം പേര്‍ ക്രിമിനലുകളായപ്പോള്‍‍ അഴിമതി മുക്തരായവര്‍ വെറും 4.7 ശതമാനം മാത്രമാണ്. ലോകത്ത് മറ്റൊരു ജനാധിപത്യ രാജ്യത്തും ഇന്ത്യയിലുള്ളത്ര കുറ്റവാളികള്‍ ജനപ്രതിനിധി സഭകളില്‍ വിലസിനടക്കുന്നവരായി ഉണ്ടാകാനിടയില്ല.
വനിതാ പ്രാതിനിധ്യം നിയമസഭകളില്‍ വെറും ഒമ്പത് ശതമാനമാണ്. എംഎല്‍എമാരുടെ ശരാശരി ആസ്തിയാകട്ടെ 13.36 കോടിയാണ്. 75 ശതമാനം ഇന്ത്യന്‍ പൗരന്മാരുടെയും ശരാശരി സ്വത്ത് എട്ട് ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കേയാണിത്.

തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചെലവുകളുടെ കാര്യവും പരിശോധിച്ചു നോക്കാം. തെരഞ്ഞെടുപ്പു ചെലവുകള്‍ ക്രമാതീതമായി ഉയര്‍ന്നുവരികയാണ്. വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണുകള്‍, പാചക ഉപകരണങ്ങള്‍, മദ്യം തുടങ്ങിയ ഉല്പന്നങ്ങള്‍ക്കു പുറമെ പണവും വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്ത് വോട്ടുനേടുക എന്നത് സാര്‍വത്രികമായിരിക്കുന്നു. നഗ്നമായ തെരഞ്ഞെടുപ്പ് നിയമലംഘനമാണെന്ന് അറിഞ്ഞുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍തന്നെ നടത്തിവരുന്നുണ്ട്. ഫലത്തില്‍, ഇന്ത്യയിലെ നിയമസഭാ — ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവുകള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചെലവുകളേക്കാളേറെയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിയമാനുസൃതം ഒരു നിയമസഭാ സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപ എന്നതായിരുന്നു 2022 വരെ ചെലവാക്കാന്‍ അനുവദനീയമായ തുക. എന്നാല്‍, 2022ല്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ ചെലവ് 90 ലക്ഷം വരെയാകാം എന്ന മാറ്റം വരുത്തിയിട്ടുണ്ട്. പരിധി നിര്‍ണയം നടത്തുന്നതിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവുമായി മതിയായ കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. ഈ സമീപനം അതേപടി സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍ ഈ മര്യാദ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും പാലിക്കാറില്ലെന്നതാണ് അനുഭവം. സൗജന്യ കുടിവെള്ളം, വൈദ്യുതി, യാത്രാ സൗകര്യങ്ങള്‍, ഭക്ഷണവസ്തുക്കള്‍ തുടങ്ങിയവയുടെ വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുവരെ നടത്തിവരാറുണ്ട്.
ക്രിമിനല്‍ പാരമ്പര്യമുള്ളവര്‍ സ്ഥാനാര്‍ത്ഥികളാകുന്നു എന്നതുപോലെ, തെരഞ്ഞെടുപ്പ് നിയമങ്ങളെ കാറ്റില്‍പ്പറത്തുന്നതായും കാണുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അഭംഗുരം അത്തരം ക്രിമിനലുകളെയും അഴിമതിക്കാരെയും സ്ഥാനാര്‍ത്ഥികളാക്കുന്ന പ്രക്രിയ തുടരുകയാണ്. ജയിച്ചാലുടന്‍ അവിഹിതമായി ചെലവാക്കിയ പണം ഏത് ഹീനമാര്‍ഗം അവലംബിച്ചും തിരികെപിടിക്കുക എന്ന പ്രക്രിയ തുടരുകയുമായി. എങ്കില്‍ മാത്രമല്ലേ, അടുത്ത തെരഞ്ഞെടുപ്പിന് മത്സരരംഗത്തെത്താന്‍ സാധ്യമാകൂ. നല്ല ഭരണം എന്നത് പ്രയോഗത്തിലൂടെയല്ല, കോടികള്‍ ചെലവാക്കിയുള്ള മാധ്യമ പരസ്യങ്ങളിലൂടെയും സമൂഹമാധ്യമ പ്രചരണത്തിലൂടെയും നേടിയെടുക്കുക എന്നതിനായിരിക്കും മുന്തിയ പരിഗണന ലഭിക്കുക.


ഇതുകൂടി വായിക്കൂ:  അഴിമതിക്കാരെ പുറത്തുനിര്‍ത്തണം


ലഭ്യമായ വിവരങ്ങളനുസരിച്ച് കേന്ദ്ര–സംസ്ഥാന ഭരണത്തിന്റെ ഭാഗമായ സര്‍ക്കാര്‍ ജീവനക്കാരില്‍ 90 ശതമാനവും അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നവരാണ്. കൈക്കൂലി കേസുകളില്‍ 51 ശതമാനവും സേവനങ്ങള്‍ കൃത്യമായി നിര്‍വഹിക്കപ്പെടുന്നതിനായി വാങ്ങുന്നവയാണ്. ഇതില്‍ത്തന്നെ ഭൂരിഭാഗം കേസുകളിലും കുറ്റാരോപിതര്‍ക്കെതിരായി തെളിവുകള്‍ ലഭ്യമല്ലാത്ത വിഷമാവസ്ഥയുമുണ്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്ക് റിഫോംസ് (എഡിആര്‍) എന്ന സന്നദ്ധ സംഘടനയുടെ കണക്കുകൂട്ടലനുസരിച്ച് 2024ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തരം തട്ടിപ്പു വിദ്യകളുടെ വ്യാപകമായ പ്രയോഗമുണ്ടായിരിക്കും. മാധ്യമ മാനേജ്മെന്റിലൂടെ ഒരുപരിധിക്കപ്പുറം പൊതുജനാഭിപ്രായം കരുപ്പിടിപ്പിക്കാന്‍ കഴിയാതെവന്നേക്കാം. ഇന്ത്യന്‍ജനത ക്രമേണ സത്യവും മിഥ്യയും തമ്മില്‍ വേര്‍തിരിച്ച് കാണുകയും വിലയിരുത്തുകയും ചെയ്യും. പൗരന്‍ സത്യം തിരിച്ചറിയുമ്പോള്‍ മാത്രമേ, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന യാഥാര്‍ത്ഥ്യത്തില്‍ എത്തിച്ചേരുകയുള്ളു. ഇതിലേക്കായി മുന്നിട്ടിറങ്ങേണ്ടത് പൗരസമൂഹം തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.