21 November 2024, Thursday
KSFE Galaxy Chits Banner 2

ഹൃത്തിലിടമുറപ്പിച്ച മലയാള മാതൃത്വം

ടി കെ അനിൽകുമാർ
September 20, 2024 10:48 pm

വട്ടപ്പൊട്ടും പുഞ്ചിരി മായാത്ത മുഖവുമായി മലയാളികളുടെ മനം കീഴടക്കിയ അമ്മമനസ് ഇനി ഓർമ്മ. മലയാളത്തിലെ ആദ്യകാല നടൻമാരായ സത്യന്റെയും മധുവിന്റെയും മുതൽ വർത്തമാന സൂപ്പർ താരങ്ങളായ മമ്മുട്ടിയുടെയും മോഹൻലാലിന്റേയുമെല്ലാം അമ്മയായി ഒട്ടേറെ ചിത്രങ്ങളിൽ കവിയൂർ പൊന്നമ്മ ജീവിച്ചപ്പോൾ മലയാളത്തിന്റെ മാതൃഭാവമായി. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ മകനായി അഭിനയിച്ച തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവ് എന്ന നിലയിൽ ജോഡിയായി ഒട്ടേറെ ഹിറ്റുകൾ പുറത്തിറങ്ങിയത് ചരിത്രം. ഇത്രയും സ്ത്രീത്വവും തറവാടിത്തവും ഒരുമിച്ച് കിട്ടിയിട്ടുള്ള നടി വേറെ മലയാള സിനിമയിലുണ്ടാവില്ല. ഒട്ടേറെ സിനിമകളിൽ കവിയൂർ പൊന്നമ്മയുടെ അമ്മ കഥാപാത്രങ്ങൾ ചെയ്ത വൈകാരിത മുറ്റുന്ന സീനുകൾ മലയാളികളുടെ ഹൃദയം കീറിമുറിക്കുന്നതായിരുന്നു. പത്തനംതിട്ടയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. കുട്ടിക്കാലം കൂടുതൽ ചെലവഴിച്ചത് പൊൻകുന്നത്തായിരുന്നു. കുഞ്ഞുനാൾ മുതലേ അച്ഛൻ ടി പി ദാമോദരനിൽ നിന്ന് പകർന്നുകിട്ടിയ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്ന പൊന്നമ്മ എൽപിആർ വർമ്മയുടേയും വെച്ചൂർ എസ് ഹരിഹരസുബ്രഹ്മണ്യയ്യരുടെയും കീഴിൽ സംഗീതം അഭ്യസിച്ചു. എം എസ് സുബ്ബലക്ഷ്മിയെ പോലെ പാട്ടുകാരിയാകണമെന്ന് ആഗ്രഹിച്ച പൊന്നമ്മയെ കാലം കൊണ്ടെത്തിച്ചത് അഭിനയരംഗത്ത്. 

തോപ്പിൽ ഭാസിയെ അഭിനയ കലയുടെ ഗുരുതുല്യനായി കണ്ട കവിയൂർ പൊന്നമ്മ കെപിഎസിയുടെ ‘മൂലധനം’ എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. ‘മൂലധന’ത്തിലാണ് ആദ്യമായി പാടിയത്. ഈ നാടകത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്താലാണ് നായികയാകേണ്ടിവന്നത്. പിന്നെ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആർട്സ്‌ക്ലബ്ബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി, ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. നാടക വേദികളിലെ അഭിനയമികവും പ്രശസ്തിയും അവർക്ക് സിനിമയിലേക്കുള്ള പ്രവേശനത്തിന് വഴിയൊരുക്കി. 1962ൽ 14-ാമത്തെ വയസിൽ മെരിലാൻഡിന്റെ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് ആദ്യമായി കാമറക്കു മുമ്പിൽ എത്തുന്നത്. 

രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ സുന്ദരിയായ മണ്ഡോദരിയായി കവിയൂർ പൊന്നമ്മ തിളങ്ങി. മലയാളിയുടെ അമ്മയുടെ മുഖം തന്നെയായി മാറിയ കവിയൂർ പൊന്നമ്മ ആയിരത്തോളം സിനിമകളിൽ വേഷമിട്ടു. സവിശേഷമായ ഒരു അഭിനയശേഷി കൈമുതലായി ഉള്ളതുകൊണ്ടാകാം അമ്മക്കഥാപാത്രങ്ങൾക്ക് ഏറ്റവും അനുയോജ്യയായ നടിയെന്ന പര്യായം പൊന്നമ്മയ്ക്ക് ലഭിച്ചത്. ശശികുമാർ സംവിധാനം ചെയ്ത ‘കുടുംബിനി’യിൽ ഷീലയുടെ അമ്മയായിട്ടഭിനയിച്ചപ്പോൾ ഷീലയെക്കാൾ പ്രായം കുറവുള്ള പൊന്നമ്മയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ നിർമ്മാതാക്കൾക്കും സംവിധായകർക്കുമെല്ലാം അവരുടെ അമ്മവേഷത്തിനോടായി കൂടുതൽ താല്പര്യം. 

1963ൽ കാട്ടുമൈന എന്ന സിനിമയിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീർത്ഥയാത്ര, ധർമ്മയുദ്ധം, ഇളക്കങ്ങൾ, ചിരിയോ ചിരി, കാക്കക്കുയിൽ തുടങ്ങി എട്ടോളം സിനിമകളിൽ പാട്ടുപാടിയിട്ടുണ്ട്. അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, തീർത്ഥയാത്ര, നിർമ്മാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം, സന്താനഗോപാലം, സുകൃതം തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായി. മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് 1971, 1972, 1973, 1994 എന്നീ വർഷങ്ങളിൽ പൊന്നമ്മയെ തേടിയെത്തി.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.