ഒരു കരിമ്പാറക്കുന്നിലിരുന്ന് ഗോപി ചിത്രം വരയ്ക്കുകയായിരുന്നു. സദാ സ്വർണ്ണവരകൾ വീണു കിടക്കുന്ന ഇടശ്ശേരിപുഴയുടെ തീരത്ത് ഒരു പെൺകുട്ടിയുള്ള വീടിന്റ ചിത്രം.
തന്റെ വരയിൽ തെളിയുന്ന പെൺകുട്ടിയെക്കുറിച്ച് മാത്രമായിരുന്നു ആർട്ടിസ്റ്റിന് എപ്പോഴും ചിന്ത. ഭൂമിയിലെ എല്ലാ ചായങ്ങളും അയാൾക്കുണ്ടെങ്കിലും കറുത്ത പെൺകുട്ടിയെയാണ് വരയ്ക്കുക. കുടിലും, കിണറും, ആട്ടിൻകുട്ടിയും തെങ്ങിൻ തടിയും കറുപ്പ്. ഓലപ്പട്ടയ്ക്കും പുരയ്ക്കു പിറകിൽ കാണുന്ന കുന്നിനും പച്ച. പുഴയ്ക്കും കരയ്ക്കും നിറങ്ങൾ ഇല്ലത്രെ. എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കുന്നതിനെക്കുറിച്ച് അയാൾ എന്തു പറയാനാണ്. നിറമില്ലാത്ത ഒന്നിനെ സൃഷ്ടിച്ചിട്ട് അതിൽ ഊറ്റം കൊള്ളാൻ ഗോപി ഉണ്ടാകാറില്ല. .
ഇരുൾ വീഴാൻ തുടങ്ങിയപ്പോൾ കാറ്റുവീശി. സന്ധ്യാദീപം അണഞ്ഞപ്പോൾ പെൺകുട്ടിയെ ആരോ രാജിയെന്നു വിളിക്കുന്നതു കേട്ട്, ഗോപി അവിടേക്കു നടന്നു. ആരോ അവളോടു സംസാരിക്കുന്നുണ്ട്. അവൾ അതെല്ലാം കേൾക്കുന്നുണ്ടെന്ന് അവളുടെ തലയാട്ടിയുള്ള ഇരിപ്പുകണ്ടാൽ മനസ്സിലാകും.
നേരത്തെ അതുവഴിക്കടന്നു പോയ ഒരാളാണ് അവളുടെ അച്ഛൻ. ആരായിരുന്നെന്ന് അമ്മയ്ക്കുപോലും അറിയില്ലത്രെ. മറ്റൊരു കൗതുകം അവളുടെ അമ്മയാണ്. സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ഒരാളുടെ പിറകെ പറന്നുപോയ അമ്മയെ അവൾക്കിന്നും ഓർമ്മയുണ്ട്. ഒരു ദിവസം മുത്തശ്ശിയുടെ കൈയും പിടിച്ചു കരഞ്ഞുനിന്ന രാജിയുടെ മുന്നിലേക്ക് ഇടശ്ശേരിപുഴ അമ്മയെ കൊണ്ടിട്ടു കൊടുത്തു.
“മീനുകൾ ബാക്കിവെച്ച കുറച്ചുഭാഗം നമ്മൾക്കെന്തിനാ ?”
മുത്തശ്ശി പറഞ്ഞുനിർത്തുമ്പോൾ രാത്രിയായിരുന്നു. രാജി ഉറങ്ങിയിരുന്നു. അപരിചിതരുടെ പിറകെ പോയവരെല്ലാം തിരികെ വന്നെങ്കിലെന്ന് കരിമ്പാറക്കുന്നിലേക്കു നടക്കുന്നതിനിടെ ഗോപി ആഗ്രഹിച്ചു. ക്യാൻവാസിൽ മാത്രം ശ്രദ്ധിച്ചിരുന്ന നിലാവുമാത്രം അപ്പോൾ വെറുതെയൊന്നു ചിരിച്ചു.
“നടന്ന വഴികൾ മടുക്കുമ്പോൾ ഞാൻ ഇവിടെ വന്നിരിക്കും. പുതുമയുള്ളത് കണ്ടാൽ ഒപ്പിയെടുക്കും. അല്ലാതെ ചിത്രംവരക്കാരനെന്നനിലയിൽ വേറെന്തു റോളാണ് എനിക്കുള്ളത്.” തല ഉയർത്തി പുച്ഛമടക്കി ഗോപി ചോദിച്ചു. കാപട്യം നിറഞ്ഞ ഒരു ചിരിയുമുണ്ടായിരുന്നു ഗോപിയുടെ മുഖത്ത്.
മഴക്കാലത്ത് ഇടശ്ശേരിപുഴയ്ക്ക് ഉയരം കൂടുകയും വിസ്താരം വെയ്ക്കുകയും പതിവുണ്ട്. പിന്നെ കരയ്ക്കുള്ള തെങ്ങുകളും, മാവും പ്ലാവും, രാജിയുടെ വീടുമൊക്കെ പുഴയുടേതായിരിക്കും. പുരയുടെ ഉത്തരം തൊട്ടുകഴിഞ്ഞാൽ പുഴയുടെ കണ്ണുകളിൽ ഒരു കുസൃതിയുണ്ടാകും. പിന്നെ, പതുക്കെ പതുക്കെ ഇറങ്ങിപ്പോകും. ഞാനിതാ കരയിലെത്തിയെന്നു പറഞ്ഞു കയറിവരുന്ന പുഴയുടെ മുഖത്ത് മധുവിധുകാലത്തെ അനുഭൂതിയാണ് ഉണ്ടാകുക. ഈ സമയത്ത് രാജിയും മുത്തശ്ശിയും നാട്ടുകാരും കര ഒഴിഞ്ഞു കൊടുക്കണം. അല്ലെങ്കിൽ കുറ്റക്കാർ കരയിലുള്ളവരാകും. ദേഷ്യം വന്നാൽ പുഴയെല്ലാം കൊണ്ടുപോകും.
ആട്, കോഴി, പൂച്ച, പട്ടി അങ്ങനെ പലതും. കോപം അടങ്ങി. ഇഷ്ടം തോന്നിയാൽ എല്ലാം തിരിച്ചു കൊടുക്കും. പിന്നെ ഒന്നുമറിയാത്തവളെപ്പോലെ ഒരാൾക്കിറങ്ങാവുന്ന ആഴത്തിൽ മയങ്ങിക്കിടക്കുകയാണു പതിവ്. ചിലപ്പോൾ ഏതൊരു കുട്ടിക്കും പെരുമാറാവുന്ന ഒരു തൊട്ടിവെള്ളത്തോളം ചുരുങ്ങും. ആഴ്ചകളോളം പുഴ കഴിച്ചുകൂട്ടിയ കരയപ്പോൾ പൂത്തു, കായ്ച്ചു കിടക്കും.
”നോക്കു നീ പെണ്ണായിരുന്നിട്ടും കരയാണല്ലൊ ഇവിടെ ഋതുമതിയായത്. ഗർഭം ധരിച്ചത്. പെറ്റത്. ”
പൂത്തുകിടക്കുന്ന പാടങ്ങളും, കരയും നോക്കി രാജി പുഴയോടു ചോദിക്കുന്നതു കേട്ട് ഗോപി അവിടെക്കു നടന്നു. കാറ്റിന്റെ ചിലപ്പുുകൊണ്ട് ഉയർന്നുവന്ന ഒരോളം അവളോടു സല്ലപിക്കുന്നതു കേൾക്കാൻ ഗോപി ഒരു പൊന്തക്കാട്ടിലേക്കു കയറിനിന്നു.
”അതൊരു രഹസ്യമാണ്. പുഴക്കറിയാത്ത, മഴയ്ക്കറിയാത്ത, മലയ്ക്കറിയാത്ത, എന്തിനുപറയണം കരയ്ക്കറിയാത്ത ഒരു രഹസ്യം.”
”പിന്നെ ആർക്കാ അറിയാം?” രാജി ആകാംഷയോടെ ചോദിച്ചു.
ഓളം മിണ്ടിയില്ല. പുഴയും മിണ്ടിയില്ല. ഇടയ്ക്കു വടക്കോട്ടൊഴുകി. ഇടയ്ക്കു തെക്കോട്ടൊഴുകി. പാറക്കെട്ടുകളിൽ, മണൽപ്പരപ്പുകളിൽ, കുത്തനെയുള്ള തിണ്ടുകളിൽ സദാ നക്കിമിനുക്കിയിരുന്ന ഓളങ്ങൾ ഒരു ദിവസം രാജിയെ നോക്കി ചിരിച്ചു. പിന്നെ പറഞ്ഞു,
”ഒരിക്കൽ ഞാൻ വരും നിന്നെ പ്രാപിക്കാൻ. അന്ന് നീ എല്ലാം മറന്നു സ്വപ്നം കാണുകയാവും. ഭൂമിയുടെ എല്ലാ രഹസ്യങ്ങളും തിരിച്ചറിയുന്ന സ്വപ്നം.” പുഴയുടെ വാക്കുകേട്ട് രാജി ചിരിച്ചു.
”ഏതുവലിയ സ്വപ്നത്തിലായിരുന്നാലും ആദ്യം നീയെന്നെ നനയ്ക്കുമല്ലൊ? അതുമതി എനിക്കുണരാൻ, മുത്തശ്ശിക്കുണരാൻ, നാടുണരാൻ, ഞങ്ങൾക്ക് കരിമ്പാറക്കുന്നിലെത്താൻ”
പുഴ ചിരിച്ചു. മഴക്കാരും, കാറ്റും ചിരിച്ചു. പുഷ്പകിരീടം ചൂടിയ ഒരു തണുപ്പ് രാജിയെ തഴുകിപ്പോയി, ഗോപിയേയും.
അന്ന് മലയിലായിരുന്നു മഴ. തോരാത്ത മഴ. പുഴയറിയാതെ കരയറിയാതെ രാജിയറിയാതെ എല്ലാം കടലു കൊണ്ടുപോയി.
ചാരനിറം കലർന്ന ഒരു ക്യാൻവാസിൽ പുഴയുടെ ഭംഗി വരച്ചുനിന്ന ഗോപിക്കു മുന്നിൽ അപ്പോൾ കടലായിരുന്നു. ഒരു പെൺകുട്ടിയും, പുഴയുടെ കുറച്ചോളങ്ങളും പൊന്തിക്കിടക്കുന്ന കടൽ. എല്ലാം അറിയുന്ന ചിരി അവരുടെ മുഖത്തു കണ്ട് ഗോപിക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി. ഒടിച്ചു ദൂരേക്കെറിഞ്ഞ, ചായങ്ങൾ കലർന്ന തന്റെ ബ്രഷ് തിരകൾ കൈയിലെടുക്കുന്നതു നോക്കി ഗോപി ചിരിച്ചു.
ഇരുളുവീഴുന്ന ആകാശം കടലിൽ കലർന്നു. *രണ്ടു പെൺകുട്ടികളുടെ മനസ്സിലെ നിറം കടൽ അടർത്തിയെടുക്കുന്നത് വേദനയോടെ ഗോപി നോക്കിനിന്നു.
*രണ്ടു പെൺകുട്ടികൾ (ഇടശ്ശേരിപുഴയും രാജിയും)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.