28 April 2024, Sunday

Related news

April 26, 2024
April 8, 2024
March 20, 2024
March 16, 2024
February 20, 2024
February 19, 2024
February 10, 2024
February 5, 2024
February 2, 2024
January 12, 2024

വനിതാ സംവരണം ബില്‍ ലോക്‌സഭയില്‍ പാസായി

റെജി കുര്യന്‍
ന്യൂഡല്‍ഹി
September 20, 2023 10:54 pm

വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി. രണ്ടിനെതിരെ 454 വോട്ടുകള്‍ക്കാണ് ഭരണഘടനയിലെ 128-ാം ഭേദഗതിയായി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ പാസാക്കിയത്. രാജ്യസഭ നാളെ പരിഗണിക്കും. വനിതാ സംവരണം രാജ്യത്ത് നടപ്പാകാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണമെന്ന ബില്ലിലെ വ്യവസ്ഥകള്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിരോധം സൃഷ്ടിച്ചു. ഏഴു മണിക്കൂറിലധികം നീണ്ട ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് തുടക്കമിട്ടത്. പ്രാവര്‍ത്തികമാകാന്‍ കാനേഷുമാരി കണക്കുകളും മണ്ഡല പുനനിര്‍ണയവും വേണമെന്ന ബില്ലിലെ വ്യവസ്ഥകളെ പ്രതിപക്ഷം ചോദ്യം ചെയ്തു. നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളിന്റെ മറുപടിക്കു ശേഷം വോട്ടെടുപ്പോടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഭേദഗതികളില്‍ പലതും പിന്‍വലിക്കുകയോ ശബ്ദവോട്ടോടെ തള്ളുകയോ ചെയ്തു. ചന്ദ്രയാന്‍ 3ന്റെ വിജയവും ബഹിരാകാശ മേഖലയില്‍ നേടിയ നേട്ടങ്ങളുമാണ് രാജ്യസഭ ഇന്നലെ ചര്‍ച്ചയ്ക്ക് എടുത്തത്. തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം മറ്റന്നാള്‍ അവസാനിക്കും.

തെരഞ്ഞെടുപ്പ് തന്ത്രമെന്ന് പ്രതിപക്ഷം
വനിതാ സംവരണ ബില്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം തുറന്നുകാട്ടി. ജാതി സെൻസസ് നടത്തി പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ (ഒബിസി) സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. ഡിഎംകെ അംഗം കനിമൊഴി ബില്‍ എന്ന് നടപ്പാകുമെന്നതിലെ അവ്യക്തതയും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന വനിതാ പ്രാതിനിധ്യവും സഭയില്‍ ഇയര്‍ത്തിക്കാട്ടി.
രാജ്യത്ത് വനിതകള്‍ നേരിടുന്ന അവഗണനകളുടെ കണക്കുയര്‍ത്തിയായിരുന്നു ടിഎംസി അംഗം കകോലി ഘോഷ് ദസ്തിദാര്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. ജെഡി(യു) അംഗം രാജീവ് രഞ്ജന്‍ സിങ് ഇന്ത്യ മുന്നണി രൂപീകരണത്തില്‍ സര്‍ക്കാരിന്റെ ഭയമാണ് ബില്‍ പ്രത്യേക സമ്മേളനം വിളിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കി. വനിതാ സംവരണത്തില്‍ ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എന്‍സിപി അംഗം സുപ്രിയ സുലേ ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രതിപക്ഷ വനിതാ അംഗങ്ങളുടെ ആരോപണങ്ങള്‍ക്ക് തടയിടാന്‍ ബിജെപി നിയോഗിച്ചത് സ്മൃതി ഇറാനിയെ ആയിരുന്നു. വരുന്ന പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കാനേഷുമാരി കണക്കുകള്‍ ശേഖരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയ കമ്മിഷനാണ് മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.

Eng­lish sum­ma­ry; The Lok Sab­ha passed the Wom­en’s Reser­va­tion Bill

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.