22 December 2024, Sunday
KSFE Galaxy Chits Banner 2

നൈപുണ്യദിനം ഓർമ്മപ്പെടുത്തുന്നത്

വി ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി
July 15, 2024 4:30 am

ഇന്ന് ജൂലൈ 15, അന്താരാഷ്ട്ര തലത്തിൽ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ലോക യുവജന നൈപുണ്യദിനമായി ആചരിക്കുകയാണ്. പ്രധാനമായും, മനുഷ്യവിഭവശേഷി പ്രയോജനപ്പെടുത്തി സാമൂഹിക സാമ്പത്തിക വളർച്ച നേടുന്നതിൽ മാതൃക സൃഷ്ടിച്ച സംസ്ഥാനം എന്ന നിലയിൽ, ലോക യുവജന നൈപുണ്യദിനത്തിന് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുണ്ട്. ഏകദേശം 40 ലക്ഷം വരുന്ന മലയാളി സഹോദരങ്ങൾ ലോകത്തെ ഏതാണ്ട് 182 രാജ്യങ്ങളിലായി തങ്ങളുടെ തൊഴിൽ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിനിടയിൽ കഠിനാധ്വാനികളായ, കർമ്മകുശലതയും ആത്മസമർപ്പണവും മികച്ച തൊഴിൽ വൈദഗ്ധ്യവും ഒത്തുചേർന്ന ജനവിഭാഗം എന്ന ഖ്യാതി നാം ഇതിനോടകം നേടിയിട്ടുണ്ട്. ഓസ്ട്രേലിയ, ജർമ്മനി, ഫിൻലാൻഡ് തുടങ്ങി ലോകത്തെ ഒട്ടനവധി രാജ്യങ്ങളിലെ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും കേരളത്തിൽനിന്ന് കൂടുതൽ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുന്നതിനായി നിരന്തരം സംസ്ഥാന സർക്കാരിനെ ബന്ധപ്പെടുന്നുണ്ട്. സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി എന്ന നിലയിൽ കഴിഞ്ഞ മൂന്നു വർഷക്കാലം ഇത്തരം നിരവധി ഉന്നതതല രാജ്യാന്തര സംഘങ്ങളുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി നടപടികൾ സ്വീകരിക്കാനായത് അഭിമാനപൂർവം ഓർക്കുന്നു. 

മാനവവിഭവശേഷി വികസനത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തേണ്ടത്, സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതി നിലനിർത്തുന്നതിന് നിർണായകമാണ്. നിർമ്മിതബുദ്ധിയുൾപ്പെടെ നവയുഗ വിവരസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അനുദിനം മാറുന്ന തൊഴിൽ മേഖലകൾക്കനുസരിച്ച് മാനവവിഭവശേഷി പരുവപ്പെടുത്തിയെടുക്കുക എന്നത് വളരെ ശ്രമകരമായ ഒന്നാണ്. ആഗോളതലത്തിൽത്തന്നെ തൊഴിൽരംഗം അതീവ സങ്കീർണമായിക്കൊണ്ടിരിക്കുന്നു. ലോകമെമ്പാടും ഒട്ടനവധി പരമ്പരാഗത തൊഴിൽ മേഖലകൾ ഇല്ലാതാവുന്നു, നിരവധി പുതിയ തൊഴിൽ മേഖലകൾ ആവിർഭവിക്കുന്നു, നാലാം വ്യാവസായിക വിപ്ലവം ആവർത്തിത സ്വഭാവമുള്ള തൊഴിൽ പ്രക്രിയകളെ യന്ത്രവൽക്കരിക്കുന്നു, മനുഷ്യ‑യന്ത്ര കൂട്ടുപ്രവർത്തനം സാർവത്രികമാകുന്നു തുടങ്ങി ലോകത്ത് തൊഴിൽ മേഖലകളിൽ സമൂലമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. 

സംസ്ഥാനത്തെ തൊഴിൽരംഗവും അനുദിനം സങ്കീർണമായിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസരംഗത്ത് ദേശീയ ശരാശരിയെക്കാൾ മികച്ച എൻറോൾമെന്റ് ഉള്ള സംസ്ഥാനത്ത്, അഭ്യസ്തവിദ്യർക്കിടയിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയെക്കാൾ വളരെ ഉയർന്ന നിലയിലാണ്. പരമ്പരാഗത തൊഴിൽ മേഖലകളിൽ പലതും ലാഭകരമല്ലാതാവുകയും, കുറെയൊക്കെ കാലഹരണപ്പെടുകയും ചെയ്തതുമൂലം അസംഘടിത തൊഴിൽ മേഖല വലിയ പ്രതിസന്ധി നേരിടുന്നു. അതോടൊപ്പം കോവിഡ് പടർന്നുപിടിച്ചതിനെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങിയ പ്രവാസികളിൽ ഒരു വിഭാഗം സ്ഥിരവരുമാനം കാണുന്നതിന് വിഷമിക്കുന്ന സാഹചര്യവും നിലവിലുണ്ട്. അഭ്യസ്തവിദ്യരായ യുവാക്കൾ, കാലഹരണപ്പെട്ടതോ ലാഭകരമല്ലാതാകുകയോ ചെയ്ത അസംഘടിത തൊഴിൽ മേഖലകളിലെ തൊഴിലാളികൾ, കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾ തുടങ്ങി 15നും 59നും ഇടയിൽ പ്രായമുള്ള മുഴുവൻ മനുഷ്യവിഭവശേഷിയും നൈപുണ്യ പരിശീലനത്തിലൂടെ കാലാേചിതമായി നവീകരിച്ച് മത്സര സജ്ജരാക്കുക വഴി മാത്രമേ പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേരള മോഡൽ വികസനം ത്വരിതപ്പെടുത്തുന്നതിനും സാധിക്കൂ. ആധുനിക തൊഴിൽ മേഖലകൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിനും, പുരോഗമനപരമായ പുതിയ തൊഴിൽ മേഖലകൾ കെട്ടിപ്പടുക്കുന്നതിനും നമ്മുടെ യുവതയെ പ്രാപ്തരാക്കേണ്ടതുണ്ട്. 

കാലാനുസൃതമായ നൈപുണ്യ പരിശീലന പദ്ധതികൾ തയ്യാറാക്കി, അത്തരം പരിശീലനത്തിനുള്ള അവസരം സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുൾപ്പെടെ തുല്യാവസരം സൃഷ്ടിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നൈപുണ്യ പോഷണത്തിലൂടെ തൊഴിൽ വൈദഗ്ധ്യം ആർജിക്കുന്നതിനും നിരന്തരം പരിവർത്തനം ചെയ്യപ്പെടുന്ന തൊഴിൽ മേഖലകൾക്കനുസരിച്ച് സ്വയംനവീകരിക്കുന്നതിന് ‘ലൈഫ് ലോങ് ലേണിങ്’ ഒരു ശീലമാക്കുന്നതിനും സംസ്ഥാനത്തെ യുവജനതയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. യുവാക്കളിൽ നൈപുണ്യ പരിശീലനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഐക്യരാഷ്ട്രസഭ കൈ­ക്കൊണ്ട മഹനീയ മാതൃകയാണ് ലോക യുവജന നൈപുണ്യ ദിനാചരണം. നമുക്കോരോരുത്തർക്കും ഈ മഹദ്സംരംഭത്തിൽ വലിയ പങ്കുവഹിക്കുവാനുണ്ട്. നൈപുണ്യ പരിശീലനത്തിനുള്ള അവസരവും ഗുണഫലങ്ങളും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട യുവജനങ്ങൾക്ക് എത്തിക്കുംവരെ വിശ്രമമില്ലാതെ പ്രയത്നിക്കേണ്ടതുണ്ട്. ലോക യുവജന നൈപുണ്യ വികസന സന്ദേശം എല്ലാവരിലേക്കും പകർന്നുനൽകുന്നതിനും തൊഴിൽ വൈദഗ്ധ്യവും ആത്മസമർപ്പണവും കർമ്മ കുശലതയുമുള്ള ഒരു പുതിയ തലമുറയെ സൃഷ്ടിക്കുവാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ് ലോക യുവജന നൈപുണ്യ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.