22 December 2024, Sunday
KSFE Galaxy Chits Banner 2

പ്രകടന പത്രികകള്‍ പരിഗണിക്കേണ്ടത് പൊതുജനാരോഗ്യം

ഡോ. അരുൺ മിത്ര 
April 21, 2024 4:24 am

ജനങ്ങളുടെ ഗൗരവമായ ഒരു പ്രശ്നമാണ് ആരോഗ്യം. സര്‍ക്കാരിന്റെ സ്വന്തം കണക്കനുസരിച്ചുതന്നെ ആറ് കോടിയിലധികം ആളുകൾ ആരോഗ്യത്തിനുള്ള വര്‍ധിച്ച ചെലവ് കാരണം ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെടുകയാണ്. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരും ആവശ്യപ്പെടുന്നത്. അതുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ അവരുടെ തെരഞ്ഞെടുപ്പ് അജണ്ടയിൽ സാർവത്രിക ആരോഗ്യ സംരക്ഷണം എന്ന ആശയത്തിന് മുൻഗണന നൽകേണ്ടത് പരമപ്രധാനമാണ്. ഓരോ പൗരന്റെയും ആരോഗ്യാവശ്യങ്ങൾ ജാതി, മതം, ലിംഗഭേദം, സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കാതെ നിറവേറ്റപ്പെടണം. രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പാർട്ടികൾ ഏറ്റെടുക്കേണ്ടത് ഈ വിഷയമാണ്.
ജനങ്ങളുടെ ആരോഗ്യസംരക്ഷണം നിറവേറ്റുന്ന നയരൂപീകരണത്തിൽ സർക്കാർ നേരിട്ട് ഇടപെടേണ്ടിവരികയെന്നത് ഏറെ പ്രസക്തമാണ്. ആരോഗ്യം മൗലികാവകാശമാക്കാന്‍ രാഷ്ട്രീയ പാർട്ടികൾ പ്രതിജ്ഞാബദ്ധരാകുകയും ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവ് ജിഡിപിയുടെ ആറ് ശതമാനമായി ഉയർത്തുമെന്ന് വാഗ്ദാനം ചെയ്യുകയും വേണം. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ച മൗലികാവകാശമാണ് ആരോഗ്യം. “ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമത്തിന്റെ സമ്പൂർണ അവസ്ഥയാണ്, രോഗത്തിന്റെയോ വൈകല്യത്തിന്റെയോ അഭാവം മാത്രമല്ല” എന്നാണ് ആരോഗ്യം നിർവചിക്കപ്പെട്ടിരിക്കുന്നത്. കുടിവെള്ളം, ശുചിത്വം, മതിയായ ഭക്ഷണം, പോഷകാഹാരം, പാർപ്പിടം, ആരോഗ്യകരമായ തൊഴിൽ, പാരിസ്ഥിതിക സാഹചര്യങ്ങൾ, വിദ്യാഭ്യാസം, മറ്റ് അറിവുകള്‍ തുടങ്ങി ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ നിർണായക ഘടകങ്ങളിലേക്ക് ഈ അവകാശം വ്യാപിച്ചുകിടക്കുന്നു. ആഹാരം, പാർപ്പിടം, ജോലി, വിദ്യാഭ്യാസം, വികസനപങ്കാളിത്തം തുടങ്ങിയ മറ്റ് മനുഷ്യാവകാശങ്ങളിൽ നിന്ന് വേർതിരിക്കാനാവാത്തതാണ് ആരോഗ്യത്തിനുള്ള അവകാശം. എല്ലാവർക്കും ആവശ്യമായ ആരോഗ്യ സേവനങ്ങൾ, എപ്പോഴും എവിടെയും സാമ്പത്തികതടസം കൂടാതെ ലഭ്യമാക്കണം. ഇത് നിറവേറ്റാനാണ് 1978ൽ ഖസാക്കിസ്ഥാനിലെ അൽമാട്ടി(അൽമ-അറ്റ)യിൽ ഒരു അന്താരാഷ്ട്ര സമ്മേളനം നടത്താൻ ലോകാരോഗ്യ സംഘടന മുൻകൈ എടുത്തത്. എല്ലാ ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ സര്‍ക്കാരുകളുടെയും എല്ലാ ആരോഗ്യ‑വികസന പ്രവർത്തകരുടെയും ലോക സമൂഹത്തിന്റെയും അടിയന്തര നടപടിയുടെ ആവശ്യകത സമ്മേളനത്തിലുയര്‍ന്നു. ജനങ്ങളുടെ ആരോഗ്യനിലയിൽ, പ്രത്യേകിച്ച് വികസിത‑വികസ്വര രാജ്യങ്ങൾക്കിടയിലും രാജ്യങ്ങളിലെ സമ്പന്നരും ദരിദ്രരും തമ്മിലുമുള്ള കടുത്ത അസമത്വം രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും അസ്വീകാര്യമാണെന്ന പ്രഖ്യാപനം സമ്മേളനത്തിലുണ്ടായി. ‘അൽമ-അറ്റ പ്രഖ്യാപനം’ ആരോഗ്യരംഗത്തെ ഇത്തരത്തിലുള്ള ആദ്യപ്രഖ്യാപനമാണ്.
ലോകം, വിഭവങ്ങളുടെ ഗണ്യമായ ഒരു ഭാഗം ഇപ്പോൾ ആയുധങ്ങൾക്കും സൈനിക ആവശ്യങ്ങൾക്കും വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് അൽമ-അറ്റ സമ്മേളനം വിലയിരുത്തി. സ്വാതന്ത്ര്യം, സമാധാനം, നിരായുധീകരണം എന്നിവയ്ക്ക് ശരിയായ നയം വേണമെന്നും സമാധാനപരമായ ലക്ഷ്യങ്ങൾക്കായി അധിക വിഭവങ്ങൾ വിനിയോഗിക്കണമെന്നും തീരുമാനമുണ്ടായി. ഈ പ്രഖ്യാപനത്തിൽ ഇന്ത്യ ഒപ്പുവച്ചിരിക്കുന്നതിനാൽ സാർവത്രിക ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നമ്മുടെ സര്‍ക്കാരും ബാധ്യസ്ഥമാണ്. എന്നാൽ ഇന്നും രാജ്യത്തെ ആരോഗ്യസ്ഥിതി തൃപ്തികരമല്ല. ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകങ്ങൾ പോലും ഇപ്പോഴും എല്ലാ പൗരന്മാർക്കും ലഭ്യമല്ല. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ അഭാവവുമുണ്ട്. സാംക്രമികവും അല്ലാത്തതുമായ രോഗങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്.

 


ഇതുകൂടി വായിക്കൂ: അസഹിഷ്ണുതയുടെ ചരിത്രപാഠങ്ങൾ


സർക്കാർ എന്ത് അവകാശമുന്നയിച്ചാലും കോവിഡ് സമയത്ത് തെറ്റായ തീരുമാനങ്ങളും വഴിപിഴച്ച മുൻഗണനകളും കാരണം ആയിരക്കണക്കിന് മരണങ്ങൾ തടയുന്നതിൽ നമ്മള്‍ പരാജയപ്പെട്ടു. ഭക്ഷണവും പാർപ്പിടവും യാത്രാസൗകര്യവും ഇല്ലാതെ ആയിരങ്ങൾക്ക് അവരുടെ സ്വന്തം ഇടങ്ങളിലേക്ക് നടന്നുപോകേണ്ട അവസ്ഥയുണ്ടായി. ഇത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ അപകടങ്ങളുണ്ടാക്കി. ലോകത്ത് ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ അഞ്ച് പ്രധാന വിഭാഗങ്ങളായി തിരിക്കാം: പൂര്‍ണമായും സര്‍ക്കാര്‍ സഹായത്തിലുള്ള ആരോഗ്യരംഗം; പൊതുമേഖലാ ഇന്‍ഷുറന്‍സ് സംവിധാനം; സാർവത്രിക പൊതു-സ്വകാര്യ ഇൻഷുറൻസ്; സാർവത്രിക സ്വകാര്യ ആരോഗ്യ ഇൻഷുറൻസ്; സാര്‍വത്രികമല്ലാത്ത ഇൻഷുറൻസ് സംവിധാനം. സർക്കാർ ധനസഹായത്തോടെയുള്ള സാർവത്രിക ആരോഗ്യ സംവിധാനം ‘സിംഗിൾ‑പേയർ’ ആയി അംഗീകരിക്കപ്പെടുന്നു. ഇത് സർക്കാർ ധനസഹായത്തോടെയുള്ള ആരോഗ്യ പരിരക്ഷ എല്ലാ പൗരന്മാർക്കും അവരുടെ വരുമാനമോ തൊഴിൽ നിലയോ പരിഗണിക്കാതെ ലഭ്യമാക്കുന്നു. യുകെയിലും കാനഡയിലും ക്യൂബയിലും മറ്റ് രാജ്യങ്ങളിലും ഈ സംവിധാനം നല്ല ഫലങ്ങൾ നല്‍കുന്നതായി കാണാൻ കഴിയും. ഇൻഷുറൻസ് അധിഷ്ഠിത ആരോഗ്യ സംരക്ഷണം രണ്ട് കാര്യങ്ങളിൽ ജനങ്ങളുടെ ആവശ്യങ്ങളെ നിരാകരിക്കും. ഒന്ന്, ഇതൊരു പ്രീമിയം അധിഷ്ഠിത സംവിധാനമായതുകൊണ്ട് പ്രീമിയത്തിനപ്പുറമുള്ള ചെലവുകൾ ഗുണഭോക്താവ് വഹിക്കേണ്ടി വരും. രണ്ടാമത്തെ കാര്യം, ഇൻഷുറൻസ് സംവിധാനത്തിന്റെ ഉടമകള്‍ കോർപറേറ്റ് കമ്പനികളായതിനാൽ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തമെന്ന അടിസ്ഥാന സങ്കല്പം തഴയപ്പെടും. ആരോഗ്യ ഇൻഷുറൻസ് സർക്കാർ നൽകിയാലും പൊതുഖജനാവിൽ നിന്ന് നേട്ടമുണ്ടാക്കുന്നത് പലപ്പോഴും കോർപറേറ്റ് ഇൻഷുറൻസ് കമ്പനികളാണ്. മുതിർന്ന പൗരന്മാരാണ് ഈ കമ്പനികളിൽ നിന്ന് കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

വിവിധ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ആരോഗ്യം അജണ്ടയാക്കി രംഗത്തെത്തിയിട്ടുണ്ട്. ഇടതുപാർട്ടികളായ സിപിഐ, സിപിഐ(എം) എന്നിവ ആരോഗ്യ ചെലവ് ജിഡിപിയുടെ ആറ് ശതമാനം വരെ വർധിപ്പിക്കുന്നതിൽ ശ്രദ്ധയൂന്നുന്നു. യുക്തിസഹമായ മരുന്ന് വിലനിർണയ നയവും ഔഷധനിര്‍മ്മാണത്തില്‍ പൊതുമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നും അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇൻഷുറൻസ് കമ്പനികൾക്ക് പകരം സർക്കാർ നേരിട്ട് ആരോഗ്യ സേവനങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് ഇടതുപാർട്ടികൾ മുൻഗണന നൽകുന്നത്. കോൺഗ്രസ് പ്രകടന പത്രികയിൽ രാജസ്ഥാൻ മോഡൽ അതിന്റെ നേട്ടമായി പറയുമ്പോൾ ഇൻഷുറൻസ് കമ്പനികളെ ആരോഗ്യ പരിപാലനത്തിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും പറയുന്നുണ്ട്.
ബിജെപിയുടെ പ്രകടന പത്രികയിൽ ആരോഗ്യകാര്യത്തിൽ ഏകീകൃതമായ പദ്ധതികളില്ല. അതേസമയം കോർപറേറ്റ് കമ്പനികളുടെ ഇൻഷുറൻസ് അധിഷ്‌ഠിത മാതൃകയെക്കുറിച്ചുള്ള ചില സൂചനകളുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിലുള്ള വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം കണ്ടറിയണം. ആരോഗ്യ പ്രവർത്തകരും പൗരസമൂഹവും സാർവത്രിക ആരോഗ്യ സംരക്ഷണമെന്ന വിഷയം കൂടുതൽ ശക്തമായി ഉന്നയിക്കേണ്ടതുണ്ട്.
(അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.