28 April 2024, Sunday

Related news

March 24, 2024
January 10, 2024
November 18, 2023
November 4, 2023
October 16, 2023
October 13, 2023
July 13, 2023
June 9, 2023
June 7, 2023
May 30, 2023

നെല്ല് സംഭരണം: പ്രതിസന്ധികളെ അതിജീവിക്കും

ജി ആര്‍ അനില്‍ ( ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി)
October 16, 2023 4:00 am

സംസ്ഥാനത്തെ നെല്ല് സംഭരണം അപ്പാടെ സഹകരണസംഘങ്ങളെ ഏല്പിക്കുന്നതായി വാർത്ത പ്രചരിക്കുകയും അതിന് അനുകൂലമായും എതിരായുമുള്ള വാദങ്ങൾ ചിലകോണുകളിൽ നിന്നും ഉയർന്നുവരികയും ചെയ്തിരിക്കുന്നു. ഇത് അനാവശ്യമായ വിവാദവും കർഷകരിൽ ആശങ്കയും ഭീതിയും സൃഷ്ടിക്കാൻ മാത്രം ഉതകുന്നതുമാണ്. വളരെ വിപുലവും ഒട്ടേറെ ഘട്ടങ്ങൾ അടങ്ങിയതുമായ ഒരു പ്രക്രിയയാണ് നെല്ല് സംഭരണം. മില്ലുകളുമായി ചർച്ച ചെയ്ത്, കരാറിലേർപ്പെട്ട് പാടശേഖരങ്ങൾ അനുവദിച്ചു കൊടുക്കുക, കർഷകരിൽ നിന്നും നെല്ല് സംഭരിക്കുക, അത് കുത്തി അരിയാക്കി ഗോഡൗണുകളിൽ സൂക്ഷിക്കുക, അവിടെ നിന്ന് റേഷൻകടകളിലെത്തിച്ച് വിതരണം ചെയ്യുക. കണക്കുകൾ അനുരഞ്ജനപ്പെടുത്തി കേന്ദ്ര‑സംസ്ഥാനസർക്കാരുകളിൽ നിന്ന് സംഭരണവിലയുടെ വിഹിതം വാങ്ങുക എന്നീ ഘട്ടങ്ങളാണുള്ളത്. ഈ പ്രക്രിയകളെ ഏകോപിപ്പിക്കുന്നതിനായി സപ്ലൈകോയെ നോ‍ഡൽ ഏജൻസിയായി നിശ്ചയിച്ചിട്ടുണ്ട്. മറ്റേത് സംസ്ഥാനത്തെക്കാളും മികച്ച നിലയിൽ കേരളത്തിൽ നെല്ല് സംഭരണം നടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്നവിലയും നല്‍കുന്നത് സംസ്ഥാനത്താണ്. ശ്ലാഘനീയമായ നിലയിൽ ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് സപ്ലൈകോ തന്നെ. അതിൽ എന്തെങ്കിലും മാറ്റംവരുത്താൻ കേരള സർക്കാർ ഒരു ഘട്ടത്തിലും ആലോചിച്ചിട്ടില്ല. അതേസമയം കർഷകർക്ക് നെല്ലളന്നെടുത്താലുടൻ പണം നൽകാൻ കഴിയുന്ന ഒരു സംവിധാനം നടപ്പിൽ വരുത്തുന്നതിന് സഹകരണ ബാങ്കുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നകാര്യം സർക്കാരിന്റെ സജീവപരിഗണനയിലാണ്.

കഴിഞ്ഞ സീസണിൽ കർഷകരിൽ ഒരു വിഭാഗത്തിന് സംഭരണവില നൽകുന്നതിൽ കാലതാമസം നേരിടുകയുണ്ടായി. ഇത്തരമൊരു പ്രയാസം ഭാവിയിൽ ഉണ്ടാകാതിരിക്കുന്നതിനുള്ള സംവിധാനമെന്ന നിലയിലാണ് ഈ ആലോചനയുണ്ടായത്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സഹകരിച്ച് നടപ്പിലാക്കുന്ന വികേന്ദ്രീകൃത ധാന്യസംഭരണ സംസ്കരണ വിതരണ പദ്ധതിയുടെ ഭാഗമാണ് കേരളത്തിലെ നെല്ല്സംഭരണവും. സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതിന്റെ വിവരങ്ങൾ അന്നവിതരൺ പോർട്ടൽ വഴി ലഭ്യമാവുമ്പോൾ മാത്രമേ താങ്ങുവില കേന്ദ്ര സർക്കാർ അനുവദിക്കുകയുള്ളു. ഈ പ്രക്രിയയ്ക്ക് ചുരുങ്ങിയത് ആറ് മാസമെടുക്കും. എന്നാൽ കർഷകന് താങ്ങുവിലയും സംസ്ഥാന പ്രോത്സാഹനബോണസും ചേർത്ത് ഒരു കിലോ നെല്ലിന് 28 രൂപ 20 പൈസ നൽകുന്നതിന് സപ്ലൈകോ ഈ കാലതാമസം വരുത്താറില്ല. നെല്ലെടുത്താൽ ഉടനെ സപ്ലൈകോ ഈടുനിന്ന് ബാങ്കുകളിൽ നിന്ന് പിആർഎസ് വായ്പയായി സംഭരണവില ലഭ്യമാക്കിവന്നിരുന്നു. സർക്കാർ വിഹിതം ലഭ്യമാകുന്നമുറയ്ക്ക് ബാങ്ക് വായ്പ സപ്ലൈകോ തന്നെ അടച്ചുതീർക്കുകയും ചെയ്തു പോന്നു. ഇക്കഴിഞ്ഞ സീസണിൽ 2,50,373 കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വിലയായി ആകെ നൽകേണ്ടിയിരുന്നത് 2,070.71 കോടി രൂപയാണ്. ഇതിൽ 1,96,004 കർഷകർക്കായി 1,637.71 കോടി യഥാസമയം വിതരണം ചെയ്തുവെങ്കിലും 54,369 കർഷകർക്കായി 433 കോടി രൂപ കുടിശികവന്നു. 2017–18 മുതൽ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുള്ള 600 കോടിയിലധികം രൂപ ഇനിയും ലഭിച്ചിട്ടില്ല. ഇത് വായ്പാ തിരിച്ചടവിനെ ബാധിക്കുകയും ഇതുമൂലം വീണ്ടും വായ്പ നൽകാൻ ബാങ്കുകൾ വിമുഖത കാണിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ സംസ്ഥാനസർക്കാർ 180 കോടി രൂപ അനുവദിക്കുകയും 50,000 രൂപ വരെ നൽകാനുള്ള കർഷകർക്ക് മുഴുവൻ തുകയും നൽകുകയും അവശേഷിച്ചവർക്ക് ഭാഗികമായി നൽകുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: ആഗോള വിശപ്പ് സൂചിക തുറന്നുകാട്ടുന്നത് വികൃതമുഖം


ബാങ്കുകളുമായി നിരന്തരം ചർച്ച ചെയ്ത് അവശേഷിക്കുന്ന മുഴുവൻ തുകയും നല്‍കുന്നതിനാവശ്യമായ വായ്പ ഓണത്തിന് മുമ്പേതന്നെ അനുവദിപ്പിക്കുകയും ചെയ്തു. എന്നാൽ ബാങ്കുകളുടെ സാവകാശത്തിലുള്ള നടപടിക്രമങ്ങൾ മൂലം വിതരണത്തിൽ കാലതാമസമുണ്ടായി. ചുരുക്കം കർഷകർക്കെങ്കിലും ഇതുമൂലം നേരിട്ട പ്രയാസം ഇനിയാവർത്തിക്കരുതെന്നാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി നെല്ല് സംഭരിച്ചാലുടൻ കർഷകർക്ക് പണം നൽകുന്നതിന് സഹകരണ ബാങ്കുകളുടെ സഹായം സ്വീകരിക്കും. കേരളത്തിലെ കർഷകരുടെ രക്തബന്ധുവായ സഹകരണ പ്രസ്ഥാനം ഈ കടമ നിർവഹിച്ചുകൊണ്ട് നെല്ലു സംഭരണ പ്രക്രിയ ശക്തിപ്പെടുത്തും. മറ്റുള്ള പ്രവർത്തനങ്ങളെല്ലാം സപ്ലൈകോയുടെ മേൽനോട്ടത്തിൽ നിലവിലുള്ളതുപോലെ തുടരുകയും ചെയ്യും. കർഷകർക്ക് താമസംവിനാ പണം നൽകുന്നത് മാത്രമല്ല, ഔട്ട് ടേൺ റേഷ്യോ (നെല്ല് അരി അനുപാതം) സംബന്ധിച്ച ഒരു വിഷയവും അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. കേന്ദ്ര സർക്കാർ നിശ്ചയിച്ച ഔട്ട് ടേൺ റേഷ്യോ 68 ശതമാനമാണ്. ഒരു ക്വിന്റൽ നെല്ലിൽ നിന്ന് 68 കിലോഗ്രാം അരി ലഭിക്കണം. അഥവാ 68 കിലോഗ്രാം അരി പൊതുവിതരണ സമ്പ്രദായം വഴി ഗുണഭോക്താക്കൾക്ക് നൽകുമ്പോഴാണ് ഒരു ക്വിന്റൽ നെല്ലിന്റെ താങ്ങുവില കേന്ദ്ര സർക്കാർ അനുവദിക്കുക. എന്നാൽ കേരളത്തിന്റെ കാലാവസ്ഥാ സവിശേഷതകൾ മൂലം ഈ അനുപാതത്തിൽ എല്ലാ പ്രദേശങ്ങളിലും അരി ലഭിക്കുന്നില്ല എന്ന വസ്തുത പരിഗണിച്ചുകൊണ്ട് സംസ്ഥാനത്ത് ഇത് 64.5 ശതമാനമായി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നു. മൂന്നര ശതമാനത്തിന്റെ വ്യത്യാസം മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും സംസ്ഥാനസർക്കാരാണ് വഹിച്ചു പോന്നത്.

സമീപകാലത്തുണ്ടായ ഒരു ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇപ്രകാരം അനുപാതം താഴ്ത്തി നിശ്ചയിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരം ചോദ്യം ചെയ്യപ്പെടുകയും ആ അനുപാതത്തിൽ അരി നൽകുവാൻ മില്ലുടമകളുമായി കരാർ വയ്ക്കുന്നതിന് നിയമപരമായി കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. മില്ലുടമകളുടെ സംഘടനകളാകട്ടെ 68 ശതമാനം എന്ന അനുപാതത്തിൽ കരാറൊപ്പിടാൻ തയ്യാറാകാതെ നിൽക്കുകയാണ്. ഏതാനും മില്ലുകൾ മാത്രമാണ് ഇതിനോടകം സപ്ലൈകോയുമായി കരാറിലെത്തി ഈ സീസണിൽ നെല്ലെടുത്തുതുടങ്ങിയിട്ടുള്ളത്. ഈ സ്ഥിതിയെയും ഏറ്റവുമടുത്ത ദിവസങ്ങളിൽ സർക്കാരിന് മറികടക്കേണ്ടതുണ്ട്. നെല്ല് സംഭരണ പ്രക്രിയ സുഗമമോ പ്രശ്നരഹിതമോ ആയ ഒന്നല്ല. ഓരോഘട്ടത്തിലും പലതരത്തിലുള്ള വിഷമതകൾ നേരിടാറുണ്ട്. അതിനെയൊക്കെ സധൈര്യം നേരിട്ടുകൊണ്ടാണ് സർക്കാർ മുന്നോട്ടു പോയിട്ടുള്ളത്. ജനങ്ങളോട് കാര്യങ്ങൾ മറച്ചുവച്ച് മേനിനടിക്കുന്നതിലല്ല തുറന്നുപറയുന്നതിലാണ് ജനാധിപത്യത്തിന്റെ മഹിമ. ആ ദിശയിലാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോകുന്നത്. ഇപ്പോൾ മുന്നിൽ വന്നുനിൽക്കുന്ന പ്രശ്നങ്ങളെയും മറികടന്നുപോകാൻ കഴിയുമെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.