21 November 2024, Thursday
KSFE Galaxy Chits Banner 2

ജീവിതസായന്തനത്തിന് തണലേകാന്‍

ഇന്ന് ലോക വയോജനദിനം
ഡോ. ആർ ബിന്ദു 
ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി
October 1, 2024 4:15 am

ആഗോളമായാലും കേരളീയ സാഹചര്യത്തിലായാലും സമകാലിക സാമൂഹ്യപ്രശ്നങ്ങളിലൊന്നായിരിക്കുന്നു വയോജനത നേരിടുന്ന പ്രതിസന്ധികൾ. നവലിബറൽ മുതലാളിത്തത്തിന്റെയും അതിന്റെ കമ്പോളാധിഷ്ഠിതവും ഉപഭോക്തൃകേന്ദ്രീകൃതവുമായ നീതി സങ്കല്പത്തിന്റെയും യുഗത്തിൽ, ‘ഉപയോഗിക്കുക വലിച്ചെറിയുക’ സംസ്കാരമായിത്തീർന്നിരിക്കുന്നു നമ്മുടെ സമൂഹത്തെ നയിക്കുന്നത്. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള പരിവർത്തനമടക്കം കുടുംബ സംവിധാനത്തിൽ സംഭവിച്ച പരിവർത്തനങ്ങൾ മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങളെ ദാരുണമായി അവഗണിക്കുന്നതിന് കാരണമായിട്ടുണ്ട്. വയോജന പരിചരണവുമായി ബന്ധപ്പെട്ട അപര്യാപ്തതകൾക്ക് ഇത് വഴിവച്ചു. പ്രായമായവരെക്കൊണ്ടുള്ള ഉപയോഗം അവസാനിച്ചുവെന്ന് ബന്ധുക്കൾ തന്നെ കരുതുന്നതോടെ ഉണ്ടാകുന്ന ശോചനീയാവസ്ഥ മിക്കവരുടെയും ജീവിതസായന്തനത്തെ ദുരിതമയമാക്കുന്നത് കാണാം.
ഇത്തരം സാഹചര്യത്തിലാണ് ലോകമെങ്ങും വയോജനദിനം കൊണ്ടാടുന്നത്. മുതിർന്ന പൗരന്മാർക്ക് നൽകേണ്ട പരിചരണവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും അതിനാവശ്യമായ നയങ്ങളും സംവിധാനങ്ങളും കാലോചിതമായി രൂപപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളുടെ അവലോകനം കൂടിയാണ് ഈ ദിനാചരണം ആവശ്യപ്പെടുന്നത്.

2011ലെ കാനേഷുമാരി പ്രകാരം, 60 വയസിനു മുകളിലുള്ള 10.40 കോടി വയോജനങ്ങൾ (ജനസംഖ്യയുടെ 8.6 ശതമാനം) രാജ്യത്തുണ്ട്. ജനസംഖ്യാ വളർച്ചാനിരക്ക് സൂചികയായെടുത്താൽ ഇത് 11.10 ശതമാനമെന്ന കണക്കിലേക്ക് കുതിക്കുന്നതായി കാണാം. 2046 ആകുന്നതോടെ പ്രായമായവരുടെ എണ്ണം പതിനഞ്ചിൽ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണത്തെ മറികടക്കാൻ സാധ്യതയുണ്ടെന്ന് യുഎൻ റിപ്പോർട്ടിൽ (യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്, ഇന്ത്യ 2023 ഇന്ത്യ ഏജിങ് റിപ്പോർട്ട്) പറയുന്നു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ വളർച്ചാനിരക്ക് കൂടുതലുള്ള കേരളത്തിന്റെ കാര്യമെടുത്താൽ ജനസംഖ്യാ പ്രവചനം സൂചിപ്പിക്കുന്നത് 2026 ആവുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ കാൽഭാഗം മുതിർന്നവരായിരിക്കുമെന്നാണ്. (2011ൽ ഇന്ത്യൻ ശരാശരി 8.6 ശതമാനമായിരുന്നപ്പോൾ കേരളത്തിൽ പ്രായമായവരുടെ എണ്ണം 13 ശതമാനമായിരുന്നു). 1991ലെ കണക്കെടുത്താൽ 60നും 69നും ഇടയിൽ പ്രായമുള്ളവരിൽ 53.8 ശതമാനവും 70 വയസിന് മുകളിലുള്ളവരിൽ 69.20 ശതമാനവും വിധവകളായിരുന്നു. പ്രായമായവരിൽ സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതലാണ്. വിധുരരെക്കാൾ കൂടുതലാണ് വിധവകൾ.
പ്രായമായവരുടെ ജനസംഖ്യയിൽ കാണുന്ന ഈ വളർച്ചയ്ക്ക് ഒരേ സമയം അനുഗ്രഹവും ദോഷവുമെന്ന പ്രത്യേകതയുണ്ട്. പ്രായമായവരുടെ എണ്ണം കൂടാനുള്ള ഒരു കാരണം കേരളത്തിലെ ആരോഗ്യസംരക്ഷണ സംവിധാനമാണെന്നതുതന്നെ നമുക്ക് അഭിമാനിക്കാവുന്ന നേട്ടം. ആരോഗ്യ പരിരക്ഷ വിപുലമായത് ആയുർദൈർഘ്യം വർധിപ്പിച്ചതിലേക്ക് നയിച്ചു. അത് സമൂഹത്തിൽ പ്രായമായവരുടെയും അതിവൃദ്ധരുടെയും ഏറെക്കുറെ ആരോഗ്യകരമായ സാന്നിധ്യം നമുക്ക് പ്രാപ്തമാക്കിത്തന്നു. ആരോഗ്യ പരിരക്ഷയ്ക്ക് പുറമെ വിദ്യാഭ്യാസം കൂടി (പ്രത്യേകിച്ച് സ്ത്രീകളുടെ) കേരളത്തിന്റെ ഈ സാമൂഹിക വളർച്ചയ്ക്ക് നിദാനമായി.
എന്നാൽ, പ്രായമായവരെയും രോഗികളെയും കൈകാര്യം ചെയ്യുന്നതിലുള്ള നമ്മുടെ സംസ്കാരസമ്പന്നതയിൽ അതിയായി അഭിമാനം കൊള്ളും മുമ്പ്, വാർധക്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലെ ചില മുൻവിധികളെ പരിശോധിക്കുകയും മറികടക്കുകയും ചെയ്യേണ്ടതുണ്ട്. സാധാരണയായി വാർധക്യത്തെ ബലഹീനത, തുടർച്ചയായ അസുഖങ്ങൾ, വർധിച്ച ചികിത്സാച്ചെലവ്, മറവി മുതലായവയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്നതാണ് നമ്മുടെ ശീലം. വാർധക്യത്തെ ജീവിതത്തിന്റെ സായന്തനമായി കണക്കാക്കുന്ന ഈ സമീപനത്തിൽ, വെളിച്ചം ക്രമേണ മങ്ങുകയും ഒടുവിൽ ഇല്ലാതാകുകയും ചെയ്യുന്നുവെന്നതാണ് പുലർത്തുന്ന കാഴ്ചപ്പാട്.

വില്യം ബട്ലർ യീറ്റ്സ് ‘സെയ്‌ലിങ് ടു ബൈസാന്റിയം’ എന്ന കവിതയിൽ ഇങ്ങനെ എഴുതുന്നു: ‘നിസാര വസ്തു മാത്രമാണ് ഒരു വൃദ്ധൻ / ഒരൂന്നുവടിയിലെ അഴുകിയ ഒരു കോട്ട്’. വാർധക്യത്തെക്കുറിച്ചുള്ള ചിന്തയിലെ ഈ പ്രകടമായ അവഗണനയും ഉദാസീനതയും ഇന്നും യാഥാർത്ഥ്യമാണ്. പ്രായമാകുന്നവരുടെ ജനസംഖ്യയെന്നത് കേവലം ഒരു ജനസംഖ്യാ സ്ഥിതിവിവരക്കണക്ക് മാത്രമല്ല. നമ്മുടെ ആദരവും പിന്തുണയും അർഹിക്കുന്ന അനുഭവം, ജ്ഞാനം, സംഭാവനകൾ എന്നിവയുടെ സമ്പത്ത് ഈ സമൂഹം ഉൾവഹിക്കുന്നുണ്ട്.
വാർധക്യത്തെ ദുർബലാവസ്ഥയായി ചിത്രീകരിക്കുന്ന മുൻധാരണകൾക്കു പുറമേ, ആരോഗ്യപ്രശ്നങ്ങൾ, ഉപയോഗബോധം കുറയ്ക്കൽ, വർധിച്ചുവരുന്ന ഏകാന്തത എന്നിവയും വാർധക്യാവസ്ഥയെ ബാധിക്കുന്നു. പരിചരണവും മരുന്നുകളും പ്രായമായവർക്ക് സ്വയം പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണ്. ഇതിലെല്ലാം ഇവർക്ക് സർക്കാരുകളുടെ പിന്തുണ ആവശ്യമാണ്. പ്രായമായവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും ലഘൂകരിക്കുകയും ചെയ്യുന്ന കടമ സാമൂഹ്യനീതി വകുപ്പ് നിർവഹിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമം (എംഡബ്ല്യുപിഎസ്‌സി ആക്ട്) കാര്യക്ഷമമായി നടപ്പാക്കുന്നത് മുതിർന്ന പൗരന്മാരുടെ സങ്കടങ്ങൾ ലഘൂകരിക്കാൻ വലിയ തോതിൽ സഹായിക്കുന്നുണ്ട്. കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും, നിയമത്തിലെ വ്യവസ്ഥകൾ പ്രത്യേകിച്ചും പൊതുശ്രദ്ധയിൽ കൊണ്ടുവരാനും ഇനിയും പ്രചരണം വ്യാപകമാക്കേണ്ടതുണ്ട്.
കേരളത്തിലെ എല്ലാ റവന്യു ജില്ലകളിലും റവന്യു ഡിവിഷണൽ ഓഫിസർമാരുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരുടെ പരാതികൾ പരിഹരിക്കുന്നതിന് മെയിന്റനൻസ് ട്രിബ്യൂണലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ട്രിബ്യൂണലുകൾ മുതിര്‍ന്ന പൗരന്മാരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നുവെന്നത് ഉറപ്പാക്കുന്നു. പ്രായമായവരുടെ ആവലാതികൾ കേട്ട് പരിഹാരനിർദേശങ്ങൾ പുറപ്പെടുവിക്കാൻ പതിവായി അദാലത്തുകളും ഇതോടൊപ്പം നടത്തിവരുന്നു, വയോ ഈ പരിപാലനനിയമം നടപ്പാക്കുന്നതിൽ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിൽ 2021ൽ വയോശ്രേഷ്ഠ സമ്മാൻ കേരളത്തിന് ലഭിക്കാൻ കാരണമായത് ബഹുതലസ്പർശിയായ ഇത്തരം പ്രവർത്തനങ്ങളാണ്.

വയോജനങ്ങൾക്ക് ഏറ്റവും മികച്ച പരിചരണം വർധിതമായി ഇനിയും ഉറപ്പാക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടിലാണ് ഈ പ്രവർത്തനങ്ങളെല്ലാം. അവർക്കുള്ള പരിചരണത്തിന്റെയും ചികിത്സയുടെയും ഗുണനിലവാരം തുടർച്ചയായി ഉറപ്പാക്കേണ്ടതുണ്ട്. പ്രായമായവർക്ക് ശാസ്ത്രീയ പരിചരണവും ചികിത്സയും നൽകുന്നതിന് സജ്ജരാക്കുന്ന വിധത്തിൽ സേവനദാതാക്കളെയും ഹോം നഴ്സുമാരെയും ശാസ്ത്രീയമായി ലോകനിലവാരത്തിലുള്ള പരിശീലനങ്ങളിലേക്ക് ഇനിയും ഉണർത്തേണ്ടതുണ്ട്.
കേരളത്തിൽ ജെറിയാട്രിക് കെയർ, ഹോം നഴ്സിങ് എന്നിവയുടെ കാര്യത്തിൽ ശാസ്ത്രീയ പരിശീലനത്തിനും സർട്ടിഫിക്കേഷനും പ്രോട്ടോക്കോൾ തയ്യാറാക്കുന്ന നടപടികൾക്ക് തുടക്കമായിട്ടുണ്ട്. ഡിമെൻഷ്യ, അൽഷിമേഴ്സ് മുതലായ ഓർമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രായമായവരുടെ പൊതുപ്രശ്നമാണ്. അത്തരം സന്ദർഭങ്ങളെ അഭിസംബോധന ചെയ്യുന്ന ശാസ്ത്രീയ ചികിത്സയും പരിചരണവും ലഭ്യമാക്കാനാണ് ഈ കാൽവയ്പ്. സംസ്ഥാനത്ത് ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗികളും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ‘ഓർമ്മത്തോണി’ എന്ന പദ്ധതി ആരംഭിച്ചു. സ്മൃതിനാശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും തൽഫലമായുണരുന്ന ആശങ്കകളും പരിഹരിക്കാൻ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫുകളെയും ഉൾപ്പെടുത്തി മെമ്മറി ക്ലിനിക്കുകൾ സ്ഥാപിക്കൽ ഈ പദ്ധതിയുടെ മുഖ്യലക്ഷ്യമാണ്.
വയോജീവിതവുമായി ബന്ധപ്പെട്ട ഉത്കണ്ഠകൾ പരിഗണിച്ച് വയോജന നയം രൂപപ്പെടുത്തി ആ ദിശയിലുള്ള മറ്റു നിരവധി പരിപാടികളും നടന്നുവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വയോജനങ്ങൾക്കായി അധിക സൗകര്യങ്ങളൊരുക്കുന്ന ഡേ കെയർ സെന്ററുകൾ പ്രോത്സാഹിപ്പിക്കാൻ തുടക്കമിട്ടിട്ടുള്ളതാണ് സായംപ്രഭ പദ്ധതി. 60 വയസിനു മുകളിലുള്ളവരുടെ പകൽസമയ ഒത്തുചേരലുകൾ സുഗമമാക്കുകയാണ് ലക്ഷ്യം. വിനോദ പ്രവർത്തനങ്ങൾ, ഐഇസി സെഷനുകൾ എന്നിവയ്ക്കും ഈ കേന്ദ്രങ്ങൾ വേദിയൊരുക്കുന്നു. നിലവിൽ 71 സായംപ്രഭ ഡേ കെയർ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്, ഈ വർഷത്തോടെ ഇത് 116 ആക്കി ഉയർത്തും.
അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്ന പദ്ധതിയാണ് വയോരക്ഷ. അടിയന്തര പ്രഥമ ശുശ്രൂഷ, ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമുള്ള അടിയന്തര സഹായം, ആംബുലൻസ് സേവനം, പുനരധിവാസം, പരിചരണ ദാതാക്കളുടെ സഹായം എന്നിവ ഇതുവഴി എത്തിക്കുന്നു, വയോജനങ്ങൾക്ക് ഉപയോഗപ്രദമായ സഹായ ഉപകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കാൻ പണം ചെലവഴിക്കാൻ ജില്ലാ സാമൂഹ്യനീതി ഓഫിസർമാർക്ക് ചുമതല നൽകിയിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ടതോ ബന്ധുക്കളില്ലാത്തതോ ആയ ദരിദ്രരായ പ്രായമായവർക്ക് ഇതിൽ മുൻഗണന നൽകുന്നു.
സർക്കാർ വൃദ്ധസദനങ്ങളിലെ താമസക്കാർക്ക് സൗജന്യ ആയുർവേദ ചികിത്സയും പാലിയേറ്റീവ് പരിചരണവും നൽകുന്ന വയോഅമൃതം സംരംഭം അവരുടെ ശാരീരിക ആരോഗ്യവും വൈകാരിക ക്ഷേമവും അഭിസംബോധന ചെയ്യുന്നു. സെക്കൻഡ് ഇന്നിങ്സ് ഹോമുകൾ, വയോമധുരം, കൃത്രിമ പല്ലുകൾ നൽകുന്ന മന്ദഹാസം തുടങ്ങിയ വിവിധ പദ്ധതികൾ വിജയകരമായി തുടരുന്നുണ്ട്. വയോജനങ്ങളോടും അവരുടെ ക്ഷേമത്തിലുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഇവയെ മുന്നോട്ടു നയിക്കുന്നത്.

പഴയ തലമുറയും യുവാക്കളും തമ്മിൽ നിലനിൽക്കുന്ന വിടവ് നികത്തി തലമുറകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. നാഷണൽ സർവീസ് സ്കീം പോലുള്ള ഏജൻസികളെ ഇതിനായി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.
വിവിധ ആപ്പുകളും സാങ്കേതിക ഉപകരണങ്ങളും നമ്മുടെ ജീവിതത്തെ വലിയ തോതിൽ സ്വാധീനിക്കുന്ന കാലമാണിത്. സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന സമൂഹത്തിൽ, പഴയതും പുതിയതുമായ തലമുറകൾക്കിടയിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനം കൂടി നാം പരിഹരിക്കേണ്ടതുണ്ട്. ഡിജിറ്റൽ ഉപകരണങ്ങളും അനുബന്ധസൗകര്യങ്ങളും ഉപയോഗിക്കുന്നതിൽ പഴയ തലമുറയുടെ കാര്യക്ഷമത വർധിപ്പിക്കാൻ യുവജനങ്ങളും സന്നദ്ധ സംഘടനകളും സംസ്ഥാന സർക്കാരുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും കൈകോർക്കുകയാണിന്ന്.
പ്രായമായവർക്ക് ഗുണകരമാവുന്ന സോഷ്യൽ നെറ്റ് വർക്കിങ് ഇതുവഴി വളർത്തിയെടുക്കാനാവും. ഇനിയും വിപുലമാകേണ്ടതുണ്ട് നമ്മുടെ വയോജനക്ഷേമ പ്രവർത്തനങ്ങളെന്ന് ഈ സർക്കാർ കരുതുന്നു. എൻജിഒകളും ഉദാരമതികളായ മനുഷ്യസ്നേഹികളും ഉൾപ്പെട്ട വലിയ ശൃംഖല പണിതുയർത്തി നമുക്ക് നമ്മുടെ മുതിർന്ന പൗരന്മാർക്ക് മികച്ച പിന്തുണാ സൗകര്യങ്ങളും സഹായ സംവിധാനങ്ങളും ഒരുക്കി നൽകാം. അതിനായുള്ള ഏതുദ്യമത്തിലും ഈ സർക്കാരും സാമൂഹ്യനീതി വകുപ്പും മുന്നിൽത്തന്നെയുണ്ട്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.