9 January 2025, Thursday
KSFE Galaxy Chits Banner 2

നവകേരളത്തിന് ജനകീയ പാഠ്യപദ്ധതി

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി
September 21, 2023 4:30 am

സ്കൂൾ വിദ്യാഭ്യാസമേഖലയിൽ ഒന്നര പതിറ്റാണ്ടിനുശേഷം നടക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (സ്കൂൾ വിദ്യാഭ്യാസം) പ്രകാശനം ചെയ്യുകയാണ്. കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലും ഒരു ദശാബ്ദത്തിന് മുമ്പ് നടത്തിയ പരിഷ്കരണത്തില്‍ കാലികമായ മാറ്റങ്ങൾ അനിവാര്യമായ സാഹചര്യത്തിലുമാണ് പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് സംസ്ഥാനം നീങ്ങിയത്. സ്കൂൾ വിദ്യാഭ്യാസം, പ്രീസ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ നാല് മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കുന്നത്. ഇതിൽ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്. മറ്റുള്ളവ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യും. 1997ലാണ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണം കേരളത്തിൽ ആരംഭിച്ചത്. കുട്ടികൾ തന്നെ അറിവ് നിർമ്മിക്കുന്നു എന്ന സങ്കല്പത്തിന് പ്രാധാന്യം കൊടുത്ത ഈ സമീപനം കുട്ടികളുടെ പക്ഷത്തുനിന്നുള്ളതും പ്രവർത്തനാധിഷ്ഠിതവുമായിരുന്നു. പരിസരബന്ധിത സമീപനം, പ്രശ്നോത്തര സമീപനം, ബഹുമുഖ ബുദ്ധി, വിമർശനാത്മക ബോധനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയതായിരുന്നു 2007ലെ പാഠ്യപദ്ധതി. 2013 ൽ ഉള്ളടക്കം, പഠനനേട്ടം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകി ഇത് പരിഷ്കരിച്ചു. ഇതടിസ്ഥാനമാക്കിയുള്ള പാഠപുസ്തകങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്. പാഠ്യപദ്ധതി ചട്ടക്കൂട് (2023) സ്കൂൾ തലത്തിൽ നിലവിൽ വരുന്നതോടെ അടുത്ത അധ്യയന വർഷം പുതിയ പാഠപുസ്തകങ്ങൾ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ കുട്ടികൾക്ക് ലഭ്യമാകും.

 

 


ഇതുകൂടി വായിക്കൂ; ചങ്ങാത്തമുതലാളിത്തത്തിന്റെ ചതിക്കുഴികള്‍


 

കേരളം എക്കാലത്തും പൊതുവിദ്യാഭ്യാസ നയങ്ങൾ രൂപപ്പെടുത്തിയത് ജനകീയ അഭിപ്രായങ്ങളും അഭിലാഷങ്ങളും പരിഗണിച്ചാണ്. ഇക്കാര്യത്തിൽ ലോകത്തിനുതന്നെ മാതൃകയാകുംവിധം ലക്ഷോപലക്ഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടും വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ മാനിച്ചുമാണ് പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം നൽകുന്നത്. വിദ്യാഭ്യാസരംഗത്തെ വ്യത്യസ്ത മേഖലകളിൽ നിലപാട് സ്വീകരിക്കുന്നതിനായി സംസ്ഥാനത്ത് 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ചു. ഇവ നടത്തിയ വിപുലമായ പഠനങ്ങൾ, ജനകീയ ചർച്ചകൾ, 30 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾ ക്ലാസ്‌മുറിയിൽ നടത്തിയ ചർച്ചകൾ, പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഒരുക്കിയ ടെക്പ്ലാറ്റ്ഫോം എന്നിവയുടെ കരുത്തിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ലോകക്രമത്തിൽ കേരളം നൽകുന്ന മികച്ച മാതൃകയാണ് ജനാധിപത്യ പ്രക്രിയയിലൂടെ പൂർത്തിയാക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട്. അതിൽത്തന്നെ കുട്ടികളുടെ അഭിപ്രായങ്ങളെ പരിഗണിക്കുവാൻ നടത്തിയ ചർച്ചകൾ ലോകത്ത് ആദ്യമാണ്.

ദേശീയതലത്തിൽ വിദ്യാലയപ്രാപ്യത ഒരു പ്രധാന പ്രശ്നമായി തുടരുമ്പോൾ വിദ്യാഭ്യാസപ്രായത്തിലുള്ള ഏതാണ്ട് എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുവാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അവർക്ക് 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങളും ഇവിടെയുണ്ട്. സ്കൂൾ വിദ്യാഭ്യാസ രംഗത്തെ ഇനിയുള്ള മുന്നേറ്റം എല്ലാ കുട്ടികൾക്കും തുല്യതയിൽ ഊന്നിയുള്ള ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ്. കുട്ടിയുടെ സവിശേഷകഴിവുകള്‍ കണ്ടെത്തി അത് ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കാനുള്ള അവസരതുല്യത ഉറപ്പാക്കുക എന്നത് സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ പ്രത്യേകതയാണ്.
കേരളം ഇതുവരെ കെെവരിച്ച നേട്ടങ്ങളെ നിലനിർത്തുകയും പരിമിതികളെ മറികടക്കുകയും ഭാവിയിലെ ആവശ്യങ്ങളെ നിറവേറ്റാൻ കഴിയുന്നതുമായ ഒരു സ്കൂൾ വിദ്യാഭ്യാസ സംവിധാനമാണ് ആഗ്രഹിക്കുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വികാസമാണിതിന് ചാലകശക്തിയാകേണ്ടത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, സാമൂഹികനീതി, തുല്യത, ശാസ്ത്രാവബോധം എന്നിവയിലാണ് ഇതിന്റെ ലക്ഷ്യവും മാർഗവും അടിയുറച്ചിരിക്കേണ്ടത്. സമഗ്രവും സുസ്ഥിരവുമായ വികസനത്തിൽ അധിഷ്ഠിതമായതും സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടിയുമുള്ള വിദ്യാഭ്യാസമാണ് കേരളം ആഗ്രഹിക്കുന്നത്. അറിവിന്റെ ഉല്പാദനം, പ്രസരണം, പ്രയോഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക വികാസത്തിന് ജ്ഞാനസമൂഹത്തെ രൂപപ്പെടുത്തി ഭാവി കേരളത്തെ മുമ്പോട്ട് നയിക്കുവാൻ പാഠ്യപദ്ധതി പരിഷ്കരണത്തിന് കഴിയുമെന്ന് കരുതുന്നു.

 


ഇതുകൂടി വായിക്കൂ;  വനിതാ സംവരണം ബില്‍ ലോക്‌സഭയില്‍ പാസായി


 

 

അറിവിനെയും അധ്വാനത്തെയും പരസ്പരബന്ധിതമായും പരസ്പര പൂരകമായും കാണുവാനും അധ്വാനത്തിന്റെ മഹത്വം തിരിച്ചറിയുന്നതിനും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യകൾ സ്വായത്തമാക്കി ജീവിത സാഹചര്യങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനും പാഠ്യപദ്ധതി ചട്ടക്കൂടിലെ നിർദേശങ്ങൾ സഹായകമാകും. അതോടൊപ്പം പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ വെല്ലുവിളികളെ നേരിടുന്നതിനും അവയെ പ്രായോഗികമായി അതിജീവിക്കുന്നതിനുമുള്ള അറിവും നൈപുണിയും ഓരോരുത്തരും ആർജിക്കേണ്ടതായിട്ടുണ്ട്. നവകേരള നിർമ്മിതിക്കായി ക്രിയാത്മകമായി ഇടപെടാനും ഗുണപരമായ സംഭാവനകൾ നൽകുവാനും വിദ്യാർത്ഥികളെ ആശയപരമായി സജ്ജരാക്കുന്നതിനും പാഠ്യപദ്ധതിക്ക് കഴിയുമെന്ന് ഉറപ്പാണ്.
പുരോഗമന വിദ്യാഭ്യാസ ദർശനങ്ങൾ മുന്നോട്ടുവയ്ക്കുന്ന അനുഭവങ്ങളിലൂടെ അറിവ് നേടൽ, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ശേഷി എന്നിവ വികസിപ്പിക്കുന്നതിന് സഹായകമായ പുതിയ പാഠ്യപദ്ധതി കുട്ടികളുടെ ജിജ്ഞാസ, സർഗാത്മകത, യുക്തിബോധം, സ്വതന്ത്രചിന്ത തുടങ്ങിയവയെല്ലാം വളരാനും വികസിക്കാനും ഇടനൽകുന്നതായിരിക്കും. വൈവിധ്യങ്ങളെ ഉൾക്കൊള്ളാനും വൈരുധ്യങ്ങളെ തിരിച്ചറിയാനും അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ നിലപാട് സ്വീകരിക്കുവാനും ഇത് കുട്ടികളെ സഹായിക്കും. കുട്ടികളില്‍ പ്രായത്തിനനുസരിച്ച് പ്രകടമാകുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ സവിശേഷതകളെ അംഗീകരിക്കേണ്ടതുണ്ട്. കുട്ടിയുടെ താല്പര്യവും അഭിരുചിയും കാഴ്ചപ്പാടും കേന്ദ്രീകരിച്ച് അവയുമായി ഒത്തുപോകുന്ന അനുഭവങ്ങളിലൂടെ അറിവ് നിർമ്മിക്കുന്നതിന് അവര്‍ക്ക് അവസരം ലഭ്യമാകണം. അറിവ് നിർമ്മാണത്തിന് പ്രാധാന്യം നൽകി, കുട്ടിയുടെ എല്ലാവിധ കഴിവുകളുടെയും വികാസം ഉറപ്പുവരുത്തി ജനാധിപത്യത്തിലും കൂട്ടായ തീരുമാനങ്ങളിലും അധിഷ്ഠിതമായ സ്കൂൾ സംവിധാനവും പഠനരീതിയുമാണ് പാഠ്യപദ്ധതി സ്വീകരിക്കുക. അനുഭവങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ലോകത്തു നിന്നുകൊണ്ട് ഏതൊരു സാമൂഹിക യാഥാർത്ഥ്യത്തെയും സമീപിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാനും ക്ലാസ് മുറിയിൽ അവസരങ്ങളുണ്ടാകും.
പുതിയ കാലത്തിനനുസൃതമായ പഠനബോധന സമീപനം പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ട്‌വയ്ക്കുന്നു. കൂട്ടായി പഠിക്കുന്നതിനുള്ള അവസരങ്ങളും എല്ലാ കുട്ടികളെയും ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളും വിവേചനരഹിതമായ ക്ലാസ്‌മുറികളും ഭരണഘടനാ മൂല്യങ്ങളിലും മാനവിക മൂല്യങ്ങളിലുമൂന്നിയ പാഠ്യപദ്ധതി ലക്ഷ്യമിടുന്നു. പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്രീയമായ ധാരണയും കാഴ്ചപ്പാടും മനോഭാവങ്ങളും വളർത്താനും സാങ്കേതികവിദ്യാ സൗഹൃദമായ ക്ലാസ് മുറികളിൽ അവ ഉപയോഗപ്പെടുത്തുന്നതിനും കുട്ടികൾക്ക് കഴിയേണ്ടതുണ്ട്. തൊഴിൽ ഉദ്ഗ്രഥിതമായ പഠനം ഉറപ്പു വരുത്തൽ പാഠ്യപദ്ധതിയുടെ സവിശേഷതയാകും. കലാവിദ്യാഭ്യാസത്തിനും കായിക വിദ്യാഭ്യാസത്തിനും കുട്ടികളുടെ വളർച്ചയിലും വികാസത്തിലുമുള്ള പരമപ്രാധാന്യത്തെ അംഗീകരിച്ചുകൊണ്ടാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനു പിന്തുണ നൽകേണ്ട വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും ഏകോപിത പ്രവർത്തനം സാധ്യമാക്കും. പ്രാദേശികതലത്തിൽ ജനകീയ സംവിധാനങ്ങളുടെ പിന്തുണാരീതികൾ മെച്ചപ്പെടുത്തും. വിദ്യാർത്ഥി സൗഹൃദമായ വിദ്യാലയാന്തരീക്ഷം ഒരുക്കി കുട്ടികൾക്ക് ആനന്ദപ്രദമായ പഠനം ഉറപ്പാക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായുണ്ട്. വാർഡ്തല വിദ്യാഭ്യാസസമിതികൾ, ഗോത്ര വിദ്യാഭ്യാസസമിതികൾ എന്നിവ ജനകീയ വിദ്യാഭ്യാസ ഇടപെടലുകളുടെ പുതിയ അന്തരീക്ഷമൊരുക്കും. പൊതുവിദ്യാലയങ്ങളിലെത്തുന്ന ഓരോ കുട്ടിക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാശനം ചെയ്യുന്നതിനൊപ്പം തന്നെ ജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും അവസരങ്ങളുണ്ട്. നമ്മുടെ കുട്ടികൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസമുറപ്പാക്കാൻ സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെ കുട്ടികളുടെ പക്ഷത്തുനിന്ന് നോക്കിക്കാണുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും പൊതുസമൂഹത്തിന് കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.