19 December 2024, Thursday
KSFE Galaxy Chits Banner 2

അപര്യാപ്തമായ പോഷകാഹാര പ്രോട്ടോക്കോൾ

സില്‍വിയ കര്‍പ്പഗം
October 22, 2023 4:10 am

ഒക്‌ടോബർ 11ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുറത്തിറക്കിയ കുട്ടികളിലെ പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ ചട്ടക്കൂട്, ആരോഗ്യത്തിലും വികസനത്തിലും പോഷകാഹാരം പ്രധാന പങ്ക് വഹിക്കുന്നുവെന്നും സമകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലൊന്നാണിത് എന്നും അംഗീകരിക്കുന്നു. എന്നാല്‍ ചട്ടക്കൂടില്‍ അവതരിപ്പിച്ചിട്ടുള്ള മിക്ക നയങ്ങളും പോഷകാഹാരക്കുറവ് ഉണ്ടാകുന്നതുവരെ കാത്തിരിക്കാനും നിരീക്ഷിക്കാനുമാണ് നിർദേശിക്കുന്നത് എന്നത് ദൗർഭാഗ്യകരമാണ്.
കുറഞ്ഞ വരുമാനം, കുടുംബത്തിന്റെ വലിപ്പം, ലിംഗഭേദം, മാറുന്ന കാര്‍ഷികരീതികൾ, അറിവില്ലായ്മ, മോശം ആരോഗ്യം തുടങ്ങി പോഷകാഹാരക്കുറവിന്റെ നിരവധി നിർണായക ഘടകങ്ങളെ നയരേഖ പരാമർശിക്കുന്നു. ആഹാരക്രമത്തിലെ അസന്തുലിതാവസ്ഥ, ഭക്ഷണത്തോടുള്ള വിരക്തി, പരമ്പരാഗത ഭക്ഷണശീലങ്ങൾ ഇല്ലാതാകൽ തുടങ്ങിയവയിലേക്ക് നയിക്കുന്നു. ഈ ഘടകങ്ങളില്‍ പലതും സമൂഹത്തെയും കുടുംബങ്ങളെയും പ്രത്യേകിച്ച് അമ്മമാരെ ബാധിക്കുന്നതാണ്. പോഷൻ അഭിയാന്റെ’ യഥാര്‍ത്ഥ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടണമെങ്കിൽ, നല്ല പോഷകാഹാരത്തിനുള്ള എല്ലാ തടസങ്ങളും- സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും മതപരവും-വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയും അഭിസംബോധന ചെയ്യുകയും വേണം.

 


ഇതുകൂടി വായിക്കൂ; ആഗോള വിശപ്പ് സൂചിക തുറന്നുകാട്ടുന്നത് വികൃതമുഖം


പോഷകാഹാരക്കുറവുള്ള കുട്ടികൾക്കായി ഭക്ഷ്യക്രമം ഉണ്ടാക്കുമ്പോൾ ആഹാരത്തില്‍ വൈവിധ്യം പാലിക്കണമെന്നും മുട്ട, പാല്‍ പോലുള്ള പോഷക സമൃദ്ധമായവ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നും നയരേഖ പറയുന്നു. മുട്ട പോഷകാഹാരക്കുറവുള്ളവർക്ക് മാത്രമല്ല, എല്ലാ ദിവസവും എല്ലാ കുട്ടികൾക്കും നൽകണം. മുട്ടയുടെ കാര്യത്തിൽ മതപരമോ ആരോഗ്യപരമോ ആയ നിയന്ത്രണങ്ങളുള്ളവർക്ക് പാലോ തൈരോ അധികമായി നൽകണം. പരമ്പരാഗത ഭക്ഷണം കഴിക്കാനാണ് ജനങ്ങള്‍ക്ക് താല്പര്യമെങ്കിലും സാമ്പത്തികമോ രാഷ്ട്രീയമോ സാമൂഹികമോ ആയ കാരണങ്ങളാൽ പലപ്പോഴും ഇത് അപ്രാപ്യമാക്കുന്നു. പല സമുദായങ്ങളും കഴിക്കുന്ന മൃഗജന്യ ഭക്ഷണം ഇല്ലാതാക്കുന്നതും കുറ്റകരമാക്കുന്നതും ജാതി, വർഗീയ മുൻവിധികളെ സ്ഥാപനവൽക്കരിക്കുന്നു. ഇത് രാജ്യത്ത് ഇപ്പോള്‍ വളരെ പ്രകടമാണ്. പല സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണ കരാറുകൾ നേടിയിട്ടുള്ള അക്ഷയപാത്ര പോലുള്ള സംഘടനകൾ പോലും അശാസ്ത്രീയ സാത്വിക (മാംസം, മുട്ട വിരുദ്ധ) നിലപാട് സ്വീകരിക്കുന്നത് ഗുരുതരമായ തടസമാണ്. അതുപോലെ, കശാപ്പ് നിരോധനം, മുസ്ലിം സമുദായങ്ങളുടെ സാമ്പത്തിക ബഹിഷ്കരണം, മാംസവില്പനാ വിലക്ക് തുടങ്ങിയവയും പോഷക ഭക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരു വശത്ത് പോഷകാഹാരക്കുറവിനെതിരെ വേവലാതി നടിക്കുന്നതിനൊപ്പം തന്നെ പോഷകഭക്ഷണത്തെ ക്രിമിനൽവൽക്കരിക്കുകയോ നിരോധിക്കുകയോ ചെയ്യുന്ന സര്‍ക്കാരിന്റെ ‘ബഹുമുഖ തന്ത്രം’ സത്യസന്ധമല്ലാത്തതും ഇരട്ടത്താപ്പുമാണ്.

പോഷകാഹാരക്കുറവ് ചികിത്സിക്കുന്നതിനുപകരം തടയുക എന്നതാണ് ഏതൊരു ഇടപെടലിന്റെയും പ്രാഥമിക ലക്ഷ്യമാകേണ്ടത്. വളർച്ചാ മുരടിപ്പും പോഷകാഹാരക്കുറവുമുള്ള കുട്ടികൾക്ക് വിളർച്ച, നിശാന്ധത, ബുദ്ധിമാന്ദ്യം, ത്വക്‌രോഗം, ശ്വാസകോശ‑കുടല്‍ രോഗങ്ങൾ മുതലായവയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പിന്തുടരുന്ന നയം പരിതാപകരവും അനുചിതവും അപൂർണവുമാണ്. ഭയാനകമായ പട്ടിണിയും ഒന്നിലധികം പോഷകാഹാരക്കുറവും അനുഭവപ്പെടുന്ന ഒരു രാജ്യത്ത്, ഒന്നോ രണ്ടോ ‘സൂക്ഷ്മ പോഷകങ്ങൾ’ ഉപയോഗിച്ച് പോഷകമില്ലാത്തതും അധികം ഉപയോഗിക്കുന്നതുമായ ധാന്യങ്ങളെ പുഷ്ടിപ്പെടുത്തുക എന്നത് പരിഹാരമല്ല.
ഇങ്ങനെയുള്ള ആശങ്കകൾക്കിടയിലും അങ്കണവാടി സേവനങ്ങളുടെ തത്സമയ നിരീക്ഷണത്തിനും കണ്ടെത്തുന്നതിനുമുള്ള മൊബൈൽ ആപ്പ് ‘പോഷൻ ട്രാക്കർ’ ആധാർ കാർഡിന് അമിതപ്രാധാന്യം നല്‍കുന്നതും അപകടകരമാണ്. സാമൂഹിക സുരക്ഷ ഏറ്റവും ആവശ്യമുള്ളവര്‍ പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ ഇത് കാരണമാകുന്നു. യോഗ്യരായ 10,10,89,751 (10 കോടി) ഗുണഭോക്താക്കളിൽ 9,55,73,667 (9.6 കോടി) പേരാണ് ആധാർ പരിശോധിച്ചുറപ്പിച്ച് ഗുണഭോക്താക്കളായത്. അതായത് 94 ശതമാനം. 55,16,084 പേര്‍ പുറത്താണ്. 22,71,111 കൗമാരപ്രായക്കാരികളില്‍ ആധാർ പരിശോധിച്ചുറപ്പിച്ചിട്ടുള്ളത് 18,71,228 (82ശതമാനം) പേർ മാത്രമാണ്. ഇവരിൽ 3,22,807 പേർക്കാണ് പ്രത്യേക റേഷൻ ലഭിക്കുന്നത്. ഇങ്ങനെ വലിയൊരു വിഭാഗം ആളുകളെ, പ്രത്യേകിച്ച് സാമൂഹിക സുരക്ഷ ഏറ്റവും ആവശ്യമുള്ളവരെ ഉപേക്ഷിക്കുന്ന പദ്ധതിയില്‍ എവിടെയാണ് സമഗ്രത?. ‘സമഗ്ര പോഷണത്തിനായുള്ള സമഗ്ര പദ്ധതി’ എന്ന ആശയം കടലാസില്‍ മാത്രമാണ്.


ഇതുകൂടി വായിക്കൂ; സാമ്പത്തിക അസമത്വവും ദുസഹമാകുന്ന ജനജീവിതവും


പുതിയ പ്രോട്ടോക്കോളിൽ വിശദീകരിക്കുന്ന വിശപ്പ് പരിശോധനയില്‍ ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും അവര്‍ക്ക് കിടത്തിച്ചികിത്സയോ മറ്റ് പരിചരണമോ ആവശ്യമെന്ന് തരംതിരിക്കുന്നതിനുമുള്ള വിശ്വസനീയമായ മാര്‍ഗനിര്‍ദേശമില്ല. അടുത്തനാളുകളില്‍ തൊണ്ടവേദന, പനി, ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടായാൽ ഒരു കുട്ടിക്ക് ഭക്ഷണം കഴിക്കാൻ തോന്നില്ല. ഭക്ഷണത്തിന്റെ മണമോ രുചിയോ ഇഷ്ടപ്പെടാത്തതോ ദാഹമോ അധ്യാപകരെയോ മാതാപിതാക്കളെയോ ഭയപ്പെടുന്നതോ കാരണമാകാം. അങ്കണവാടി ടീച്ചർ ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കുമെങ്കിലും കുട്ടിയുടെ ‘സമഗ്രമായ പരിചരണത്തിനായി’ ആരോഗ്യ വകുപ്പുമായി വനിതാ-ശിശു വകുപ്പ് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഇതില്‍ പറയുന്നില്ല. സാധാരണ രോഗങ്ങൾ കണ്ടെത്തുന്നതിന് പതിവായി ആരോഗ്യ പരിശോധനകൾ ആവശ്യമാണ്. അതുവഴി അവർക്ക് സമയബന്ധിതമായി പരിചരണം ലഭിക്കുകയെന്നത് വിലമതിക്കാനാവാത്തതുമാണ്.
ഗുരുതരമായ ഭാരക്കുറവ്, മിതമായ ഭാരക്കുറവ്, ഗുരുതരമായ പോഷകക്കുറവ്, മിതമായ പോഷകക്കുറവ് തുടങ്ങി ലോകാരോഗ്യ സംഘടനയുടെ ശിശു ആരോഗ്യ വളർച്ചാ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നിരവധി വിഭാഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, കുട്ടികളുടെ പോഷകാഹാരക്കുറവ് സംബന്ധിച്ച കാര്യങ്ങളില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും അമിതഭാരം നല്‍കുകയുമാണ് ചെയ്യുന്നത്. ഇവരാണ് സുരക്ഷിത കുടിവെള്ളം, വ്യക്തിശുചിത്വം, കൈകഴുകൽ, ശുചിമുറി ഉപയോഗം, വീടിന്റെയും പരിസരത്തിന്റെയും ശുചിത്വം എന്നിവയിൽ പരിശീലനം നല്‍കേണ്ടത്. പോഷൻ ട്രാക്കർ കണക്കുകൾ പ്രകാരം രാജ്യത്ത് 13,96,957 അങ്കണവാടികളുണ്ട്. ഇതില്‍ 11,01,843 എണ്ണത്തിൽ മാത്രമേ പ്രവർത്തനക്ഷമമായ ശുചിമുറികള്‍ ഉള്ളൂ. അതായത് 21 ശതമാനം (2,95,114) അങ്കണവാടികളില്‍ ആവശ്യത്തിന് ശുചിമുറികളില്ല. 87.5 ശതമാനം(12,23,578) അങ്കണവാടികളിൽ മാത്രമേ കുടിവെള്ളമുള്ളൂ. 1,73,379 എണ്ണത്തില്‍ ഇല്ല. ഓരോ അങ്കണവാടിയിലും 40 ഓളം കുട്ടികൾക്കാണ് സേവനം എന്ന് വിലയിരുത്തുമ്പോള്‍ 69,35,160 കുട്ടികൾ അങ്കണവാടികളിൽ സുരക്ഷിതമല്ലാത്ത വെള്ളമാണ് ഉപയോഗിക്കുന്നത്.
അങ്കണവാടിയിലൂടെ പ്രമോട്ട് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ചെറുധാന്യങ്ങളില്‍ ശരാശരി 56–73 ഗ്രാം/100 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇവയിലൊന്നും അവശ്യ അമിനോ ആസിഡുകള്‍ ഇല്ല. കൂടിയ അളവിലുള്ള നാരുകൾ ദഹന പ്രക്രിയയുടെ സമയം കുറയുന്നതിനും വിശപ്പ് കുറയുന്നതിനും ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതിനും ഇടയാക്കും. ഇത് അഭികാമ്യമല്ല, പ്രത്യേകിച്ച് പോഷകാഹാരക്കുറവുള്ളവരിൽ. വാസ്തവത്തിൽ, പോഷകാഹാരക്കുറവിന്റെ ദൂഷിത ചക്രത്തിൽ നിന്ന് കരകയറാൻ പാടുപെടുന്ന കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ പ്രതികരണശേഷിയുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു ‘സൗഹൃദസർക്കാർ’ കാലഘട്ടത്തിന്റെ ആവശ്യമാണ്.
അവലംബം: ദ വയര്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.