22 December 2024, Sunday
KSFE Galaxy Chits Banner 2

കാപട്യങ്ങള്‍ കരളില്‍ ഒളിപ്പിക്കുന്നവര്‍

വാതില്‍പ്പഴുതിലൂടെ
ദേവിക
November 22, 2021 4:45 am

ചിലരൊക്കെ അങ്ങനെയാണ് ഭായി. ജല്പനങ്ങളും ജാള്യതകളും ശാഠ്യവും മൗഢ്യവും കാപട്യങ്ങളും അവര്‍ കരളിലൊളിപ്പിച്ചുവയ്ക്കും. ‘ഭയകൗടില്യലോഭങ്ങള്‍ വളര്‍ത്തില്ലൊരു നാടിനെ’ എന്നു പറയുന്നത് അവര്‍ക്കൊരു വാചകം മാത്രം. അതുകൊണ്ടുതന്നെ അവര്‍ ആത്മവിമര്‍ശനത്തെ വെറുക്കുന്നു. ചിലരൊക്കെ പതിറ്റാണ്ടുകള്‍ കഴിഞ്ഞാവും ആത്മവിമര്‍ശനത്തിന്റെ ഹൃദയച്ചെപ്പു തുറക്കുക. മറ്റു ചിലരാകട്ടെ തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ സമൂഹത്തിന്റെ വേദവാക്യമാക്കാന്‍ ശഠിച്ചുകൊണ്ടേയിരിക്കും. ചിലര്‍ക്ക് എക്കാലവും കുറേപ്പേരെ പറ്റിച്ചുകൊണ്ടേയിരിക്കാം. കുറച്ചുകാലത്തേക്ക് അവര്‍ എല്ലാപേരെയും കബളിപ്പിച്ചുകൊണ്ടേയിരിക്കും. പക്ഷേ എല്ലാക്കാലവും എല്ലാപേരെയും കബളിപ്പിക്കാന്‍ കഴിവുള്ളവര്‍ ഭൂമിയില്‍ ഇതുവരെ പിറന്നിട്ടേയില്ല. ഞാനാണ് രാഷ്ട്രം, ഞാന്‍ തന്നെ ജനവും എന്നു ധരിച്ചുവശായ പ്രധാനമന്ത്രി മോഡിയിലൂടെ അത്തരം ഒരു തിരുവവതാരപ്പിറവി ഉണ്ടായോ എന്നുപോലും നാം സംശയിച്ചുപോയി. അതു നടപ്പില്ലെന്നു നാം കാണുന്നു ജനത്തിന്റെ ക്രോധാഗ്നി സംഗതമാവുന്നത് ഇവിടെ. ഈ ക്രോധാഗ്നിക്കൊപ്പം ചമ്മട്ടികളും ചാട്ടവാറുകളും ഉയരുന്നു. അപ്പോഴാണ് ഈ അവതാരബിംബങ്ങള്‍ തകര്‍ന്നുവീഴുന്നത്, ശിഥിലമാകുന്നത്. ജനരോഷാഗ്നിയില്‍ ഒരു ബിംബവും വാഴില്ലെന്ന വിളംബരമായി മോഡിയെന്ന കാപട്യവിഗ്രഹം വീണുടഞ്ഞിരിക്കുന്നു. മൂന്നു കര്‍ഷകവിരുദ്ധ നിയമങ്ങള്‍ താന്‍ കൊണ്ടുവന്നത് രാഷ്ട്രത്തിനുവേണ്ടിയാണ്, ജനതയ്ക്കു വേണ്ടിയാണെന്ന് മോഡി പ്രഖ്യാപിച്ചപ്പോള്‍ ഈ നിയമങ്ങള്‍ തനിക്കും തന്റെ ചങ്ങാതിമാരായ കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണെന്ന് അദ്ദേഹം പറയാതെ പറഞ്ഞു. പക്ഷേ നാടിന്റെ അന്നദാതാക്കളായ കര്‍ഷക ജനകോടികള്‍ ഉയര്‍ത്തെണീറ്റപ്പോള്‍ തകര്‍ന്നുവീണത് മോഡി എന്ന കാപട്യവിഗ്രഹം. ഈ നിയമങ്ങള്‍ കൊണ്ടുവന്നതിനു രാജ്യത്തോടു താന്‍ മാപ്പുപറയുന്നുവെന്ന് മോഡിയെക്കൊണ്ടു പറയിപ്പിച്ച ജനശക്തി, ജോണ്‍ ഡോണ്‍ പറഞ്ഞതുപോലെ ‘ഈ നിമിഷത്തെ നാം മെരുക്കി വളര്‍ത്തുക.’ പുതിയ വിജയങ്ങള്‍ക്കു കളമൊരുക്കുക…

ഒരു മനുഷ്യനും ഒരു ഒറ്റപ്പെട്ട ദ്വീപല്ല. ഒരു വന്‍കരയുടെ ഭാഗം. ഒരു മണ്ണാങ്കട്ട കടലില്‍ അലിഞ്ഞാല്‍ പോലും അതു നിന്റെ നഷ്ടമാണ്, എന്റെ നഷ്ടമാണ്, മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ് എന്നു ചോദിക്കാന്‍ ആളയയ്ക്കേണ്ടതില്ല. അതു നിനക്കു വേണ്ടിയാണ്.’ എന്ന് ഏണസ്റ്റ് ഹെമിങ്‌വേയുടെ ‘കിഴവനും കടലും’ എന്ന കൃതിയില്‍ ആമുഖ വാചകങ്ങളായുണ്ട്. ഇതോര്‍ക്കാന്‍ കാരണം സഖാവ് രാജ്‌കുമാറിന്റെ അകാല നിര്യാണത്തെക്കുറിച്ച് ഓര്‍ത്തുപോയതുകൊണ്ടാണ്. അബുദാബിയിലെ പ്രവാസിയായിരുന്നു അദ്ദേഹം. യുവകലാസാഹിതിയുടെ സാരഥികളിലൊരാളായിരുന്നു. കറയറ്റ സിപിഐക്കാരന്‍ വര്‍ക്കല, ചെമ്മരുതി സ്വദേശി. യാത്രയയപ്പുയോഗം കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, നാട്ടിലേക്ക് പോയിട്ടുവേണം ഇനി പാര്‍ട്ടിയില്‍ ഒന്നുഷാറാകാന്‍. നാട്ടിലെത്തിയ അദ്ദേഹത്തെ സഖാക്കള്‍ സിപിഐ ചെമ്മരുതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാക്കി. ജില്ലാ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി ഗീതാനസീറിന്റെ പ്രചാരണത്തേരു തെളിച്ചതും രാജ്‌കുമാര്‍. പതിനായിരത്തോളം വോട്ടിന്റെ മഹാഭൂരിപക്ഷത്തില്‍ ഗീത ജയിച്ചു. തുടര്‍ന്നും രാജ്കുമാറിനു വിശ്രമമില്ലായിരുന്നു. അറുപതു വയസുപോലും തികയാത്ത രാജ്കുമാര്‍ കഴിഞ്ഞ ദിവസം വിടചൊല്ലി. ആയിരക്കണക്കിന് സഖാക്കള്‍ ഇതുപോലെ അകാലത്തില്‍ പൊലിഞ്ഞിട്ടുണ്ട്. പക്ഷേ രാജ്‌കുമാറിന്റെ മരണത്തെ വ്യത്യസ്തമാക്കിയത് ആ സഖാവിന്റെ മകളുടെ വാചകമായിരുന്നു. ചെങ്കൊടി പുതപ്പിച്ച് സംസ്കാരം നടത്തിയശേഷം ഒത്തുകൂടിയ സഖാക്കളോട് വിയോഗവ്യഥ അടക്കാനാവാതെ ആ കുട്ടി ചോദിച്ചു; ‘ഈ വീട്ടിനു മുന്നില്‍ ഒരു പാര്‍ട്ടി പതാക ഉയര്‍ത്തിക്കോട്ടെ. അച്ഛന്റെ എല്ലാം പാര്‍ട്ടിയായിരുന്നു. ഇവിടെ ഒരു കൊടിമരവും അതിലൊരു ചെങ്കൊടിയും പാറിച്ചോട്ടെ.’ അവിടെ കൂടിയ സഖാക്കളെ കണ്ണീരണിയിച്ച വാക്കുകള്‍. അവര്‍ മനസില്‍ പറഞ്ഞിട്ടുണ്ടാവാം, ‘ചോര തുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍.’ മറ്റൊന്നിനും അവകാശപ്പെടാനാവാത്ത മാസ്മരികശക്തി, അതാണ് ചെങ്കൊടി.

പണ്ടത്തെ ചില വയറ്റാട്ടിമാരുണ്ടായിരുന്നു. ദേവികയുടെ മുത്തശ്ശിമാര്‍ ഇവരുടെ ഗെെനക്കോളജിയിലും ഒബ്സ്ട്രിക്സിലുമുള്ള അപാര പാടവത്തെക്കുറിച്ച് വര്‍ണിക്കുന്നതും കേട്ടിട്ടുണ്ട്. ഈച്ചരി, കൊച്ചുപാര്‍വതി, കല്യാണി തുടങ്ങിയ വിഖ്യാതരായ വയറ്റാട്ടിമാര്‍. അന്ന് ഇന്നത്തെപ്പോലെ പേറാശുപത്രികളും കീറാശുപത്രികളുമൊന്നുമില്ല. എല്ലാം സുഖപ്രസവങ്ങള്‍. കാലുപിറക്കുന്ന ചില മക്കളുണ്ടാവും. നിമിഷങ്ങള്‍ക്കുള്ളില്‍ കൊച്ചുപാര്‍വതി എണ്ണയില്‍ നനച്ച തിരികൊളുത്തി പൈതലിന്റെ കാലില്‍ മെല്ലെയൊന്നു തൊടും. കുട്ടി വേദനിച്ചു കാല്‍ ഉള്ളിലേക്ക് വലിച്ച് ഒരു മലക്കം മറിയല്‍. പിന്നെ തല പിറക്കുന്ന സുഖപ്രസവം! ആ കാലമൊക്കെ പോയി. ഇപ്പോഴാണെങ്കില്‍ സുഖപ്രസവത്തെക്കുറിച്ച് കേട്ടകാലം മറന്നു. എല്ലാം സിസേറിയന്‍ സെക്ഷന്‍. പേറാശുപത്രികളെല്ലാം അങ്ങനെ കീറാശുപത്രികളുമായി. എന്നാല്‍ സുഖപ്രസവങ്ങള്‍ക്കു വംശനാശം വന്നുവെന്നു പറയാന്‍ വരട്ടെ. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ഡോ. മനോജ് മിത്തല്‍ സുഖപ്രസവത്തിന് ഒരു വഴി കണ്ടുപിടിച്ചിരിക്കുന്നു. ഖാലിസ്ഥാന്‍ ഭീകരന്‍ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച സിപിഐ നേതാവും ഹരിയാന നിയമസഭാംഗവും ജനകീയ ഡോക്ടറുമായ ഡോ. ഹര്‍ണാം സിങ്ങിന്റെ അതേ ഗ്രാമക്കാരന്‍, ഖാലിസ്ഥാന്‍ ഭീകരരെ ഡോക്ടര്‍ സഖാവും കുടുംബവുമായി നേരിട്ടു. രണ്ടുപേരെ അദ്ദേഹം കൊന്നു. കയ്യില്‍ കിട്ടിയതെല്ലാം എടുത്തു തിരിച്ചാക്രമിക്കുന്നു. ഡോ. ഹര്‍ണാമിന്റെ ദേഹത്തും വെടിയുണ്ടകള്‍ തുളച്ചുകയറിയെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. എങ്കിലും മകനും മരുമകളും അനന്തിരവളും കൊല്ലപ്പെട്ടു. അദ്ദേഹമടങ്ങുന്ന അഞ്ചംഗ കുടുംബത്തെ ശൗര്യചക്രം ചാര്‍ത്തിയാണ് രാജ്യം ആദരിച്ചത്. പക്ഷേ ആ ഡോക്ടര്‍ വേറെ, കര്‍ണാലിലെ പുതിയ ഡോക്ടര്‍ മിത്തല്‍ വേറെ. സുഖപ്രസവത്തിന് അദ്ദേഹം പുതിയ മരുന്നു കണ്ടുപിടിച്ചിരിക്കുന്നു! ചാണക ഭക്ഷണം. എംബിബിഎസും എംഡിയും ഒക്കെ ചാര്‍ത്തിക്കിട്ടിയ ശിശുരോഗവിദഗ്ധന്‍. നിലത്തു നിന്നും ചാണകം വാരി സ്വാദോടെ ഭക്ഷിക്കുകയും ഗോമൂത്രം കഴിച്ച് ആരോഗ്യ സമ്പന്നനാകുകയും ചെയ്യുന്ന ഈ കലികാല ഡോക്ടറുടെ വീഡിയോയില്‍ പറയുന്നത് ചാണകം ഭക്ഷിച്ചാല്‍ സിസേറിയന്‍ പോലുമില്ലാതെ സുഖപ്രസവം നടക്കുമെന്നാണ്. ഒരു ലോഡ് ചാണകവും ഒരു ടാങ്ക് ഗോമൂത്രവും ഇയാളുടെ വീട്ടിലെത്തിച്ച് ഗര്‍ഭിണികള്‍ക്ക് സുഖപ്രസവത്തിന് സഹായിക്കണമെന്ന പരിഹാസ ട്വീറ്റുകളുടെ പ്രവാഹം. മോഡിയും യോഗിയും ചാണകവര്‍ണന നടത്തുന്നത് മനസിലാക്കാം. പക്ഷേ ഉന്നത മെഡിക്കല്‍ ബിരുദമുള്ള ഡോക്ടര്‍ പറയുമ്പോള്‍ ചാണകം എന്ന വിസര്‍ജ്യ വസ്തുവിന്റെ വിശ്വാസ്യത കൂടുമല്ലോ. അതാണ് ഈ ഡോക്ടര്‍ വഴിയുള്ള സംഘി ഉഡായിപ്പിന്റെ ഗുട്ടന്‍സ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.