3 January 2025, Friday
KSFE Galaxy Chits Banner 2

തൊഴിലില്ലായ്മയും ഗുണമേന്മയില്ലാത്ത തൊഴിലും

എം കെ നാരായണമൂര്‍ത്തി
May 6, 2023 4:33 am

രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം ഇല്ലാത്തതുകൊണ്ടും ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിക്കുന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) മേയ് ഒന്നിന് പുറത്തുവിട്ട റിപ്പോർട്ടിൽ ഇക്കാര്യം വിശദമായി, കണക്കുകൾ നിരത്തി, ചൂണ്ടിക്കാണിക്കുന്നുണ്ട്. 2023 മാർച്ചിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.45 ശതമാനമാണ്. ഇന്ത്യയിൽ തൊഴിലിന്റെ എണ്ണം വർധിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള തൊഴിലിന്റെ നിലവാരത്തിലും വലിയ തകർച്ചയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് സിഎംഐഇയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ മഹേഷ് വ്യാസ് ദി വയറിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. തൊഴിൽ ചെയ്യാൻ തയ്യാറുള്ളവർക്ക് തൊഴിൽ നൽകാൻ കഴിയാത്ത അവസ്ഥയെയാണ് ഇന്ത്യൻ രീതിയനുസരിച്ച് തൊഴിൽ ഇല്ലായ്മ എന്ന് വിവക്ഷിച്ചിരിക്കുന്നത്. അത്തരത്തിൽ തൊഴിൽ ചെയ്യാൻ കഴിയുന്നവരുടെ യഥാർത്ഥ കണക്കുകൾ കേന്ദ്ര സർക്കാരിന്റെ കൈവശമില്ല. കൃത്യസമയത്ത് സെൻസസ് നടത്താത്തതിന്റെ ഏറ്റവും ദാരുണഫലമാണിത്. ഡാറ്റ വേണ്ടിടത്ത് വികാരപ്രകടനം നടത്തുന്ന നരേന്ദ്ര മോഡിയുടെ ഗിമ്മിക്ക് കൊണ്ട് നേരിടാവുന്ന കാര്യമല്ലയിത്.

 


ഇത് കൂടി വായിക്കൂ: ചെറുപ്പത്തിലേ പിടികൂടുന്ന സംഘ്പരിവാര ഫാസിസ്റ്റുകള്‍


ജനസംഖ്യാ വിസ്ഫോടനത്തിലൂടെ ചൈനയെ മറിക്കടക്കുമ്പോൾ നിലവാരമില്ലാത്ത ഒരു തൊഴിൽപ്പട സൃഷ്ടിക്കപ്പെടുന്നു എന്നത് വളരെ ഗുരുതരമായ ഒരു വിഷയമാണ്. പതിനഞ്ച് വയസിന് മുകളിലുള്ള തൊഴിൽ ചെയ്യാൻ കഴിയുന്നവരിൽ 40 ശതമാനത്തിന് മാത്രമേ തൊഴിൽ ലഭ്യമാകുന്നുള്ളൂ. എന്നു പറഞ്ഞാൽ ബാക്കി 60 ശതമാനം ഈ 40 ശതമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അവരുടേയും പ്രായം ഈ 40 ശതമാനത്തിന്റേതായി തുടരുമ്പോൾ സമൂഹത്തിൽ അതുണ്ടാക്കുന്ന ആഘാതം എന്താണെന്ന് ഒരു സർക്കാർ ഏജൻസികളും പഠനവിധേയമാക്കിയിട്ടില്ല. മാന്യമായ തൊഴിലും വേതനവും ലഭിക്കുന്ന ആളുകളെ മാത്രമാണ് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ തൊഴിലാളികളായി കാണുന്നത്. ഇന്ത്യയിലാകട്ടെ സംഘടിതമല്ലാത്ത തൊഴിൽ മേഖലയിലാണ് ഏറ്റവും അധികം ആളുകൾ പണിയെടുക്കുന്നത്. പൂർണമായും നേരിട്ടുള്ള ക്രയവിക്രയം നടക്കുന്ന ഈ മേഖലയിൽ നരേന്ദ്രമോഡിയുടെ ഭ്രമാത്മകമായ നോട്ടുനിരോധനം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ അവിടെ നിലനിന്നിരുന്ന ഒരു മെച്ചപ്പെട്ട തൊഴിൽ സംസ്കാരത്തേയും തൊഴിലിന്റെ ഗുണനിലവാരത്തേയും തകർത്തു.
ഇന്നും ഇന്ത്യയിൽ ഏറ്റവും അധികമാളുകൾ പണിയെടുക്കുന്നത് കാർഷിക മേഖലയിൽ തന്നെയാണ്. അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാൻ കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും ശ്രമിക്കുന്നുണ്ട്. കാർഷിക സമരത്തേയും കർഷക ആത്മഹത്യകളേയും നിസാരവൽക്കരിക്കുന്നത് ഈ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനും കോർപറേറ്റ് വൽക്കരണത്തിനുമാണ്. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിലിന്റെ ഗുണമേന്മ വർധിപ്പിക്കാനും അതിലൂടെ അവരുടെ വരുമാനം ഉയര്‍ത്താനും കോർപറേറ്റുകൾക്ക് മാത്രമേ കഴിയൂവെന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാർ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. അശാസ്ത്രീയമായി നടപ്പിലാക്കിയ ജിഎസ്‌ടി സമ്പ്രദായം അസംഘടിത തൊഴിൽ മേഖലയിലെ പല സംരംഭകരേയും പെരുവഴിയിലാക്കി. പഞ്ചാബിലേയും ഹരിയാനയിലേയും നിരവധി ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചുപൂട്ടി. ഇവിടങ്ങളിൽ പണിയെടുത്തിരുന്നവർ കൃഷിയിടങ്ങളിലെ തൊഴിൽ അന്വേഷകരായി മാറിയപ്പോൾ ഉൾനാടൻ ഗ്രാമങ്ങൾക്ക് അത്രയും പേരെ ഉൾക്കൊള്ളാൻ കഴിയാതെ വന്നു. കൂടുതൽ ദാരിദ്ര്യം ഗ്രാമങ്ങളെ ഗ്രസിക്കാനും തുടങ്ങി. ഉള്ള വിഭവങ്ങളെ പങ്കുവയ്ക്കുന്നതിലെ സങ്കീർണത കൈകാര്യം ചെയ്യാൻ ഈ ഗ്രാമവാസികൾക്ക് കഴിയാതെ പോയി. ഫലമോ, വിദർഭയിലെ കർഷക ആത്മഹത്യകൾക്ക് സമാനമായ തരത്തിൽ ആത്മഹത്യാ നിരക്ക് ഉയർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അവിദഗ്ധ തൊഴിലാളികളുടെ ഒഴുക്കുണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണമിതാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വേതനവും ലഭിക്കുന്നതിനാൽ അവിടെ നിന്നും ദക്ഷിണേന്ത്യയിലേക്ക് ഒഴുക്ക് തുടരുന്നു. ഈ തൊഴിൽപ്പടയുടെ ആധിക്യം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തൊഴിൽ സംസ്കാരത്തേയും തൊഴിലിന്റെ ഗുണമേന്മയേയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കൗൺസിലിലെ മുൻ ചീഫ് സ്റ്റാറ്റീഷ്യനായ പ്രണോബ് സെൻ അദ്ദേഹത്തിന്റെ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സർക്കാർ മേഖലയിലെ ലക്ഷക്കണക്കിന് വരുന്ന തസ്തികകൾ നികത്തപ്പെടാതെ കിടക്കുന്നത് കാരണം തൊഴിൽ ലഭിക്കാതെ വരുന്ന വിദഗ്ധ തൊഴിലാളികളെ പോലെ കഷ്ടപ്പെടുകയാണ് തൊഴിലുള്ളവരും. ഇന്ത്യൻ റെയിൽവേയിൽ നികത്തപ്പെടാതെ കിടക്കുന്ന ഒഴിവുകളുടെ എണ്ണം 3.12 ലക്ഷമാണ്. ഇത്രയും ഭീമമായ ഒഴിവുകൾ നികത്തപ്പെടാതെ വരുമ്പോൾ പണിയെടുക്കുന്നവന് അവന്റെ ശേഷിയെക്കാൾ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നു. ഇത് ജോലിയുടെ ഗുണമേന്മയെ ബാധിക്കുകയും ആത്യന്തികമായി രാജ്യത്തെ ബാധിക്കുകയും ചെയ്യുന്നു. തീവണ്ടികൾ സമയത്തോടാത്തതും ട്രാക്കിലെ അറ്റകുറ്റ പണികൾ സമയത്തു തീരാത്തതും ആവശ്യമായ ജീവനക്കാരില്ലാത്തത് കൊണ്ടു തന്നെയാണ്. അഗ്നിവീർ പട്ടാളക്കുട്ടികളെ സൃഷ്ടിക്കുമ്പോഴും സംഭവിക്കുന്നത് ഇതു തന്നെയാണ്. പൂർണമായും പ്രൊഫഷണലുകളല്ലാത്ത ഈ കുട്ടിപ്പട്ടാളം രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്നതും വിദൂരത്തിലാകില്ല. ആളുകളുടെ തൊഴിൽ ലഭ്യതയില്ലാതാക്കുകയും ഉള്ള തൊഴിലിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കണക്കുകൾ ഉദ്ധരിച്ച് ചോദ്യം ചെയ്യപ്പെടാതെ പോകുമ്പോൾ ഓരോ പൗരന്റേയും ജീവിതനിലവാരത്തെ അത് ബാധിക്കുന്നുണ്ട്.

 


ഇത് കൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


ആവശ്യമായ തൊഴിൽ സൃഷ്ടിക്കുന്നു എന്നു വരുത്തി തീർക്കാൻ കേന്ദ്ര സർക്കാർ ഇപ്പോൾ ആശ്രയിക്കുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ഡാറ്റയാണ്. ഈ ഡാറ്റയിൽ വലിയ തോതിലുള്ള തിരിമറികൾ സർക്കാർ നടത്തുന്നുവെന്നത് ദേശീയ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞതാണ്. ഇന്ത്യയിലെ ഗ്രാമീണ ജനതയെ ഒറ്റ യൂണിറ്റായി കണ്ടുള്ള ഡാറ്റകളും സർക്കാർ വകയായി വരുന്നുണ്ട്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ പണം നൽകാതെ, അതേ കുറിച്ച് ചോദിക്കുമ്പോൾ, വില കുറഞ്ഞ തമാശ പറഞ്ഞും വിഡ്ഢിച്ചിരിചിരിച്ചും നമ്മുടെ പ്രധാനമന്ത്രി സ്വയം ചെറുതാകും. കോവിഡിന് ശേഷം ഓരോ പ്രദേശത്തേയും പ്രശ്നങ്ങൾ തമ്മിലുള്ള അന്തരം വർധിക്കുകയാണ് ചെയ്തിട്ടുള്ളത്. കശ്മീരിലെ ഗ്രാമീണ ജനതയും തെലങ്കാനയിലെ ഗ്രാമീണ കർഷകനും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഒറ്റ ഏകകം കൊണ്ട് മറുപടി പറയുന്ന കേന്ദ്ര സർക്കാർ തകർക്കുന്നത് ഈ രാജ്യത്തെ യുവത്വത്തിന്റെ നിവർന്നു നിൽക്കാനുള്ള കരുത്തിനെയാണ്. ശാരീരികമായും മാനസികമായും തകർക്കപ്പെട്ട യുവതയ്ക്ക് മുന്നിലേക്ക് മതത്തിന്റെയും ദേശീയതയുടേയും അപ്പക്കഷ്ണങ്ങൾ കാട്ടി അധികാരത്തിൽ തുടരാമെന്നത് വലിയ ആയുസില്ലാത്ത മോഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.