റബ്ബർ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഉല്പാദനം വർധിപ്പിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ് ഇന്ത്യയിൽ റബ്ബർ ബോർഡ് രൂപീകൃതമാകുന്നത്. റബ്ബർ ബോർഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ വികസനരംഗത്ത് സുപ്രധാനമായ പങ്കുവഹിച്ച പ്ലാനിങ് കമ്മിഷനെ നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്ത ഉടൻതന്നെ പിരിച്ചുവിട്ടു. രാജ്യത്തിന്റെ വികസന രംഗത്ത് സുപ്രധാന പങ്കാണ് പ്ലാനിങ് കമ്മിഷൻ വഹിച്ചിരുന്നത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലാണ് പ്ലാനിങ് കമ്മിഷൻ രൂപീകരിച്ചതും വിവിധ വികസന പദ്ധതികൾക്ക് നേതൃത്വം നല്കിയതും. അടിസ്ഥാന വികസനരംഗത്ത് മാനവ വിഭവശേഷി വർധിപ്പിക്കുന്നതിനും ശാസ്ത്ര ഗവേഷണരംഗത്ത് പുരോഗതി കൈവരിക്കുന്നതിനും നേതൃത്വം നല്കി. രാജ്യത്തിന്റെ കാർഷിക, വ്യവസായ മേഖലയിലെ വളർച്ചയ്ക്ക് കാരണമായ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിനും മുന്നോട്ടുവന്ന സംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്തുകൊണ്ടാണ് പ്ലാനിങ് കമ്മിഷൻ പദ്ധതികൾ രൂപീകരിച്ചത്. ഓരോ മേഖലയിലും ആവശ്യമായ പദ്ധതി വിഹിതം നിശ്ചയിക്കുന്നതിനും പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനും കമ്മിഷൻ വലിയ പങ്കുവഹിച്ചു. കാർഷിക മേഖലയെയും വിവിധ അനുബന്ധ മേഖലകളെയും ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം വച്ചാണ് റബ്ബർ ബോർഡ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ രാജ്യത്ത് പ്രവർത്തനം ആരംഭിച്ചത്.
കയർ ബോർഡ്, സ്പൈസസ് ബോർഡ്, കോഫി ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾ അതാത് മേഖലകളിലെ ഉയർച്ചയും സ്വയം പര്യാപ്തതയുമാണ് ലക്ഷ്യംവച്ചത്. സ്വാഭാവിക റബ്ബറിന്റെ ഉല്പാദനം വർധിപ്പിക്കണമെന്ന ലക്ഷ്യവും മുന്നിൽ വച്ചാണ് 1947 ഏപ്രിൽ 18ന് റബ്ബർ ആക്ട് പ്രകാരം റബ്ബർ ബോർഡ് രൂപീകരിച്ചത്. ദേശീയതലത്തിലുള്ള ഗവേഷണം, കർഷകർക്കും തൊഴിലാളികൾക്കും പരിശീലനം നൽകൽ, ഉല്പാദനവും ഉല്പാദനക്ഷമതയും വർധിപ്പിക്കൽ, തൊഴിലാളികളുടെയും കർഷകന്റെയും വരുമാനം വർധിപ്പിക്കൽ തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തിച്ചുവന്നു. കേരളത്തിൽ റബ്ബർ കൃഷി വ്യാപിപ്പിക്കുന്നതിലും ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനും ബോർഡ് പ്രധാനപ്പെട്ട പങ്കാണ് വഹിച്ചത്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഒന്നാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതു മുതൽതന്നെ റബ്ബർ ബോർഡ് ഉൾപ്പെടെയുള്ള കാർഷിക മേഖലയിലെ ബോർഡുകളെ ദുർബലപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. പ്ലാനിങ് കമ്മിഷനെ പിരിച്ചുവിട്ടുകൊണ്ട് ബ്യൂറോക്രാറ്റുകളും കോർപറേറ്റ് ഭീമന്മാരുടെ പ്രതിനിധികളും അടങ്ങിയ നിതി ആയോഗ് രൂപീകരിച്ചു. ജനാധിപത്യപരമായി യാതൊരു ചർച്ചകളും ഇല്ലാതെ ഉദ്യോഗസ്ഥ മേധാവിത്വപരവും കോർപറേറ്റ് താല്പര്യങ്ങൾ മുന്നിൽക്കണ്ടുമാണ് നിതി ആയോഗ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. റബ്ബർ ബോർഡ് നിർത്തലാക്കുന്നതിനായി നിതി ആയോഗ് ഇതിനകം എടുത്ത തീരുമാനം കോർപറേറ്റുകളെ സഹായിക്കാനുള്ളതാണെന്ന് വ്യക്തമാണ്. റബ്ബർ ഉല്പാദന മേഖലയെയും കോർപറേറ്റുകളെ ഏല്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബോർഡ് നിർത്തലാക്കാനുള്ള കരുനീക്കങ്ങൾ. 13 ലക്ഷത്തിലധികം ചെറുകിട കർഷകരാണ് ഈ മേഖലയിലുള്ളത്. 1955 –56 ൽ രണ്ട് ഹെക്ടറിൽ താഴെയുള്ള റബ്ബർ കർഷകർ രണ്ട് ശതമാനത്തിൽ താഴെയായിരുന്നു. ഇപ്പോൾ 90 ശതമാനത്തിലധികം കർഷകർ രണ്ട് ഹെക്ടറിൽ താഴെ ഉള്ളവരാണ്.
1950 ൽ എസ്റ്റേറ്റുകളിലാണ് 63 ശതമാനത്തിലധികം റബ്ബർ കൃഷി ചെയ്തിരുന്നതെങ്കിൽ ഇന്ന് പത്ത് ശതമാനമായി കുറഞ്ഞിട്ടുണ്ട്. 90 ശതമാനം റബ്ബർ കർഷകരും നാമമാത്ര‑ഇടത്തരം കർഷകരാണ് എന്ന് ഇതിൽ നിന്നും വ്യക്തമാണ്. സ്വാഭാവിക റബ്ബറിന്റെ ആവശ്യക്കാർ വൻകിട കുത്തക കമ്പനികളാണ്. ടയറും വിവിധ റബ്ബർ ഉല്പന്നങ്ങളും നിർമ്മിക്കുന്ന ഈ മേഖലയിലെ കോർപറേറ്റ് ഭീമന്മാർ തടിച്ചുകൊഴുക്കുകയാണ്. ഇന്ത്യൻ കമ്പോളം ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ്. ആ വിപണിക്കും അതിനു പുറത്തുള്ള വിപണിയിലും ആധിപത്യം സ്ഥാപിക്കുക എന്നതാണ് ടയർ മേഖലയിലെ ഭീമന്മാരുടെ ലക്ഷ്യം. സ്വാഭാവിക റബ്ബറിന്റെ മേഖലയും കൈവശപ്പെടുത്താനുള്ള നീക്കമാണ് ലോകത്തുടനീളം കുത്തകകൾ നടത്തുന്നത്. അതിന്റെ ഭാഗമായി റബ്ബർ കൃഷി കൈവശപ്പെടുത്താനാണ് ശ്രമം. ഇന്ത്യൻ കാർഷിക മേഖല കൈവശപ്പെടുത്താൻ കോർപറേറ്റുകളെ അനുവദിക്കുന്ന കർഷക നിയമം പാർലമെന്റ് പാസാക്കിയതിന്റെ തുടർച്ചയാണ് ഈ നീക്കങ്ങൾ. റബ്ബർ കാർഷിക മേഖല, രാജ്യത്തെ ദാരിദ്ര്യനിർമ്മാർജനത്തിന് പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ട്.
രാജ്യത്തെ 25 ലക്ഷത്തിലധികം വരുന്ന തോട്ടം തൊഴിലാളികളിൽ വലിയ വിഭാഗം ഈ മേഖലയിലാണ് തൊഴിൽ ചെയ്യുന്നത്. ഇതിൽ 50 ശതമാനത്തിലധികം സ്ത്രീ തൊഴിലാളികളുമാണ്. പുതിയ നയത്തിന്റെ ഭാഗമായി രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തിലെ പതിനായിരക്കണക്കായ തൊഴിലാളികൾ തൊഴിൽ ഇല്ലാത്തവരായി മാറും. അവരുടെ ഉപജീവനമാർഗം ഇല്ലാതാകും. രാജ്യത്തിന്റെ വികസനത്തിലും പ്രധാനപ്പെട്ട പങ്കാണ് റബ്ബർ കൃഷി വഹിക്കുന്നത്. പരിസ്ഥിതി തകിടം മറിക്കുന്നതരത്തിലുള്ള കാർബൺ ബഹിർഗമനം ലോകത്ത് ഇന്ന് ചർച്ചാവിഷയമാണ്. കാർബൺ സ്വീകരിക്കുന്നതിലും ഓക്സിജൻ പുറന്തള്ളുന്നതിലും റബ്ബർ തോട്ടങ്ങൾ വഹിക്കുന്ന പങ്ക് ഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വാഭാവിക റബ്ബർ ഉല്പാദിപ്പിക്കുന്ന 90 ശതമാനത്തോളം വരുന്ന പാവപ്പെട്ട–ഇടത്തരം കർഷകരെ പാപ്പരീകരിക്കുന്ന നയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.