
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള കേരള സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടക്കുകയാണ്. കേരളത്തെ പുരോഗമനപരവും സമത്വപൂര്‍ണവും വികസന പന്ഥാവിലേക്ക് നയിക്കുകയും ചെയ്യുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിറവേറ്റുന്ന പങ്ക് നിഷേധിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടം മുതല്‍, കേരളത്തില്‍ മലയാളിയുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നവീകരിച്ചു. 1939–40 കാലഘട്ടം കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലെ ഒരു വഴിത്തിരിവായിരുന്നു. മലബാറില്‍ ദിവാന്‍ ഭരണത്തിനും സാമ്രാജ്യത്വത്തിനുമെതിരായി വലിയതോതില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നു. മലബാറിലെന്ന പോലെ തിരുവിതാംകൂറിലും കൊച്ചിയിലും വളര്‍ന്നുവന്ന കര്‍ഷകസമരങ്ങള്‍, സാമൂഹിക പ്രതിഷേധ പ്രസ്ഥാനങ്ങള്‍ തുടങ്ങി ഒട്ടനവധി സരണികളിലൂടെയാണ് പാര്‍ട്ടി രൂപംകൊണ്ടത്. 1939ല്‍ പിണറായിയില്‍ നടന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പ്രവര്‍ത്തകരുടെ അവസാനത്തെ കണ്‍വെന്‍ഷനില്‍ വച്ചാണ് കേരളത്തില്‍ പാര്‍ട്ടി ഉടലെടുത്തത്. സോഷ്യലിസം എന്ന ആശയം പ്രചരിപ്പിക്കുന്നതിനും സാമ്രാജ്യത്വ വിരുദ്ധ — നാടുവാഴിത്ത വിരുദ്ധ സമരത്തെ ശക്തിപ്പെടുത്തുന്നതിനും അധ്വാനിക്കുന്നവരുടെ വര്‍ഗസംഘടനകള്‍ വളര്‍ത്തിയെടുക്കുന്നതിനും നാട്ടുരാജ്യങ്ങളില്‍ വിപ്ലവകരമായ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിഞ്ഞു.
പാര്‍ട്ടിയുടെ ജനനം മുതല്‍ ഇന്നുവരെയുള്ള ഓരോ ചരിത്ര മുഹൂര്‍ത്തങ്ങളിലും സ്ത്രീ സഖാക്കള്‍ വളരെ കൃത്യമായി ഇടപെട്ടിരുന്നു. അവര്‍ എവിടെയും കാണികളോ, പങ്കാളികളോ സഹചാരികളോ മാത്രമായിരുന്നില്ല. മറിച്ച് നിലവിലുള്ള സാമൂഹ്യക്രമത്തെ വെല്ലുവിളിക്കാനും ചോദ്യം ചെയ്യാനും സ്വയം ചരിത്രപ്പെടുത്താനും ശേഷിയുള്ളവരായിരുന്നു. ജീവിതവും യൗവനവും പുതിയ സാമൂഹ്യസൃഷ്ടിക്കായി പോരാട്ടത്തിന്റെ വഴികളില്‍ ഉപേക്ഷിച്ച എത്രയോ ധീരരായ വനിതാ സഖാക്കള്‍ സിപിഐയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാര്‍ത്യായനിയമ്മ, കോയിത്താറ്റില്‍ പാറു, കൊറുമ്പി, മാണിക്യം, യശോദ ടീച്ചര്‍, കാളിക്കുട്ടി ആശാട്ടി, ദേവയാനി, സുഭദ്രാമ്മ തങ്കച്ചി, രാധമ്മ തങ്കച്ചി, റോസമ്മ പുന്നൂസ്, പ്രിയംവദ കല്ലാട്ട്, കാര്‍ത്യായനി ടീച്ചര്‍, രമാബായ് തമ്പുരാട്ടി, കുഞ്ഞുക്കുട്ടി തമ്പുരാട്ടി, കൂത്താട്ടുകുളം മേരി, അമ്മു അമ്മ, കരുണാമയി, പി സി കുറുമ്പ, കുഞ്ഞിക്കുട്ടി തമ്പുരാട്ടി, കെ ആര്‍ ഗൗരി, സി കെ സാലി, ആയിഷ ബായ്, ഭൈമി സദാശിവന്‍, സി കെ ഓമന, രമണി ജോര്‍ജ് തുടങ്ങി വനിതകളെ പോരാട്ടവീഥികളിലൂടെ മുന്നോട്ട് നയിച്ച സഖാക്കളുടെ മുമ്പില്‍ ശിരസ് നമിക്കുന്നു. വിസ്തരഭയത്താല്‍ പല സഖാക്കളുടെയും പേരുകള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സമരപോരാട്ടങ്ങളാല്‍ കേരളത്തെ ത്രസിപ്പിച്ചവരാണിവര്‍. പക്ഷെ, രാഷ്ട്രീയ ചരിത്രത്തിന്റെ ഓരങ്ങളില്‍പ്പോലും സ്ത്രീ പോരാട്ടങ്ങളെ കണ്ടെത്താന്‍ കഴിയുന്നില്ല. നിലവിലുള്ള ചരിത്രം ഈ പോരാളികളെ തമസ്കരിക്കുന്നു. മുഖ്യധാരാ ചരിത്രം സ്ത്രീകളെ അദൃശ്യരാക്കുകയും അവഗണിക്കുകയുമാണ് ചെയ്യുന്നത്. 1942ല്‍ മഹിളാ സംഘത്തിന് കോഴിക്കോട് പുതിയറയില്‍ വച്ച് രൂപംകൊടുത്തത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. മഹിളാപ്രസ്ഥാനത്തിന്റെ മുഖ്യകടമ സ്ത്രീകള്‍ അഭിസംബോധന ചെയ്യുന്ന വിവിധ വിഷയങ്ങള്‍ ഏറ്റെടുത്ത് രാഷ്ട്രീയ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുക എന്നതാണ്. എന്നും പോരാട്ടങ്ങളിലൂടെ മാത്രമേ പരിഹാരമുണ്ടാവൂ എന്ന ബോധ്യം സ്ത്രീകളിലുണ്ടാക്കി, സ്ത്രീ സഖാക്കള്‍ക്ക് ശരിയായ രാഷ്ട്രീയദിശ നല്‍കി, ജാതീയതയ്ക്കും അനാചാരങ്ങള്‍ക്കും സ്ത്രീത്വത്തോടുള്ള അവഗണനയ്ക്കുമെതിരെ വിലക്കുകള്‍ ലംഘിച്ച് പോരാടാന്‍ നേതൃത്വം കൊടുത്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. സ്ത്രീ വിമോചനത്തെ വര്‍ഗസമരത്തിന്റെ ഭാഗമായാണ് പാര്‍ട്ടി കാണുന്നത്. ലിംഗസമത്വം ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് സിപിഐ.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ സ്ത്രീകളുടെ ഉയര്‍ന്ന സാക്ഷരത, ദീര്‍ഘായുസ്, കുറഞ്ഞ മാതൃമരണനിരക്ക്, ഉയര്‍ന്ന വിവാഹപ്രായം, ഉയര്‍ന്ന ലിംഗാനുപാതം എന്നീ വികസന സൂചികകള്‍ ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1957 മുതല്‍ തുടക്കമിട്ട സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള നയസമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ സ്ത്രീവികസനം. ഫെമിനിസം എന്ന പ്രത്യയശാസ്ത്രം ‘ജെന്‍ഡര്‍’ എന്ന ആശയമായി സ്വീകരിക്കുകയും സ്ത്രീവിമോചനത്തെ സ്ത്രീശാക്തീകരണമാക്കി മാറ്റുകയും ചെയ്ത കാലഘട്ടമാണിത്.
1994ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലൂടെയാണ് ഭരണനിര്‍വഹണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം 50 ശതമാനമായി മാറ്റിയത്. ഇതിന്റെ ഭാഗമായി രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളില്‍ സ്ത്രീ സാന്നിധ്യം സ്പഷ്ടമാണ്. സ്ത്രീകള്‍ ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവും സമരോത്സുകവുമായ ജീവിതവും പാര്‍ട്ടിക്ക് നല്‍കുന്നവരാണ്. ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മഹിളാസംഘത്തെ ശക്തിപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്തം പാര്‍ട്ടിയിലര്‍പ്പിതമാണ്. സ്ത്രീകളുടെ നിയമപരവും ഭരണഘടനാപരവുമായ അവകാശങ്ങള്‍, തുല്യ ജോലിക്ക് തുല്യവേതനം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നതോടൊപ്പം സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമെന്ന സവിശേഷ പ്രശ്നങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. സ്ത്രീപ്രശ്നം സാമൂഹ്യപ്രശ്നമായും രാഷ്ട്രീയ പ്രശ്നമായും കാണണം. സ്ത്രീ സ്വാതന്ത്ര്യത്തിന് തടസം നില്‍ക്കുന്ന എല്ലാ പ്രവണതകളെയും എതിര്‍ക്കുന്നതോടൊപ്പം അവയുടെ സവിശേഷ രൂപങ്ങളായ ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും വിട്ടുവീഴ്ച കൂടാതെ എതിര്‍ക്കണം. മഹിളാ പ്രസ്ഥാനങ്ങളെ സ്വതന്ത്രമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന സംഘടനയായി ഉയര്‍ത്തണം. കേരള മഹിളാസംഘം എന്ന പ്രസ്ഥാനം വര്‍ഗേതര സംഘടന എന്ന രീതിയില്‍ എല്ലാ വിഭാഗം സ്ത്രീകളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മഹിളാപ്രസ്ഥാനമാണ്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും ജീവിതസാഹചര്യങ്ങളും ഉറപ്പുവരുത്തേണ്ട ഭരണാധികാരികളില്‍ നിന്നുതന്നെയാണ് ഇന്ന് സ്ത്രീകള്‍ വളരെ വലിയ വെല്ലുവിളികള്‍ നേരിടുന്നത്. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ രാജ്യഭരണത്തിന് ആധാരമാകേണ്ട ഭരണഘടനയെപ്പോലും നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നു. സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ അവര്‍ സ്ത്രീകളുടെ രക്ഷകനായ ഭരണഘടനയെ മനുസ്മൃതിയിലധിഷ്ഠിതമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. സ്ത്രീ പുരുഷ അസമത്വങ്ങള്‍, സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍, പുരുഷാധിപത്യ ജീര്‍ണതകള്‍ എല്ലാം തീവ്രതരമായിരിക്കുന്നു. ഇത്തരം ജീര്‍ണതകളെ ചോദ്യം ചെയ്യാനും പോരാടാനും സ്ത്രീകള്‍ക്കൊപ്പം നിലകൊള്ളുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹ്യവുമായ പദവി ഉയര്‍ത്തുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനും അവളുടെ നൈപുണ്യം വളര്‍ത്തുന്നതിനും സുരക്ഷിതരായി മാറ്റുന്നതിനുമുള്ള നയസമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്.
സമൂഹത്തിലെ വലിയ വിഭാഗം സ്ത്രീകളുടെ ആത്മത്യാഗത്തിന്റെയും കഠിന പ്രയത്നത്തിന്റെയും ഫലമായിക്കൂടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എണ്ണപ്പെട്ട പ്രസ്ഥാനമായി മാറിയത്. സംസ്ഥാനത്ത് നടന്ന ജില്ലാ സമ്മേളനങ്ങളില്‍ പ്രകടനങ്ങളിലും വോളണ്ടിയര്‍ മാര്‍ച്ചിലുമെല്ലാം സ്ത്രീകളുടെ വന്‍നിര തന്നെ ഉണ്ടായിരുന്നു. പാര്‍ട്ടി ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ താങ്ങായി വര്‍ത്തിക്കാനും വെല്ലുവിളികള്‍ ഏറ്റെടുക്കാനും തയ്യാറായി മുന്നോട്ടുവരുന്നവരാണിവര്‍. മനുഷ്യവിമോചന സ്വപ്നങ്ങളാല്‍ പ്രചോദിതരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മഹിളാസംഘവും കെട്ടിപ്പടുക്കാന്‍ സജീവമായി എത്രയോ മഹിളാ സഖാക്കളുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നുപോവുന്നത്. കേരളത്തെത്തന്നെ പുതുക്കിപ്പണിത്, സാമൂഹ്യ പുരോഗതിക്ക് ഇന്ധനമായത് അസംഖ്യം കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളാണ്. വയലാറിന്റെയും പുന്നപ്രയുടെയും വിപ്ലവ മണ്ണില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ബഹുജന സംഘടനകളെ കൂടുതല്‍ പ്രഹരശേഷിയുള്ള പ്രസ്ഥാനങ്ങളാക്കി മാറ്റുന്നതിനുമുള്ള തീരുമാനങ്ങള്‍ ഉണ്ടാകും. ലോകത്തെമ്പാടുമുള്ള വിപ്ലവകാരികളെ ത്രസിപ്പിച്ച കേരളത്തിലെ സ്ത്രീ — പുരുഷ വിപ്ലവകാരികളുടെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് സജ്ജമാവാനും ഞങ്ങള്‍ തയ്യാര്‍ എന്ന് സ്ത്രീകള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.