19 December 2024, Thursday
KSFE Galaxy Chits Banner 2

മോഡിയുടെ അമൃത് കാലത്തെ പട്ടിണിയും തൊഴിലില്ലായ്മയും

എം കെ വേണു
November 10, 2023 4:39 am

തെരഞ്ഞെടുപ്പു രാഷ്ട്രീയം കൂടുതൽ ചൂടുപിടിക്കുമ്പോൾ, അനുദിനം വെെരുധ്യങ്ങളില്‍ കുടുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡിന്റെ ആഘാതം ലഘൂകരിക്കാൻ 80 കോടി പാവങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടുമെന്ന് ഛത്തീസ്ഗഢിലെ പ്രചാരണ പ്രസംഗത്തിൽ മോഡി പ്രഖ്യാപനം നടത്തി. പതിവ് പോലെ, ഇത് ‘ഇന്ത്യന്‍ ജനതയ്ക്ക് മോഡിയുടെ ഉറപ്പ്’ എന്നും പ്രധാനമന്ത്രി വീമ്പിളക്കി. അടുത്തനാളുകളിലായി അദ്ദേഹം തന്റെ പ്രസംഗങ്ങളിൽ വിളംബരം ചെയ്യുന്ന മറ്റൊരു ഉറപ്പ്, താന്‍ മൂന്നാം തവണ പ്രധാനമന്ത്രിയായാൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ്. ജനങ്ങൾക്കുള്ള തന്റെ എല്ലാ സന്ദേശങ്ങളിലും മൂന്നാം വരവിനെക്കുറിച്ച് അഭൗമമായ പ്രവചനം പോലെയാണദ്ദേഹം സംസാരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളിലെല്ലാം വ്യക്തമായ രാഷ്ട്രീയവിരോധാഭാസം ദര്‍ശിക്കാനാകും. 2028 ഓടെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ഒരുങ്ങുന്ന, അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ 80 കോടി പേര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മോഡിക്ക് വിശദീകരിക്കാൻ കഴിയുമോ.

ഇന്ത്യ അതിവേഗം അഭിവൃദ്ധി പ്രാപിക്കുകയും ‘അമൃത് കാലി‘ലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോള്‍ അഞ്ച് വർഷത്തേക്ക് സൗജന്യ റേഷൻ നൽകേണ്ടതുണ്ടോ. അതിവേഗം വളരുകയാണെങ്കിൽ, ആഗോള പട്ടിണി സൂചികയിൽ അത് കൂടുതൽ താഴോട്ടുപോകുന്നത് എന്തുകൊണ്ട്? 2023ലെ ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ നാല് സ്ഥാനങ്ങൾ പിന്നോട്ട് പോയി 111-ാം റാങ്കിലെത്തി. കേന്ദ്ര സർക്കാർ ആഗോള പട്ടിണി റിപ്പോർട്ടിനെ വിമർശിക്കുന്നു. എന്നാൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെവൈ) പ്രകാരമുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് അതിനെ പരോക്ഷമായി അംഗീകരിക്കുകയും ചെയ്യുന്നു.
10 വർഷത്തോളമായി തുടരുന്ന മോഡി ഭരണത്തിന്‍കീഴിലുള്ള രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ സവിശേഷത ഇത്തരം കടുത്ത വൈരുധ്യങ്ങളാണ്. രാജ്യത്തിന്റെ വളർച്ച, തൊഴിൽ, സമ്പാദ്യ നിരക്ക്, സ്വകാര്യ നിക്ഷേപം, വിദേശ നിക്ഷേപം, കയറ്റുമതി തുടങ്ങി എല്ലാ വിഷയങ്ങളിലും ഗുണപരമായ ഫലങ്ങളുണ്ടാക്കാൻ പത്ത് വർഷം പര്യാപ്തമായ കാലയളവാണ്. എന്നാല്‍ ഈ കണക്കുകളിലെല്ലാം രാജ്യം മോശം പ്രകടനം കാണിക്കുന്നു. പക്ഷേ, ലോക സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും തിളക്കമുള്ള രാജ്യമാണ് ഇന്ത്യ എന്നതുപോലുള്ള അമ്പരപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കാൻ ഇത് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പിആർ സംഘത്തിനും തടസമാകുന്നുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങള്‍ ഉൾപ്പെടെ വിവിധ മാധ്യമങ്ങൾ വഴി ഈ വിവരണങ്ങള്‍ അവര്‍ കൂടുതല്‍ വിപുലപ്പെടുത്തുകയാണ്.

 


ഇതുകൂടി വായിക്കൂ; വിശ്വാസ സമൂഹം തീവ്രനിലപാടുകാരെ അകറ്റേണ്ട കാലം


‘മോഡി ഗ്യാരന്റി’ എന്ന നിലയിൽ സൗജന്യ ഭക്ഷ്യധാന്യ വിതരണം അഞ്ച് വർഷത്തേക്ക് കൂടി നീട്ടുന്നതുപോലുള്ള വിരോധാഭാസങ്ങൾ അവരുടെ എല്ലാ മഹത്വപ്പെടുത്തലിലും സ്വയം വെളിപ്പെടുന്നുണ്ട്. അധികാരത്തിലെത്തിയപ്പോൾ മോഡി നിരസിച്ച പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ശരിയായ സാമ്പത്തിക വളർച്ചയും തൊഴിലും വരുമാനവും ഉണ്ടാക്കുന്നതിൽ കോൺഗ്രസ് ഭരണം പരാജയപ്പെട്ടതിന്റെ സ്മാരകമെന്നാണ് അദ്ദേഹം പദ്ധതിയെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ ഗ്രാമീണ തൊഴിലുറപ്പ് ബജറ്റിന്റെ 93 ശതമാനവും സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിനുള്ളിൽ തന്നെ ചെലവഴിച്ചെന്ന് സര്‍ക്കാര്‍ അംഗീകരിക്കുമ്പോള്‍ മോഡിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും ചൂഴ്ന്നുനില്‍ക്കുന്നത് മേല്‍പ്പറഞ്ഞ വിരോധാഭാസമാണ്. ഭരണം തുടങ്ങി 10 വർഷമായിട്ടും ഉയർന്ന ജിഡിപി വളർച്ച ഉറപ്പ് നൽകാൻ മോഡിക്ക് കഴിഞ്ഞില്ല‑കഴിഞ്ഞ ഒമ്പത് വർഷമായി ഇത് ഏകദേശം 5.7 ശതമാനമാണ്. 2014ൽ വാഗ്ദാനം ചെയ്ത പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുന്നതിൽ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനത്തിലും പരാജയമാണ്. ഇക്കാലയളവിലെ താങ്ങുവിലവർധനയുമായി കാര്‍ഷികചെലവിലെ വർധനവ് താരതമ്യം ചെയ്യുമ്പോൾ ഇത് വ്യക്തമാകും. അതിനാലാണ് അദ്ദേഹത്തിനിപ്പോൾ അഞ്ച് വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ഉറപ്പ് നൽകേണ്ടി വന്നത്.
മോഡി സർക്കാരിന്റെ സാമ്പത്തിക പ്രകടനത്തിന്റെ ഏറ്റവും ദയനീയമായ തെളിവ് കഴിഞ്ഞ മാസം സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട 2022 ജൂലൈ മുതൽ 23 ജൂലൈ വരെയുള്ള കാലത്തെ തൊഴിൽശക്തി സർവേയിലേതാണ്. 2022–23ൽ ആകെ തൊഴിലെടുക്കുന്നവരില്‍ 58 ശതമാനമായി സ്വയംതൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായി സർവേ കാണിക്കുന്നു. ആകെ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 500 ദശലക്ഷത്തിലധികം വരും. 2017–18ൽ ഇന്ത്യയിലെ ഗ്രാമീണമേഖലയിലെ ചെറുകിട കച്ചവടക്കാരും വ്യക്തിഗത സേവന ദാതാക്കളും ഉൾപ്പെടുന്ന സ്വയംതൊഴിൽ വിഭാഗം 52 ശതമാനം മാത്രമായിരുന്നു. സ്വയംതൊഴിൽ ചെയ്യുന്നവരുടെ വലിയവർധന, ഉല്പാദനേതര മേഖലയിൽ ഗുണനിലവാരം കുറഞ്ഞ തൊഴിലവസരങ്ങളുടെ വളർച്ചയെ സൂചിപ്പിക്കുന്നു.


ഇതുകൂടി വായിക്കൂ; അനുഭവവേദ്യമാകുന്ന ബദല്‍


 

സ്വയംതൊഴിൽ ചെയ്യുന്നവരിൽ മൂന്നിലൊന്ന് പേരും ചെറിയ കുടുംബങ്ങള്‍ നടത്തുന്ന യൂണിറ്റുകളിൽ വേതനമില്ലാതെ ചേരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വയംതൊഴിലെടുക്കുന്നവരുടെ അനുപാതവും അതിനുള്ളിലെ വേതനമില്ലാത്ത തൊഴിലാളികളുടെ അനുപാതവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, പ്രത്യേകിച്ച് നോട്ട് നിരോധനത്തിനും മഹാമാരിക്കും ശേഷം ഗണ്യമായി വർധിച്ചു. സാമ്പത്തിക വിദഗ്ധൻ സന്തോഷ് മെഹ്‌റോത്ര പറയുന്നതനുസരിച്ച്, സ്വയംതൊഴിൽ ചെയ്യുന്ന വേതനരഹിത തൊഴിലാളികളുടെ എണ്ണം 2017–18 ലെ 40 ദശലക്ഷത്തിൽ നിന്ന് 2022–23 ൽ 95 ദശലക്ഷമായി ഉയർന്നു. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) മാനദണ്ഡമനുസരിച്ച് ഇത്തരം തൊഴിലാളികളുടേത്, ജോലിയായി കണക്കാക്കില്ലെന്നും മെഹ്‌റോത്ര പറയുന്നു. 2017–18നും 2022–23നും ഇടയിൽ ശരാശരി പ്രതിമാസ വേതനം 20 ശതമാനം കുറഞ്ഞതായി തൊഴിൽ സർവേ കാണിക്കുന്നു. സമ്പദ്‌വ്യവസ്ഥയിലെ വലിയ ബലഹീനതയാണിത്. സ്വയംതൊഴിൽ ചെയ്യുന്നവരുടെയും ദിവസവേതനക്കാരുടെയും വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നു. അഞ്ച് വർഷത്തിനുള്ളിൽ ശരാശരി വേതനത്തിൽ യാതൊരു വർധനയും ഉണ്ടായില്ല എന്നത് തൊഴിലിന്റെ മോശമായ ഗുണനിലവാരത്തെ പ്രതിഫലിപ്പിക്കുന്നു. നിർമ്മാണത്തിലോ ഗതാഗതത്തിലോ ഉള്ള വ്യക്തിഗത സേവന ദാതാക്കളിലെ (ഉബര്‍ അല്ലെങ്കിൽ ഓല) ജീവനക്കാരുടെ വേതനം ജീവിതച്ചെലവ് വർധിച്ചിട്ടും സ്തംഭനാവസ്ഥയിലാണ്. സ്വയംതൊഴിൽ രംഗത്തെ സ്തംഭനാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നത്.

നിശ്ചലമായ വേതനം, വാങ്ങൽശേഷിയുടെ അഭാവമായും പ്രതിഫലിക്കുന്നു, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ. ഹിന്ദുസ്ഥാൻ ലിവർ, ബജാജ് ഓട്ടോ തുടങ്ങിയ ഉപഭോക്തൃ കമ്പനികളുടെ ഗ്രാമീണ മേഖലയിലെ വളർച്ചാമുരടിപ്പില്‍ ഇത് പ്രകടമാണ്. ബജാജ് ഓട്ടോ പോലുള്ള ഇരുചക്രവാഹന നിർമ്മാതാക്കൾക്ക് അഞ്ചോ ആറോ വർഷം മുമ്പുള്ളതിനെക്കാൾ 30 മുതൽ 40 ശതമാനം വരെ കുറഞ്ഞ വില്പനയാണ് നടക്കുന്നത്. അതേസമയം ആഡംബര വിഭാഗങ്ങളിൽ — എസ്‌യുവികൾ, ആഭരണങ്ങൾ, ഇലക്ട്രോണിക്സ് ഹോട്ടലുകൾ, വിമാന യാത്രകൾ മുതലായവ-ശക്തമായ ഉപഭോഗമുണ്ട്. ഈ വിഭാഗത്തിലെ കമ്പനികൾ നന്നായി പ്രവർത്തിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. അതായത് താഴ്ന്ന‑മധ്യവർഗ വരുമാനക്കാരിലാണ് ഉപഭോഗം എക്കാലത്തെയും താഴ്ന്നനിലയിലെത്തിയത്. തൊഴിൽശക്തി സർവേ ചൂണ്ടിക്കാണിച്ച വേതന മുരടിപ്പ്, ജനസംഖ്യയിലെ താഴേത്തട്ടിലുള്ള 60 മുതൽ 70 ശതമാനം വരെയുള്ളവരെ പ്രതിനിധീകരിക്കുന്നു. അമൃത് കാലിന്റെ സുവർണ കാലഘട്ടത്തിലേക്ക് പ്രവേശിച്ച ഇന്ത്യയുടെ മഹത്വത്തെ ആവര്‍ത്തിച്ച് വിളംബരം ചെയ്യുന്ന പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ എങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്തും എന്നത് രസകരമായ സംശയമാണ്. ലളിതമായ ഒരു ചോദ്യം മോഡിയോട് ചോദിക്കാം- അമൃതകാലത്ത് 80 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയാത്തത് എന്തുകൊണ്ട്?
(അവലംബം: ദ വയര്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.