22 June 2024, Saturday

കര്‍ഷകര്‍ സമരപാതയില്‍ തന്നെ

പ്രൊഫ. കെ അരവിന്ദാക്ഷൻ
June 12, 2024 4:15 am

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ പുതിയതായി അധികാരത്തിലെത്തിയ കേന്ദ്ര സര്‍ക്കാരിന് രാജ്യത്തെ കര്‍ഷക ജനസമൂഹം വെല്ലുവിളിയായിരിക്കും. കര്‍ഷകനെയും അവന്റെ കുടുംബത്തെയും അലട്ടിയിരുന്ന പ്രശ്നം അവരുടെ ഉല്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കപ്പെടുന്നില്ല എന്നതാണ്. ഈ വിഷയത്തില്‍ രാഷ്ട്രീയം ഒരു പരിഗണനാ മാനദണ്ഡമേ അല്ല, പ്രശ്നം ജീവിതമാണ്. അതുകൊണ്ടാണ് രാഷ്ട്രീയ–പ്രാദേശിക വേര്‍തിരിവില്ലാതെ, ജൂണ്‍ നാലിനു ശേഷം കേന്ദ്ര ഭരണത്തിലെത്തുന്നത് ഏതു സര്‍ക്കാരായാലും തങ്ങള്‍ പ്രത്യക്ഷ സമരം നടത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് മുമ്പുതന്നെ കര്‍ഷക സംഘടനകള്‍ ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ മുന്‍നിരക്കാര്‍ സ്വന്തം ചിഹ്നത്തോടൊപ്പം ഭഗത്‌ സിങ്ങിന്റെ ചിത്രവും ഭാരത് കിസാന്‍ യൂണിയന്റെ (ബികെയു)കൊടിയും ഒരുമിച്ചാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. 2020–21ല്‍ ടിക്രി അതിര്‍ത്തിയില്‍ നടന്ന കര്‍ഷക സമരത്തില്‍ തുടര്‍ച്ചയായി 14 മാസക്കാലം രാപ്പകലില്ലാതെ പങ്കെടുത്ത കര്‍ഷകനായിരുന്നു ഭഗത്‌സിങ്. അന്നത്തെ സമരത്തില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ കേവലം ഒന്നല്ല, നൂറുകണക്കിന്, ലക്ഷക്കണക്കിന് ഭഗത്‌സിങ്ങുമാരുണ്ടായിരുന്നു. ഈ ഭഗത്‌സിങ്ങുമാര്‍ പ്രതിനിധീകരിച്ചിരുന്നതോ ബികെയു എക്‌നാ, പഞ്ചാബ് കിസാന്‍ യൂണിയന്‍, ഖേത്തി ബച്ചാവോ, പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി, സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച തുടങ്ങിയ ചെറുതും വലുതുമായ കര്‍ഷക സംഘടനകളെയും കൂട്ടായ്മകളെയുമായിരുന്നു. 

എവിടെയെല്ലാം കര്‍ഷക റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം ആവര്‍ത്തിച്ച് മുഴങ്ങിക്കേട്ടിട്ടുള്ളത്, താങ്ങുവില ഉറപ്പാക്കുന്നതിനനുസൃതമായ നിയമങ്ങള്‍ നിലവില്‍ വരണമെന്നാണ്. കോര്‍പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളാന്‍ ഔദാര്യം കാണിക്കുന്ന പൊതുമേഖലാ ബാങ്കുകളും മറ്റ് വായ്പാ സ്ഥാപനങ്ങളും അവരെ പിന്തുണയ്ക്കുന്ന കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളും കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനോ തിരിച്ചടവു കാലാവധി ദീര്‍ഘിപ്പിക്കുന്നതിനോ പലിശയിളവ് അനുവദിക്കുന്നതിനോ ഒരിക്കല്‍പ്പോലും സൗമനസ്യം കാണിച്ചിട്ടില്ല. രാഷ്ട്രത്തിനുവേണ്ടി സാര്‍വദേശീയ വേദികളില്‍ മല്ലടിച്ച് നിരവധി മെഡലുകള്‍ നേടിയെത്തിയ വനിതാ ഗുസ്തി താരങ്ങളെ പീഡനത്തിനിരയാക്കിയ ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായിരുന്ന ഒരു നരാധമനെതിരായി ജന്തര്‍ മന്ദറില്‍ സമാധാനപരമായും അനുഭാവപൂര്‍വമായും ധര്‍ണ നടത്തിയ കര്‍ഷക നേതാക്കളെ ക്രൂരമായി മര്‍ദിച്ചത് ഒരുതരത്തിലും നീതീകരിക്കാന്‍ കഴിയാത്തതുമായിരുന്നു. സമാനമായ ദുരനുഭവമായിരുന്നു അഗ്നിപഥ് പദ്ധതിക്കും കോര്‍പറേറ്റ് കടം എഴുതിത്തള്ളല്‍ നയസമീപനത്തിനുമെതിരായി സമരം ചെയ്തപ്പോഴും കര്‍ഷക സമൂഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. സമരത്തിനിടെ മരിച്ച ധീരരായ കര്‍ഷകരെ ‘രക്തസാക്ഷികള്‍’ എന്ന് പരിഹസിക്കാനും അധികാരികള്‍ മടിച്ചില്ല. 

കഴിഞ്ഞ മാസങ്ങളില്‍ പഞ്ചാബ്, ഹരിയാന, ഡല്‍ഹി മേഖലകളില്‍ നിരവധി കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരം സമ്മേളനങ്ങള്‍ വരുംനാളുകളിലും തുടരും. കര്‍ഷക സംഘടനകളുടെ ഐക്യവേദി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ പുതുമയൊന്നുമില്ല. അവരുടെ ഭാവി തീരുമാനങ്ങളിലും മാറ്റമുണ്ടാവില്ല. വിളവിറക്കുന്നതിന് സന്നദ്ധമാകണമെങ്കില്‍ ഉല്പന്നങ്ങള്‍ക്ക് മിനിമം വില പ്രഖ്യാപിച്ചേ തീരൂ. ഈ പ്രഖ്യാപനത്തിന് നിയമത്തിന്റെ പിന്‍ബലവും വേണം. ഗ്യാരന്റികളില്‍ വിശ്വസിക്കാന്‍ അവര്‍ തയ്യാറല്ല. ആദ്യഘട്ട സമരത്തില്‍ നിന്നും പിന്മാറുമ്പോള്‍‍ സര്‍ക്കാരുമായുണ്ടാക്കിയ കരാറിനനുസൃതമായ എംഎസ്‌പി നിരക്കുകളല്ല, പിന്നീട് നിരവധി കാര്‍ഷികവിളകള്‍ക്ക് ലഭ്യമായത്. ഇനി ഒരിക്കലും സര്‍ക്കാര്‍ ഒരുക്കുന്ന ചതിക്കുഴിയില്‍ വീഴാന്‍ കര്‍ഷക സമൂഹം തയ്യാറാവുകയില്ല. ശേഖരിക്കപ്പെട്ട വിളകളെല്ലാം നശിച്ചുപോയാലും നിയമാനുസൃതം നിജപ്പെടുത്തിയ മിനിമം താങ്ങുവിലയ്ക്ക് താഴെ അതൊന്നും വില്‍ക്കില്ല. സ്വകാര്യ മില്ലുടമകള്‍ സജ്ജമാക്കുന്ന ഗോഡൗണുകളില്‍ കാര്‍ഷികോല്പന്നങ്ങള്‍ സൂക്ഷിക്കാന്‍ അനുവദിക്കുകയുമില്ല.
ഭരണാധികാരികളുടെ വാഗ്ദാനങ്ങളില്‍ കര്‍ഷകര്‍ക്ക് തെല്ലും വിശ്വാസമില്ല. സമരം നിര്‍ത്തിവയ്ക്കുന്നതിനാധാരമായ ധാരണയിലെത്തുന്നതിന് ഫെബ്രുവരി എട്ടിനും 18നും ഇടയ്ക്ക് നാലുവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാതലായ ആവശ്യം പ്രാവര്‍ത്തികമാക്കപ്പെട്ടിട്ടില്ല. തുടര്‍ന്നിങ്ങോട്ട് യാതൊരു കൂടിയാലോചനയും നടന്നിട്ടുമില്ല. അതേസമയം നരേന്ദ്ര മോഡി, തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നട്ടാല്‍ കുരുക്കാത്ത കള്ളങ്ങള്‍ ആവര്‍ത്തിക്കാതിരുന്നിട്ടുമില്ല. അംബാല നഗരത്തിലെ പ്രസംഗത്തില്‍ അവകാശപ്പെട്ടത്, ഭക്ഷ്യധാന്യ ശേഖരണത്തിനായി തന്റെ സര്‍ക്കാര്‍ ചെലവാക്കിയത് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെലവാക്കിയതിന്റെ മൂന്നിരട്ടി തുകയായ 20 ലക്ഷം കോടി‍ രൂപയായിരുന്നു എന്നാണ്. ഈ സമയത്തുപോലും സൂര്യകാന്തി, ബജ്റ തുടങ്ങിയവയ്ക്ക് താങ്ങുവിലയെക്കാള്‍ കുറഞ്ഞ വിലനിലവാരമാണ് വിപണിയില്‍ നിലവിലിരുന്നത്. മറ്റ് കാര്‍ഷിക വിളകളുടെ സ്ഥിതിയും ഭിന്നമായിരുന്നില്ല. എംഎസ്‌പി നിരക്കുകള്‍ക്ക് നിയമപരമായ സാധുത കിട്ടാതെ കാര്‍ഷികവൃത്തിയിലേക്ക് തിരികെപ്പോകാന്‍ ഒരു സാഹചര്യത്തിലും കര്‍ഷകര്‍ തയ്യാറാവില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം.
കേന്ദ്രത്തില്‍ മാറിമാറി അധികാരത്തിലെത്തുന്ന സര്‍ക്കാരുകള്‍ സഹായം വാരിക്കോരി നല്‍കുന്നത് വന്‍കിട കുത്തക കോര്‍പറേറ്റുകള്‍ക്കാണ്. ‘ലോബിയിങ്’ എന്ന തന്ത്രത്തിലൂടെ ഇവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എന്തും നേടിയെടുക്കാന്‍ കഴിയും. ഇതിലേക്കായി അവര്‍ ഒരു സൂചനാ പ്രതിഷേധം പോലും ഉയര്‍ത്തേണ്ടതുമില്ല. നിയമസഭകളിലും പാര്‍ലമെന്റിലും ‘ചങ്ങാത്ത മുതലാളിമാര്‍ക്ക്’ ഭരണകക്ഷികളുടെ സകലവിധ പിന്തുണയും എളുപ്പത്തില്‍ കിട്ടുന്നുമുണ്ട്. ഭാവിയില്‍ ഇത് അനുവദിച്ചുകൂടാ. കര്‍ഷക സമൂഹം അതിനവരെ അനുവദിക്കില്ല. 

സമരരംഗത്തുള്ളവരെ ഖലിസ്ഥാനികള്‍ എന്ന് ചാപ്പകുത്തിയും രാജ്യദ്രോഹികളാണെന്ന് വിശേഷിപ്പിച്ച് അധിക്ഷേപിക്കാനുമുള്ള നീക്കങ്ങളെ അവര്‍ പുച്ഛിച്ചു തള്ളുകയാണ്. നിരായുധരായി സമരരംഗത്ത് നിലകൊള്ളുന്നവരെ നിരുത്സാഹപ്പെടുത്താനുള്ള സകല കുതന്ത്രങ്ങളെയും കര്‍ഷകര്‍ പരാജയപ്പെടുത്തിയിരിക്കുന്നു. കര്‍ഷക സംഘടനകളെ മനഃപൂര്‍വം പ്രകോപിപ്പിക്കാന്‍ പൊലീസുകാര്‍ പലവട്ടം പരിശ്രമിച്ചെങ്കിലും വിജയിക്കുകയുണ്ടായില്ല. സമരരംഗത്തുള്ളവരുടെ സ്ത്രീകളും വൃദ്ധന്മാരുമുള്‍പ്പെടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്താനുള്ള നീക്കങ്ങളും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. സമരരംഗത്തുള്ളവരെ പിരിച്ചുവിടാന്‍ പെല്ലറ്റ് തോക്കുകളും ടിയര്‍ ഗ്യാസ് പ്രയോഗവും നടത്തിയ അനുഭവങ്ങളും നിരവധിയാണ്. ഇത്തരം ഹീനമായ അടിച്ചമര്‍ത്തല്‍ തന്ത്രങ്ങള്‍ കുറെക്കഴിഞ്ഞപ്പോള്‍ തിരിച്ചടിക്കിടയാക്കിയ അനുഭവങ്ങളും ഹരിയാനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍വിജ്, 2024ഫെബ്രുവരിയില്‍ കര്‍ഷകര്‍ക്കു നേരെയുണ്ടായ വെടിവയ്പ് തീര്‍ത്തും അനാവശ്യമായിരുന്നു എന്നും ഈ സംഭവത്തില്‍ പിന്തുണ നല്‍കിയതിലൂടെ തനിക്ക് സംഭവിച്ച പിഴവില്‍ ദുഃഖമുണ്ടെന്നും കര്‍ഷക സമരത്തില്‍ പങ്കെടുത്തവരെപ്പറ്റി തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ വര്‍ഗശത്രുക്കളാണെന്നും തുറന്നു പ്രസ്താവിച്ചു. യഥാര്‍ത്ഥ കര്‍ഷകര്‍ സമരരംഗത്ത് ഉറച്ചുതന്നെ തുടരുമെന്നും പിന്തിരിയണമെങ്കില്‍ ആവശ്യങ്ങളെല്ലാം പൂര്‍ണമായും തൃപ്തിപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമായേ തീരൂ എന്നും കര്‍ഷക സംഘടനകളുടെ ഐക്യവേദി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. കാര്‍ഷികോല്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവിലയും വായ്പാ എഴുതിത്തള്ളല്‍ നടപടിയും അടങ്ങുന്ന മുഴുവന്‍ ആവശ്യങ്ങളും അനുവദിക്കാതിരുന്നാല്‍ ജീവിതം ‍തന്നെ അസാധ്യമാകുമെന്നും അതിനവര്‍ സന്നദ്ധരാവില്ലെന്നും ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുന്നു. പുതിയ സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് കര്‍ഷക കൂട്ടായ്മ ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.