23 January 2026, Friday

കുമ്പിടിയാ… കുമ്പിടി

ദേവദത്തൻ
December 16, 2025 4:45 am

ഒരേ സമയം പത്തിടത്ത് കണ്ടെന്നാ, ആളുകൾ പറയുന്നത്. നന്ദനം സിനിമയിലെ ജഗതിയുടെ കഥാപാത്രമായ കുമ്പിടിയെ കുറിച്ച് അതേ സിനിമയിൽ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച കവിയൂർ പൊന്നമ്മ പറയുന്നതാണിത്. ഇപ്പോൾ ഇതോർക്കാൻ കാരണം നമ്മുടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിച്ചേട്ടനാണ്. 2024ലെ തെരഞ്ഞെടുപ്പിൽ തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് കേന്ദ്ര മന്ത്രിയായ ആളാണ് സുരേഷ് ഗോപി. മന്ത്രിയാക്കാൻ മോഡി നിർബന്ധിച്ച് ഡൽഹിയിലെത്തിച്ചെന്നും താല്പര്യമുണ്ടായിരുന്നില്ലെന്നും വരുത്താൻ അന്ന് പിആർ ഏജൻസികൾ കിണഞ്ഞ് പരിശ്രമിച്ചിരുന്നു. പിന്നീടും ഇടയ്ക്കിടെ ആ പ്രചരണം ആവർത്തിക്കുന്നുണ്ട്. മന്ത്രിപ്പണിയെക്കാൾ ലാഭം സിനിമപ്പണിയാണെന്നും സ്ഥാനമൊഴിയാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നും ഒന്നര വർഷത്തിനിടെ 10 തവണയെങ്കിലും വാർത്ത സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഏറ്റുപിടിക്കാൻ കുറേ മാധ്യമങ്ങളും വാഴ്ത്തുപാട്ടുകാരുമുള്ളതുകൊണ്ട് പിന്നെയും അത് ആവർത്തിക്കുന്നു. ആരും ചോദിക്കുന്നില്ല, ഇതെത്രാമത്തെ തവണയാണ് മന്ത്രിപ്പട്ടം ഒഴിയാൻ പോകുന്നതെന്ന്. എന്നാൽ അത് പൊട്ടിക്കെടോ എന്ന് പറയാൻ ബിജെപിയിലാകട്ടെ ഒരു ഇന്നസെന്റുമില്ല. 

2024ലെ തെരഞ്ഞെടുപ്പിൽ ഗോപിച്ചേട്ടൻ വോട്ട് ചെയ്തത് തൃശൂർ മണ്ഡലത്തിലെ ബൂത്തിൽ. കൃത്യം ഒന്നര വർഷം കഴിഞ്ഞ് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്ത് ബൂത്തിൽ വരിയിൽ നിൽക്കുന്നു. ഇതാരപ്പാ എന്ന് അന്വേഷിച്ചപ്പോൾ നന്ദനം സിനിമയിലെ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രത്തെയല്ലാതെ മറ്റാരെയാണ് ഓർമ്മവരിക. ഒരേസമയം ദിവ്യനും അതേസമയം ചിക്കൻ കടിച്ചുവലിക്കുന്ന കാവി വേഷധാരിയും മന്ത്രവാദിയും പെൺകോന്തനുമൊക്കെയായ കഥാപാത്രത്തിലെ എല്ലാ ഭാവങ്ങളും പകർന്നാടുന്ന ജഗതിയുടെ കുമ്പിടി എന്ന കഥാപാത്രത്തിന് അത്, ജീവിക്കാനുള്ള ഉപാധിയാണ്. ‘അനിയാ നിൽ’ എന്നുള്ള വിഖ്യാതമായ സംഭാഷണം ഓട്ടോറിക്ഷാ ഡ്രൈവർക്ക് കാശ് നൽകാതിരിക്കാനുള്ളതായിരുന്നു. ‘പോണ വഴി തീ പിടിച്ച് കത്തിപ്പോട്ടെ’ എന്നുള്ള ശാപവാക്കുകളും അതുപോലെതന്നെ. ഇടയ്ക്കെപ്പോഴോ കുമ്പിടി ‘ഉപദ്രവിക്കരുത് ജീവിതമാണ് ’ എന്ന യാഥാർത്ഥ്യവും പറയുന്നുണ്ട്. അങ്ങനെയാണോ നമ്മുടെ സുരേഷ് ഗോപിച്ചേട്ടൻ എന്നുതോന്നിയാൽ ആരെയും കുറ്റം പറയാനാകില്ല.
ഇത് വെറും വോട്ട് ചോരിയാണെന്നൊന്നും ആരും കരുതേണ്ട. ദീർഘവീക്ഷണത്തോടെയുള്ള കുറുക്കൻ ബുദ്ധി പ്രയോഗം കൂടിയാണ്. തൃശൂർ അടുത്ത തവണ ഗോപിയാണെന്ന് ഇപ്പോഴേ ഗോപിച്ചേട്ടന് മനസിലായിത്തുടങ്ങിയിട്ടുണ്ട്. കലുങ്ക് യോഗവും ചായ സമ്മേളനവും കാപ്പിപ്പൊടി കൂട്ടായ്മയുമെല്ലാം വെളുക്കാൻ തേച്ചത് പാണ്ടായി എന്നതുപോലെ തിരിച്ചടിക്കുകയാണ്. അപ്പോൾ പിന്നെന്തു ചെയ്യും. അങ്ങനെയിരിക്കെയാണ് രാജീവ് ചന്ദ്രശേഖർ ഒരു പ്രഖ്യാപനം നടത്തിയത്. താൻ മത്സരിക്കുക നേമം നിയമസഭാ മണ്ഡലത്തിലായിരിക്കുമെന്ന്. അപ്പോൾ മിന്നിയതാണ് ഗോപിച്ചേട്ടന്റെ ബുദ്ധിയിലൊരു കിരണം. നേമത്ത് ജയിച്ച് രാജീവ് സംസ്ഥാന നിയമസഭയിലേക്കെത്തും. എങ്കില്‍ തിരുവനന്തപുരത്ത് ലോക്‌സഭയിൽ മത്സരിക്കാമല്ലോയെന്ന ചിന്ത. തൃശൂർ പിടിച്ച് നൽകിയ പുണ്യവാളനെന്ന കീർത്തിയുള്ളപ്പോൾ തിരുവനന്തപുരത്ത് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ അത് സമ്മതിക്കാതിരിക്കാൻ മോഡിക്ക് പോലുമാകില്ല. നോക്കിക്കോളൂ, ഇനിയത്തെ കലുങ്ക്, ചായ, കാപ്പിപ്പൊടി സമ്മേളനങ്ങൾ തിരുവനന്തപുരത്തായിരിക്കും. അതിനുള്ള പിആർ വർക്കുകൾ അകത്തളങ്ങളിൽ രൂപപ്പെടുകയാണ്. തിരുവനന്തപുരത്തുകാരേ ആഹ്ലാദിപ്പിൻ. 

കോൺഗ്രസിലുമുണ്ടൊരു കുമ്പിടി. ആള് നോവലിസ്റ്റാണ്, ആഗോള പൗരനാണ്, ജനപ്രതിനിധിയാണ്, ഇംഗ്ലീഷ് ഭാഷാ പണ്ഡിതനുമാണ്. പറഞ്ഞുവന്നപ്പോൾ തന്നെ മനസിലായിക്കാണുമല്ലോ, ശശി തരൂരാണ് കക്ഷിയെന്ന്. പക്ഷേ ആളിപ്പോൾ കുമ്പിടിയുടെ ഏത് വേഷമാണ് അണിയുന്നതെന്ന് മാത്രം മനസിലാകുന്നില്ല. ഇടയ്ക്കിടെ മോഡി സ്തുതി അദ്ദേഹത്തിന്റെ ദൗർബല്യമാണ്. സോണിയയെയും രാഹുലിനെയും മാത്രമല്ല നെഹ്രുവിനെ വരെ തള്ളിപ്പറഞ്ഞു ആശാൻ. നയതന്ത്ര വിശാരദനായ തരൂരിനെ മാത്രമാണ് പഹൽഗാം സംഭവത്തെ തുടർന്ന് നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിവരിക്കാനുള്ള ആഗോള സംഘത്തിൽ ഉൾപ്പെടുത്തിയത്. അതിന് യോജിച്ചയാൾ അദ്ദേഹമല്ലാതെ കോൺഗ്രസിൽ മറ്റാരെന്ന് മോഡിക്ക് തോന്നിയതിൽ തെറ്റൊന്നുമില്ല. കാരണം 11 വർഷമായി അധികാരത്തിന് പുറത്തുള്ള പാർട്ടിയാണ് കോൺഗ്രസ്. വിദേശത്തേക്ക് ഇതുപോലൊരു ദൗത്യത്തിന് വിട്ടാൽ മര്യാദയ്ക്ക് പെരുമാറാൻ പോലുമറിയുന്ന ഒരാൾ ആ പാർട്ടിയിൽ തരൂരല്ലാതെ മറ്റാരാണ്. കാരണം അതൊന്നുമല്ല. അതിന്റെ തലേദിവസങ്ങളിൽ മോഡി സ്തുതിയായിരുന്നു അദ്ദേഹത്തിന്റെ പണി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വരുന്നതിന്റെ തലേദിവസങ്ങളിലും ഇതേ പണിയെടുത്തു, സ്തുതിയോട് സ്തുതി. അങ്ങനെ പുടിനൊപ്പം ചായ കുടിക്കാനുള്ള അവസരം തരപ്പെടുത്തി. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇതുപോലെ സ്തുതിയുണ്ടായിരുന്നില്ല. അതിനുശേഷം തരൂരിന് ചില ഉൾവിളികളുണ്ടായിട്ടുണ്ട്. ഇനി തിരുവനന്തപുരത്ത് പിഴച്ചുപോകാൻ കഴിയണമെന്നില്ല. കഴിഞ്ഞ തവണ കഷ്ടിച്ചാണ് കടന്നുകൂടിയത്. അതുകൊണ്ടെന്തുചെയ്യും. മോഡിസ്തുതിയിലൂടെ അടുത്ത തവണയെങ്കിലും വല്ലതും ഒപ്പിച്ചെടുക്കണം. അതുതന്നെയാണ് മനസിലിരിപ്പ്.
ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസത്തെ അദ്ദേഹത്തിന്റെ പോസ്റ്റ് യാഥാർത്ഥ്യബോധത്തോടെയുള്ളതാണ്. കോൺഗ്രസിന് ദിശാബോധമില്ലെന്ന്. കോൺഗ്രസിനെ നേർവഴിക്ക് നടത്തിക്കുക. മോഡിയെ പുകഴ്ത്തുക, നെഹ്രുവിനെ ഇകഴ്ത്തുക… അങ്ങനെ എന്തെല്ലാം വേഷങ്ങൾ. അതുകൊണ്ടിത് കോൺഗ്രസിലെ കുമ്പിടി. 

പൾസർ സുനിയെന്ന ചെറുപ്പക്കാരൻ ഒരു ദിവസം രാവിലെ എഴുന്നേൽക്കുന്നു. ഇന്നൊരു നടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്താലോ എന്ന് ആലോചിക്കുന്നു, സഹായത്തിന് കൂട്ടാളികളുമായി സംസാരിക്കുകയും പ്രവർത്തന പദ്ധതിക്ക് അന്തിമ രൂപം നൽകുകയും ചെയ്യുന്നു. രാത്രി പറഞ്ഞുറപ്പിച്ചതുപോലെതന്നെ എല്ലാം ഭംഗിയായി പൂർത്തീകരിക്കുന്നു, ശുഭം.
അത്രതന്നെ, അതിനപ്പുറം ഒന്നുമുണ്ടായിട്ടില്ല. ‘അതിനാ ഇവരെന്നെ ഇങ്ങനെയൊക്കെ…’ എന്ന രേവതിക്കഥാപാത്രത്തിന്റെ ചോദ്യം ഇവിടെയാണ് അന്വർത്ഥമാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി കേൾക്കുമ്പോൾ ഇതല്ലാതെ പിന്നെന്താണ് തോന്നുക.
നീതിയുടെ മുന്നിൽ തെളിവുകൾക്കാണ് പ്രാധാന്യമെന്നും അതുവച്ചാണ് വിധിയുണ്ടാകുകയയെന്നും ജനങ്ങളുടെ കയ്യടിക്കുവേണ്ടി വിധി പുറപ്പെടുവിക്കാനാകില്ലെന്നുമുള്ള ജഡ്ജിയുടെ പ്രസ്താവനയ്ക്ക് വലിയൊരു കയ്യടി പാസാക്കി എല്ലാവരും പിരിഞ്ഞുപോകേണ്ടതാണ്.
പക്ഷേ ഇതുപോരല്ലോ. കുറ്റകൃത്യം ചെയ്തതെന്ന് തെളിഞ്ഞതായി കോടതി കണ്ടെത്തിയവർക്കെതിരെ പോലും മതിയായ ശിക്ഷ നൽകിയില്ലെന്നതു മാത്രമല്ല. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന വാദം അംഗീകരിച്ചതും ശരിയായില്ലെന്ന് അഭിഭാഷകരും നിയമജ്ഞരുമടക്കം പറയുന്നതിൽ കഴമ്പുണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേ. ഏതായാലും ഒരു കാര്യത്തിൽ ആശ്വസിക്കാം, കുറ്റകൃത്യം നടത്തിയവരെ ദുർഗുണ പരിഹാര പാഠശാലയിലയച്ച് മര്യാദക്കാരാക്കിയാൽ മതിയെന്ന് പറഞ്ഞില്ലല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.