21 May 2024, Tuesday

അസഹിഷ്ണുതയുടെ ചരിത്രപാഠങ്ങൾ

ഒ കെ ജയകൃഷ്ണൻ
April 18, 2024 4:58 am

ലോകചരിത്രം പരിശോധിച്ചാൽ മനസിലാകുന്ന ഒരു കാര്യം, ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങളെ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ഭയപ്പെടുത്തിയിരുന്നു എന്നതാണ്. നാസി മന്ത്രിയായിരുന്ന ഗീബൽസ് ഫ്രഞ്ച് വിപ്ലവത്തിന്റെ അടയാളങ്ങളും ഓർമ്മകളും ജർമ്മൻ ജനതയിൽ നിന്നും തുടച്ചുമാറ്റുമെന്ന് അക്കാലത്ത് പ്രഖ്യാപിച്ചിരുന്നു. കാരണം ഫ്രഞ്ച് വിപ്ലവാശയങ്ങളായ സ്വാതന്ത്ര്യവും സമത്വവും ഹിറ്റ്ലർക്കും ജർമ്മൻ പട്ടാളത്തിനും അംഗീകരിക്കാൻ കഴിയാത്തവയായിരുന്നു. അവ അവരുടെ ഏകാധിപത്യ ഭരണത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസമാകുന്ന ആശയങ്ങളായിരുന്നു.
ഇന്ത്യയിൽ ഇന്ന് ചരിത്രം തിരുത്താൻ ഇറങ്ങിത്തിരിച്ചവർക്ക് ഭരണകൂടം എല്ലാ സഹായവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിൽ(ഐസിഎച്ച്ആര്‍) മെമ്പർ സെക്രട്ടറി വെളിപ്പെടുത്തിയതനുസരിച്ച് ഇന്ത്യയുടെ സമഗ്രചരിത്രം 12വാല്യങ്ങളിലായി പൂർത്തിയാക്കാനുള്ള പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നൂറിലേറെ സംഘ്പരിവാർ ചരിത്രരചയിതാക്കൾ ഇതിന്റെ പണിപ്പുരയിലാണ്. ഇന്ത്യയുടെ ചരിത്രം തിരുത്താൻ ശ്രമിക്കുന്നു എന്നല്ല അപനിർമ്മിതി ആരംഭിച്ചിരിക്കുന്നു എന്നതാണ് വസ്തുത. ഇന്ത്യയെ ഒരു ‘ഉത്തമ ഹിന്ദുരാഷ്ട്ര’മാക്കി മാറ്റുന്നതിന് സംഘ്പരിവാറിനു മുന്നിലെ ഏറ്റവുംവലിയ തടസം ഇന്ത്യയുടെ ചരിത്രംതന്നെയാണ്. രാജ്യത്തിന്റെ ഭൂതകാല നിര്‍മ്മിതിയിലും സ്വാതന്ത്ര്യസമരത്തിലും യാതൊരു പങ്കുമില്ല എന്നത് അവർ നേരിട്ടുകൊണ്ടിരിക്കുന്ന മൂർച്ചയുള്ള വിമര്‍ശനമാണ്. അതിനെ നേരിടാനുള്ള പദ്ധതിയാണ് രാജ്യത്തെ കുട്ടികളുടെ പാഠ്യപദ്ധതി തയ്യാറാക്കുന്ന എന്‍സിഇആര്‍ടിയിലൂടെ ഇപ്പോൾ നടപ്പാക്കുന്നത്. ഇപ്പോഴത്തെ കുട്ടികളും ഇനിയുള്ള തലമുറയും പഠിക്കേണ്ടത് യഥാർത്ഥചരിത്രമല്ല എന്ന് പാഠ്യപദ്ധതിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് സംഘ്പരിവാർ ഭരണകൂടം. ഇതിനുമുമ്പ് റൊമില ഥാപ്പറെപ്പോലുള്ള പുകൾപെറ്റ ചരിത്രകാരരുണ്ടാക്കിയിരുന്ന എൻസിഇആർടി ചരിത്ര പാഠങ്ങൾ കേവലം പാഠപുസ്തകങ്ങളായിട്ടല്ല, ആധികാരിക ചരിത്രഗ്രന്ഥങ്ങളായിട്ടാണ് ഇതുവരെ ലോകം കണ്ടിരുന്നത്. എന്നാൽ ഇന്ന് ചരിത്രകാരന്മാരും വിദ്യാഭ്യാസവിചക്ഷണരും പാഠ്യപദ്ധതിയിലെ പിന്തിരിപ്പൻ നിലപാടിൽ പ്രതിഷേധിച്ച് വിട്ടുനിൽക്കുകയാണ്.

 


ഇതുകൂടി വായിക്കൂ; തമിഴകം കാത്തിരിക്കുന്നത് ഇന്ത്യ സഖ്യത്തിന്റെ സമ്പൂര്‍ണ മുന്നേറ്റം


നിലവിലുള്ള ചരിത്രരചനാ രീതിശാസ്ത്രങ്ങളെയെല്ലാം നിരാകരിച്ച്, കാലഗണനതന്നെ അട്ടിമറിച്ചിരിക്കുകയാണ് എന്‍സിഇആര്‍ടി. പ്രാചീന, മധ്യകാല, ആധുനിക ചരിത്രഘട്ട വിഭജനത്തിൽ പൗരാണിക(ക്ലാസിക്കൽ)ഘട്ടംകൂടി ചേർത്തിരിക്കുന്നു. അതിലൂടെ രാമായണവും മഹാഭാരതവും ഐതിഹ്യങ്ങളും രാജവംശകഥകളും ചരിത്രപാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. ഒപ്പം തങ്ങൾക്ക് ഹിതകരമല്ലാത്തതെല്ലാം പാഠഭാഗങ്ങളിൽ നിന്ന് വെട്ടിമാറ്റുകയും ചെയ്യുന്നു. ഏറ്റവും ഒടുവിൽ പന്ത്രണ്ടാം ക്ലാസിലെ രാഷ്ട്രതന്ത്ര പുസ്തകത്തിൽ നിന്നും ബാബറി മസ്ജിദ് തകർത്തതും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും വിവരിക്കുന്ന ഭാഗമൊഴിവാക്കി, രാമക്ഷേത്രനിർമ്മാണം കോടതിവിധിപ്രകാരം പൂർത്തിയാക്കിയതായി കൂട്ടിച്ചേർത്തിരിക്കുന്നു. ഗുജറാത്ത് കലാപവും അതിന്റെ വർഗീയ‑സാമൂഹ്യവശങ്ങളും വോട്ടവകാശത്തിലേക്ക് കടക്കുന്ന പുതിയ തലമുറ അറിയാനോ വിശകലനം ചെയ്യാനോ പാടില്ല എന്ന ലക്ഷ്യത്തില്‍ നീക്കം ചെയ്തിരിക്കുന്നു. പലതവണയാണ് മുതിർന്ന കുട്ടികൾ പഠിക്കുന്ന ഹയർസെക്കന്‍ഡറി ചരിത്രം, സാമൂഹ്യശാസ്ത്രം, രാഷ്ട്രീയ‑സാമ്പത്തികശാസ്ത്ര പുസ്തകങ്ങളിൽ തിരുത്തലും വെട്ടലും അപനിർമ്മിതിയും എന്‍സിഇആര്‍ടി നടത്തിയിരിക്കുന്നത് എന്ന് കാണാം. കൊളോണിയൽ ആധിപത്യത്തെ തൂത്തെറിയാൻ എല്ലാവിഭാഗം മനുഷ്യരും നടത്തിയ സ്വാതന്ത്ര്യസമരവും അതിലൂടെ രൂപപ്പെട്ടുവന്ന ഇന്ത്യാവികാരവുമല്ല സംഘ്പരിവാർ ഉദ്ഘോഷിക്കുന്നത്. മറിച്ച്, മുസ്ലിം ഭരണാധികാരികളിൽ നിന്നുള്ള മോചനമാണ് രാജ്യത്തിന്റെ യഥാർത്ഥ സ്വാതന്ത്ര്യമെന്ന് വരുത്തിതീർക്കാനാണ് പരിശ്രമം. അതിന്റെ ചുവടുപിടിച്ചാണ് മുഗള്‍ഭരണ ചരിത്രം പുസ്തകത്തിൽ നിന്നും വെട്ടിയത്. ബാബറുടെയും അക്ബറുടെയും ഔറംഗസീബിന്റെയും പേരുകൾ നിരന്തരമുച്ചരിച്ചുകൊണ്ട് വിദ്വേഷം പ്രചരിപ്പിക്കുന്നതും സ്വാഭിമാനബോധമുയർത്തുന്നതും സംഘ്പരിവാർ ശാഖകളിൽ മാത്രമല്ല, പാഠപുസ്തകങ്ങളിലൂടെ ഇളം മനസുകളിലുമാണ്.

ചരിത്രത്തിൽ നിന്ന് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ സത്തയെ മായ്ച്ചുകളഞ്ഞ് ഹിന്ദുത്വ നേതാക്കളെയും അവരുടെ വാഴ്ത്തുകളെയും എഴുതിപ്പിടിപ്പിക്കുമ്പോൾ പുതിയ വീരനായകർ ഉയർന്നുവരികയാണ്. സ്വന്തം നേതാക്കളെ ആഘോഷിക്കുമ്പോൾ ത്യാഗംചെയ്തവരുടെ മഹത്വം മോഷ്ടിക്കുക കൂടിയാണ് അവർ ചെയ്യുന്നത്. ഗാന്ധിയും നെഹ്രുവും സിലബസിൽ നിന്ന് പുറത്താകുന്നതും ഗോൾവാർക്കറും സവർക്കറും അകത്താകുന്നതും ഇങ്ങനെയാണ്. ചരിത്രത്തിലെ കൊള്ളാവുന്ന പേരുകളെല്ലാം തങ്ങളുടേതാക്കി അവതരിപ്പിക്കാനാണ് മറ്റൊരു ശ്രമം. ഭഗത്‌സിങ്ങും, പട്ടേലും ഉദാഹരണങ്ങൾ. പരിമിത ചരിത്രബോധമുള്ള സാധാരണക്കാരെയും പുതുതലമുറയെയും ലക്ഷ്യംവച്ചാണ് ഈ അപനിർമ്മിതി. ‘ഇന്ത്യയെ അറിയുക’എന്ന ഇന്ത്യന്‍ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നും മുഗൾഭരണത്തെക്കുറിച്ചും അതിന്റെ സംഭാവനകളെ കുറിച്ചുമുള്ള വിവരണങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണ്. യഥാർത്ഥ ചരിത്രമാണ് വർത്തമാനകാലത്തും ഭാവിയിലും മനുഷ്യർക്ക് എല്ലാതലത്തിലുമുള്ള അധിനിവേശങ്ങളെയും ചെറുക്കാനുള്ള ഇന്ധനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.