26 December 2024, Thursday
KSFE Galaxy Chits Banner 2

ചരിത്രത്തിൽ ഇവര്‍ കൂടിയുണ്ട്

ടി ജെ ആഞ്ചലോസ്
October 21, 2023 4:12 am

ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ‘തോട്ടി’ എന്ന കവിതയുടെ ആമുഖം ഇങ്ങനെയാണ്. (ഇന്ത്യയിൽ ആദ്യമായി തോട്ടിപ്പണിക്കാരുടെ യൂണിയൻ സംഘടിപ്പിച്ച എം എം ലോറൻസിന്). ഇതിനെത്തുടർന്ന് കോഴിക്കോട്ടെ എഐടിയുസി നേതാവ് കെ ജി പങ്കജാക്ഷന്റെ ലേഖനം ജനയുഗത്തിൽ വന്നു. കവിതയുടെ ആസ്വാദനത്തെ ഈ ചർച്ചകൾ ഒരിക്കലും ലക്ഷ്യമാക്കുന്നില്ല.
കോഴിക്കോട് 1943 ൽ തോട്ടിപ്പണിക്കാരെ സംഘടിപ്പിച്ചത് എച്ച് മഞ്ചുനാഥ റാവു ആണെന്ന് കെ ജി പങ്കജാക്ഷന്റെ ലേഖനത്തിൽ സമർത്ഥിക്കുന്നു. ഇന്ത്യയിൽ ആദ്യമായി തോട്ടിപ്പണിക്കാരുടെ യൂണിയൻ സംഘടിപ്പിച്ചത് എം എം ലോറൻസാണെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ നിഗമനം തെറ്റെന്ന് പങ്കജാക്ഷൻ പറയുന്നു. 2019 ജനുവരി 19ന് ഫേസ്ബുക്കിൽ എം എം ലോറൻസിന്റെ കുറിപ്പുണ്ട്. അതിൽ അദ്ദേഹം പറയുന്നത് 1952ൽ എറണാകുളത്ത് മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ രൂപീകരിച്ചുവെന്നാണ്. അതാണ് ശരി. തിരുവനന്തപുരത്ത് ഇതിനായി ഏറെ ത്യാഗംസഹിച്ച ജുബ്ബാ രാമകൃഷ്ണപിള്ളയെ വിസ്മരിക്കരുതെന്ന് പ്രതികരിച്ചവരും ഏറെ. 1946 ൽ അദ്ദേഹം ഇവർക്കുള്ള യൂണിയൻ രൂപീകരിച്ചിരുന്നു. ഈ കുറിപ്പിൽ പറയാനാഗ്രഹിക്കുന്നത് ആലപ്പുഴയിലെ സ്വാമി പത്മനാഭൻ, വി എൽ തോമസ് എന്നിവരെക്കുറിച്ചാണ്. 1943 ലാണ് ആലപ്പുഴയിൽ യൂണിയൻ രൂപീകരിക്കുന്നത്. മനുഷ്യ വിസർജ്യം പാട്ടകളിലാക്കി തലച്ചുമടായി ഉന്തുവണ്ടിയിലെത്തിച്ച് അവിടെ നിന്നും മാലിന്യ സംസ്കരണകേന്ദ്രങ്ങളിലെത്തിക്കുന്നവരെ സംഘടിപ്പിച്ച ചരിത്രം സ്വാമി പത്മനാഭനും, വി എൽ തോമസിനുമുണ്ട്. ഇത്തരം തൊഴിലാളികൾക്ക് കടകളിൽ പ്രവേശനമില്ല.

 


ഇതുകൂടി വായിക്കൂ; ആദ്യ തോട്ടിത്തൊഴിലാളി യൂണിയന്‍ ഉണ്ടായത് കോഴിക്കോട്


പുറത്തുവച്ചിരിക്കുന്ന ചിരട്ടകളിൽ ചായ നൽകും. നഗരസഭയുടെ ഉള്ളിലേക്ക് പ്രവേശനമില്ല. ദൂരെ നിന്നും നാണയത്തുട്ടുകൾ എറിഞ്ഞുകൊടുക്കും. അവർക്ക് നഗരസഭയിൽ കടന്ന് കൂലി വാങ്ങുവാനുള്ള അവസരം ഉണ്ടാക്കിയത് നഗരസഭാ ചെയർമാനായി ടി വി തോമസ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ്. സഖാവ് പി കൃഷ്ണപിള്ള തോട്ടിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് നിയോഗിച്ച കൂട്ടത്തിൽ സ്വാമി പത്മനാഭനും, വി എൽ തോമസും ഉണ്ടായിരുന്നു. അങ്ങനെ രൂപീകരിച്ച (രജിസ്ട്രേഷൻ നമ്പർ 05/1119 മലയാള വർഷം) ആലപ്പി മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്നു വി എൽ തോമസ്. കരമൊടുക്കുന്നവർക്ക് മാത്രം വോട്ടവകാശം ഉണ്ടായിരുന്ന കാലത്ത് ആലപ്പുഴ നഗരസഭയിൽ തോട്ടിപ്പണിക്ക് വന്ന തൊഴിലാളികളുടെ യാതനകളും വിവേചനവും കണ്ട് അവരെ സംഘടിപ്പിക്കുവാൻ സ്വാമി പത്മനാഭനും തോമസും മുന്നിട്ടിറങ്ങി. പിന്നീട് സഖാവിന്റെ പ്രവർത്തനം സംസ്ഥാനതലത്തിലേക്കും ഉയർന്നു.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തൊഴിലാളിവർഗത്തെ സംഘടിപ്പിക്കുക, അവർക്കുവേണ്ടി പോരാടുക എന്നത് മരണത്തിന് ചീട്ടെടുക്കുന്നതിന് തുല്യമായിരുന്നു. ആ കാലഘട്ടത്തിലാണ് അദ്ദേഹം കയർഫാക്ടറി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും തോട്ടിപ്പണി ചെയ്ത് പോന്നിരുന്ന മുനിസിപ്പൽ തൊഴിലാളികളുടെയും നേതാവായി പ്രവർത്തിച്ചത്. സംസ്ഥാനത്താകെയുള്ള മുനിസിപ്പൽ തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷൻ രൂപീകരിക്കുന്നത് 1952ലാണ്. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വി എൽ തോമസിനെയും പ്രസിഡന്റായി പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി ജുബ്ബാ രാമകൃഷ്ണപിള്ളയെയും തെരഞ്ഞെടുത്തു.  1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ ഭിന്നിപ്പ് തൊഴിലാളി സംഘടനകളെയും ബാധിച്ചിരുന്നു. എന്നാൽ വി എൽ തോമസ് സെക്രട്ടറിയായ മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ തൊഴിലാളി വർഗ താല്പര്യം ഉയർത്തിപ്പിടിച്ച് സംഘടിതമായി നിലകൊണ്ടു.


ഇതുകൂടി വായിക്കൂ; നെല്ല് സംഭരണം: പ്രതിസന്ധികളെ അതിജീവിക്കും


എം എം ലോറൻസായിരുന്നു അന്ന് സംസ്ഥാന പ്രസിഡന്റ്. മികച്ച സംഘാടകനും മികവുറ്റ പ്രാസംഗികനും കലാ സാംസ്കാരിക പ്രവർത്തകനുമായിരുന്നു വി എൽ തോമസ്. സഖാവ് ജനാർദനൻ ആലപ്പുഴയിൽ വെടിയേറ്റ് മരിക്കുന്നത് 1948 ലാണ്. അന്ന് ജനാർദനനോടൊപ്പം പ്രകടനം നയിച്ചയാൾ കൂടിയാണ് തോമസ്. സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പറവൂർ ടി കെ നാരായണപിള്ള മുഖ്യമന്ത്രിയായ ഇടക്കാല സർക്കാർ, കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെയും നിരോധിച്ചു. അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും മർദിച്ചും അറസ്റ്റ് ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ക്രൂരമർദനം തുടർന്നതോടെ അവർ ജയിലിൽ നിരാഹാരം തുടങ്ങി. 18 ദിവസം പിന്നിട്ടപ്പോൾ നേതാക്കളുടെ മോചനമാവശ്യപ്പെട്ട് തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയൻ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിനുനേരെ സർക്കിൾ ഇൻസ്പെക്ടർ പൊന്നയ്യ നാടാരുടെ നേതൃത്വത്തിൽ വെടിവച്ചപ്പോഴാണ് ജനാർദനൻ കൊല്ലപ്പെട്ടത്. പ്രകടനം നയിച്ച വി എൽ തോമസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.