28 April 2024, Sunday

ഇലക്ടറല്‍ ‘ബോംബി’ലെ കരിയും പുകയും

സുരേന്ദ്രന്‍ കുത്തനൂര്‍
March 15, 2024 4:31 am

ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊണ്ട് മുഖരിതമാണ് ദേശീയ രാഷ്ട്രീയാന്തരീക്ഷം. അതിനൊപ്പം പുകപടലമുയര്‍ത്തി പൗരത്വഭേദഗതി ബില്ലുമുണ്ട്. സുപ്രീം കോടതിയുടെ വിധിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുടെ നിലപാടുകളുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയായത്. ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും സുപ്രീം കോടതിയുടെ ഫെബ്രുവരി 15ലെ വിധിയാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. കോടതിവിധി കേന്ദ്ര സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് വിലയിരുത്തപ്പെട്ടു. ബോണ്ട് വിവരങ്ങള്‍ മാര്‍ച്ച് ആറിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐ കെെമാറണമെന്നും 13നകം കമ്മിഷന്‍ വെബ്സെെറ്റില്‍ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു കോടതി ഉത്തരവിട്ടത്. എന്നാല്‍ വിവരങ്ങള്‍ കെെമാറാന്‍ ജൂണ്‍ 30 വരെ സമയം നീട്ടണമെന്നാവശ്യപ്പെട്ട് ബാങ്ക് കോടതിയെ സമീപിക്കുകയും, ആവശ്യം നിരസിച്ച കോടതി 24 മണിക്കൂറിനകം കെെവശമുള്ള രേഖകള്‍ കെെമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഉത്തരവിടുകയും ചെയ്തു.
പരമോന്നത നീതിപീഠം ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019ലെ പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്തു. തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തില്‍ കോടതിയില്‍ നിന്നുണ്ടായ പ്രഹരത്തില്‍ നിന്ന് മുഖം രക്ഷിക്കുകയും ചര്‍ച്ചകള്‍ വഴിതിരിച്ചുവിടുകയുമായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന പ്രസ്തുത നിയമത്തിലേക്ക് പ്രതിപക്ഷത്തിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധതിരിക്കുക എന്ന തന്ത്രം. ഏതായാലും തൊട്ടടുത്തദിവസം തന്നെ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് എസ്ബിഐ കെെമാറി. നിര്‍ദിഷ്ട സമയത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലവിലെ അധിപതി രാജീവ് കുമാര്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. കോടതിയലക്ഷ്യ നടപടികളില്‍ പേടിച്ച് എസ്ബിഐ രേഖകള്‍ സമര്‍പ്പിച്ചതും കമ്മിഷന്‍ ആ രേഖകള്‍ പ്രസിദ്ധീകരിക്കാനിരിക്കുന്നതും കേസിലെ ഹര്‍ജിക്കാരുടെ വിജയമാണ്. എന്നാല്‍ സുപ്രീം കോടതി വിധിയില്‍ തന്നെ എസ്ബിഐക്ക് രക്ഷപ്പെടാന്‍ പഴുതുണ്ടായെന്നും ബോണ്ടുകള്‍ ആര്‍ക്കെല്ലാം ആരെല്ലാം നല്‍കിയെന്ന വിവരം അത്രയെളുപ്പത്തില്‍ പുറംലോകം അറിയാന്‍ വഴിയില്ല എന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വിവരങ്ങള്‍ മുഴുവന്‍ ക്രോഡീകരിക്കാന്‍ ജൂണ്‍ 30 വരെ എസ്ബിഐ സമയം ചോദിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെ രക്ഷിക്കാനുള്ള ബാധ്യത കൊണ്ടായിരുന്നു. ആര് വാങ്ങി, ആര്‍ക്ക് കൊടുത്തു എന്നതടക്കം രേഖകള്‍ യോജിപ്പിക്കാന്‍ സമയം വേണമെന്നാണ് എസ്ബിഐ ആവശ്യപ്പെട്ടത്. പക്ഷേ പറഞ്ഞസമയത്ത് രേഖകള്‍ സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടതിനാല്‍ ഒത്തുനോക്കലിന്റെ ബാധ്യതയില്‍ നിന്ന് തല്‍ക്കാലം എസ്ബിഐ തലയൂരി. ‘രേഖകള്‍ താരതമ്യം ചെയ്യാനല്ല, കെെവശമുള്ളവ കെെമാറാനാണ് ഉത്തരവിട്ടത്’ എന്ന കോടതി പരാമര്‍ശം മറയായി. വിവരങ്ങള്‍ ഒത്തുനോക്കി ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരെയും ലഭിച്ച പാര്‍ട്ടികളെയും കണ്ടെത്തേണ്ട ബാധ്യതയില്‍ നിന്ന് തടിതപ്പിയതോടെ, മോഡി സര്‍ക്കാരിനെ തെരഞ്ഞെടുപ്പ് കഴിയുംവരെ സുരക്ഷിതമാക്കാന്‍ എസ്ബിഐക്ക് കഴിഞ്ഞു. ഏറ്റവുമധികം പണം ഇലക്ടറല്‍ ബോണ്ട് വഴി ഒഴുകിയെത്തിയത് ബിജെപി അക്കൗണ്ടിലായതിനാല്‍ ആര്, ആര്‍ക്ക്, എത്രത്തോളം നല്‍കിയെന്നത് ഏറ്റവും ബാധിക്കുന്നത് ആ പാര്‍ട്ടിയെയായിരിക്കുമല്ലോ.
കമ്മിഷന്‍ വെബ്സെെറ്റില്‍ വിവരങ്ങൾ പ്രസിദ്ധീകരിച്ചാലും ഒരു കമ്പനി വാങ്ങിയ നിശ്ചിത ബോണ്ട് ഏതുപാർട്ടിയാണ് പണമാക്കിയതെന്ന് കണ്ടെത്താൻ എളുപ്പത്തില്‍ കഴിയില്ല. വ്യാജ ബോണ്ടുകൾ തടയാനുള്ള സുരക്ഷാമുൻകരുതലായി ഓരോ ബോണ്ടിനും സീരിയൽ നമ്പരുണ്ട്. അൾട്രാവയലറ്റ് വെളിച്ചത്തിലേ ഇവ കാണാനാകൂവെന്നും ഈ സീരിയൽ നമ്പരുകൾ അതത് വ്യക്തിയുടെ/കമ്പനിയുടെ പേരിൽ എസ്ബിഐ രേഖപ്പെടുത്താറില്ലെന്നും മുൻ ധനവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വ്യക്തമാക്കിയിരുന്നു. ബോണ്ട് വാങ്ങിയയാളെ കണ്ടെത്താൻ ഈ നമ്പർ ഉപയോഗിക്കാനാവില്ലെന്ന് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പിഡിഎഫ് ഫയലുകളായി പാസ്‌വേഡ് സുരക്ഷയോടെയാണ് പെൻഡ്രൈവിലാക്കിയ രേഖകള്‍ ബാങ്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ബോണ്ടുകള്‍ ഏതുപാര്‍ട്ടിക്കാണ് ലഭിച്ചതെന്ന് സൂചിപ്പിക്കുന്ന പ്രത്യേക കോഡ് നമ്പര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതുണ്ടാകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ കോടതിയലക്ഷ്യമാവുകയുമില്ല.
പ്രത്യേക കോഡ് നമ്പരുണ്ടെങ്കിൽ ഒരു കമ്പനി വാങ്ങിയ ബോണ്ട് ഏതുപാർട്ടിയാണ് പണമാക്കി മാറ്റിയതെന്ന് പട്ടികകള്‍ താരതമ്യം ചെയ്ത് കണ്ടെത്താനാകും. പല കമ്പനികളും ഉപകമ്പനികളുടെ പേരിലാകാം ബോണ്ടുകൾ വാങ്ങിയതെങ്കിലും തീയതിയും മറ്റു സൂചനകളും വച്ച് സംഭാവനകൾ ഏതുപാർട്ടിക്കാണ് ലഭിച്ചതെന്ന് മനസിലാക്കാൻ കഴിഞ്ഞേക്കും. കോടതിയുത്തരവനുസരിച്ചുണ്ടായ നടപടികള്‍ തെളിയിക്കുന്നത് ബോണ്ട് കൈപ്പറ്റിയതിന്റെ വിശദാംശങ്ങൾ ഉടൻ പൊതുസമൂഹത്തിന് ലഭ്യമാകില്ലെന്നാണ്. ആര് ആർക്ക് പണം നൽകിയെന്ന വിവരം അറിയാൻ കാലതാമസമുണ്ടാകുന്നത് ബിജെപിക്ക് ആശ്വാസമാണ്. നിലവിലുള്ള രേഖകളെല്ലാം സംയോജിപ്പിച്ച് അതിലെ ഉറവിടവും ശേഖരവും തിരിച്ചറിയാന്‍ സാങ്കേതിക വെെദഗ്ധ്യവും സമയവും ആവശ്യമായി വരും. ഈ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്രഭരണ പാര്‍ട്ടിക്ക് കേടുണ്ടാകാതിരിക്കാനുള്ള വഴിയൊരുക്കിയാണ് എസ്ബിഐ സുപ്രീം കോടതിയില്‍ തലയൂരിയത് എന്നര്‍ത്ഥം. കിട്ടിയ വിവരങ്ങള്‍ വെബ്സെെറ്റില്‍ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും “സത്യസന്ധത” പ്രകടിപ്പിക്കും. അതല്ലാതെ വാങ്ങിയവിവരങ്ങളുടെ വിവരങ്ങളേ ഉള്ളൂ, കിട്ടിയവരുടെ ഇല്ല എന്ന് കോടതിയിലോ പൊതുസമക്ഷമോ പറയാന്‍ വിനീത വിധേയരായ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകുമെന്ന് സ്വപ്നത്തില്‍ പാേലും കരുതാനാകില്ല.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിഷയത്തിലെ ഇരട്ടത്താപ്പ് ഇതുവരെയുള്ള നടപടികള്‍ തെളിയിച്ചിട്ടുള്ളതാണ്. മതിയായ സുരക്ഷാ സംവിധാനങ്ങളുള്ളതിനാല്‍ ഇലക്ടറൽ ബോണ്ടുകൾ സ്‌റ്റേ ചെയ്യാൻ ന്യായീകരണമില്ല എന്ന് ഇതേ കേസില്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ബെഞ്ച് 2021ല്‍ വിധിച്ചിരുന്നു. അന്ന് ബാേണ്ടുകള്‍ സ്റ്റേ ചെയ്യാനുള്ള അപേക്ഷയെ കമ്മിഷന്‍ എതിർത്തതാണ് വിധിക്ക് അടിസ്ഥാനമായത്. എന്നാല്‍ ഇതേ കമ്മിഷന്‍ അതിനുമുമ്പ് ബോണ്ടുകളുടെ അജ്ഞാത സ്വഭാവത്തെക്കുറിച്ച് ആശങ്കകൾ പ്രകടിപ്പിച്ച് എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നതാണ്. ജനപ്രാതിനിധ്യ നിയമം 1951ൽ വരുത്തിയ 2017ലെ ഭേദഗതിയുടെ അടിസ്ഥാനത്തിൽ, ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിക്കുന്ന സംഭാവനകൾ രാഷ്ട്രീയ പാർട്ടികൾ കമ്മിഷന് സമര്‍പ്പിക്കേണ്ടതില്ല. “സംഭാവനകളുടെ സുതാര്യതയെ സംബന്ധിച്ചിടത്തോളം പിന്തിരിപ്പൻ നടപടിയാണ് ഇത്” എന്ന് വിശേഷിപ്പിച്ച കമ്മിഷന്‍ ഭേദഗതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേസിന്റെ നാള്‍വഴികളിലെല്ലാം ഭരണകൂടാനുകൂല നടപടികളാണ് കമ്മിഷനില്‍ നിന്നുണ്ടായത്. പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ളവരെ കമ്മിഷണര്‍മാരാക്കാമെന്ന നിയമം കൂടി പ്രാബല്യത്തില്‍ വന്നതോടെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് നിഷ്പക്ഷത പ്രതീക്ഷിക്കേണ്ടതില്ല.
2019 മുതല്‍ ഇതുവരെ 22,217 തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും വാങ്ങിയിട്ടുണ്ടെന്നാണ് എസ്ബിഐ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ഇതില്‍ 22,030 ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയെന്നും അറിയിച്ചിട്ടുണ്ട്. പണമാക്കാതെ ബാക്കിയുള്ള 187 ബോണ്ടിന്റെ തുക പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചതായും ബാങ്ക് അറിയിച്ചിട്ടുണ്ട്. ബോണ്ട് കൊടുത്തവരുടെയും വാങ്ങിയവരുടെയും പട്ടിക പരസ്പരം ബന്ധപ്പെടുത്താത്തതില്‍ ഹര്‍ജിക്കാര്‍ തൃപ്തരാവില്ലെന്ന് എസ്ബിഐക്ക് നല്ലവണ്ണം അറിയാം. പക്ഷേ കോടതിയലക്ഷ്യത്തില്‍ നിന്ന് രക്ഷപ്പെടാനും കേന്ദ്ര സര്‍ക്കാരിനെ തല്‍ക്കാലം രക്ഷിക്കുന്നതിന് സമയം നേടിയെടുക്കാനും ബാങ്കിന് കഴിഞ്ഞു.
പുറത്തിറക്കിയ 10,000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി എന്നീ മൂല്യങ്ങളിലുള്ള ബോണ്ടുകള്‍ വാങ്ങിയവരുടെ കെവൈസി വിവരങ്ങള്‍ ബാങ്കിലുണ്ടാകും എന്നത് വാസ്തവം. അതിനാല്‍ പണക്കെെമാറ്റ വിവരങ്ങള്‍ ഒരിക്കലും പുറത്തുവരാതിരിക്കില്ല. പക്ഷേ കാര്യങ്ങള്‍ വൈകിപ്പിക്കാന്‍ എസ്ബിഐക്കും സര്‍ക്കാരിനും കഴിഞ്ഞിരിക്കുന്നു. എല്ലാ കോര്‍പറേറ്റ് സ്ഥാപനങ്ങളും വ്യക്തികളും സ്വന്തം പേരില്‍ നേരിട്ടായിരിക്കില്ല ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടാവുക. കാരണം രാഷ്ട്രീയ പാര്‍ട്ടികളെ സ്വാധീനിക്കാന്‍ നല്‍കിയ കോഴയായിത്തന്നെയാവും ബോണ്ടുകളെ കണ്ടിട്ടുണ്ടാവുക. കൊടുക്കുന്നവനും വാങ്ങുന്നവനും രഹസ്യമാക്കുന്ന സംഭാവനയായി മോഡി സര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് കൊണ്ടുവന്നപ്പോള്‍ മുതല്‍ പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാണിച്ചതാണ്. നാളിതുവരെയുള്ള ബോണ്ടുകളില്‍ 70 ശതമാനത്തിലേറെ ലഭിച്ചത് ബിജെപിക്കാണ് എന്ന കണക്കുകള്‍ ഇത് തെളിയിച്ചതുമാണ്. ഫെബ്രുവരി 15ലെ ഉത്തരവില്‍ “ഭരണത്തിലുള്ള പാര്‍ട്ടിക്ക് എന്തുകൊണ്ട് സംഭാവനയുടെ സിംഹഭാഗവും കിട്ടുന്നു” എന്ന് സുപ്രീം കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.