20 November 2024, Wednesday
KSFE Galaxy Chits Banner 2

ഇന്ത്യയുടെ ഗ്യാരന്റി

സി ആർ ജോസ്‌പ്രകാശ്
March 18, 2024 4:30 am

മാര്‍ച്ച് 10ന് റായ്‌പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിച്ചതിങ്ങനെ: “ചില പാര്‍ട്ടികള്‍ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും വരെ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യും. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെ എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളും നടപ്പിലാക്കും. ഇത് മോഡിയുടെ ഗ്യാരന്റിയാണ്. രാജ്യം ഇന്ന് വളര്‍ച്ചയുടെ നെറുകയിലാണ്. ലോകത്ത് ഏറ്റവും വലിയ വളര്‍ച്ചാനിരക്ക് ഇന്ത്യയിലാണ്. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി നമ്മള്‍ മാറുന്നു. ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഇന്ത്യയെയാണ്”. കള്ളം പറയാനുള്ള മോഡിയുടെ കഴിവ് രാജ്യം കണ്ടിട്ടുള്ളതാണ്. തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോള്‍ അതിന്റെ പ്രകമ്പനം വര്‍ധിച്ചു എന്നു മാത്രം. മോഡി സര്‍ക്കാരിന്റെ മുന്‍ വാഗ്ദാനങ്ങള്‍ എന്തൊക്കെയായിരുന്നു എന്നുകൂടി പരിശോധിക്കാം. ‘ബിജെപി ഭരണത്തില്‍ അച്ഛാദിന്‍ വന്നുചേരും. രാജ്യത്ത് 35 ലക്ഷം കോടി രൂപയുടെ കള്ളപ്പണമുണ്ട്. അതുമുഴുവന്‍ കണ്ടുകെട്ടും. ആ തുക രാജ്യത്തെ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് അവരുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നല്‍കാന്‍ ഉപയോഗിക്കും. ഒരു വര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഡീസലിന്റെ വില 35 രൂപയായി നിയന്ത്രിച്ചുനിര്‍ത്തും. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. അതിദാരിദ്ര്യം ഇല്ലാതാക്കും. നാണയപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കും. എല്ലാവര്‍ക്കും വീട് ഉറപ്പാക്കാന്‍ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കും. സ്ത്രീസുരക്ഷ, അവരുടെ ആത്മാഭിമാനം, ഭരണത്തില്‍ തുല്യപങ്കാളിത്തം എന്നിവ ഉറപ്പാക്കുകയും ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്യും. കയറ്റുമതി വര്‍ധിപ്പിച്ചും ഇറക്കുമതി കുറച്ചും ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയും. പൗരത്വഭേദഗതി നിയമം നടപ്പിലാക്കും. അയോധ്യയില്‍ ക്ഷേത്രം പണിയും’. ഇങ്ങനെ വാഗ്ദാനങ്ങളുടെ നിര വളരെ വലുതായിരുന്നു. പ്രവര്‍ത്തിക്കാത്ത സര്‍ക്കാരാണ് മോഡിയുടേത് എന്ന് പറയാനാകില്ല. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഇതുപോലെ ഉണര്‍ന്നു പ്രവര്‍ത്തിച്ച മറ്റൊരു സര്‍ക്കാര്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ജമ്മു കശ്മീര്‍ പ്രശ്നം, പൗരത്വഭേദഗതി നിയമം, അയോധ്യ ക്ഷേത്രം എന്നിവ നടപ്പിലാക്കുന്നതില്‍ കാട്ടിയ കാര്യക്ഷമത അസാധാരണമാണ്. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതതന്നെ. അതിന്റെ നേട്ടങ്ങളുടെ വലിയൊരു പങ്ക് രാജ്യത്തെ ഒരു ശതമാനത്തിന് താഴെ മാത്രം വരുന്ന കോര്‍പറേറ്റുകളില്‍ എത്തിക്കുന്നതില്‍ കാട്ടിയ മിടുക്ക് ചരിത്രപരവുമാണ്. 30 ശതമാനം ഉണ്ടായിരുന്ന കോര്‍പറേറ്റ് ടാക്സ് 22ശതമാനമാക്കി കുറച്ചുനല്‍കി. അതിലൂടെ ഓരോ വര്‍ഷവും കേന്ദ്ര ഖജനാവില്‍ എത്തേണ്ടിയിരുന്ന 2.25 ലക്ഷം കോടിയുടെ നേട്ടമാണ് ഏതാനും കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുന്നത്. അഡാനിയും അംബാനിയും ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളുടെ സമ്പത്തില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ടുണ്ടായ വളര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നില്ല.

ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറാന്‍ പോകുന്നു എന്ന് മോഡിയും അമിത്ഷായും നിര്‍മ്മലാ സീതാരാമനും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ബിജെപി നേതാക്കളെല്ലാം ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. 2004 മുതല്‍ 14 വരെയുള്ള 10 വര്‍ഷത്തെ ശരാശരി വളര്‍ച്ചാനിരക്ക് 7.6 ശതമാനം ആയിരുന്നത് 2014 മുതല്‍ 23വരെ 6.22 ശതമാനമായി കുറയുകയായിരുന്നു. ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തി അമേരിക്കയാണ്. തുടര്‍ന്ന് ചൈന, ജര്‍മ്മനി, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ വരുന്നു. 2024 ജനുവരിയിലെ കണക്ക് പ്രകാരം ലോകത്ത് 802 കോടി മനുഷ്യരാണുള്ളത്. ജനസംഖ്യയില്‍ ലോകത്ത് ഒന്നാമത് നില്‍ക്കുന്ന രാജ്യം (144 കോടി) ഇന്ത്യയാണ്. ചൈനയില്‍ 143 കോടിയും അമേരിക്കയില്‍ 33 കോടിയും ജനങ്ങളാണുള്ളത്. സാമ്പത്തിക രംഗത്ത് ഇന്ത്യ മറികടക്കുമെന്ന് കരുതുന്ന ജപ്പാനില്‍ 12 കോടിയും ജര്‍മ്മനിയില്‍ എട്ടു കോടിയും ജനങ്ങളുള്ളപ്പോള്‍, ഇന്ത്യയില്‍ 144 കോടി ജനങ്ങളുണ്ട് എന്ന കാര്യം മോഡി ഒരിക്കല്‍ പോലും പറയാറില്ല. പലവിധ കാരണങ്ങളാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാജ്യം ചൈനയാണ്. രണ്ടു വര്‍ഷം മുമ്പ് വരെ ജനസംഖ്യയില്‍ നമുക്ക് മുന്നിലായിരുന്നു ഈ രാജ്യം. അവര്‍ ഒരു വര്‍ഷം ഉല്പാദിപ്പിക്കുന്ന മൊത്തം സമ്പത്ത് 18,56,600 കോടി‍ ഡോളര്‍ ആണെങ്കില്‍ ഇന്ത്യ ഉല്പാദിപ്പിക്കുന്നത് 4,11,200 കോടി‍ ഡോളര്‍ മാത്രമാണ്. ഇന്ത്യയെക്കാള്‍ നാലിരട്ടിയിലധികം സമ്പത്ത് ചൈന ഉല്പാദിപ്പിക്കുന്നുവെന്നര്‍ത്ഥം. ശരാശരി ഇന്ത്യക്കാര്‍ ഭക്ഷിക്കുന്നതിനെക്കാള്‍ രണ്ടര ഇരട്ടിയിലധികം ഗുണമുള്ള ഭക്ഷണം ശരാശരി ചൈനക്കാര്‍ കഴിക്കുന്നു. മോഡിയുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശവാദത്തിന്റെ പൊള്ളത്തരം ഈ കണക്കില്‍ നിന്ന് വ്യക്തമാകും. രാജ്യത്ത് കള്ളപ്പണം കുറഞ്ഞിട്ടില്ല. ഒരാളുടെ അക്കൗണ്ടിലും 15 ലക്ഷം രൂപ എത്തിയില്ല. ഒരു വര്‍ഷം രണ്ടുകോടി എന്ന കണക്കില്‍ 10 വര്‍ഷം കൊണ്ട് 20 കോടി തൊഴിലവസരം സൃഷ്ടിക്കപ്പെടേണ്ടതാണ്. ഇത് സംഭവിച്ചില്ലെന്നു മാത്രമല്ല, കഴിഞ്ഞ 42 വര്‍ഷ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ രാജ്യത്ത് നിലനില്‍ക്കുകയും ചെയ്യുന്നു. മോഡി നേരിട്ട് കൈകാര്യം ചെയ്യുന്ന കേന്ദ്ര സര്‍വീസില്‍ പോലും 2024 ജനുവരി ഒന്നിന്റെ കണക്കുപ്രകാരം 10.21 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതാണ്.

 


ഇതുകൂടി വായിക്കൂ: ഇലക്ടറല്‍ ‘ബോംബി’ലെ കരിയും പുകയും


2023ല്‍ രാജ്യത്ത് മൊത്തം നടന്ന സ്ഥിരം നിയമനങ്ങളില്‍ 42 ശതമാനവും കേരളം എന്ന കൊച്ചു സംസ്ഥാനത്താണ് എന്നത് ശ്രദ്ധേയമാണ്. മണ്ഡല്‍ കമ്മിഷനും സംവരണ വ്യവസ്ഥയ്ക്കും പ്രസക്തിയുള്ളത് ഇപ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ്. പട്ടികജാതി-പട്ടികവര്‍ഗ സംവരണത്തിന്റെ സ്ഥിതിയും ഇതുതന്നെ. പെട്രോള്‍, ഡീസല്‍ വില കുറഞ്ഞില്ല എന്ന് മാത്രമല്ല, ഇരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്തു. (ഇപ്പോള്‍ രണ്ടു രൂപ കുറച്ച സാഹചര്യം എല്ലാവര്‍ക്കും അറിയാം). കര്‍ഷകരുടെ വരുമാനം ഇരട്ടിയായിട്ടില്ല. ആയിരക്കണക്കിന് കര്‍ഷകരാണ് ഓരോ വര്‍ഷവും ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ മാത്രം 11,226 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതിദാരിദ്ര്യം ഇല്ലാതായില്ല. ഇതുസംബന്ധിച്ച ലോകത്തെ എല്ലാ പഠന റിപ്പോര്‍ട്ടുകളിലും പറയുന്നത്, ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ള രാജ്യം ഇന്ത്യയാണെന്നാണ്. ശിശുമരണത്തിന്റെ കാര്യത്തിലും ഇതാണ് സ്ഥിതി. നാണയപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രണമില്ലാതെ തുടരുന്നു. 2014ന് ശേഷം ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സംഭവിച്ച തകര്‍ച്ച പരിശോധിച്ചാല്‍ കാര്യം വ്യക്തമാകും. കേരളമൊഴികെ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും 50 ശതമാനം കുടുംബങ്ങള്‍ക്കുപോലും സ്വന്തമായി വീടില്ല. ബിഹാര്‍, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍ മുതലായ സംസ്ഥാനങ്ങളിലെ സ്ഥിതി ദയനീയമാണ്. ലോകത്തേറ്റവും കൂടുതല്‍ വനിതകള്‍ ദ്രോഹിക്കപ്പെടുന്ന രാജ്യവും ഇന്ത്യയാണ്. വനിതാ സംവരണ ബില്‍ പാസാക്കുകയും സമീപകാലത്തൊന്നും അതിന്റെ പ്രയോജനം ഇന്ത്യന്‍ വനിതകള്‍ക്ക് കിട്ടില്ല എന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതില്‍ കാപട്യത്തിന്റെ അങ്ങേയറ്റം പ്രകടമാണ്. 2011ന് ശേഷം രാജ്യത്ത് സെന്‍സസ് നടന്നിട്ടില്ല. സര്‍ക്കാരിന് അതില്‍ താല്പര്യവുമില്ല. സെന്‍സസിലൂടെ പുറത്തുവരുന്ന കണക്കുകള്‍, തങ്ങള്‍ പറഞ്ഞിരുന്ന കണക്കുകളെ അസാധുവാക്കുമെന്ന് അവര്‍ക്കറിയാം. രാജ്യത്ത് ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയുമാണ്. ചൈനക്കെതിരെ ഇന്ത്യ നിരന്തരം ആരോപണം ഉന്നയിക്കുമ്പോഴും അവിടെ‍ നിന്നുള്ള ഇറക്കുമതി ഓരോ വര്‍ഷവും കൂടുകയാണ്. “മേക്ക് ഇന്‍ ഇന്ത്യ” എന്നത് പാഴ‌്‌വാക്കായി. ആരോഗ്യ മേഖലയ്ക്ക് മൊത്തം ചെലവിന്റെ 3.64 ശതമാനം ഇന്ത്യ മാറ്റിവയ്ക്കുമ്പോള്‍, ചൈന മാറ്റിവയ്ക്കുന്നത് 10.26 ശതമാനമാണ്. ലോകത്തേറ്റവും കൂടുതല്‍ മനുഷ്യര്‍ ചികിത്സ കിട്ടാതെ മരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയതിന്റെ കാരണമിതാണ്. പട്ടികജാതി-പട്ടികവര്‍ഗക്കാരില്‍ 54 ശതമാനം പേര്‍ ചികിത്സ കിട്ടാതെയാണ് മരിക്കുന്നത്. ഇക്കാര്യത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന സംസ്ഥാനം കേരളമാണ്. അക്ഷരമറിയാത്തവരും ലോകത്തേറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണെന്ന് കൃത്യമായി കണക്കുള്ളതുകൊണ്ടാകണം സാക്ഷരതയെക്കുറിച്ച് മോഡി അവകാശവാദങ്ങള്‍ ഉന്നയിച്ചു കണ്ടിട്ടില്ല.
നെഹ്രുവിന്റെ കാലം മുതല്‍ വളര്‍ത്തിക്കൊണ്ടുവന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ചുകൊണ്ടിരിക്കുന്നു. എല്ലാ മാനദണ്ഡങ്ങളും പിഴുതുമാറ്റി, റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം മുഴുവനായും ഏറ്റുവാങ്ങുന്നു. 2014–15ല്‍ പെട്രോള്‍-ഡീസല്‍ നികുതിയിലൂടെ കേന്ദ്രത്തിന് കിട്ടിയിരുന്നത് 1.26 ലക്ഷം കോടി രൂപയായിരുന്നെങ്കില്‍ 2022–23ല്‍ ഇത് 4.32 ലക്ഷം കോടി രൂപയാണ്. 2023–24ല്‍ ഇത് അഞ്ചുലക്ഷം കോടി രൂപ കടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ കണക്ക് വ്യക്തമാക്കുന്നത് കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ നാലിരട്ടി തുക ഈ ഇനത്തില്‍ രാജ്യത്തെ ജനങ്ങളില്‍ നിന്ന് കൊള്ളയടിച്ചുവെന്നാണ് ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം നല്‍കുന്നത് വളഞ്ഞ വഴിയിലൂടെ കവര്‍ന്നെടുത്തു. വിവിധ സാധനങ്ങളുടെ പുറത്ത് സെസും സര്‍ചാര്‍ജും ഏര്‍പ്പെടുത്തിയാണ് ഈ വഞ്ചന നടത്തിയത്. ഇവയിലൂടെ കിട്ടുന്ന തുകയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതില്ല. ഇപ്പോള്‍ കേന്ദ്ര വരുമാനത്തിന്റെ 22.16 ശതമാനം സെസ്, സര്‍ചാര്‍ജ് ഇവയിലൂടെ ലഭിക്കുന്നതാണ്. 2014ന് മുമ്പ് ഇത് 10 ശതമാനത്തില്‍ താഴെയായിരുന്നു. ജിഎസ്‌ടി നടപ്പിലാക്കിയതിലും ഈ കാപട്യം പ്രകടമാണ്. 2017ല്‍ ജിഎസ്‌ടി നടപ്പിലാക്കിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ കഴിയുമായിരുന്ന 63 ശതമാനം സാധനങ്ങളെ‍ ഇതിന്റെ പരിധിയിലാക്കി. സംസ്ഥാനങ്ങളുടെ തനതു വരുമാനമായി അവശേഷിച്ചത് 37 ശതമാനം മാത്രം. ഈ സാഹചര്യത്തില്‍ ജിഎസ്‌ടി വിഹിതം നിശ്ചയിക്കുമ്പോള്‍ 60 ശതമാനം സംസ്ഥാനങ്ങള്‍ക്കും 40 ശതമാന കേന്ദ്രത്തിനും നിശ്ചയിക്കണമെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. അതംഗീകരിക്കാതെ 50:50 ആയി നിശ്ചയിച്ചു. ഇതുമൂലമുള്ള നഷ്ടപരിഹാരം അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ നിര്‍ത്തലാക്കുകയും ചെയ്തു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരില്‍ 66 ശതമാനം അതിന്റെ പരിധിയിലായി. ഇതിന്റെ ഫലമായി സര്‍ക്കാരിന്റെ പെന്‍ഷന്‍ ചെലവ് കുറഞ്ഞു തുടങ്ങി. ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ശമ്പള ചെലവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സബ്സിഡി, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഇവയിലൂടെയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ചെലവ് കുറയുകയാണ്. സംസ്ഥാനങ്ങള്‍ ജിഡിപിയുടെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാവൂ എന്നു വാശിപിടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, ജിഡിപിയുടെ 5.86 ശതമാനമാണ് വായ്പ എടുത്തിരിക്കുന്നത്. ഈ സാമ്പത്തിക സമാഹരണത്തിന്റെയെല്ലാം നേട്ടം ആര്‍ക്കാണെന്ന് കോര്‍പറേറ്റുകളുടെ അതിവേഗത്തിലുള്ള വളര്‍ച്ചയുടെ തോത് പരിശോധിച്ചാല്‍ ഉത്തരം കിട്ടും.
ഇത്രയും വാഗ്ദാനലംഘനം നടത്തുന്ന, കാപട്യം കാട്ടുന്ന, ജനങ്ങളെ ദ്രോഹിക്കുന്ന ഒരു ഭരണസംവിധാനം എങ്ങനെയാണ് വീണ്ടും ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്? ജാതി, മതം, വര്‍ഗീയത, അന്ധവിശ്വാസങ്ങള്‍, ക്ഷേത്രങ്ങള്‍, അയോധ്യ മുതലായ എല്ലാ എതിരായ ഘടകങ്ങളെയും മറികടക്കാന്‍ പര്യാപ്തമാണെന്ന് ബിജെപി വിലയിരുത്തുന്നു. മുമ്പും അവരിത് പരീക്ഷിക്കുകയും അതിന്റെ നേട്ടം കൊയ്തെടുക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ കൂടി അതിന്റെ നേട്ടം കൊയ്യാനാകുമോ എന്നാണവര്‍ നോക്കുന്നത്. അയോധ്യയും പൗരത്വഭേദഗതി നിയമവുമെല്ലാം വരുന്ന വഴി ഇതാണ്. വര്‍ഗീയതയുടെ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കാതെ 25 ശതമാനം സീറ്റുപോലും ബിജെപിക്ക് നേടാനാകില്ല. ഇക്കാര്യം നന്നായി അറിയാവുന്ന ഒരാള്‍ മോഡിയാണ്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ ബിജെപിയുടെ വര്‍ഗീയതയും മോഡിയുടെ കാപട്യവും തിരിച്ചറിയുന്നവരുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.