27 November 2024, Wednesday
KSFE Galaxy Chits Banner 2

പരകാല പ്രഭാകർ കണ്ട പരമാർത്ഥങ്ങൾ

ബേബി കാസ്ട്രോ
May 22, 2023 4:30 am

ർണാടക വിധാൻസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം ദോംലൂരിലെ ബംഗളൂരു ഇന്റർനാഷണൽ സെന്ററിൽ ‘ദി ക്രൂക്കഡ് ടിമ്പർ ഓഫ് ന്യൂ ഇന്ത്യ: എസ്സേയ്സ് ഓൺ എ റിപ്പബ്ലിക് ഇൻ ക്രൈസിസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. 2014 മുതൽ തുടരുന്ന മോഡി ഭരണം എങ്ങനെ രാജ്യത്തെ സർവനാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു എന്ന് കണക്കുകളുടെയും വസ്തുതകളുടെയും പിൻബലത്തോടെ സമർത്ഥിക്കുന്ന ഈ പുസ്തകം രചിച്ചത് മറ്റാരുമല്ല, ഡോ. പരകാല പ്രഭാകർ. കേന്ദ്രമന്ത്രിസഭയിൽ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന സാക്ഷാൽ നിർമ്മലാ സീതാരാമന്റെ ജീവിതപങ്കാളി. ദേശീയതയുടെയും വികസനത്തിന്റെയും ആട്ടിൻതോലിൽ ഭ്രമിച്ചുപോയ ഇന്ത്യൻ ബുദ്ധിജീവികളിലെ പ്രബലമായ ഒരു വിഭാഗം ഫാസിസത്തിന്റെ വന്യവും വികൃതവുമായ ദംഷ്ട്രകൾ കണ്ട് നിലവിളിക്കുന്ന ദയനീയ ചിത്രം വരച്ചുകാട്ടുന്നുണ്ട് എന്നതിനാൽ പുസ്തകം ശ്രദ്ധേയമായി. ‘2014 ൽ ഒരു പുതുയുഗം ആരംഭിച്ചു-അഥവാ അപ്രകാരം നമ്മളോട് പറഞ്ഞു” എന്ന വാചകത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. വഡോദരയിലെ പ്രാരംഭപ്രസംഗത്തിൽ നല്ലകാലം വരാൻപോകുന്നു എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.


ഇത് കൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


അത് വന്നില്ലെന്ന് മാത്രമല്ല, എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടു എന്നും രാജ്യം വഞ്ചിക്കപ്പെട്ടു എന്നും സ്ഥാപിക്കുകയാണ് രചയിതാവ്. സമ്പദ്‍വ്യവസ്ഥയിലുണ്ടായ ശോഷണങ്ങളിലാണ് പ്രമേയം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും തീവ്രദേശീയതയുടെ മൗലികഘടകമായ ഭൂരിപക്ഷവർഗീയത എപ്രകാരം മുമ്പൊരിക്കലുമില്ലാത്തവിധം രാഷ്ട്രശരീരത്തെ ദുഷിപ്പിച്ചിരിക്കുന്നു എന്ന് ഏതൊരു പ്രതിപക്ഷവക്താവിനെയും അസൂയപ്പെടുത്തുമാറ് പ്രഭാകർ വിശദീകരിക്കുന്നു. പ്രകാശന ചടങ്ങിൽ വിഖ്യാതചരിത്രകാരൻ രാമചന്ദ്രഗുഹയും സംബന്ധിച്ചിരുന്നുവെന്നതും ശ്രദ്ധേയം. 1990ന് ശേഷം ഇദംപ്രഥമമായി ദാരിദ്ര്യരേഖയ്ക്ക് ചുവടെയുള്ളവരുടെ എണ്ണം വർധിച്ചിരിക്കുന്നു. 75 ദശലക്ഷം ആളുകളെ ലോകത്തിലെ പട്ടിണിപ്പാവങ്ങളുടെ കണക്കിലേക്ക് രാജ്യം സംഭാവന ചെയ്തു. 191 രാജ്യങ്ങളുൾപ്പെടുന്ന യുഎൻഡിപിയുടെ 2021–22ലെ അന്താരാഷ്ട്ര മനുഷ്യവിഭവ വികസന സൂചികയിൽ ഇന്ത്യ 132-ാം സ്ഥാനത്താണ്. തൊഴിലില്ലായ്മ കുതിച്ചുയർന്നു, വിശേഷിച്ച് കോവിഡിനു ശേഷം. ഇതിനെ നേരിടാൻ മോഡി സർക്കാർ ഒന്നും തന്നെ ചെയ്തില്ല. യുവാക്കളുടെ തൊഴിലില്ലായ്മ ഇപ്പോൾ 20ശതമാനം കടന്നിരിക്കുന്നു. ജിഡിപി വളർച്ച കോവിഡോടെ സമ്പൂർണമാന്ദ്യത്തിലെത്തി. മോഡി ഭരണത്തിന്റെ കഴിവുകേടിൽ നിന്നാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തത്. “ആഭിചാരക്കാരായ” വിദഗ്ധരുടെ ചെയ്തികൾക്ക് ഇരയായ സമ്പദ്‍വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് നോട്ട് നിരോധനത്തെ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.


ഇത് കൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


സുചിന്തിതവും കെട്ടുറപ്പുള്ളതുമായ ഒരു സാമ്പത്തികനയം ബിജെപിക്ക് ഒരു കാലത്തുമുണ്ടായിരുന്നില്ല. 1980കളിൽ ഗാന്ധിയൻ സോഷ്യലിസമെന്ന് പറഞ്ഞു. 1991ലെ ലിബറൽ പരിഷ്കാരങ്ങളെ എതിർത്തു. അധികാരത്തിൽ വന്നപ്പോൾ അതിന്റെ വക്താക്കളായി. ഇവരുടെ മുഖമേത് മുഖംമൂടിയേത് എന്ന് തിരിച്ചറിയാൻ പ്രയാസമാണ്. ഇതിനെല്ലാം പ്രധാനകാരണം സാമ്പത്തികമുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രിക്കുള്ള ഗ്രാഹ്യത്തിന്റെ കമ്മിയാണ് എന്ന് പുസ്തകം തുറന്നടിക്കുന്നു. ഒരു കാര്യത്തെപ്പറ്റിയും ഗഹനമായ ധാരണകളോ ഉൾക്കാഴ്ചകളോ ഇല്ലാത്ത പ്രചരണക്കെട്ടുകാഴ്ച മാത്രമാണ് നരേന്ദ്രമോഡി. വർഗീയവിഭജനം സൃഷ്ടിക്കുക എന്നത് മാത്രമാണ് മോഡിക്ക് മിടുക്കുള്ള ഏകകാര്യം. അത് അദ്ദേഹം വെടിപ്പായി ചെയ്യുന്നുണ്ട്. അതിന്റെ ഫലം രാജ്യത്ത് കാണാനുമുണ്ട്. ഇന്ത്യാവിഭജന കാലത്ത് മനുഷ്യർ അന്യോനം കൊടുംക്രൂരതകൾ കാണിച്ചപ്പോൾ പോലും ഒരു ബഹുസംസ്കാരരാഷ്ട്രം എന്ന നിലയിൽ ഇന്ത്യ വിജയിച്ചു. വിഭജനം കാണുകയും അതിന്റെ ദുരന്തം സ്വജീവിതത്തിൽ ഏറ്റുവാങ്ങു കയും ചെയ്തവരാണ് സ്വാതന്ത്ര്യാനന്തര ജനത. എന്നിട്ടും ഇന്ത്യ ഒരു മതരാഷ്ട്രമായി മാറിയില്ല. ആ തലമുറ പൂർണമായും കാലയവനികയ്ക്കുള്ളിൽ മറ‍ഞ്ഞു. ആ കാലം കേട്ടുകേൾവി മാത്രമുള്ള ഈ തലമുറ ഇത്രയേറെ മതസങ്കുചിതത്വങ്ങളിൽ അഭിരമിക്കണമെങ്കിൽ അത് വ്യാജ പ്രചാരണങ്ങളുടെ മിടുക്കല്ലാതെ മറ്റെന്ത്? ‘ഓപ്പറേഷൻ കമല’ എന്ന പേരിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്കെടുത്ത് കൃത്രിമഭൂരിപക്ഷമുണ്ടാക്കുന്ന അധാർമ്മികനടപടികൾ ഇന്ത്യൻ ജനാധിപത്യത്തെ തന്നെ അസാധുവാക്കുന്നതായി അദ്ദേഹം നിരീക്ഷിക്കുന്നു. നിരന്തരമായി പ്രചരണപരമായ നുണകൾ ഉല്പാദിപ്പിക്കുന്ന ഫാക്ടറികൾ മുഖേന സമ്പദ്ഘടനയുടെ യഥാർത്ഥചിത്രം മറച്ചുവയ്ക്കുന്ന ഏർപ്പാടിനെയും പുസ്തകം പരാമർശിക്കുന്നു. എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ സംവിധാനങ്ങളെ എങ്ങനെ നിർലജ്ജം കേന്ദ്രം ഉപയോഗിക്കുന്നു എന്നും പരാമർശിക്കപ്പെടുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെ മാത്രമല്ല സ്വതന്ത്രവും നിർഭയവുമായി ചിന്തിക്കുന്ന ധിഷണാശാലികളെയും ഇത്തരം ഏജൻസികൾ ലക്ഷ്യമിടുന്നതും പ്രഭാകർ തുറന്നുപറയുന്നു. ഏറ്റവും അവധാനതയോടെ ഉപയോഗിക്കേണ്ട രാജ്യദ്രോഹക്കുറ്റങ്ങൾ യാതൊരു മടിയും കൂടാതെ തങ്ങളുടെ രാഷ്ട്രീയഎതിരാളികൾക്ക് നേരെ ഉപയോഗിക്കുകയാണ് കേന്ദ്രസർക്കാർ.


ഇത് കൂടി വായിക്കൂ: സൈബറിടത്തിലെ കുറ്റകൃത്യങ്ങളെ നേരിടാന്‍


ഇങ്ങനെ സാമ്പത്തികവും രാഷ്ട്രീയവും ധാർമ്മികവുമായ ആസ്പദങ്ങളിലെല്ലാം ഭാരതത്തിന് ബിജെപി ഭരണം ശാപമായിരിക്കുകയാണെന്നും 2024ൽ അവർക്ക് തുടർഭരണം ലഭിച്ചാൽ സർവനാശമായിരിക്കും ഫലമെന്നും പറയാൻ പ്രഭാകർ മടിക്കുന്നില്ല. സാമ്പത്തിക വ്യവസ്ഥയെക്കാളും സാമുദായികപ്രശ്നങ്ങളിലാണ് ഉത്കണ്ഠയെന്നും വീണ്ടും ബിജെപി വന്നാൽ ഇന്ത്യയെന്ന ആശയത്തിന്റെ പര്യവസാനമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. നാനാത്വത്തെ ആഘോഷിക്കുന്ന ഇന്ത്യയുടെ ലിബറൽ ജനാധിപത്യത്തെ തിരികെപ്പിടിക്കാൻ നമുക്ക് കഴിയും. ഈ റിപ്പബ്ലിക്കിന്റെ സ്ഥാപിതതത്വങ്ങളായ യോജിപ്പും ഒത്തൊരുമയും തകർക്കപ്പെടുകയില്ലെന്ന ആത്മവിശ്വാസവും നമുക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു. പരകാല പ്രഭാകർ ചില്ലറക്കാരനല്ല. ദേശീയരാഷ്ട്രീയത്തിൽ ശക്തമായ അടിത്തറയുള്ള തെലുഗുബ്രാഹ്മണ കുടുംബത്തിലാണ് ജനനം. അമ്മ പരകാല കലികാംബിക ആന്ധ്രാ നിയമസഭാംഗമായിരുന്നു. അച്ഛൻ ശേഷാവതാരം ആന്ധ്രാമന്ത്രിസഭയിൽ ഒന്നിലധികം തവണ അംഗമായിരുന്നു. ദില്ലി ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ നിന്നും എംഫില്ലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഡോക്ടറേറ്റും നേടി. സഹപാഠിയായ നിർമ്മലയെ 1986ൽ പ്രണയിച്ച് വിവാഹം കഴിച്ചു. നിർമ്മലയെക്കാൾ മുമ്പേ രാഷ്ട്രീയത്തിലും ബിജെപിയിലും എത്തിയത് പ്രഭാകറാണ്. 1994ൽ നിയമസഭയിലേക്കും 1998ൽ ലോൿസഭയിലേക്കും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടു. 1997ൽ ബിജെപിയിൽ ചേർന്നു. 1998ലും 2006ലും തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടെങ്കിലും ബിജെപി വക്താവായി. പാര്‍ട്ടിയുടെ ദേശീയ സാമ്പത്തിക സമിതിയിലും പത്താം പഞ്ചവത്സരപദ്ധതി രൂപീകരിച്ച പ്ലാനിങ് കമ്മിഷന്റെ ടാസ്ക് ഫോഴ്സിലും അംഗമായി. 2006 ൽ ബിജെപി വിട്ടു പ്രജാരാജ്യം പാർട്ടിയുമായി സഹകരിച്ചു. ആന്ധ്രാ സർക്കാരിന്റെ കമ്മ്യൂണിക്കേഷൻ ഉപദേഷ്ടാവായെങ്കിലും പിന്നീട് രാജിവച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മോഡി സർക്കാരിന്റെ വസ്തുതാ വിമർശകനാണ് പ്രഭാകർ. പരകാല പ്രഭാകറിന്റെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ കേരളത്തിലെ ഒരു വായനക്കാരന് പുതുമയൊന്നും കാണാനില്ല. ഇവിടെ ശക്തമായ പ്രതിപക്ഷ നിരകൾ വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതിൽ അധികമായിട്ടൊന്നും ഇതിലില്ല.


ഇത് കൂടി വായിക്കൂ: ഒന്നാമതെത്തിയ ഇന്ത്യക്ക് വേണ്ടത് ഇച്ഛാശക്തി | JANAYUGOM EDITORIAL


പ്രഭാകർ തന്നെയും 2020 മുതൽ 2023 വരെ എഴുതിയിട്ടുള്ള ലേഖനങ്ങളുടെ ഒരു സമാഹാരം മാത്രമാണിത്. എന്നാൽ അതിനപ്പുറത്ത് ഇന്ത്യൻ വരേണ്യവർഗത്തിലുണ്ടാകുന്ന തിരിച്ചറിവിന്റെയും അസംതൃപ്തിയുടെയും അഗാധമായ അടിയൊഴുക്കുകൾ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ആപ്പിൾ ഫോണുകളുടെ നിർമ്മാണത്തിലും കയറ്റുമതിയിലും നാലുമടങ്ങ് വർധനയിലൂടെ ലോകത്തെ സ്മാർട്ട് ഫോൺ നിർമ്മാണ മേഖലയുടെ 19 ശതമാനവും ഇന്ത്യയിലായല്ലോ എന്നും ഈ രംഗത്ത് ചൈനയുടെ ശക്തയായ എതിരാളിയായി ഇന്ത്യ മാറിക്കഴിഞ്ഞതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നുവല്ലോ എന്ന് ഒരു അഭിമുഖത്തില്‍ കരൺഥാപ്പർ ചോദിക്കുന്നുണ്ട്. അതിന് മറുപടി നൽകുന്ന പ്രഭാകർ ഒരു ഇടതുപക്ഷക്കാരനാണോ എന്ന് നമ്മൾ സംശയിച്ചുപോകും. ‘അതാണോ യഥാർത്ഥ വികസനമാപിനി എന്ന്’ അദ്ദേഹം തിരിച്ചു ചോദിക്കുന്നു. വർധിച്ചു വരുന്ന അസമത്വത്തെ കുറിച്ചുള്ള ഓക്സ്ഫാം റിപ്പോർട്ടും ചേർത്തു വായിക്കണമെന്ന് വാദിക്കുകയും ചെയ്യുന്നു. ധൈഷണികവും പ്രായോഗികവുമായ വരേണ്യപാതകളിൽ ഒപ്പം സഞ്ചരിച്ച പരകാല പ്രഭാകർ കണ്ടെത്തിയ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾക്കു നേരെ കണ്ണടയ്ക്കാൻ ‘ആഭിചാര’ക്കാരായ വിദഗ്ധൻമാർക്കോ ബുദ്ധിജീവികൾക്കോ ഇനിയെത്രകാലം കഴിയും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.