12 December 2024, Thursday
KSFE Galaxy Chits Banner 2

വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയും മാർക്കഡ് വാഡിയുടെ സൂചനയും

കെ രാജീവൻ
December 12, 2024 4:11 am

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വിശ്വാസ്യത സംബന്ധിച്ച് നിരവധി സംശയങ്ങളും ആശങ്കകളും ഉയരുന്നുണ്ടെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അതെല്ലാം അവഗണിക്കുകയാണ്. കോടതികളിൽ വിഷയം ഉന്നയിക്കപ്പെട്ടാലും ഫലപ്രദമായ പരിശോധനയില്ലാതെ തള്ളുകയും ചെയ്യുന്നു. നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ആരോപണമുയർന്നിരുന്നു. ഒക്ടോബറിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും സമാന പരാതിയുണ്ടായി. ഹരിയാനയിൽ ആദ്യ മണിക്കൂറുകളിൽ ബിജെപി വിരുദ്ധ സഖ്യം മുന്നേറുന്നതായാണ് വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ പൊടുന്നനെ ഇത് മാറുകയും ബിജെപി മുന്നേറുന്ന സ്ഥിതിയുണ്ടാവുകയുമായിരുന്നു. ഇതാണ് ഇവിഎം അട്ടിമറി ആരോപണത്തിന് പ്രധാനമായും കാരണമായത്. ആദ്യഫലസൂചനകൾ അനുസരിച്ച് മുന്നിൽ നിന്നവർ ജയിക്കണമെന്നില്ലെങ്കിലും വലിയ ഭൂരിപക്ഷത്തിന് പിന്നിലായിരുന്നവർ ഒന്നോ രണ്ടോ റൗണ്ട് അധികമെണ്ണുന്നതോടെ ആ ഭൂരിപക്ഷം മറികടക്കുകയും നിർണായക വോട്ടുകൾക്ക് മുന്നിലെത്തുകയും ചെയ്യുക എന്നത് സംശയാസ്പദം തന്നെയാണ്. അതും ഹരിയാന വോട്ടെടുപ്പിലെ അട്ടിമറി നീക്കമെന്ന ആരോപണത്തെ സാധൂകരിക്കുന്നതായിരുന്നു. ജൂണിൽ ഫലപ്രഖ്യാപനം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചില മണ്ഡലങ്ങളിലും ഇതേ സംശയങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നതാണ്. 

ആദ്യം ശതമാനക്കണക്ക് മാത്രം പുറത്തുവിടുക, അതുതന്നെ വിവിധ ഘട്ടങ്ങളിൽ സംശയിക്കാവുന്ന രീതിയിൽ മാറുക, വോട്ടെടുപ്പ് ദിവസത്തെയും എണ്ണൽ വേളയിലെയും വോട്ടുകളിൽ സാരമായ വ്യത്യാസമുണ്ടാകുക എന്നിങ്ങനെ ക്രമക്കേടുകളിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വോട്ടെണ്ണൽ യന്ത്രത്തിലെ ക്രമക്കേട് ആരോപണം ആദ്യത്തേതായിരുന്നില്ല. അതുകൊണ്ടുതന്നെ ഒട്ടുമിക്ക കക്ഷികളും പഴയ കടലാസ് ബാലറ്റ് സംവിധാനത്തിലേക്ക് തിരികെ പോകണമെന്ന് അഭിപ്രായമുള്ളവരാണ്. എന്നാൽ ഓരോ തവണ പരാതി ഉയരുമ്പോഴും നടപടിക്രമങ്ങൾ സുതാര്യമാണ്, ക്രമക്കേടുകൾക്ക് സാധ്യമല്ല, കടലാസ് ബാലറ്റിലേക്ക് തിരിച്ചുപോക്ക് പ്രായോഗികമല്ല എന്നിങ്ങനെ പതിവ് പല്ലവികളല്ലാതെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള എന്തെങ്കിലും നടപടികൾ കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല, എന്നുമാത്രമല്ല തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനങ്ങൾ ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടിയാലും ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്നില്ല. പലപ്പോഴും ഏകപക്ഷീയ നടപടികൾ ഉണ്ടാവുകയും ചെയ്യുന്നു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവർ ഗുരുതര ചട്ടലംഘനങ്ങൾ നടത്തിയതിനെതിരെ ഒരു നടപടിയുമുണ്ടായില്ല. അതേസമയം പക്ഷപാതിത്വം വെളിപ്പെടുത്തി, പ്രതിപക്ഷ നേതാക്കൾക്കെതിരെ പ്രചരണ വിലക്ക് പോലുള്ള നടപടിയെടുക്കുന്ന ഉദാഹരണങ്ങളുമുണ്ട്.
ഇങ്ങനെയൊരു പശ്ചാത്തലമുള്ളപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വ്യത്യസ്തമായ പ്രതിഷേധത്തിന് മഹാരാഷ്ട്രയിലെ മാൽഷിറാസ് താലൂക്കിലെ മാർക്കഡ് വാഡി ഗ്രാമവാസികൾ തയ്യാറായത്. പക്ഷേ ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ക്രമസമാധാനത്തിന്റെ പേര് പറഞ്ഞ് അത് ത‍ടയുകയായിരുന്നു. നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിച്ചാണ് പൊലീസ് വോട്ടെടുപ്പ് തടഞ്ഞത്. പ്രതീകാത്മകമായി കടലാസ് ബാലറ്റ് ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുകയായിരുന്നു ഗ്രാമവാസികൾ തീരുമാനിച്ചിരുന്നത്. 

നവംബർ 20ന് നടന്ന വോട്ടെടുപ്പിന്റെ ഫലം 23ന് പുറത്തുവന്നപ്പോൾ മാൽഷിറാസ് മണ്ഡലത്തിൽ എൻസിപി ശരദ്പവാർ വിഭാഗം സ്ഥാനാർത്ഥി ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയിരുന്നു. മാർക്കഡ് വാഡി ഗ്രാമത്തിൽ ബിജെപി സ്ഥാനാർത്ഥിക്കാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. 2,000ൽ 1,900 പേർ വോട്ടവകാശം വിനിയോഗിച്ച ഇവിടെ ബിജെപി സ്ഥാനാർത്ഥി രാം സത്പുത്തെ 1003 വോട്ടുകൾ നേടിയപ്പോൾ എൻസിപി സ്ഥാനാർത്ഥി ഉത്തം ജാങ്കറിന് ലഭിച്ചത് 843 വോട്ടുകൾ. ഇതിൽ ക്രമക്കേട് ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടാണ് ഗ്രാമവാസികൾ കൂട്ടായി പണം പിരിച്ചെടുത്ത് പരമ്പരാഗത ബാലറ്റ് പേപ്പർ വോട്ടിങ് നടത്താൻ തീരുമാനിച്ചത്. നേരത്തെയുള്ള കണക്കുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഗ്രാമവാസികൾ ഇത് സംശയാസ്പദമാണെന്ന് അവകാശപ്പെട്ടത്. അധികാരമുപയോഗിച്ച് കടലാസ് വോട്ടെടുപ്പ് തടഞ്ഞെങ്കിലും ജനങ്ങൾ ഉന്നയിച്ച സംശയങ്ങൾ ദൂരീകരിക്കപ്പെട്ടിട്ടില്ല. ഇതുതന്നെയാണ് പലയിടങ്ങളിലെയും സ്ഥിതി. യഥാർത്ഥത്തിൽ മഹാരാഷ്ട്രയിലെ മാർക്കഡ് വാഡി ഗ്രാമവാസികൾ നടത്താൻ ശ്രമിച്ച പ്രതിഷേധം അനുവദിക്കപ്പെട്ടില്ലെങ്കിലും അതൊരു സൂചനയാണ്. ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ ഉയരുമ്പോൾ നിസംഗത പാലിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള പോരാട്ടങ്ങളുടെ പ്രാരംഭ രൂപമാണ് അവിടെ ഗ്രാമവാസികൾ മുന്നോട്ടുവച്ചിരിക്കുന്നത്. 

TOP NEWS

December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024
December 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.