
1995 ജനുവരി 28 ഒരു കറുത്ത ശനിയാഴ്ചയായിരുന്നു. നൂറ് നൂറ് സഖാക്കള്‍ക്ക് രാജനും ആയിരമായിരം സഖാക്കള്‍ക്ക് സഖാവും അപൂര്‍വം ചിലര്‍ക്ക് സാറും ആയിരുന്ന ഉണ്ണിരാജ ഒരോര്‍മ്മയായി മാറുന്നത് അന്നാണ്… 31 വര്‍ഷം. 1927 മുതല്‍ 1934 വരെ ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തില്‍ സംഭവബഹുലങ്ങളായ കാലയളയിരുന്നു. നമ്മുടെ രാജ്യത്തിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ രണ്ട് സിവില്‍ നിയമലംഘന പ്രസ്ഥാനങ്ങള്‍ നടന്നത് അക്കാലത്താണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ദേശീയ സ്വാതന്ത്ര്യത്തിന്റെ അലകളടിച്ചു. പതിനായിരക്കണക്കിന് യുവതീയുവാക്കളുടെ മനസില്‍ ദേശസ്നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും സ്വാതന്ത്ര്യ തൃഷ്ണയുടെയും തീജ്വാലയായി ആളിപ്പടരാന്‍ തുടങ്ങി. ഉണ്ണിരാജയിലും അതിന്റെ നാമ്പുകള്‍ ഉടലെടുത്തു. അത് രാഷ്ട്രീയത്തിലേക്ക് വരാന്‍ ഒരു കാരണമായിരുന്നു. ള്‍വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ 1931ലെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തില്‍ പങ്കെടുത്ത കേളപ്പനെയും എ കെ ഗോപാലനെയും വിഷ്ണുഭാരതീയരെയും പി കൃഷ്ണപിള്ളയെയും ഒക്കെ കാണാനും അടുത്തിടപഴകാനും സാധിച്ചത് അദ്ദേഹം ഓര്‍ത്തെടുത്ത് പറയുമായിരുന്നു. സവര്‍ണ – അവര്‍ണഭേദം കൂടാതെ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിനും ആരാധനയ്‌ക്കും അവകാശമുണ്ടെന്ന അഭിപ്രായക്കാരനായിരുന്നു ഉണ്ണിരാജ. 11 മാസത്തോളം സത്യഗ്രഹം തുടര്‍ന്നിട്ടും സമരം വിജയിച്ചില്ല. സാമൂഹ്യ വിപ്ലവകാരി വി ടി ഭട്ടതിരിപ്പാട് ക്ഷുഭിതനായി ഇപ്രകാരം എഴുതി ”ഇനി നമുക്ക് അമ്പലത്തിന് തീ കൊളുത്താം”. ആ ലേഖനം നൈരാശ്യത്തിന്റെ ബഹിര്‍സ്ഫുരണമായിരുന്നു.
തേവാരവും കുളിയും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള, മാമൂലുകളെ മുറുകെപ്പിടിച്ച ഒരു ക്ഷത്രിയ കുടുംബത്തിലെ അംഗമായിരുന്നു ഉണ്ണിരാജ. ചിറ്റഞ്ഞൂര്‍ കോവിലകത്തെ അമ്മിണി തമ്പുരാട്ടിയുടെയും മുല്ലമംഗലത്ത് കേരളന്‍ ഭട്ടതിരിപ്പാടിന്റെയും സീമന്തപുത്രനായ ഉണ്ണിരാജ പില്‍ക്കാലത്ത് മാര്‍ക്സിസ്റ്റ് ആചാര്യനായി അറിയപ്പെട്ടു. ഖദര്‍ ധരിക്കാനും തക്ലിയില്‍ നൂല്‍നൂറ്റ്, വസ്ത്രമുണ്ടാക്കി സ്കൂളില്‍ പോകാനും തുടങ്ങി. നമ്പൂതിരിമാര്‍ക്കിടയിലുണ്ടായിരുന്ന ആചാരത്തെ കുടുമ മുറിച്ച്, തലമുടി ക്രോപ്പ് ചെയ്ത് വെല്ലുവിളിക്കാനും തുടങ്ങി. അതിനൊരു കാരണംകൂടി ഉണ്ടായിരുന്നു. നമ്പൂതിരിമാര്‍ക്കിടയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം കൊടുമ്പിരികൊണ്ട കാലമായിരുന്നു. ഉണ്ണിരാജയുടെ അച്ഛന്റെ അനുജന്മാരായ എം പി ഭട്ടതിരിപ്പാടും (പ്രസിദ്ധ നടന്‍ പ്രേംജി), എംആര്‍ബിയും ആ പ്രസ്ഥാനത്തിന്റെ ഉല്പതിഷ്ണുവിഭാഗം നേതാക്കളായിരുന്നു. അതുകൊണ്ടുതന്നെ ധൈര്യപൂര്‍വം അന്യമതസ്ഥരുമായി സഹകരിക്കാനും പൊതുവിടങ്ങളില്‍ പോകാനും ഉണ്ണിരാജ മടിച്ചുനിന്നില്ല.
തൃശൂരില്‍ ‘കേരള സന്താനം ബുക്ക് ഡിപ്പോ’ എന്ന ഒരു പുസ്തക വില്പനശാല ഉണ്ടായിരുന്നു. അവിടെപ്പോയി പത്രങ്ങളും വില്പനയ്ക്ക് വച്ചിട്ടുള്ള പുസ്തകങ്ങളും വായിക്കാന്‍ തുടങ്ങി. പത്രപാരായണത്തിലൂടെയും പുസ്തകങ്ങള്‍ വായിച്ചും വീക്ഷണത്തിന്റെയും അറിവിന്റെയും ചക്രവാളം വികസിപ്പിക്കാനും സാഹിത്യാഭിരുചി വളര്‍ത്താനും ശ്രമം ആരംഭിച്ചു. പില്‍ക്കാലത്ത് വിവിധ പ്രസിദ്ധീകരണങ്ങളിലായി അദ്ദേഹം എഴുതിക്കൂട്ടിയ ലേഖനങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ ഉണ്ണിരാജ കൈവയ്ക്കാത്ത മേഖലകളില്ലെന്ന് കാണാം. ശാസ്ത്രം, ഗണിതം, രാഷ്ട്രീയം, സാമൂഹികം, സാംസ്കാരികം തുടങ്ങിയ എല്ലാ വിഷയങ്ങളിലും നല്ല അവഗാഹമുണ്ടായിരുന്നു.
തന്റെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ബ്രാഞ്ചിലെ സഖാക്കള്‍ക്കുവരെ മാര്‍ക്സിസത്തിന്റെ ബാലപാഠങ്ങള്‍ അദ്ദേഹം പകര്‍ന്നുനല്‍കിയിരുന്നു. ഒരു ദിവസം ഒരു ലേഖനമെങ്കിലും എഴുതുക, കഴിയാവുന്നത്ര പുസ്തകങ്ങള്‍ വായിക്കുക ഇതൊക്കെ അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു. മരണത്തിനുശേഷം അദ്ദേഹത്തിന്റെ ലൈബ്രറിയില്‍ ഉണ്ടായിരുന്ന പതിനായിരത്തിലധികം പുസ്തകങ്ങള്‍ എം ടി വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ തുടങ്ങിയ തുഞ്ചന്‍ സ്മാരക ലൈബ്രറിക്ക് നല്‍കുകയുണ്ടായി. ബാക്കിയുള്ളവ സി കെ ചന്ദ്രപ്പന്‍ ലൈബ്രറിക്കും വീടിന് സമീപമുള്ള വായനശാലകളിലേക്കും രാഷ്ട്രീയ പുസ്തകങ്ങള്‍ എം എന്‍ സ്മാരകത്തിനും കൈമാറി. പുസ്തകങ്ങളുടെ എണ്ണത്തില്‍ നിന്നും മനസിലാക്കാം വായനയുടെ ആഴം എത്രത്തോളം ഉണ്ടായിരുന്നുവെന്ന്. ഫലമെന്തായാലും കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കുക എന്ന നിഷ്കാമകര്‍മ്മിയായിരുന്നു ഉണ്ണിരാജ. ഉണ്ണിരാജയുടെ യഥാര്‍ത്ഥ പേര് രവിശര്‍മ്മ രാജയാണ് എന്നത് പത്തറുപത് കൊല്ലം കൂടെ പരിചയിച്ച സഖാക്കള്‍ക്കോ കൂടെപ്പിറപ്പുകള്‍ക്കോ, എന്തിന് സ്വന്തം മക്കള്‍ക്കുപോലും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ‘ഞാന്‍’, ‘എന്റേത്’ എന്നിവകളെ പരമാവധി പരിവര്‍ജിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ നല്ലൊരു തെളിവാണ് രവിശര്‍മ്മ രാജയെന്ന സ്വന്തം പേര് സ്വന്തക്കാര്‍ക്കിടയില്‍ പോലും വെളിപ്പെടുത്താന്‍ കാണിച്ച വൈമുഖ്യം. ഒരു മാര്‍ഗദര്‍ശകനായി, ജീവിതത്തിന്റെ വഴികാട്ടിയായി ഉണ്ണിരാജ നിലനിന്നു. സ്വന്തം ദുഃഖങ്ങളും വേദനകളും മറ്റുള്ളവരെ അറിയിക്കാതെ പരമാവധി ഉള്ളിലൊതുക്കുക അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. എഴുതാന്‍ ഇനിയും ഏറെ…
കേരളത്തിലെ നിരവധി സഖാക്കളുടെ മനസില്‍ ഇപ്പോഴും ജീവിക്കുന്ന ഉണ്ണിരാജയുടെ ദീപ്തസ്മരണയ്ക്ക് മുന്നില്‍ രക്തപുഷ്പം സമര്‍പ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.