ബിജെപി സര്‍ക്കാര്‍ രാജ്യഭരണത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കുമ്പോൾ, ഭരണഘടനാ സ്ഥാപനങ്ങളിൽ അതിന്റെ സ്വാധീനം കൂടുതൽ ആഴത്തില്‍ പ്രകടമായിരിക്കുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി), ആദായനികുതി വകുപ്പും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും പ്രതിപക്ഷ പാർട്ടികളെ കുടുക്കുന്നതിൽ തങ്ങളുടെ പങ്ക് വഹിക്കുമ്പോൾ, തെരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരമാവുകയും ചെയ്യുന്നു. ഇപ്പോഴിതാ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും (യുജിസി), നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ്ങും(എൻസിഇആർടി) ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനനുസൃതമായ വിദ്യാഭ്യാസ സമ്പ്രദായവും ഘടനയും രൂപപ്പെടുത്താന്‍ ശ്രമിക്കുന്നതിൽ തങ്ങളും പിന്നിലല്ലെന്ന് തെളിയിക്കുന്നു. വിദ്യാർത്ഥികളിൽ ഹിന്ദുത്വ ദേശീയചിന്ത വളര്‍ത്തുന്നതിനുവേണ്ട നിർദേശങ്ങൾ പതിവായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അയയ്ക്കുന്നു. സർക്കാരാകട്ടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും അവരുടെ പ്രതിഷേധങ്ങളെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തി ഭയപ്പെടുത്താനും തുരങ്കംവയ്ക്കാനും ശ്രമിക്കുന്നു.
ദേശീയ പതാക ഉയർത്തുന്നതിന് ഓരോ സർവകലാശാലയിലും വലിയ സ്തൂപങ്ങള്‍ വേണമെന്ന് മുൻ മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി നിർദേശിച്ചു. ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റി വളപ്പിൽ ഡി കമ്മിഷൻ ചെയ്ത സൈനിക ടാങ്ക് സ്ഥാപിക്കണമെന്ന മറ്റൊരു ആശയവും മുന്നോട്ടുവച്ചു. അവിടെ വിദ്യാർത്ഥികൾ പരസ്യമായി പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നത് തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാകുന്നതാണ് സർക്കാരിനെ അലോസരപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം കൂടുതൽ സർക്കുലറുകൾ ഇറങ്ങിയിരിക്കുന്നു. എബിവിപി സ്ഥാപകനും ആര്‍എസ്എസ് പ്രചാരകനുമായ ദത്താജി ദിദോൽക്കറുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കണമെന്നാണ് ഒരു സര്‍ക്കുലര്‍. ഹിന്ദുത്വ ദേശീയവാദിക്കുവേണ്ടിയുള്ള ഈ ‘സാംസ്കാരിക വ്യായാമം’ പ്രധാനമായും മഹാരാഷ്ട്രയിലെ കോളജുകളെ ഉദ്ദേശിച്ചുള്ളതാണ്.
ഹൈന്ദവ ദേശീയതയ്ക്ക് വേണ്ടി നിലകൊണ്ട വ്യക്തികളുടെ ആഘോഷം യുജിസി പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ എന്നത് ചര്‍ച്ചചെയ്യേണ്ടതാണ്. ഇന്ത്യൻ ദേശീയതയ്ക്കുവേണ്ടി നിലകൊണ്ടവരെയോ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ പോരാടിയവരെയോ ആണ് യുജിസി പ്രോത്സാഹിപ്പിക്കേണ്ടത്. ദിദോൽക്കർ ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെ അദ്ദേഹം പ്രതിനിധീകരിക്കുന്നുമില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പശ്ചാത്തലത്തിൽ ‘സെൽഫി പോയിന്റുകൾ’ സ്ഥാപിക്കണമെന്ന് മറ്റൊരു സർക്കുലർ ആവശ്യപ്പെടുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഇത്തരമൊരു നടപടി. ഒരു ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല ഇത്. ഒരു പാർട്ടിക്കും അതിന്റെ പരമോന്നത നേതാവിനും വേണ്ടിയുള്ള പ്രചരണം ജനാധിപത്യത്തിന്റെ ധാർമ്മികതയെ ലംഘിക്കുന്നു. ജനാധിപത്യപരവും ഭരണഘടനാപരവുമായ മൂല്യങ്ങളെ നഗ്നമായി വെല്ലുവിളിക്കുന്നതും കടുത്ത അധികാര ദുർവിനിയോഗവുമാണ്.
ഏഴ് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ചരിത്ര പാഠ്യപദ്ധതിയുടെ ഭാഗമായി രാമായണവും മഹാഭാരതവും പഠിപ്പിക്കാന്‍ ‘ക്ലാസിക്കൽ കാലഘട്ടം’ എന്നഭാഗം ഉൾപ്പെടുത്തണമെന്ന് മറ്റൊരു നിർദേശം പറയുന്നു. എൻസിഇആർടി വിദഗ്ധ സമിതിയുടെ അഭിപ്രായത്തിൽ, രാമായണവും മഹാഭാരതവും പഠിക്കുന്നത് ആത്മാഭിമാനവും രാജ്യസ്നേഹവും അഭിമാനവും വളർത്തും. രണ്ട് മഹത്തായ ഇതിഹാസങ്ങൾ ഇന്ത്യയുടെ പുരാണങ്ങളുടെ ഭാഗമാണ്. എഴുതപ്പെട്ട കാലത്തെ സമൂഹത്തെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അപാരമായ അറിവ് നൽകാൻ അവയ്ക്ക് കഴിയും. അവ്യക്തമായ ധാരണയിലോ അപൂർണമായ അറിവിലോ മുങ്ങിപ്പോയ ചരിത്രത്തിന്റെ കാലഘട്ടങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും ഈ ഇതിഹാസങ്ങൾ നൽകുന്നു. രാമായണം ഇന്ത്യക്കപ്പുറം ശ്രീലങ്ക, തായ്‌ലൻഡ്, ബാലി, സുമാത്ര, തുടങ്ങിയ രാജ്യങ്ങളിലും പ്രചാരത്തിലുണ്ട്. രസകരമെന്നു പറയട്ടെ, ഇതിന് നിരവധി പതിപ്പുകളുമുണ്ട്. യഥാർത്ഥത്തിൽ വാല്മീകി എഴുതിയതിനെക്കാള്‍ ജനകീയമായത് തുളസീദാസിന്റെ രാമായണമാണ്. 16-ാം നൂറ്റാണ്ട് മുതൽ ഇത് ഉത്തരേന്ത്യയിലെ ജനകീയ സംസ്കാരത്തിന്റെ ഭാഗമായി. രാമായണത്തിന്റെ വിവിധപതിപ്പുകൾ തന്നെ അതിന്റെ വ്യത്യസ്ത പ്രദേശങ്ങളിലെ ഉത്ഭവത്തിന്റെയും ഭൂമിശാസ്ത്രപരമായ വ്യാപനത്തിന്റെയും ഫലമാണ്. ഹിന്ദു ദേശീയവാദികളാകട്ടെ, മഹത്തായ ഇതിഹാസത്തിന്റെ ഒരു പതിപ്പ് മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത്. പൗള റിച്ച്‌മാന്റെ ‘മെനി രാമായണ്‍സ്: ദി ഡെെവേഴ്സിറ്റി ഓഫ് എ നരേറ്റിവ് ട്രെഡിഷന്‍ ഇന്‍ സൗത്ത് ഏഷ്യ’ ശ്രീരാമകഥയുടെ വൈവിധ്യമാർന്ന പതിപ്പുകളെ വിശകലനം ചെയ്യുന്നു. പ്രമുഖ പണ്ഡിതനായ എ കെ രാമാനുജന്റെ ‘300 രാമായണങ്ങൾ: വിവര്‍ത്തനത്തിലെ അഞ്ച് ഉദാഹരണങ്ങളും മൂന്ന് ചിന്തകളും’ എന്ന ശ്രദ്ധേയമായ പ്രബന്ധം 2011 വരെ ഡൽഹി സർവകലാശാലയിലെ സിലബസില്‍ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് എബിവിപി പ്രവർത്തകരുടെ സമ്മർദത്തിന് വഴങ്ങിയാണ് സര്‍വകലാശാല അത് ഒഴിവാക്കിയത്. ഹിന്ദു ദേശീയവാദികൾ ശ്രീരാമന്റെ പ്രത്യേക കഥ മാത്രം ആധികാരികമായി അവതരിപ്പിക്കാൻ ആഗ്രഹിക്കുമ്പോള്‍, രാമാനുജൻ വൈവിധ്യമാർന്ന പതിപ്പുകളെക്കുറിച്ച് പറയുന്നു. ജൈന, ബുദ്ധ, സ്ത്രീപക്ഷ (രംഗനായകമ്മയുടെ അവസാനത്തേത്)പതിപ്പുകളും ചര്‍ച്ച ചെയ്യുന്നു.
ഡോ. അംബേദ്കർ തന്റെ ‘ഹിന്ദുമതത്തിലെ കടങ്കഥകൾ’ എന്ന പുസ്തകത്തിൽ, തപസനുഷ്ഠിച്ച ശംബുകനെ വധിച്ച രാമനിലൂടെ ശൂദ്രർക്ക് വേദശാസ്ത്രപരമായ സമത്വം നിഷേധിക്കപ്പെട്ട അവസ്ഥയിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. പാർശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങൾക്കിടയിൽ ആദരണീയനായ ഭരണാധികാരിയായിരുന്ന ബാലിയെയും രാമൻ വധിച്ചു. വിശ്വാസവഞ്ചനയുടെ പേരിൽ രാമൻ സീതയെ വനവാസത്തിനയച്ചതിനെയും അംബേദ്കർ വിമർശിക്കുന്നു. ദ്രാവിഡര്‍ക്കുമേൽ ഉത്തരേന്ത്യൻ ആര്യമതം അടിച്ചേല്പിച്ച ശ്രീരാമനെ പെരിയാറും വിമർശിച്ചിട്ടുണ്ട്. വ്യാസന്റെ മഹാഭാരതവും ഭൂതകാലത്തിലേക്ക് വിലപ്പെട്ട കാഴ്ചകൾ നൽകുന്നു. എല്ലാ ഇതിഹാസങ്ങളും ചരിത്രപരമായ അറിവിന്റെ അവശ്യസ്രോതസുകളാണ്. പക്ഷേ അവയെ ചരിത്രപഠനത്തിലേക്ക് കൊണ്ടുവരുന്നത് ചരിത്രത്തോടും ഇതിഹാസങ്ങളോടും പുരാണങ്ങളെക്കുറിച്ചുള്ള ധാരണയോടും നീതി പുലർത്താത്തതാണ്. ഭൂതകാലത്തെക്കുറിച്ചുള്ള സത്യത്തിന്റെ ചുരുളഴിക്കുന്നതിനെക്കാൾ അത് ഹിന്ദു ദേശീയവാദ അജണ്ടയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രിട്ടീഷ് കാലത്തെ ഓര്‍മ്മിക്കുന്ന ഇന്ത്യ എന്ന പേര് അടിമത്തത്തെ സൂചിപ്പിക്കുന്നു എന്നു കാണിച്ച് രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റാനാണ് മറ്റാെരു നിർദേശം. ബ്രിട്ടീഷുകാർ വരുന്നതിന് വളരെ മുമ്പാണ് ഇന്ത്യ എന്ന വാക്കിന്റെ ഉത്ഭവം. ഗ്രീക്ക് സഞ്ചാരിയും നയതന്ത്രജ്ഞനുമായ മെഗസ്തനീസ് ബിസി 303ല്‍ ഇൻഡിക്ക എന്ന വാക്ക് ഉപയോഗിച്ചിരുന്നു. സിന്ധു നദിയുമായി ബന്ധപ്പെട്ട് ഇന്ത്യയെ സൂചിപ്പിക്കുന്ന പ്രയോഗങ്ങള്‍ പണ്ട് മുതലേ പ്രചാരത്തിലുണ്ട്. അതുകൊണ്ടാണ് ഭരണഘടനയില്‍ “ഭാരതം അഥവാ ഇന്ത്യ” എന്ന ഏറ്റവും അനുയോജ്യമായ പ്രയോഗമുണ്ടായത്.
എന്നാൽ ഇന്ത്യ പ്രതിനിധീകരിക്കുന്ന വൈവിധ്യം, ഉൾക്കൊള്ളൽ, തുറന്ന മനസ് എന്നിവയിൽ ഹിന്ദു ദേശീയത അസ്വസ്ഥമാണ്. ചരിത്രത്തെ പുനരാവിഷ്കരിക്കാൻ അവരാഗ്രഹിക്കുന്നു. ഇന്ത്യൻ ചരിത്രത്തിന്റെ ആദ്യകാലഘട്ടത്തെ ബ്രിട്ടീഷുകാരാണ് ‘ഹിന്ദു കാലഘട്ടം’ എന്ന് വിളിച്ചത്. ഹിന്ദു ദേശീയവാദികള്‍ ഇപ്പോഴതിനെ ‘ക്ലാസിക്കൽ കാലഘട്ടം’ എന്ന് വിളിക്കുന്നു. ആ കാലഘട്ടത്തിലെ മൂല്യങ്ങളെ ഇന്നത്തെ സമൂഹത്തിന്റെ അടിസ്ഥാനമായി അവതരിപ്പിക്കുകയെന്നതാണവരുടെ ലക്ഷ്യം. ആ മൂല്യങ്ങളിൽ പലതും മനുസ്മൃതിയിൽ കാണാം. അതുകൊണ്ടാണ് ആ ഗ്രന്ഥത്തിനെതിരെ അംബേദ്കര്‍ കലാപമുയര്‍ത്തിയത്.
(അവലംബം: ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.