28 January 2025, Tuesday
KSFE Galaxy Chits Banner 2

ക്ഷത്രിയർ ആയുധം ധരിക്കുന്നതെന്തിന് ?

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍ 21
August 5, 2024 4:12 am

താപസവ്രതം വരിച്ചിരിക്കേ ആയുധം ധരിക്കുന്നത് നന്നല്ല എന്നാണ് സീത രാമനോട് യുക്തിവാദം ചെയ്തത്. അതിനു ശ്രീരാമൻ മറുപടി പറയുന്നു. വാല്മീകിരാമായണത്തിലെ അരണ്യകാണ്ഡത്തില്‍ ഒമ്പതും പത്തും സർഗങ്ങളിലായി അവതരിപ്പിക്കുന്ന ഈ സീതാ-രാമ സംവാദം അഹിംസയും ഹിംസയും തമ്മിലുള്ള ഒരു സംവാദം എന്ന നിലയിൽ എവിടെയും എക്കാലത്തും പ്രസക്തമാണ്. ഇത്തരമൊരു പ്രസക്തി‌ക്ക് യാതൊരിടവും അധ്യാത്മരാമായണം നൽകുന്നില്ല എന്നത് രാമായണ പഠിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
ഭരണകൂടത്തിന്റെ ആൾരൂപ സ്വത്വത്തെയാണ് ഇന്ത്യയുടെ മുഖ്യധാരാ പാരമ്പര്യഭാഷ, ക്ഷത്രിയ ശബ്ദത്തിലൂടെ അവതരിപ്പിക്കുന്നത്. ഗാന്ധിജിയെപ്പോലെ നിരായുധമായ ഭരണകൂടം മാനവ രാഷ്ട്രീയ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ല; ഇന്നും ഇല്ല. നിശേഷം നിരായുധീകരിക്കപ്പെട്ട ഒരു ഭരണകൂടത്തെപ്പറ്റി ഗാന്ധിജിയെക്കാൾ വലിയ അഹിംസാവാദിയായിരുന്ന ബുദ്ധനുപോലും വിഭാവനകൾ ഉണ്ടായിരുന്നില്ലെന്ന് ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആയുധമണിഞ്ഞ ഭരണകൂടത്തെ മാറ്റിമറിക്കാൻ പ്രയത്നിക്കുന്നവർക്കും ചിലപ്പോൾ സായുധരായി സമരം ചെയ്യേണ്ടി വരും എന്ന് മാർക്സും ഏംഗൽസും കാര്യകാരണ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. (ഏംഗൽസ് എഴുതിയ ‘കമ്മ്യൂണിസത്തിന്റെ മൂലതത്വങ്ങൾ’ എന്ന കൃതിയിൽ സമാധാനപരമായ മാർഗങ്ങളിലൂടെ വിപ്ലവം നടക്കാത്തിടത്ത് സായുധ സമരം വേണ്ടിവന്നാൽ അറച്ചുനിൽക്കില്ല കമ്മ്യൂണിസ്റ്റുകൾ എന്ന് എടുത്തുപറയുന്നുണ്ട്.)

രാമൻ ക്ഷത്രിയനാണ്. അതുകൊണ്ടുതന്നെ സായുധ പാണിയായിരിക്കുന്നത് തെറ്റല്ല. പല്ലും നഖവുമുള്ള സിംഹം തെറ്റല്ല എന്ന പോലെയാണിത്. പക്ഷേ ക്ഷത്രിയൻ ആയുധം ധരിക്കേണ്ടത് പാവങ്ങളെ പീഡിപ്പിക്കാനാകരുത്, ബലവാന്മാരുടെ പീഡകളേറ്റ് പാവങ്ങളുടെ നിലവിളിശബ്ദം ഉയരുന്ന നില തീർത്തും ഒഴിവാക്കാനായിരിക്കണം. അഥവാ സാധുജന പരിപാലനത്തിനായിരിക്കണം ക്ഷത്രിയർ ആയുധം ധരിക്കേണ്ടത്. ഇതാണ് രാമന്റെ നിലപാട്. രാമൻ പറയുന്നു; ”ക്ഷത്രിയേർ ധാര്യതോ ചാപോ നാർത്തശബ്ദോ ഭവേദിതി- ക്ഷത്രിയർ ആയുധം ധരിക്കുന്നത് സാധുജനങ്ങൾക്ക് ആർത്തലച്ചു കരയുന്ന നില ഉണ്ടാവാതിരിക്കാനാണ്” (അരണ്യകാണ്ഡം സർഗം;10, ശ്ലോകം3). ഭഗവദ്ഗീതയിലെ ധർമ്മപരിപാലന തത്വവും സാരാംശത്തിൽ സാധുജനപരിപാലനം (പരിത്രാണായ സാധൂനാം) എന്നതാണെന്നു കാണാം. 

പരിത്രാണായ ചാതുർവർണ്യാനാം എന്ന് ഭഗവദ് ഗീതയിൽ എവിടെയും ധർമ്മപരിപാലന തത്വം വിവരിക്കപ്പെടുന്നില്ല. പക്ഷേ, തീ ആഹാരം പാചകം ചെയ്യാനും വിളക്കുകൊളുത്തി വെളിച്ചമുണ്ടാക്കാനും മാത്രമല്ല അന്യന്റെ പുരയ്ക്കും വയലിനും തീകൊളുത്താനും ദുരുപയോഗിക്കപ്പെടുന്നുണ്ടല്ലോ. ഇത്തരത്തിൽ ഭരണകൂടം അഥവാ ക്ഷത്രിയത്വം സാധുജന പരിപാലനം എന്ന മുഖ്യധർമ്മത്തെ വിഗണിച്ച് സാധുജന ദ്രോഹത്തിനായി ആയുധശക്തി ഉപയോഗിച്ചാൽ അതിനെ അമർച്ച ചെയ്യുന്നതിനുള്ള സായുധമോ നിരായുധമോ ആയ ഭരണവിരുദ്ധ പ്രവൃത്തികൾ ഉയർന്നു വരും. അത്തരം പ്രവൃത്തികൾ എക്കാലത്തെയും ഹിരണ്യാസുര ഭരണകൂടത്തിനെതിരെ പ്രഹ്ലാദമനസ്കർ ഏറ്റെടുക്കുകയും തദ്ഫലമായി നരസിംഹാവതാരങ്ങൾ ഉണ്ടാവുകയും ചെയ്യും എന്നത് ചരിത്രത്തിലെ ഭരണകൂട വിരുദ്ധ വികാരങ്ങളെ മുൻനിർത്തി ഇന്ത്യൻ മനസ് വികസിപ്പിച്ചെടുത്ത നല്ലൊരു മിത്താണ്.
ഹിരണ്യാസുര ചക്രവർത്തി വാളെടുക്കുന്നതും നരസിംഹം പല്ലും നഖവും ഉപയോഗിക്കുന്നതും ഒരേതരം ഹിംസയാണെന്ന് പ്രഹ്ലാദമനസ്കർ പറയില്ല; ഗാന്ധിയന്‍മാര്‍ പറയുമോ എന്നറിയുകയുമില്ല. പ്രഹ്ലാദമനസ്കരായ ഭാരതീയർക്ക് ഇക്കാലത്തെ ജനാധിപത്യ വ്യവസ്ഥയിൽ കണ്ടെത്താവുന്ന നരസിംഹം സമരചൈതന്യമുള്ള ഇടതുപക്ഷമാണ്. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.