13 January 2026, Tuesday

ട്രാക്ടർ ഉടമകളും കർഷകരും നേരിടുന്ന പുതിയ വെല്ലുവിളികൾ

രാജന്‍ ക്ഷീര്‍സാഗര്‍
അഖിലേന്ത്യാ കിസാൻസഭ പ്രസി‍‍ഡന്റ്
August 27, 2025 4:15 am

രിത്ര പ്രസിദ്ധമായ കർഷകപ്രക്ഷോഭത്തിലൂടെ ഡൽഹിയിലും പരിസരപ്രദേശങ്ങളിലും അതുവഴി രാജ്യത്താകെയും പ്രതിരോധത്തിന്റെ അടയാളമായി മാറിയതാണ് ട്രാക്ടറുകൾ. ഹരിതവിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ട്രാക്ടർ ഉപയോഗം വർധിച്ചുവന്നു. കാളകളെ ഉയോഗിച്ചുള്ള പരമ്പരാഗത രീതി നടത്തിക്കൊണ്ടുപോകുകയെന്നത് ഇന്നത്തെ കാലത്ത് പ്രയാസകരമാണെന്നതിൽ തർക്കമില്ല. ഒരുകാലത്ത് രണ്ട് കാളകളെ ഉപയോഗിച്ച് നിലമൊരുക്കുകയെന്നത് സമൃദ്ധിയുടെ അടയാളമായാണ് കണക്കാക്കിയിരുന്നത്. തീറ്റയ്ക്ക് വർധിച്ചുവന്ന വിലക്കയറ്റം, നടത്തിപ്പിനുള്ള തൊഴിലാളികളുടെ അഭാവം, നാണ്യവിള വർധന എന്നിവ കാരണം ചെറുകിട കർഷകർക്ക് കാളകളെ നിലനിർത്തുകയെന്നത് താങ്ങാനാകാത്തതായി. അതിനുപകരം ട്രാക്ടറുകൾ വാടകയ്ക്കെടുക്കുന്ന പ്രവണത വർധിച്ചുവന്നു. ഇത് ഗ്രാമങ്ങളിൽ ട്രാക്ടറുകൾ സ്വന്തമായുള്ളവരുടെ എണ്ണം കൂട്ടി. അതിനപ്പുറം മഹാരാഷ്ട്രയിലെ കരിമ്പ് തോട്ടങ്ങളിൽ വിളവെടുപ്പിനും ഉല്പന്നങ്ങളുടെ കടത്തിനും ട്രാക്ടറുകൾ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടായി. തോട്ടംമേഖലയിലും തരിശുഭൂമികളിലും ട്രാക്ടറുകളുടെ ഉപയോഗം വർധിച്ചു.
കാർഷിക മേഖലയിലെ യന്ത്രവൽക്കരണത്തിലൂടെ ഭൂമി ഏകീകരിക്കപ്പെട്ടു. ഇക്കാര്യത്തിൽ പഞ്ചാബ്, ഹരിയാന, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. എന്നാൽ വാഹനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾ യന്ത്രങ്ങളായുപയോഗിക്കുന്ന ട്രാക്ടറുകൾക്കുമേലും ഏർപ്പെടുത്തിയിരിക്കുകയാണ്. ട്രാക്ടറുകൾ വാഹനങ്ങളായി രജിസ്റ്റർ ചെയ്യപ്പെടാറുണ്ട്. അതുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നിർദേശമനുസരിച്ച്, 10 വർഷത്തിന് ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ട്രാക്ടർ വാഹനമായുപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ട്രാക്ടറുകൾ പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിലോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലോ പെട്രോൾ, ഡീസൽ പമ്പുകൾ ഇന്ധനം നൽകേണ്ടതില്ലെന്നും നിർദേശിച്ചു. ഇതിന്റെ മുഴുവൻ വിശദാംശങ്ങളും പരിശോധിക്കേണ്ടതും കർഷകർക്ക് ഉണ്ടാക്കുന്ന ആഘാതം പരിഗണിക്കേണ്ടതും ആവശ്യമാണ്.
അതിന് പുറമേ നിരവധി പ്രശ്നങ്ങളാണ് ട്രാക്ടറുകളെ ആശ്രയിച്ച് കൃഷിയിറക്കുന്നവർ നേരിടുന്നത്. യന്ത്രവൽക്കരണത്തിന്റെ ഭാഗമായി കാർഷിക മേഖലയിൽ ഒരുഘട്ടത്തിൽ ട്രാക്ടർ ഉപയോഗം ഗണ്യമായി വർധിച്ചിരുന്നു. അവയ്ക്ക് സബ്സിഡിയും നൽകിയിരുന്നു. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി സബ്സിഡികൾ ഇപ്പോൾ പിൻവലിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തിരിക്കുകയാണ്. ഓരോ ട്രാക്ടറുകൾക്കം 12% ചരക്കുസേവന നികുതിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതുവഴി പ്രതിവർഷം 7,500 കോടിയിലധികം രൂപയാണ് ഖജനാവിലെത്തുന്നത്. ട്രാക്ടറുകൾക്കൊപ്പം ഉപയോഗിക്കുന്ന വിതയ്ക്കൽ — മെതിക്കൽ യന്ത്രങ്ങൾ, കലപ്പകൾ എന്നിവയ്ക്ക് പ്രത്യേകമായും ജിഎസ്‌ടി നൽകേണ്ടതുണ്ട്. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ പുതിയ നിർദേശമനുസരിച്ച് ട്രാക്ടറുകൾ വാഹനങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നതനുസരിച്ച് സാധാരണ വാഹനങ്ങൾക്കുള്ള എല്ലാ അത്യാവശ്യ കാര്യങ്ങളും ട്രാക്ടറുകൾക്കും ബാധകമാക്കി. ട്രാക്ടർ അനിശ്ചിതമായി ഉപയോഗിക്കാൻ കഴിയില്ലെന്നും പുതിയവ അടുത്ത അഞ്ച് വർഷത്തേക്ക് ഉപയോഗിക്കുന്നതിന് ഒരു നിശ്ചിത കാലയളവിനുശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റും മലിനീകരണവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും നേടണമെന്നാണ് നിർദേശം. ഈ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ട്രാക്ടറിന് ഇന്ധനം ലഭിക്കില്ല. ഇതൊരു കോർപറേറ്റ് സമ്മർദ്ദ തന്ത്രമാണെന്നതിൽ സംശയമില്ല. എന്നാൽ കർഷകരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയർന്നതിനെ തുടർന്ന് 15 വർഷത്തെ പരിധി മാറ്റില്ലെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. യാത്രാവിമാനങ്ങൾക്ക് 30 വർഷത്തെ കാലാവധിയുണ്ടെന്ന കാര്യം ഇവിടെ ഓർക്കണം.
ഇതിനെല്ലാമൊപ്പം തന്നെയാണ് ട്രാക്ടർ ഉടമകളും ഉപയോക്താക്കളും നേരിടുന്ന മറ്റ് പ്രശ്നങ്ങൾ. പ്രതിവർഷം ഇൻഷുറൻസ് ഇനത്തിൽ 85,000 കോടി രൂപയാണ് കമ്പനികൾ സമാഹരിക്കുന്നത്. ട്രാക്ടറുകൾക്ക് തേഡ് പാർട്ടി ഇൻഷുറൻസ് അഞ്ച് മുതൽ ഏഴ് ശതമാനം വരെയാണ്. അതായത് ഏകദേശം അരലക്ഷം മുതൽ 70,000 രൂപവരെ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണ്. പല രാജ്യങ്ങളിലും ഇതിന് സബ്സിഡി നൽകുകയാണ്. ഉദാഹരണത്തിന് മൂന്ന് ശതമാന (ഏകദേശം 3,000 രൂപ)മാണ് ബ്രസീലിലുള്ളത്. അ‌ഞ്ച് ശതമാനം (5,000 രൂപ) ചൈനയിലും. കേന്ദ്ര സർക്കാരാകട്ടെ 9,000ത്തോളം രൂപ ട്രാക്ടറുകളുടെ ഇൻഷുറൻസിൽ നിന്ന് ജിഎസ്‌ടിയായും സമാഹരിക്കുന്നു. ട്രാക്ടറുകളെ ആഡംബരമായി കാണുകയാണ് സർക്കാരെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാർഷിക യന്ത്രത്തിന്റെ ഇൻഷുറൻസ് പ്രീമിയം തുക ബ്രസീലിലേതുപോലെ മൂന്ന് ശതമാനമായി നിജപ്പെടുത്തുന്നതിന് നടപടിയുണ്ടാകണം. ഇൻഷുറൻസ് പ്രീമിയം കണക്കാക്കുന്നതുപോലും ചൂഷണമാണെന്ന് എത്രയോ കാലമായി തെളിയിക്കപ്പെട്ടതാണ്.
ട്രാക്ടർ കമ്പനികൾക്ക് വിപുലമായ വിതരണ, സേവനശൃംഖലയുണ്ട്. അതുകൊണ്ട് അവർ പലപ്പോഴും ട്രാക്ടർ അറ്റകുറ്റപ്പണികളിലും ആധിപത്യം പുലർത്തുന്നു. ഒരു ട്രാക്ടർ തകരാറിലായാൽ, അറ്റകുറ്റപ്പണികൾക്കും ഉപകരണങ്ങൾക്കും യഥാർത്ഥ വിലയെക്കാൾ കൂടുതലാണ് ഈടാക്കുന്നത്. കൂടാതെ, പ്രാദേശിക സാങ്കേതിക വിദഗ്ധരും മറ്റും ഇടപെടുന്നത് തടയാൻ അറ്റകുറ്റപ്പണികൾ കമ്പ്യൂട്ടർ സംവിധാനങ്ങളിലൂടെ നിയന്ത്രിക്കുകയും മറ്റുള്ളവരെ ഉപയോഗിക്കുകയാണെങ്കിൽ കമ്പനി വാറന്റി ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിക്കുകയും ചെയ്യുന്നു. വാറന്റി കാലയളവുകളും പരിമിതമാണ്. ആധുനിക സംവിധാനം ഉപയോഗിച്ച് ട്രാക്ടർ ഉടമകളെ ചൂഷണം ചെയ്യുകയാണ് കമ്പനികൾ. 

കർഷകരുടെ പരാതികളും പ്രശ്നങ്ങളും കാരണം, പല രാജ്യങ്ങളും അറ്റകുറ്റപ്പണികൾക്കുള്ള അവകാശ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ അങ്ങനെയൊന്നില്ലെന്ന് മാത്രമല്ല, അവബോധം കുറവായതിനാൽ വൻകിട ട്രാക്ടർ നിർമ്മാതാക്കൾ ചൂഷണത്തിനുപയോഗിക്കുകയാണ്. പ്രതിവർഷം ഏകദേശം 10 ലക്ഷം ട്രാക്ടറുകൾ വിൽക്കുകയും കാർഷിക ഉപകരണ വിപണിയിൽ 12–15% വാർഷിക വളർച്ച കൈവരിക്കുകയും ചെയ്യുന്നതിനാൽ, ഇത് ഒരു പ്രധാന പ്രശ്നമായി കാണേണ്ടതാണ്. ട്രാക്ടറുകളും കാർഷികോപകരണങ്ങളും ചേർന്ന് ചരക്കുസേവന നികുതിയായി ഏകദേശം 40,000 കോടിയിലധികം രൂപയാണ് സർക്കാരിന് ലഭിക്കുന്നത്. കാർഷികരംഗത്തെ അതിവേഗത്തിലുള്ള യന്ത്രവൽക്കരണം നടക്കുന്നതിനാൽ അറ്റകുറ്റപ്പണികൾക്കുള്ള അവകാശ നിയമങ്ങൾ നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ഉപയോക്താക്കളായ കർഷക സമൂഹത്തെ വെറും ഉപഭോക്തൃ സംരക്ഷണത്തിന്റെ കാരുണ്യത്തിൽ വിടാൻ പാടില്ല. കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്ന ആഗോള ബഹുരാഷ്ട്ര കമ്പനികൾ വിപണികൾ തുറക്കുമ്പോൾ, ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ നിർണായകമാകും. ട്രാക്ടറിന്റെ ആയുസ് (ഏകദേശം 35 വർഷം) വരെ വാറന്റികൾ നൽകുക, സാങ്കേതികവിദ്യയ്ക്കും നൈപുണിക്കും മേലുള്ള അവകാശങ്ങൾ വികസിപ്പിക്കൽ, സ്പെയർ പാർട്സുകളിലെ കുത്തക നിയന്ത്രിക്കൽ, അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമുള്ള ചെലവ് കുറയ്ക്കൽ എന്നിവ ഈ നിയമങ്ങളിൽ ഉൾപ്പെടുത്തണം.
ട്രാക്ടറുകളുടെ യഥാർത്ഥ ഉല്പാദനച്ചെലവ് വില്പന വിലയുടെ 40 മുതൽ 70% വരെയാണ്. എന്നാൽ വലിയ കോർപ്പറേറ്റ് കമ്പനികൾ വിലയുടെ കാൽ ഇരട്ടിയിലധികം ഈടാക്കി ചൂഷണം ചെയ്യുന്നു. ഇന്ത്യ മറ്റ് വികസ്വര രാജ്യങ്ങളിലേക്ക് ട്രാക്ടറുകളും കാർഷിക ഉപകരണങ്ങളും വലിയ അളവിൽ കയറ്റുമതി ചെയ്യുന്നു. കയറ്റുമതി നികുതി ഇളവുകളും സബ്സിഡികളും ഈ കോർപ്പറേറ്റ് മേഖലകൾക്കും ഗുണം ചെയ്യും. 2025 ഏപ്രിൽ വരെ കയറ്റുമതി വർധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏകദേശം 57,976.78 കോടി രൂപ ചെലവഴിച്ചു. കാർഷിക സാങ്കേതികവിദ്യയിലെ വിദഗ്ധർ നിലവിലെ വില കുറഞ്ഞത് 25% കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്, എന്നാൽ ഇത് അവഗണിക്കപ്പെടുകയാണ്. യാഥാർത്ഥ്യബോധമില്ലാത്ത വില കാരണം കർഷകരുടെ കടബാധ്യതയും വർധിക്കുന്നു. കടക്കെണിയിൽ നിന്ന് ഒരിക്കലും കർഷകർക്ക് പുറത്തുകടക്കാനാകുന്നില്ല. ട്രാക്ടർ വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്ന ചെറുകിട കർഷകരും കടക്കെണിയിൽതന്നെയാണ്. 

ഉല്പന്നങ്ങൾക്ക് ഉറപ്പായ കുറഞ്ഞ താങ്ങുവില ലഭിക്കാത്തതും പ്രകൃതിദുരന്തങ്ങൾക്കെതിരെ പോരാടേണ്ടിവരുന്നതും കടബാധ്യത വർധിപ്പിക്കുന്നു. അവിടെയാണ് ട്രാക്ടർ സ്വന്തമായുള്ള കർഷകന്റെ ചിത്രം സമ്പന്നതയുടെ പ്രതീകമായി ചില മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. എന്നാൽ സാഹചര്യങ്ങളും സ്ഥിതിവിവരക്കണക്കുകളും കാണിക്കുന്നത് യാഥാർത്ഥ്യം നേരെ വിപരീതമാണെന്നാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ട്രാക്ടറുകൾക്കായി കർഷകർക്ക് നൽകുന്ന വായ്പകളുടെ പലിശ നിരക്കും കാൽ ഇരട്ടിയിലധികമാണ്. ഈ വിധത്തിൽ ഇന്ത്യൻ കർഷക പ്രതിരോധത്തിന്റെ അടയാളമായി ആഘോഷിക്കപ്പെടുന്ന ട്രാക്ടറുകൾ സ്വന്തമായോ വാടകയ്ക്കെടുത്തോ ഉപയോഗിക്കുന്ന കർഷകരുടെ സ്ഥിതി പ്രശ്നഭരിതമാണ്. ഈ സാഹചര്യത്തിൽ കാർഷികപുരോഗതിയെ കുറിച്ച് അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഭരണാധികാരികൾ പുതിയതായി ഉയർന്നുവരുന്ന ഈ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യേണ്ടതുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.