19 November 2024, Tuesday
KSFE Galaxy Chits Banner 2

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വീണ്ടുവിചാരം വേണ്ടത് കോണ്‍ഗ്രസിന്

സത്യകി ചക്രവർത്തി
October 9, 2023 4:25 am

രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ കഴിഞ്ഞ ഒരാഴ്ചയായി കേന്ദ്ര ഏജൻസികൾ തുടരുന്ന റെയ്ഡ്‌രാജ് ബിഹാറിലെ ജാതി സെൻസസ് പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘ്പരിവാറും പരിഭ്രാന്തരാകുന്നതിന്റെ സൂചനയാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കണ്ടെത്തലുകളും ജാതി സെൻസസ് ദേശീയതലത്തിൽ നടത്തണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യവും അവരെ കൂടുതല്‍ പരിഭ്രമിപ്പിക്കുന്നു. ബിജെപി ബുദ്ധികേന്ദ്രങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് വിദഗ്ധരും നടത്തിയ കണക്കുകൂട്ടലുകളെല്ലാം പാളിയിരിക്കുന്നു. ഹിന്ദി സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബിജെപി ആഭ്യന്തരമായി നടത്തിയ അഭിപ്രായ സർവേകളുടെ കണ്ടെത്തലുകളും ആശാവഹമായിരുന്നില്ല. ഇന്ത്യ സഖ്യകക്ഷികളെ, പ്രത്യേകിച്ച് കോൺഗ്രസിനെ ഏറ്റവും മോശമായ ഭാഷ ഉപയോഗിച്ച് പ്രധാനമന്ത്രി ആക്രമിക്കുന്നത് പരിഭ്രാന്തിയില്‍ നിന്നാണ്. ബിജെപിയുടെ ഏറ്റവും ശക്തമായ അടിത്തറയായി കണക്കാക്കപ്പെടുന്ന ഹിന്ദി ബെൽറ്റിൽ ജാതി സെൻസസ് സംബന്ധിച്ച് ‘ഇന്ത്യ’ പങ്കാളികളും കോൺഗ്രസും ഉയർത്തിയ പുതിയ വെല്ലുവിളിയെ നേരിടാൻ കഴിയുമോ എന്ന് ബിജെപി ദേശീയ നേതൃത്വത്തിന് ആശങ്കയുണ്ട്. ഇവയുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ. എപ്പോൾ വേണമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. നവംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നാണറിവ്.

 


ഇതുകൂടി വായിക്കൂ; മൂര്‍ച്ചയുള്ള ഇരുതല വാള്‍


ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷിയായ കോൺഗ്രസ് അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിയെ നേരിടുന്നതിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ സ്വാഭാവികമായും സമ്മര്‍ദത്തിലായിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച സംസ്ഥാനതല ചർച്ചകൾ നിയമസഭാ ഫലം വന്നതിന് ശേഷം മാത്രമേ ആരംഭിക്കാവൂ എന്ന അഭിപ്രായമാണ് കോൺഗ്രസ് ഹൈക്കമാൻഡിനുള്ളത്. ഇതിനർത്ഥം ഡിസംബറില്‍ മാത്രമായിരിക്കും ദേശീയ തെരഞ്ഞെടുപ്പ് ചര്‍ച്ച എന്നാണ്. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ വിജയം ലോക്‌സഭാസീറ്റ് വിലപേശല്‍ ശക്തി കൂട്ടുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. അവരുടെ ഈ നിഗമനം തെറ്റാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടാനുള്ള ഇന്ത്യ സഖ്യകക്ഷികളുടെ തയ്യാറെടുപ്പിനെ ഇത് പ്രതികൂലമായി ബാധിക്കും.
എൻഡിഎയിലെ ഏക പ്രധാന കക്ഷിയെന്ന നിലയിൽ ബിജെപിക്ക് അവരുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിൽ തടസമുണ്ടാകില്ല. പക്ഷേ, ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ നിരവധി പ്രദേശങ്ങളില്‍ പ്രബലരായതുകൊണ്ട് വിശദമായ സംസ്ഥാനതല ചർച്ചകൾ നടത്തേണ്ടതുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഈ പ്രക്രിയ ഇപ്പോൾത്തന്നെ ആരംഭിക്കേണ്ടതാണ്. പ്രത്യേകിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഇല്ലാത്ത സംസ്ഥാനങ്ങളില്‍. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരുമെന്നാണ് സൂചന. ഇന്ത്യയിലെ പാര്‍ട്ടികളുമായി ചർച്ചകൾ ആരംഭിക്കുന്നതിന് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിർദേശങ്ങൾ നൽകുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഉറപ്പാക്കേണ്ടതുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ചർച്ചകൾ അസമിൽ ആരംഭിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിലും കോൺഗ്രസ്-ടിഎംസി ചർച്ചകളുണ്ടാകുമെന്ന് സൂചനയുണ്ട്. അസം പിസിസി അധ്യക്ഷൻ റിപുൺ ബോറ തൃണമൂൽ എംപി അഭിഷേക് ബാനർജിയെ കാണുകയും സംസ്ഥാനത്തെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടത്തുകയും ചെയ്തു. 14 സീറ്റുകളുള്ള അസമിൽ നിന്ന് ടിഎംസിക്ക് നിലവില്‍ ലോക്‌സഭാ അംഗങ്ങളില്ല. ബിജെപിക്ക് ഒമ്പത് സീറ്റുകളും കോൺഗ്രസിന് മൂന്നും എഐയുഡിഎഫിനും സ്വതന്ത്രനും ഒന്ന് വീതവുമാണുള്ളത്. രണ്ട് സീറ്റാണ് ടിഎംസി ആവശ്യപ്പെട്ടിരിക്കുന്നത്. മേഘാലയയിലും മണിപ്പൂരിലും സഖ്യത്തിന് ധാരണയായാൽ ഒരു സീറ്റിൽ ടിഎംസി യോജിച്ചേക്കും.
മേഘാലയയിലും മണിപ്പൂരിലും രണ്ട് സീറ്റ് വീതമാണുള്ളത്. നിലവിൽ, മേഘാലയയിൽ കോൺഗ്രസിന് ഒരു സീറ്റും എൻഡിഎ സഖ്യത്തിലെ എൻപിപിക്ക് ഒരെണ്ണവും ലഭിച്ചു. ബിജെപി ഉൾപ്പെടുന്ന മേഘാലയ സർക്കാരിന് നേതൃത്വം നൽകുന്നത് എൻപിപിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ടിഎംസിയിലേക്ക് കൂറുമാറിയിട്ടും കോൺഗ്രസിന് ടിഎംസിയെക്കാൾ സീറ്റുകൾ ലഭിച്ചു. വടക്കുകിഴക്കന്‍ മേഖലയിൽ കോൺഗ്രസുമായുള്ള ധാരണയുടെ ഭാഗമായി മേഘാലയയിൽ ഒരു ലോക്‌സഭാ സീറ്റാണ് ടിഎംസി പ്രതീക്ഷിക്കുന്നത്.

 


ഇതുകൂടി വായിക്കൂ;ഇച്ഛാശക്തി വീണ്ടെടുക്കാന്‍ ഇന്ത്യ സഖ്യം


 

മണിപ്പൂരിലെ രണ്ട് സീറ്റുകളിൽ ഒന്ന് ബിജെപിക്കും മറ്റൊന്ന് അവരുടെ സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ടിനുമാണ്. സംസ്ഥാനത്തെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ചില പ്രാദേശിക സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന ഘടകകക്ഷിയായ സിപിഐക്ക് മണിപ്പൂരിൽ ശക്തമായ വേരോട്ടമുണ്ട്. നേരത്തെ പാർട്ടിക്ക് സംസ്ഥാനത്തു നിന്ന് ലോക്‌സഭാംഗവും ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഐയും ധാരണയിലാണ് മത്സരിച്ചത്. സംസ്ഥാനത്തെ നിലവിലെ ബിജെപിവിരുദ്ധ വികാരം അക്രമത്തിനിരയായ പ്രാദേശിക ശക്തികളുമായി ചേർന്ന് എങ്ങനെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനുകൂലമായി മാറ്റാൻ കഴിയുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് ചിന്തിക്കേണ്ടത്.മിസോറാമിൽ ഈ വർഷം നവംബറിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ അതിന്റെ പ്രചാരണത്തിരക്കിലായിരിക്കും കോണ്‍ഗ്രസ്. ഏക ലോക്‌സഭാ സീറ്റ് ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിനാണ്. നാഗാലാൻഡിലും എൻഡിഎ സഖ്യത്തിലെ എൻഡിപിപിയാണ് ജയിച്ചത്. അരുണാചലിലെ രണ്ട് ലോക്‌സഭാ സീറ്റുകളും ബിജെപിക്കൊപ്പമാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് വടക്കുകിഴക്കന്‍ മേഖലയിലെ എൻഡിഎ കൺവീനർ. ബിജെപിയുടെ ഏറ്റവും ശക്തനായ സംഘാടകനാണദ്ദേഹം. തത്തുല്യനായൊരു നേതാവ് മേഖലയിൽ കോൺഗ്രസിനില്ല. അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയെ പാേലൊരു നേതാവിനെ കോൺഗ്രസ് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു. മേഖലയിൽ സിപിഐ(എം)പ്രധാന കക്ഷിയായ സംസ്ഥാനമാണ് ത്രിപുര. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം സിപിഐഎമ്മുമായും തിപ്ര മോത്തയുമായും ചർച്ചകൾ ആരംഭിക്കേണ്ടതുണ്ട്. ധാരണയിലെത്തിയാൽ നിലവില്‍ ബിജെപിയുടെ കെെവശമുള്ള രണ്ടു സീറ്റുകളും പിടിച്ചെടുക്കാനുള്ള സാധ്യത ഏറെയാണ്.

(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.