6 December 2024, Friday
KSFE Galaxy Chits Banner 2

ഇന്ത്യയും ഭാരതവും: വിമർശനങ്ങൾ വസ്തുതകൾ

ടി കെ മുസ്തഫ വയനാട് 
December 5, 2023 4:15 am

ദേശീയ ചിഹ്നമായ അശോക സ്തംഭത്തിന് പകരം ഹിന്ദു ദൈവമായ ധന്വന്തരിയെ ഉൾപ്പെടുത്തിയും ‘ഇന്ത്യ’ക്ക് പകരം ‘ഭാരത’ത്തെ പ്രതിഷ്ഠിച്ചുമുള്ള നാഷണൽ മെഡിക്കൽ കമ്മിഷന്റെ പുതിയ ലോഗോ പുറത്തുവന്നിരിക്കുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയുടെ നഗ്നമായ ലംഘനവും സ്വാതന്ത്ര്യ പൂർവകാല അധിനിവേശത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഓർമ്മകൾ അപ്രസക്തമാക്കാനെന്ന ലേബലിൽ ഇന്ത്യയുടെ ബഹുസ്വരതയെയും സമന്വയ സംസ്കാരത്തെയും അട്ടിമറിക്കാനുമുള്ള സംഘ്പരിവാറിന്റെ കുത്സിത ശ്രമങ്ങളാണ് ഇതിലൂടെ മറനീക്കി പുറത്തുവരുന്നത്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ ഉപയോഗിക്കാൻ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻസിഇആർടി) സിലബസ് പരിഷ്കരണത്തിന് നിയോഗിച്ച ഉന്നതതല സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം പ്രൊഫസർ സിഐ ഐസക് അധ്യക്ഷനായ സമിതിയാണ് ഭാരതത്തിന്റെ പുരാതന ജ്ഞാന സ്രോതസുകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിന് ഭാരതീയ ജ്ഞാനവ്യവസ്ഥ സിലബസിന്റെ ഭാഗമാക്കണമെന്ന് ശുപാർശ ചെയ്തിരുന്നത്.


ഇതുകൂടി വായിക്കൂ: അസം സംഘ്പരിവാരത്തിന്റെ പരീക്ഷണശാല


ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തിൽ പതിവിൽ നിന്ന് വിഭിന്നമായി ‘ഇന്ത്യയുടെ പ്രസിഡന്റ്’ ‘ഭാരതത്തിന്റെ പ്രസിഡന്റ്’ ആയി രൂപാന്തരപ്പെട്ടത് മുതൽ ഇപ്രകാരം പേരുമാറ്റവുമായി ബന്ധപ്പെട്ട വാദ പ്രതിവാദങ്ങളും ചർച്ചകളും രാജ്യത്താകമാനം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും ഭാരതവും രാജ്യത്തെ പൗരന്മാർക്കിടയിൽ പതിറ്റാണ്ടുകളായി തുല്യനിലയിൽത്തന്നെ വൈകാരികത സൃഷ്ടിച്ചിട്ടുണ്ട് എന്നിരിക്കെ, ഭരണഘടന നിർമ്മാണസഭയുടെ കാലയളവിൽ തള്ളപ്പെട്ട വാദഗതി വീണ്ടുമുയർത്തിക്കൊണ്ടുവന്ന് ജനങ്ങളെ ധ്രുവീകരിച്ച്, രാഷ്ട്രീയലാഭം ലക്ഷ്യംവയ്ക്കുകയാണ് ബിജെപിയും സംഘ്പരിവാർ ശക്തികളും.
സ്വാതന്ത്ര്യാനന്തരം രൂപീകരിച്ച ഭരണ ഘടനാ അസംബ്ലി ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ പേര് സംബന്ധിച്ച രൂക്ഷമായ വാഗ്വാദങ്ങളും സംവാദങ്ങളും ഉയർന്നുവന്നിരുന്നു. 1949 നവംബർ 18ന് രാജ്യത്തിന് ‘ഇന്ത്യ’, ‘ഭാരതം’ എന്നീ രണ്ട് പേരുകൾ നൽകിക്കൊണ്ട് ഡോക്ടർ ബി ആർ അംബേദ്കർ അധ്യക്ഷനായ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ കരട് രേഖയെ നഖശിഖാന്തം എതിർത്തുകൊണ്ട് രംഗത്തുവന്ന ഭരണഘടനാ അസംബ്ലി അംഗമായ ഹരി വിഷ്ണു കാമത്ത് രാജ്യത്തിന് ഒരു പേര് മാത്രമേ ഉണ്ടാകാവൂ എന്ന് ശഠിക്കുകയുണ്ടായി.
‘ഹിന്ദുസ്ഥാൻ’, ‘ഹിന്ദ്’, ‘ഭാരത ഭൂമി’, ‘ഭാരത വർഷ’ തുടങ്ങിയ പേരുകൾ അദ്ദേഹം നിർദേശിക്കുകയും ചെയ്തു. ഇന്ത്യ എന്നത് ഒരു പേരല്ലെന്നും അത് ഭാരതത്തിന്റെ വിവർത്തന പദം മാത്രമാണെന്നുമാണ് 1937ൽ പാസാക്കിയ ഐറിഷ് ഭരണഘടനയെ ഉദാഹരിച്ച് കാമത്ത് സമർത്ഥിക്കാൻ ശ്രമിച്ചത്. ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ ഭരണഘടനയിൽ രാജ്യത്തിന്റെ പേര് ‘എയ്റ’(ഇഐആര്‍ഇ) അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ ‘അയർലൻഡ്’ എന്നാണെന്നു പറയുന്നുണ്ടെന്ന കാര്യവും അദ്ദേഹം എടുത്തു കാട്ടി.


ഇതുകൂടി വായിക്കൂ: സംഘ്പരിവാർ രാഷ്ട്രീയത്തെ ചെറുക്കാൻ മനസുവലുതാക്കുക


ഇന്ത്യ ഒരു രാജ്യത്തിന്റെയും പേരിന്റെ മനോഹര രൂപമല്ലെന്ന് വാദിച്ച ജബൽപുരിൽ നിന്നുള്ള സേട് ഗോവിന്ദ് ദാസ് നിലവിൽ വിദേശങ്ങളിൽ അറിയപ്പെടുന്ന പ്രസ്തുത പേര് ഭാരതമാക്കി മാറ്റണമെന്ന ആവശ്യത്തിലുറച്ചുനിന്നു. വിഷ്ണുപുരാണത്തിലും ബ്രഹ്മപുരാണത്തിലും ഭാരത് എന്ന പേര് പരാമർശിക്കുന്നുണ്ടെന്ന് വാദിച്ച സേട് ഗോവിന്ദ് ദാസ് കൂട്ടത്തിൽ ചൈനീസ് സഞ്ചാരി ഹ്യുയാൻ സാങ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നത് ‘ഭാരത്’ എന്നായിരുന്നുവെന്നും സൂചിപ്പിക്കുകയുണ്ടായി. ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതെന്ന് മഹാത്മാഗാന്ധിയെ പരാമർശിച്ച് ചൂണ്ടിക്കാട്ടിയ ദാസ് പ്രസ്തുത കാരണം കൊണ്ടുകൂടിയാണ് പേര് ഭാരതം എന്നാക്കണമെന്ന് വാദിക്കുന്നതെന്നും പറഞ്ഞുവച്ചു. ഇതേ സമയം ആന്ധ്രാപ്രദേശിൽ നിന്നുള്ള ഭരണഘടനാ അസംബ്ലി അംഗം കെ വി റാവുവാകട്ടെ സിന്ധു നദി പാകിസ്ഥാനിലായതിനാൽ പാകിസ്ഥാന്റെ പേര് ‘ഹിന്ദുസ്ഥാൻ’ എന്നായിരിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവച്ചത്. ഇപ്രകാരം ‘ഇന്ത്യ’ക്കനുകൂലവും പ്രതികൂലവുമായി നടന്ന ഗൗരവതരമായ ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമുള്ള വോട്ടെടുപ്പിൽ ‘ഇന്ത്യ’ക്കെതിരായ ആരോപണങ്ങളെല്ലാം പരാജയപ്പെടുകയും ആർട്ടിക്കിൾ ഒന്ന് ഭേദഗതിയില്ലാതെ ‘ഭാരതം എന്ന ഇന്ത്യ’ ആയി നില നിൽക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: സംഘ്പരിവാർ പരീക്ഷണശാലയിലെ വ്യാജ നിർമ്മിതികൾ


‘ഭാരത’ത്തിന്റെ അടിവേര് തേടിപ്പോകുമ്പോൾ, ഹൈന്ദവ പുരാണ പ്രകാരം രണ്ട് ഭരതന്മാർ ഇവിടെ ഭരണം നടത്തിയിരുന്നതായി കാണാം. ശ്രീരാമന്റെ പുത്രനും കൈകേയിയുടെ മകനുമായ ഭരതനാണ് ഇതിൽ ഒന്നാമൻ. മഹാഭാരതത്തിലെ ഭരതനാകട്ടെ ചന്ദ്രവംശജനായ അത്രിയുടെ കുലത്തിൽ ജനിച്ച ദുഷ്യന്തന്റെയും ശകുന്തളയുടെയും മകൻ ആണ്. മഹാഭാരതം ആദി പർവത്തിൽ ഭരതനെക്കുറിച്ച് പറയുന്നത് ഭൂമി മുഴുവൻ കീഴടക്കിയ ആദ്യത്തെ ചക്രവർത്തി/സാർവഭൗമൻ എന്നാണ്. ‘അജ നാഭം നാമൈദ ദ്വർഷം ഭാരതം ഇനി യത ആരഭ്യ വൃപദിശന്തി’ അജ നാഭം എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശം (ഭരതന്റെ മരണ ശേഷം) ഭാരതം എന്ന് വിളിക്കപ്പെട്ടതായി ഭാഗവതം 5.7.3ൽ വായിക്കുന്നു. മഹാഭാരതത്തിലെ പരാമർശങ്ങൾ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ഭരതന്റെ സാമ്രാജ്യമെന്നത് ഇന്നത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ കൂടാതെ അഫ്ഗാനിസ്ഥാൻ, പേർഷ്യ, ശ്രീലങ്ക തുടങ്ങിയ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്നുണ്ട്. ഹിമാലയത്തിനും തെക്ക് മഹാസമുദ്രത്തിനും ഇടയിലുള്ള പ്രദേശമായി വിഷ്ണുപുരാണത്തിലും മാർക്കണ്ഡേയ പുരാണത്തിലും ഭാരതത്തെ നിർവചിച്ചതായി കാണുന്നു.


ഇതുകൂടി വായിക്കൂ: ചെറുപ്പത്തിലേ പിടികൂടുന്ന സംഘ്പരിവാര ഫാസിസ്റ്റുകള്‍


‘ഇന്ത്യ’യുടെ ഉത്ഭവമാകട്ടെ സിന്ധു നദിയുമായി ബന്ധപ്പെട്ട ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. സിന്ധു നദീതടസംസ്കാരം ഉണ്ടാവുന്നത് ബിസി 2500 ലാണ്. ‘ഗുരുതരമായ’, ‘ശ്രദ്ധേയമായ’, ‘ആനന്ദകരമായ’, ‘സജീവമായ’, ‘സൃഷ്ടിപരമായ’ എന്നെല്ലാമാണ് ‘സിന്ധു’ എന്ന പദത്തിന്റെ അർത്ഥം. സിന്ധുനദിയുടെ തീരത്തു വസിച്ചിരുന്നവരെ ഹിന്ദുവെന്ന് വിളിച്ചത് പേർഷ്യക്കാരാണ്. പേർഷ്യൻ ഭാഷയിൽ ‘സ’കാരത്തിന് പകരം‘ഹ’ കാരം ആയിരുന്നു ഉപയോഗിച്ചിരുന്നത്. എം ആർ രാഘവ വാര്യരുടെ ‘ചരിത്രത്തിലെ ഇന്ത്യ’ എന്ന പുസ്തകത്തിൽ ഇക്കാര്യം വിവരിക്കുന്നുണ്ട്. പ്രാചീന പേർഷ്യൻ ലിഖിതങ്ങളിലും ‘സെന്റ് അവസ്ത’ പോലുള്ള ഗ്രന്ഥങ്ങളിലും ഭൂമിശാസ്ത്രപരമായ പദം എന്ന നിലയ്ക്ക് ‘ഹിന്ദു’ എന്ന പദം ഉപയോഗിച്ചതായി കാണാവുന്നതാണ്. ഗ്രീക്ക് ചരിത്രകാരന്മാരാകട്ടെ സിന്ധു നദിയെ രേഖപ്പെടുത്തിയിരിക്കുന്നത് ‘ഇൻഡസ്’ എന്നാണ്. ഹിന്ദു എന്ന വാക്ക് ഇന്നത്തെ ഇന്ത്യൻ ഉപഭൂഖണ്ഡമെന്നു പരാമർശിക്കുന്ന ഭൂപ്രദേശത്തിന്റെ പേരെന്ന നിലയിൽ ഗ്രീക്കുകാർക്കും മറ്റ് പാശ്ചാത്യ ശക്തികൾക്കും പേർഷ്യക്കാർ കൈമാറിയിരുന്നു. ഇപ്രകാരം ‘ഹിന്ദ്’ ഗ്രീക്ക് ഭാഷയിലെത്തിയപ്പോൾ ‘ഇന്ദിക’യും തുടർന്ന് യൂറോപ്പിലേക്കെത്തിയപ്പോൾ ‘ഇന്ത്യ’യുമായി മാറുകയായിരുന്നു.


ഇതുകൂടി വായിക്കൂ: എലിപ്പത്തായ സാങ്കേതികവിദ്യ!


കൊളോണിയൽ ആധിപത്യത്തിന്റെ അവശേഷിപ്പുകളിൽ നിന്നുള്ള മോചനമെന്ന ലേബലിൽ ഇന്ത്യയെ ഭാരതമാക്കാനുള്ള ശ്രമത്തിലൂടെ വെളിപ്പെടുന്നത് ഒരു വിഭാഗം പൗരന്മാരിൽ വൈകാരിക ഉത്തേജനം നിറച്ച് രാഷ്ട്രീയാധികാരവും ആധിപത്യവും നില നിർത്താനുള്ള സംഘ്പരിവാറിന്റെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യം തന്നെയാണ്. 2016 മാർച്ചിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരതം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് താക്കൂർ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.
‘ഭാരതമോ ഇന്ത്യയോ… നിങ്ങൾക്ക് ഇഷ്ടമുള്ളത് വിളിക്കൂ, ഭാരതമെന്ന് വേണ്ടവർ അങ്ങനെ വിളിക്കട്ടെ, ഇന്ത്യയെന്നു വേണ്ടവർ അങ്ങനെ വിളിക്കട്ടെ.’ ഭാരതത്തോട് അയിത്തം വേണ്ട, ഇന്ത്യയോടും! കേവലം ഒരു പേരിന്റെ പ്രശ്നം എന്നതിലുപരി ഭരണത്തെയും അധികാരത്തെയും രാജ്യത്തിന്റെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളെ നിഷ്കാസനം ചെയ്യുന്നതിനും ഭരണഘടനയെയും ജനാധിപത്യ സ്ഥാപനങ്ങളെയും മാറ്റി മറിക്കുന്നതിനുമായി ദുരുപയോഗം ചെയ്യുന്നതിനെതിരെയുമുള്ള രാഷ്ട്രീയ ജാഗ്രതയാണ് ഇവിടെ നാം കാണിക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.