12 December 2024, Thursday
KSFE Galaxy Chits Banner 2

തൊഴിലാളി പ്രക്ഷോഭജാഥ ഇന്ന് മുതൽ

ടി ജെ ആഞ്ചലോസ്
December 10, 2024 4:14 am

ജനുവരി 17 ന് ഒരുലക്ഷം തൊഴിലാളികൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്യുന്നതിന്റെ മുന്നോടിയായി എഐടിയുസി സംസ്ഥാന ഭാരവാഹികൾ നയിക്കുന്ന പ്രക്ഷോഭ ജാഥകൾ ഇന്ന് ആരംഭിക്കും. തൊഴിൽ, വ്യാവസായിക മേഖലകളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യമായ പ്രധാന വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മോഡി സർക്കാർ 29 തൊഴിൽ നിയമങ്ങളെ ക്രോഡീകരിച്ചാണ് നാല് ലേബർ കോഡുകൾക്ക് രൂപം നൽകിയത്. ഈ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കണം. കോവിഡ് മഹാമാരി നാളുകളിലാണ് തിരക്കിട്ട് ലേബർ കോഡുകൾ പാസാക്കിയത്. തൊഴിലാളിസംഘടനകളുടെ ശക്തമായ ചെറുത്തുനില്പുകാരണം ഇതൊന്നും നടപ്പിലാക്കുവാനായില്ല. കർഷകവിരുദ്ധ നിയമങ്ങളും ഇങ്ങനെയാണ് പാസാക്കിയത്. മൂന്നാം മോഡി സർക്കാർ ലേബർ കോഡുകൾ നടപ്പിലാക്കുവാനുള്ള വ്യഗ്രതയിലാണിപ്പോൾ. പുതിയ ലേബർ കോഡുകളിൽ ”നിശ്ചിത തൊഴിൽ”കൊണ്ട് വരുന്നത് സ്ഥിരം ജോലി ഇല്ലാതാക്കുവാനാണ്. 

ഇന്ത്യൻ റെയിൽവേയിലെ 3.14 ലക്ഷം ഒഴിവുകൾ നികത്തിയിട്ടില്ല. ഇവിടെ നാല് ലക്ഷം കരാർ തൊഴിലാളികളുണ്ട്. ഷൊർണൂരിൽ ട്രെയിൻ തട്ടി മരണപ്പെട്ട കരാർ തൊഴിലാളികളായ ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് റെയിൽവേ നൽകിയത് കേവലം ഒരു ലക്ഷം രൂപയാണ്. കേന്ദ്രത്തിൽ വിവിധ വകുപ്പുകളിലെ 10 ലക്ഷം ഒഴിവുകളും നികത്താതെ കിടക്കുന്നു. പവർ ഗ്രിഡ് കോർപറേഷനിൽ മഹാഭൂരിപക്ഷവും കരാർ തൊഴിലാളികളാണ്. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളുടെ വില്പന തുടരുന്നു. ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന സ്ഥാപനങ്ങളിലും കരാർ തൊഴിലാണ് ലക്ഷ്യംവയ്ക്കുന്നത്.
കരാർ തൊഴിലാളികൾക്ക് ന്യായമായ വേതനം, ഇഎസ്ഐ, പിഎഫ്, ഗ്രാറ്റുവിറ്റി, പെൻഷൻ എന്നിവയൊന്നും ലഭിക്കില്ല. ട്രേഡ് യൂണിയൻ അവകാശം നിഷേധിക്കുന്നു. മിനിമം വേതനം പ്രതിമാസം 26,000 രൂപയാക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. വിരമിക്കുന്ന തൊഴിലാളികൾക്ക് പ്രതിമാസം മിനിമം പെൻഷൻ 10,000 ആക്കുകയും പിഎഫ് പെൻഷൻ കാലോചിതമായി വർധിപ്പിക്കുകയും വേണം. കാർഷിക മേഖലയിലെ തകർച്ച മൂലം ഗ്രാമീണ ജനത നഗരങ്ങളിലേക്ക് കുടിയേറുന്നു. ഉന്നത വിദ്യാഭ്യാസം നേടി ജോലി ചെയ്യുന്നവരെ കോർപറേറ്റുകൾ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നു. കോവിഡ് വ്യാപന കാലത്ത് പ്രഖ്യാപിച്ച വർക്ക് ഫ്രം ഹോം ഇന്നും തുടരുന്നു. ഓഫിസ് ജോലി സമയം കഴിഞ്ഞാൽ വിശ്രമത്തിനുള്ള സമയം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന സ്ഥിതിയാണ്. ഇത്തരം ഘട്ടത്തിൽ കടുത്ത സമ്മർദംമൂലം കുഴഞ്ഞുവീണ് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും കൂടുകയാണ്. 

വിദേശ, സ്വദേശ മൂലധനത്തിന്റെ കുത്തൊഴുക്കിന് തൊഴിൽ നിയമങ്ങൾ തടസമാണെന്ന് വിലപിച്ചാണ് ലേബർ കോഡുകൾ പാസാക്കിയത്. പക്ഷേ ചങ്ങാത്ത മുതലാളിത്തം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കാർന്ന് തിന്നുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അഡാനി കുംഭകോണം. അമേരിക്കൻ ബാങ്കുകളേയും ഓഹരി നിക്ഷേപകരേയും കബളിപ്പിച്ച് 25,200 കോടി രൂപ നേടിയ കേസിലാണ് അമേരിക്കൻ കോടതി ഇടപെട്ടത്.
നേരത്തെ യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടും ഓർക്കണം. ഇലക്ടറൽ ബോണ്ടുകൾ വഴി ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളെയും വിലയ്ക്കെടുത്ത് ചങ്ങാത്ത മുതലാളിത്തം നാട് വാഴുന്നു. അഡാനി ഉൾപ്പെടെ കോർപ്പറേറ്റുകൾക്ക് ഇതെല്ലം ചെയ്യുവാൻ പൊതുമേഖലാ ബാങ്കുകൾ വാരിക്കോരി വായ്പയും നൽകുന്നു. കോർപറേറ്റുകളുടെ വായ്പ കിട്ടാക്കടമെന്ന പേരിൽ 10 വർഷത്തിനുള്ളിൽ എഴുതിത്തള്ളിയത് 11,56,596 കോടിയാണ്. ആഗോള പട്ടിണി സൂചികയിൽ 105-ാമത്തെ സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലാണ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ല എന്ന പേരിൽ പാവങ്ങളിൽ നിന്നും 8,495 കോടി പിടിച്ചുപറിച്ചത്. തൊഴിലാളികളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് 1940 മുതൽ നടന്നുവരുന്ന ഇന്ത്യൻ ലേബർ കോൺഫറൻസ് മോഡി പ്രധാന മന്ത്രിയായതിന് ശേഷം നടക്കുന്നില്ല. 

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും 85 ലക്ഷം പേരെയാണ് പുറത്താക്കിയത്. തൊഴിലുറപ്പ് വേതനം 600 രൂപയും തൊഴിൽ ദിനങ്ങൾ 200 രൂപയുമാക്കണമെന്നുമുള്ള ആവശ്യം കേട്ടതായി നടിക്കുന്നില്ല. പിഎഫ് ബോർഡിൽ പ്രധാന ട്രേഡ് യൂണിയനുകളുടെ പ്രാതിനിധ്യവും ഇല്ലാതായി. കേന്ദ്ര സർക്കാർ ലേബർ കോഡുകൾ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന ഈ ഘട്ടത്തിൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ തൊഴിലാളികളുടെ കൂലിയും തൊഴിലും സാമൂഹ്യ സുരക്ഷയും സംരക്ഷിക്കുവാൻ തയാറാകണം. വ്യാവസായിക തൊഴിൽ മേഖലകളിൽ ഇടതുപക്ഷ നയങ്ങളിൽ നിന്നുള്ള വ്യതിയാനം ഉണ്ടാകരുത്. വ്യാവസായിക കാർഷിക മേഖലകളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി മറ്റ് ആവശ്യങ്ങൾക്ക് കൈമാറരുത്. തൊഴിൽ മേഖലയ്ക്ക് മുഖ്യ പരിഗണന നൽകണം. യാതൊരു കാരണവശാലും തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയും വേതനം കൃത്യമായി ലഭിക്കാത്ത അവസ്ഥയും ഉണ്ടാകരുത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതനമായ 700 രൂപ എല്ലാ മേഖലകളിലെ തൊഴിലാളികൾക്കും കൃത്യമായും ലഭിക്കണം. വിവിധ സ്കീം തൊഴിലാളികൾ, സപ്ലൈകോ തൊഴിലാളികൾ, സ്കൂൾ പാചക തൊഴിലാളികൾ എന്നിവരുടെ പ്രക്ഷോഭം സർക്കാർ കാണാതെ പോകരുത്. ഇഎസ്ഐ, പിഎഫ്, ഗ്രാറ്റുവിറ്റി തുടങ്ങിയ നിയമാനുസൃത അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. 

പതിനായിരക്കണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായ സംരക്ഷണത്തിനുള്ള പ്രത്യേക വിഹിതം അടുത്ത കേന്ദ്ര സംസ്ഥാന ബജറ്റുകളിൽ നീക്കി വയ്ക്കണം. കയർ, കൈത്തറി, ഖാദി, കശുവണ്ടി, ബീഡി, കള്ള് ചെത്ത്, ഓട്, ബാംബു, തഴപ്പാ, തോട്ടം, മത്സ്യം തുടങ്ങിയ പരമ്പരാഗത മേഖലകൾ പ്രതിസന്ധിയിലാണ്. പൊതുമേഖലാ സംരക്ഷണത്തിൽ ഇടതുനയത്തിൽ നിന്നുള്ള വ്യതിയാനം എഐടിയുസി അംഗീകരിക്കില്ല. കുടിവെള്ള പദ്ധതികൾ സ്വകാര്യവൽക്കരിക്കരുത്. കൊച്ചി ശുദ്ധജല വിതരണ പദ്ധതി ഫ്രഞ്ച് കമ്പനിയായ സുയുസിന് കൈമാറുവാനുള്ള നീക്കത്തെ എതിർക്കും. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിട്ടി, ടെക്സ്റ്റൈൽ കോർപറേഷൻ തുടങ്ങിയ മേഖലകളിലെ പുനഃസംഘടനാ പരിഷ്കാരങ്ങളിലും അവയുടെ ഭാവിയിലും എഐടിയുസിക്ക് കടുത്ത ആശങ്കയുണ്ട്. വർഷങ്ങളായി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ പണിയെടുക്കുന്ന താല്കാലിക, ദിവസവേതന, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം. പ്രായപരിധി കഴിഞ്ഞതിനാൽ മറ്റൊരു തൊഴിലും ലഭിക്കുവാൻ സാധ്യതയില്ലാത്ത ഇവരുടെ കാര്യത്തിൽ മാനുഷിക പരിഗണന ഉണ്ടാകണം. രാജ്യത്തെ പൊതുവിതരണ മേഖലയ്ക്ക് മാതൃകയായ സപ്ലൈകോയെ സംരക്ഷിക്കണം. വിവിധ ഇനങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുവാനുള്ള തുക അടിയന്തരമായി സപ്ലൈകോയ്ക്ക് നൽകണം. 

വിവിധ ക്ഷേമനിധികളുടെ പ്രതിസന്ധി പരിഹരിക്കുവാൻ ശാസ്ത്രീയമായ പുനഃസംഘടനാ പദ്ധതി നടപ്പിലാക്കണം. മികച്ച കരുതൽ ധനം ഉണ്ടായിരുന്ന നിർമ്മാണ തൊഴിലാളി ക്ഷേമനിധിപോലും ഇപ്പോൾ പ്രതിസന്ധിയിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി സെസ് പിരിക്കണമെന്ന തീരുമാനം നടപ്പിലാക്കണം. കേരളത്തിലെ ആദ്യ ക്ഷേമ നിധികളിലൊന്നായ കർഷക തൊഴിലാളി ക്ഷേമനിധിയുടെ അവസ്ഥയും പരിതാപകരമാണ്. വില്ലേജ് ഓഫിസുകൾ വഴി സെസ് പിരിക്കണം. ചുമട്ടുതൊഴിലാളികളുടെ തൊഴിൽ സംരക്ഷണവും പ്രധാന വിഷയമാണ്.
വ്യാവസായിക തൊഴിൽ മേഖലകളിലെ വിഷയങ്ങൾ ചർച്ച ചെയ്യുവാൻ വിപുലമായ യോഗം ചേരണം. ഇതിലെടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുവാൻ അടുത്ത ബജറ്റിൽ തുക അനുവദിക്കണം. കേരളം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പ്രധാന കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. കേന്ദ്ര സർക്കാർ സാമ്പത്തിക കാര്യങ്ങളിൽ പ്രതികാര മനോഭാവം തുടരുകയാണ്. ഇതിലുള്ള നിയമ യുദ്ധത്തെ തുടർന്ന് സുപ്രീം കോടതി വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ പേരിലാണ് കേരളത്തെ കേന്ദ്രം ശിക്ഷിക്കുന്നത്. ഒരു രാജ്യം ഒരൊറ്റ നികുതിയെന്ന പേരിൽ ജിഎസ്‌ടി നടപ്പിലാക്കിയതിന് ശേഷം സമ്പത്ത് മുഴുവൻ കേന്ദ്ര ഖജനാവിലേക്കാണ് എത്തുന്നത്. കേന്ദ്രത്തിന് ഒരു രൂപ ലഭിച്ചാൽ, ബിഹാറിന് 70 പൈസയും, യുപിക്ക് 46 പൈസയും ലഭിക്കും. എന്നാൽ കേരളത്തിന് 21 പൈസ മാത്രമാണ് ലഭിക്കുന്നത്. 

പത്താം ധന കമ്മിഷൻ വരെ നികുതി വിഹിതത്തിന്റെ 3.9 ശതമാനം ലഭിച്ചിരുന്നു. അതിപ്പോൾ പകുതിയിലധികം കുറച്ച് 1.9 ശതമാനമാണ് ലഭിക്കുന്നത്. ഇതുവഴിമാത്രം കേരളത്തിന് 18,000 കോടി രൂപ വർഷത്തിൽ വരുമാന നഷ്ടമുണ്ടാകുന്നു. കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനം കാരണം, ഒരു വർഷം സംസ്ഥാനത്തിന് 54,700 കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടാകുന്നു. ലോകത്തെ ഞെട്ടിച്ച വയനാട് ദുരന്തത്തോടും കേന്ദ്രം മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിക്കുന്നത്. 2,221 കോടിയുടെ ധനസഹായം അവശ്യപ്പെട്ടുവെങ്കിലും കേന്ദ്രം കനിഞ്ഞിട്ടില്ല. സാങ്കേതിക കാരണങ്ങൾ പറയാതെ തന്നെ ബിഹാറിനും, ആന്ധ്രയ്ക്കും, ത്രിപുരയ്ക്കും, തമിഴ്‌നാടിനും ധനസഹായം നൽകുമ്പോൾ കേരളത്തെ അവഗണിക്കുന്നതിന്റെ പിന്നിൽ സങ്കുചിത രാഷ്ട്രീയം തന്നെയാണ്. വയനാട് രക്ഷാപ്രവർത്തനത്തിന് കേന്ദ്രം അയച്ച ഹെലികോപ്റ്ററിന്റെ വാടകയായി 153.47 കോടി രൂപ കേരളം നൽകേണ്ടി വന്നു. 2018ലെ മഹാപ്രളയത്തിൽ റേഷനരിയും, മണ്ണെണ്ണയും തന്ന വകയിലും ഹെലികോപ്റ്റർ വന്ന ഇനത്തിലുമുള്ള തുക കേരളം നൽകേണ്ടി വന്നു.
ഇത്തരം ജീവൽപ്രധാന ആവശ്യങ്ങളിന്മേൽ കേരളത്തിലെ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നേറ്റമാണ് തൊഴിലാളി പ്രക്ഷോഭജാഥയിലും സെക്രട്ടേറിയറ്റ് മാർച്ചിലും പ്രതിഫലിക്കുവാൻ പോകുന്നത്. 

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.