
സെപ്റ്റംബർ 8, 9, 10 തീയതികളിലെ ജെന്‍ സി പ്രക്ഷോഭത്തിന്റെ ഫലമായുണ്ടായ പ്രക്ഷുബ്ധാവസ്ഥയില്‍ നിന്ന് നേപ്പാളിലെ 2.9 കോടി ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. 2026 മാർച്ച് അഞ്ചിന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ക്രമസമാധാനം ഉറപ്പാക്കാൻ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം ശ്രമം നടത്തുകയാണ്. അടുത്ത തെരഞ്ഞെടുപ്പ് എന്നത് ഒരു കൗതുകകരമായ ഒരു സാഹചര്യത്തിലാണ് നടക്കേണ്ടത്. പാർലമെന്റ് പിരിച്ചുവിടുകയും, തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ ഒളിവിലായിരിക്കുകയും ചെയ്യുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് അഞ്ച് മാസത്തിനുള്ളില്‍ ഇത് നടക്കേണ്ടത്. ജെന്‍ സി പ്രസ്ഥാനത്തിന്റെ നായകർ ഇപ്പോഴും രാഷ്ട്രീയ പാർട്ടി രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകളിലാണ്. പക്ഷേ അതിപ്പോഴും തുടങ്ങിയേടത്തു തന്നെയാണ്. പക്ഷേ ആ നേതാക്കളുടെ ഒരു സംഘം ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി, സൈനിക മേധാവി അശോക് രാജ് സിഗ്ഡൽ, പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ എന്നിവരുമായി കൂടിയാലോചനകൾ നടത്തിവരികയാണ്. എന്തായാലും രാഷ്ട്രീയ സംഘര്‍ഷം നിയന്ത്രിക്കുന്നതിനുള്ള സത്വരനടപടിയില്‍ കരസേനാ മേധാവിയുടെയും പ്രസിഡന്റിന്റെയും സംയുക്ത ശ്രമങ്ങൾ അനുമോദനമര്‍ഹിക്കുന്നു. മാവോയിസ്റ്റ് പ്രധാനമന്ത്രി കെ പി എസ് ഒലിയുടെ രാജിക്ക് ശേഷമുള്ള കഴിഞ്ഞ മൂന്നാഴ്ചക്കാലം അദ്ദേഹത്തിന്റെ പാർട്ടിയും നേപ്പാളി കോൺഗ്രസും ഉൾപ്പെടെ മൂന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളും പ്രവർത്തനം തുടരുകയും തങ്ങളുടെ അനുഭാവികളുമമായി ഏകോപനമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ജെന്‍ സിയുടെ പെട്ടെന്നുള്ള വളര്‍ച്ച പരമ്പരാഗത ഭരണകക്ഷികളെ അമ്പരപ്പിച്ചിട്ടുണ്ട്. പുതുതലമുറയുടെ മനസ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവർ സമൂഹമാധ്യമങ്ങളെ എത്രമാത്രം ആശ്രയിക്കുന്നുവെന്നും പരമ്പരാഗത നേതാക്കൾക്ക് അറിവില്ലായിരുന്നു. സെപ്റ്റംബർ നാലിന് ഒലി സർക്കാർ 26 സമൂഹമാധ്യമ ആപ്പുകൾ നിരോധിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ പ്രക്ഷോഭം തന്നെ ഉണ്ടാകുമായിരുന്നില്ല.
മുൻ ഭരണകക്ഷികൾ ഇപ്പോൾ ദ്വിമുഖതന്ത്രമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യം സുശീല കര്‍ക്കിയെ പ്രധാനമന്ത്രിയായി നിയമിച്ചതിന്റെയും പാർലമെന്റ് പിരിച്ചുവിട്ടതിന്റെയും നിയമസാധുതയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുക. രണ്ടാമതായി, സമൂഹമാധ്യമങ്ങളില്‍ യുവ അംഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിച്ചുകൊണ്ട് യുവതലമുറയ്ക്ക് കൂടുതൽ ആധുനികമായ ഒരു പ്രതിച്ഛായ നൽകുക.
മൂന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും യുവജന സംഘടനകള്‍ ശക്തമായിരുന്നു. ജെന്‍ സി പ്രസ്ഥാനം അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് പൂർണമായില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് തങ്ങളുടെ പരിപാടികൾ പുനർനിർമ്മിക്കാനും പൊരുത്തപ്പെടുത്താനും അവർ ശ്രമിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഉൾപ്പാർട്ടി പോരാട്ടവും ആരംഭിച്ചിട്ടുണ്ട്. കെ പി എസ് ഒലിയോടും പ്രചണ്ഡയോടും രാജിവച്ച് കഴിവുള്ള യുവാക്കൾക്ക് സ്ഥാനം വിട്ടുകൊടുക്കാൻ അതാത് പാർട്ടികളിലെ യുവ അംഗങ്ങൾ ആവശ്യപ്പെടുന്നു.
മറുവശത്ത്, നേപ്പാളിൽ ഇടതുപക്ഷം പരാജയപ്പെട്ടുവെന്നും 2008 മുതലുള്ള എല്ലാ സർക്കാരുകളും അഴിമതി നിറഞ്ഞതാണെന്നും പരാജയത്തിന്റെ പ്രതീകമാണെന്നും പ്രചാരണം നടത്തി, രാജവാഴ്ചയെ അനുകൂലിക്കുന്ന ‘രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി‘യും തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്നു. നേപ്പാളിലെ മധ്യവർഗത്തിലെ ഒരു വിഭാഗം രാജവാഴ്ചയെ അനുകൂലിക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. രാജവാഴ്ചയെ അനുകൂലിക്കുന്ന ആര്‍പിപി, ജെന്‍ സി പ്രതിഷേധക്കാരിൽ ഒരു വിഭാഗത്തെ കൂടെനിര്‍ത്താനും ശ്രമിക്കുകയാണ്.
മൂന്ന് കമ്മ്യൂണിസ്റ്റ് യുവജന സംഘടനകളും അവലോകന യോഗങ്ങൾ നടത്തി. എവിടെയാണ് തെറ്റ് സംഭവിച്ചതെന്നും യുവ സഹോദരങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാൻ കഴിയാതെ വന്നത് എന്തുകൊണ്ടാണെന്നും തിരിച്ചറിയാനുള്ള ശ്രമമാണ് നടത്തിയത്. രാജ്യത്തെ ജനസംഖ്യാശാസ്ത്രത്തിൽ വലിയ മാറ്റങ്ങളുണ്ടായെങ്കിലും ഇടതുപക്ഷ ബുദ്ധിജീവികള്‍ അത് മനസിലാക്കിയില്ല. യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ കൊടുമുടിയിലെത്തിയതും യുവാക്കളിൽ ഭൂരിഭാഗവും മികച്ച അവസരങ്ങൾക്കായി വിദേശത്തേക്ക് പോകുന്നതുമായ കാലഘട്ടത്തിൽ സമൂഹമാധ്യമ ആപ്പുകൾ ആശയവിനിമയത്തിന്റെയും വിനോദത്തിന്റെയും മാത്രമല്ല, വരുമാനത്തിനുള്ള പ്രധാന മാധ്യമമായും മാറിയിരിക്കുന്നു.
നേപ്പാള്‍ ജനതയുടെ 48.1 ശതമാനവും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ജനസംഖ്യയുടെ 56 ശതമാനവും 30 വയസിന് താഴെയുള്ളവരും. സെപ്റ്റംബർ നാലിന് നിരോധിക്കപ്പെട്ട 26 സമൂഹമാധ്യമ ആപ്പുകളുടെ ഏറ്റവും സജീവമായ ഉപയോക്താക്കൾ 16നും 24നും ഇടയിൽ പ്രായമുള്ളവരാണ്. നിരോധനത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ഈ വിഭാഗം തെരുവിലിറങ്ങി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഓഫിസുകളും വീടുകളും കത്തിച്ചു. റിപ്പോർട്ടുകൾ പ്രകാരം നിരോധിച്ച 26 ആപ്പുകൾ യുവതലമുറയിലെ കണ്ടന്റ് റൈറ്റേഴ്‌സിന്, പ്രത്യേകിച്ച് ജെന്‍ സി വിഭാഗത്തിന് 2024–25ൽ മാത്രം 25 ദശലക്ഷം യുഎസ് ഡോളർ വരുമാന അവസരമാണ് നൽകിയത്. അതിനാൽ, സമൂഹമാധ്യമ നിരോധനം ജെന്‍ സിയിലെ വലിയൊരു വിഭാഗത്തിന്റെ ഉപജീവനമാർഗത്തിന് നേരെയുള്ള ആക്രമണമായിരുന്നു. ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കിയെ സംബന്ധിച്ചിടത്തോളം, നേപ്പാൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന അവർ അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്കും നിഷ്പക്ഷവും സ്വതന്ത്രവുമായ വീക്ഷണത്തിനും വലിയ ബഹുമതിയാര്‍ജിച്ച വ്യക്തിത്വമാണ്. തന്റെ നാമനിർദേശത്തിനെതിരായ നിയമപരമായ വെല്ലുവിളികളെ മറികടക്കാൻ അവർക്ക് കഴിയുമെന്ന് നിരീക്ഷകർ പറയുന്നു. പക്ഷേ യഥാർത്ഥ പ്രശ്നം 2026 മാർച്ച് അഞ്ചിന് പൊതുതെരഞ്ഞെടുപ്പ് നടത്തുക എന്നതിനര്‍ത്ഥം തെരഞ്ഞെടുപ്പ് പ്രക്രിയയെ വിഡ്ഢിത്തമാക്കുക എന്നതായിരിക്കും. 2015ലെ ഭരണഘടനയുടെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ തീരുമാനിക്കേണ്ടതുണ്ട്. ഭരണഘടന പാലിച്ചാണെങ്കിൽ, ഒരു രാഷ്ട്രീയ പാർട്ടിയെയും തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരമില്ല.
സെപ്റ്റംബർ എട്ട്, ഒമ്പത് തിയ്യതികളില്‍ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ വെടിവയ്പും നാശനഷ്ടങ്ങളും അന്വേഷിക്കാൻ ഒരു കമ്മിഷൻ രൂപീകരിക്കുമെന്ന അവരുടെ പ്രഖ്യാപനം മൂന്ന് മുൻ പ്രധാനമന്ത്രിമാരിൽ നിന്നും വെല്ലുവിളി നേരിടുന്നു. കമ്മിഷൻ 45 ദിവസത്തിനുള്ളിൽ അതിന്റെ ശുപാർശകൾ സമർപ്പിക്കണം. ഇടക്കാല പ്രധാനമന്ത്രിയുടെ ഈ തീരുമാനം എല്ലാ മുൻ പ്രധാനമന്ത്രിമാരെയും ചൊടിപ്പിച്ചിട്ടുണ്ട്. കെ പി എസ് ഒലി, പ്രചണ്ഡ, ഷേർ ബഹാദൂർ ദ്യൂബ എന്നിവരെല്ലാം ഈ നീക്കത്തില്‍ എതിർപ്പ് പ്രകടിപ്പിച്ചതായി വൃത്തങ്ങൾ പറയുന്നു. ഇത് രാഷ്ട്രീയ സ്ഥിതി കൂടുതൽ ധ്രുവീകരിക്കുമെന്നും രാഷ്ട്രീയ നേതാക്കളെ ആക്രമിക്കാൻ യുവാക്കളെ പ്രേരിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കൂടുതൽ വിഭാഗീയത സൃഷ്ടിക്കുകയല്ല, സമാധാനം പുനഃസ്ഥാപിക്കുകയെന്നതാണ് ഇടക്കാല പ്രധാനമന്ത്രിയുടെ പ്രാഥമിക ഉത്തരവാദിത്തമെന്ന് പുറത്തായ നേതാക്കൾ പറയുന്നു. അന്വേഷണ കമ്മിഷൻ രൂപീകരിക്കുന്നതിൽ ഇടക്കാല പ്രധാനമന്ത്രിയുടെ അന്തിമ തീരുമാനം എന്തായിരിക്കുമെന്ന് വ്യക്തമായിട്ടില്ല.
നേപ്പാളിലെ മൂന്ന് ദിവസത്തെ പ്രക്ഷോഭത്തിന് ഒരു മറുവശമുണ്ട്. സർക്കാർ കെട്ടിടങ്ങളും പൊലീസ് സ്റ്റേഷനുകളും ഒരു മാധ്യമ സ്ഥാപനവും നശിപ്പിക്കാനായിരുന്നു പ്രക്ഷോഭകരുടെ പദ്ധതി. 2,120 കോടി യുഎസ് ഡോളറിന്റെ നഷ്ടമാണ് ഇടക്കാല സർക്കാർ കണക്കാക്കുന്നത്. രാജ്യത്തിന്റെ ജിഡിപിയുടെ പകുതിയോളം വരുന്ന തുകയാണിത്. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കാതെ ഇത്രയും വലിയ നശീകരണം കഴിയുമായിരുന്നില്ല. ചൈനയെ പിന്തുണയ്ക്കുന്നവർ എന്നറിയപ്പെടുന്ന ഒലി സർക്കാരിന്റെ ഓഫിസുകൾ നശിപ്പിക്കുന്നതിൽ യുഎസ് ഏജന്റുമാർക്ക് പങ്കുണ്ടെന്ന് നേപ്പാളിലെ പല മാധ്യമ പ്രവർത്തകരും പറയുന്നുണ്ട്. കൃത്യമായ തെളിവുകളില്ലെങ്കിലും, യുഎസ്എയുടെ കാഠ്മണ്ഡു എംബസി പൂര്‍ണസമയവും സജീവമായിരുന്നുവെന്നത് സത്യമാണ്. സാംസ്കാരിക പരിപാടികൾ ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ ഒട്ടേറെ യുവാക്കളുമായി ഇത് ബന്ധപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ കാഠ്മണ്ഡുവിലെ പ്രക്ഷോഭത്തിന് ദക്ഷിണേഷ്യയിലെ യുഎസ് — ചൈന യുദ്ധവുമായി ബന്ധമുണ്ടാകാം. ഇന്ത്യക്കും ചൈനയ്ക്കും സമീപമായതിനാൽ നേ പ്പാൾ — യുഎസ് ഭൗമ രാഷ്ട്രീയത്തില്‍ ഇത് വളരെ നിർണായകമാണ്. എല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍, ഉപരിതലത്തിൽ സമാധാനപരമാണെങ്കിലും, നേപ്പാളിലെ രാഷ്ട്രീയ സാഹചര്യം ഇപ്പോഴും വളരെ ദുർബലമാണ് എന്നു കാണാം. 2026 മാർച്ച് അഞ്ചിലെ തെരഞ്ഞെടുപ്പിനുള്ള അഞ്ച് മാസം എന്നത് നേപ്പാള്‍ പോലെ അസ്ഥിരമായ ഒരു രാജ്യത്തിന് വലിയ കാലയളവാണ്. അടുത്ത വർഷം തുടക്കത്തില്‍ ഹിമാലയൻ രാഷ്ട്രത്തെ സുരക്ഷിതമായ കരങ്ങളിലെത്തിക്കാന്‍ ഇടക്കാല പ്രധാനമന്ത്രി സുശീല കർക്കി, കരസേനാ മേധാവി സിഗ്ഡൽ, പ്രസിഡന്റ് എന്നിവർ വരും ദിവസങ്ങളിലെ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണണം.
(ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.