17 June 2024, Monday

‘മഹാപടവ്’ തൊഴിലാളി പ്രക്ഷോഭം

കെ പി രാജേന്ദ്രൻ 
ജനറൽ സെക്രട്ടറി, എഐടിയുസി
August 9, 2023 4:23 am

രാജ്യത്തെ തൊഴിലാളികളെയാകെ പ്രതിനിധീകരിക്കുന്ന പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര സംഘടനകളുടെയും ഫെഡറേഷനുകളുടെയും കേന്ദ്ര‑സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളുടെയും പൊതുമേഖലയിലെ തൊഴിലാളി സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഡൽഹിയിൽ ചേർന്ന കൺവെൻഷൻ എടുത്ത പ്രധാനപ്പെട്ട തീരുമാനമാണ് തൊഴിലാളികളുടെ മഹാപ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം ശക്തിപ്പെടുത്തി‌‌ക്കൊണ്ടുവരികയെന്നത്. ഇതനുസരിച്ച് കഴിഞ്ഞ ആറ് മാസമായി രാജ്യത്തുടനീളം സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നിരവധി ക്യാമ്പയിനുകൾ നടന്നുവരികയാണ്. കേരളത്തിൽ ജൂൺ 30ന് എറണാകുളത്ത് നടന്ന കൺവെൻഷനില്‍ 23 തൊഴിലാളി സംഘടനകളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ യൂണിയനുകളും അധ്യാപകരും, ജീവനക്കാരും ഉൾപ്പെടെ പങ്കാളികളായി. 14 ജില്ലകളിലും ട്രേഡ് യൂണിയനുകളുടെ സംയുക്ത നേതൃത്വത്തിൽ ഓഗസ്റ്റ് ഒ‌‌‌ന്ന് മുതൽ ഏഴ് വരെ പ്രചരണ ജാഥകൾ സംഘടിപ്പിച്ചു. ഇതിന്റെ തുടർച്ചയായി ഇന്ന് ക്വിറ്റ്ഇന്ത്യാ ദിനത്തിൽ തൊഴിലാളികളുടെ മാർച്ചും ധർണയും, ”മഹാപടവ്” നടക്കും. രാവിലെ 10 മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് സമരം.
ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണ്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നു. പല അവശ്യവസ്തുക്കളും സാധാരണക്കാർക്ക് പ്രാപ്യമല്ല. ഭക്ഷ്യവസ്തുക്കളുടെ വില കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിലാണെന്നും റീട്ടെയിൽ പണപ്പെരുപ്പം 48 ശതമാനമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. തക്കാളി വില 250 രൂപ കടന്നിരിക്കുന്നു. പയറുവർഗങ്ങളുടെയും പാചകവാതകത്തിന്റെയും വില ഉയരുന്നു. അതേസമയം വേതനം കുറയുന്നു, അല്ലെങ്കിൽ നിശ്ചലാവസ്ഥയിൽ തുടരുന്നു. വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും വേണ്ട ചെലവുകൾ സാധാരണക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. ഇന്ത്യയിലെ 80 കോടി പാവപ്പെട്ടവരുടെ വരുമാനത്തിന് തുല്യമാണ് 70 ലക്ഷം മാത്രമുള്ള സമ്പന്നരുടെ വരുമാനം. ലോകത്തെ ഏറ്റവും ദരിദ്രരാജ്യമായ ബറൂണ്ടിയിലെ ജനങ്ങളുടെ സ്ഥിതിയെക്കാൾ മോശമാണ് ഇന്ത്യയിലെ ദരിദ്രരുടെ സ്ഥിതി എന്ന സത്യം രാജ്യത്തിന് തന്നെ നാണക്കേടാണ്.

 


ഇതുകൂടി വായിക്കൂ; വര്‍ഗീയകലാപങ്ങളുടെ തുടര്‍ക്കാഴ്ച എന്തുകൊണ്ട്


ഇന്ത്യക്കകത്തും പുറത്തുമുള്ള കോർപറേറ്റുകൾക്ക് നൽകുന്ന പ്രോത്സാഹനം കാരണം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ദുർബലപ്പെടുകയാണ്. വിദേശ കോർപറേറ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രിയുടെ സമീപകാല വിദേശരാജ്യ സന്ദർശനങ്ങൾ വെളിപ്പെടുത്തുന്നു. അമേരിക്കയിലും മറ്റുമുള്ള ആയുധ നിർമ്മാതാക്കളുമായുള്ള കരാറുകളെക്കുറിച്ചും റഫാൽ ഇടപാടുകളെക്കുറിച്ചുമെല്ലാമുള്ള ചോദ്യങ്ങൾ ഇതിനകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്. അഡാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സർക്കാരിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ സുപ്രീം കോടതി വിധി എന്തുതന്നെയായാലും ഭരണകക്ഷി, അഡാനിയെ സംരക്ഷിക്കുമെന്ന കാര്യം ഉറപ്പാണ്. മൂല്യമിടിഞ്ഞു കൊണ്ടിരിക്കുമ്പോഴും അഡാനി കമ്പനിയുടെ ഓഹരികളിൽ നിക്ഷേപം നടത്താൻ സർക്കാർ എൽഐസിയുടെയും പൊതുമേഖലാ ബാങ്കുകളുടെയും മേൽ സമ്മർദം ചെലുത്തുകയാണ്. തൊഴിലില്ലായ്മാ നിരക്ക് കുത്തനെ വർധിക്കുന്നു. കഴിഞ്ഞ ‌‌ഒമ്പത് വർഷങ്ങൾക്കുള്ളിൽ 1.2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി തൊഴിൽ വകുപ്പ് മന്ത്രി അവകാശപ്പെടുന്നു. പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ വാഗ്ദാനം നല്‍കി അധികാരത്തിലേറിയ കൂട്ടരാണിവർ. ഇതുപ്രകാരം 18 കോടി തൊഴിലവസരങ്ങൾ ഇതിനകം ഉണ്ടാകേണ്ടതായിരുന്നു. 1.2 കോടി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്ന അവകാശവാദംപോലും അതിശയോക്തിപരമാണ്. സ്വയംതൊഴിൽ സംരംഭക വായ്പ ലഭിച്ചവരെ‌‌ക്കൂടി ഉൾപ്പെടുത്തിയാണ് ഈ എണ്ണം ഉയര്‍ത്തിക്കാട്ടിയത്. കോടിക്കണക്കിന് രൂപ വായ്പ തിരിച്ചടയ്ക്കാതെ മ‌നഃപൂർവം വീഴ്ചവരുത്തിയവരുമായി ചർച്ച നടത്തി ഒത്തുതീർപ്പുണ്ടാക്കാൻ ആവശ്യപ്പെടുന്ന റിസർവ് ബാങ്കിന്റെ നിർദേശം പൊതുപണം കൊള്ളയടിക്കുന്നവരെ നഗ്നമായി സഹായിക്കലാണ്. സർക്കാർ‑പൊതുമേഖലാ സ്ഥാപനങ്ങളിലായി 29.75 ലക്ഷം തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന മോണിറ്റൈസേഷൻ പൈപ്പ് ലൈൻ എന്ന പദ്ധതി, തൊഴിലാളികളെ സ്ഥിരംതൊഴിലിൽ നിന്ന് പുറത്താക്കിക്കൊണ്ടിരിക്കുകയാണ്.

 


ഇതുകൂടി വായിക്കൂ;തീവണ്ടിയിലെ തീവ്രവാദി പരിശോധന


 

ഒഡിഷയിൽ മൂന്ന് തീവണ്ടികൾ തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ 297 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തപ്പോൾ വെളിവായത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത റെയിൽവേയുടെ ഗുരുതര വീഴ്ചയാണ്. റെയിൽപ്പാതകൾക്ക് സുരക്ഷ ഒരുക്കാനും ഗതാഗതം സുഗമമാക്കുന്നതിനും ബജറ്റിൽ വകയിരുത്തിയ 1.2 ലക്ഷം കോടിയിൽ ചെലവഴിച്ചത് കേവലം 271 കോടി മാത്രമാണ്. ഏതാനും ജീവനക്കാരെ ബലിയാടുകളാക്കി സർക്കാർ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ്. ഗതാഗതം സുരക്ഷിതവും സുഗമമാക്കുകയും ചെയ്യേണ്ടതിന് പകരം പുതിയ വന്ദേഭാരത് തീവണ്ടികളുടെ ഉദ്ഘാടനം നടത്തിക്കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി. മണിപ്പൂരിലെ അത്യന്തം ആശങ്കാജനകമായ അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഒട്ടുംതന്നെ ആശങ്കയില്ല. ധ്രുവീകരണത്തിലൂടെയും വിദ്വേഷത്തിലൂടെയും ഭിന്നിപ്പിക്കൽ തന്ത്രങ്ങളിലൂടെയും ബിജെപിക്ക് കൂടുതൽ നേട്ടമുണ്ടാക്കുക എന്ന ഉദ്ദേശമാണിതിനു പിന്നിൽ. സുപ്രീം കോടതി പോലും ചൂണ്ടിക്കാണിച്ചത് കേന്ദ്രം നിഷ്ക്രിയമാണെന്നാണ്. മണിപ്പൂരിൽ സന്ദർശനം നടത്തിയ പാർലമെന്റ് അംഗങ്ങളും, ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ ഉൾപ്പെടെയുള്ള ബഹുജന നേതാക്കളും മണിപ്പൂരിന്റെ യഥാർത്ഥ ചിത്രം പുറംലോകത്തെ അറിയിച്ചപ്പോൾ രാജ്യദ്രോഹ‌ക്കുറ്റം ചുമത്തി കേസുകൾ എടുക്കാനാണ് കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങിയത്. പാർലമെന്റിൽ വിഷയം ചർച്ച ചെയ്യാൻപോലും കേന്ദ്രം തയ്യാറാകുന്നില്ല. ഏകീകൃത സിവിൽ കോഡിനെ‌ക്കുറിച്ചുള്ള ചർച്ച തുടങ്ങിവച്ചത് പ്രധാനമന്ത്രിയാണ്. വർഗീയ വിഭജനം എന്ന അജണ്ടയാണ് ഇതിന് പിന്നിൽ. സമൂഹത്തിലെ സാമൂഹിക സാംസ്കാരിക വൈവിധ്യങ്ങളെ മാനിച്ചും എല്ലാവർക്കും സമത്വം ഉറപ്പുനൽകിയും പൊരുത്തക്കേടുകൾ ഇല്ലാതാക്കുന്ന നിയമമാണ് വേണ്ടത്. പക്ഷേ ബിജെപി-ആർഎസ്എസ് സഖ്യത്തിന്റെ ഉദ്ദേശ്യം അതല്ല. വൈവിധ്യത്തെ നശിപ്പിച്ചുകൊണ്ട് ജനങ്ങളുടെ സാമൂഹിക സാംസ്കാരിക ജീവിതരീതികളെ ഏകീകരിക്കുവാനാണ് അവർ ലക്ഷ്യമിടുന്നത്.

ഹരിയാനയിലെ ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസറുകൾ ഉപയോഗിച്ച് നിരന്തരമായി ഇടിച്ചുനിരത്തിക്കൊണ്ടിരിക്കുകയാണ്. സ്ഥലത്തെത്തിയ എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ, പാർലമെന്റ് അംഗങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ നേതാക്കളുമായ സഖാക്കൾ ബിനോയ് വിശ്വം, പി സന്തോഷ്‌കുമാർ തുടങ്ങിയവരെ തടയുന്നതിനും കയ്യേറ്റം ചെയ്യുന്നതിനുമാണ് ഹരിയാന പൊലീസ് മുതിർന്നത്. രാജ്യത്തുടനീളം കലാപങ്ങളും അരക്ഷിതാവസ്ഥയും ഉണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് കേന്ദ്രസർക്കാർ നിരന്തരമായി നടത്തി‌‌ക്കൊണ്ടിരിക്കുന്നത്. കോർപറേറ്റ്-വർഗീയ ചങ്ങാത്തഭരണം ദേശീയ ആസ്തികളുടെ കൊള്ളയ്ക്ക് നിയമസാധുത നൽകാൻ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു. പ്രകൃതി വിഭവങ്ങൾ കോർപറേറ്റുകൾക്ക് കൈമാറാനാണ് വനം സംരക്ഷണ ഭേദഗതി നിയമം കൊണ്ടുവന്നത്. കടൽത്തീരങ്ങളിലെ ധാതുസമ്പത്ത് കോർപറേറ്റുകൾക്ക് കയ്യടക്കാൻ വഴിവയ്ക്കുന്നതാണ് മിനറൽ ഭേദഗതി നിയമം. മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി നിയമത്തിലൂടെ സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണമേഖല കയ്യടക്കാൻ ശ്രമിക്കുന്നു. പാർലമെന്റ് സമ്മേളനത്തിൽ ഈ സുപ്രധാനമായ നിയമങ്ങളെല്ലാം ഒരു ചർച്ചപോലും ഇല്ലാതെയാണ് പാസാക്കിയെടുത്തത്.
ഭീഷണിയിലൂടെ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യാനുള്ള പ്രവണത പ്രകടമാണ്. നിയമവാഴ്ച നിലനിർത്താൻ പരിശ്രമിക്കുന്ന ന്യായാധിപരെ പരിഹസിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളായാലും ബഹുജന സംഘടനകളായാലും സാമൂഹ്യ‑സാംസ്കാരിക സംഘടനകളായാലും മാധ്യമപ്രവർത്തകരായാലും തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ ഭീഷണിപ്പെടുത്താനും അക്രമിക്കാനും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കാനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്.

രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ തകർക്കുന്ന ഈ ഭരണം രാജ്യത്തിന് അപകടകരമാണ്. മൗലികാവകാശങ്ങളെയും ജനാധിപത്യാവകാശങ്ങളെയും തുരങ്കം വയ്ക്കുകയും ട്രേഡ് യൂണിയൻ അവകാശങ്ങൾ ഹനിക്കുകയുമാണ്. ദാരിദ്യ്രവും തൊഴിലില്ലായ്മയും മനഃപൂർവം നിലനിർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. അതിനാൽ മഹത്തായ ഈ രാജ്യം ഭരിക്കാൻ ഇക്കൂട്ടർക്ക് അവകാശമില്ല. അതിനാലാണ് “രാജ്യത്തെ രക്ഷിക്കുക, ജനങ്ങളെ രക്ഷിക്കുക” എന്ന മുദ്രാവാക്യം ഉയർത്തി കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പോരാടുന്നത്. അതിനാലാണ് രാജ്യത്തെ കർഷകരുമായി കൈകോർത്തുകൊണ്ട് പോരാട്ടം ശക്തിപ്പെടുത്തുവാൻ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി തീരുമാനിച്ചത്.
ഇന്ന്, രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന മഹാധർണയ്ക്കു ശേഷമുള്ള തുടർപ്രക്ഷോഭങ്ങൾക്കും ക്യാമ്പയിനുകൾക്കും തൊഴിലാളി-കർഷക ഐക്യസമിതി രൂപം നല്‍കും. തൊഴിലാളികളും, കർഷകരും ബഹുജനങ്ങളും ഒന്നിച്ച് മഹാപ്രസ്ഥാനമായി ബിജെപി-ആർഎസ്എസ് നേതൃത്വത്തിലുള്ള വർഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരായി അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും. ഇന്ന് നടക്കുന്ന മഹാസമരത്തിൽ പങ്കാളികളാകാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.