മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 132 സീറ്റുകൾ നേടിയുള്ള ബിജെപിയുടെ ആധിപത്യം ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും അംഗീകരിച്ചെങ്കിലും മഹായുതി സഖ്യം വാഴുമോയെന്ന് കണ്ടറിയണം. പാതിരാ കരുനീക്കങ്ങളിലൂടെയും പുലർകാല സത്യപ്രതിജ്ഞയിലൂടെയുമെല്ലാം ദേശീയ, സംസ്ഥാന രാഷ്ട്രീയത്തെ അമ്പരിപ്പിച്ച മഹാരാഷ്ട്രയിൽ അധികാരത്തിനായി പാർട്ടികൾ മുന്നണികൾ മാറുന്നത് പതിവ് സംഭവങ്ങളാണ്. 288 അംഗ നിയമസഭയിൽ മഹായുതി സഖ്യം 230 സീറ്റുകൾ നേടിയപ്പോൾ ഷിൻഡെ വിഭാഗം 57 സീറ്റുകളും അജിത് പവാർ വിഭാഗം 41 സീറ്റുകളുമായി തിളക്കമാർന്ന വിജയം നേടിയിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 145 സീറ്റ് വേണമെന്നിരിക്കെ ബിജെപിക്ക് ഒറ്റയ്ക്ക് ലഭിച്ചത് 132 സീറ്റുകൾ മാത്രം. 13 സീറ്റുകളുടെ കുറവ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയുടെ അധികാര കടിഞ്ഞാൺ സ്വന്തമാക്കുക എന്ന ആഎസ്എസിന്റെ സ്വപ്നം പൂവണിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട ഏക്‌നാഥ് ഷിൻഡെയുടെയും അജിത് പവാറിന്റെയും നീക്കങ്ങളെ സൂക്ഷ്മതയോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നത്. സത്യപ്രതിജ്ഞ കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോഴും മഹായുതി സഖ്യത്തിൽ പ്രധാന വകുപ്പുകളുമായി ബന്ധപ്പെട്ട തർക്കം തുടരുക
യാണ്. ഉപമുഖ്യമന്ത്രി ഏക‌്നാഥ് ഷിൻഡെ ആഭ്യന്തരവകുപ്പിനായി സമ്മർദം ശക്തമാക്കിയതും പ്രധാന വകുപ്പുകൾ ആവശ്യപ്പെടുന്നതുമാണ് തീരുമാനം വൈകാൻ കാരണം. ആഭ്യന്തരവകുപ്പ് വിട്ടുനൽകാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബിജെപിയും തയ്യാറുമല്ല. ഉപമുഖ്യമന്ത്രിയായിരുന്നപ്പോൾ ദേവേന്ദ്ര ഫഡ്നാവിസിന് ആഭ്യന്തര വകുപ്പ് നൽകിയതുപോലെ, ഇപ്പോൾ തങ്ങൾക്ക് നൽകണമെന്നാണ് ഷിൻഡെയുടെ ആവശ്യം. 43 മന്ത്രിമാരെയാണ് സംസ്ഥാനത്ത് നിയോഗിക്കാവുന്നത്. ഇതിൽ പകുതിയിലധികവും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയിൽ നിന്നാകും. ശിവസേനയ്ക്ക് 12, എൻസിപിക്ക് ഒമ്പത് എന്നിങ്ങനെയാണ് തത്വത്തിൽ ധാരണയായിട്ടുള്ളത്. വകുപ്പുകളുടെ കാര്യത്തിൽ അജിത് പവാറിനും കടുംപിടിത്തങ്ങൾ ഉണ്ടെന്നാണ് സൂചന .
സഖ്യകക്ഷികൾക്കിടയിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച തർക്കം മൂലം മഹായുതി സഖ്യസർക്കാർ അധികാരമേൽക്കാൻ വൈകിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സഖ്യകക്ഷികൾ തമ്മിൽ കൂടിയാലോചിച്ച് പെട്ടെന്ന് സർക്കാരുണ്ടാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനവും നടപ്പായില്ല . ഫലം വന്ന് 10 ദിവസം പിന്നിട്ടിട്ടും സർക്കാർ രൂപവല്‍ക്കരണത്തിൽ ധാരണയിലെത്താൻ കഴിയാഞ്ഞതിന്റെ കാരണം ഷിൻഡെയുടെ മുഖ്യമന്ത്രി മോഹമായിരുന്നു. ബിഹാർ മോഡലിൽ രണ്ടര വർഷം വീതം സ്ഥാനം പങ്കിടണമെന്ന ഷിൻഡെയുടെ നിർദേശം തള്ളിയ ആർഎസ്എസ് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഉറച്ച നിലപാടെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തിന് പകരം കേന്ദ്രമന്ത്രി പദം വാഗ്ദാനം ചെയ്തെങ്കിലും അത് സ്വീകരിക്കാതെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ തുടരാൻ തീരുമാനിച്ച ഷിൻഡെയുടെ മനസിലെന്താണെന്നത് കാത്തിരുന്ന് കാണാം .
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് ഷിൻഡെയും അജിത് പവാറുമായുള്ള ബാന്ധവം അംഗീകരിക്കുവാൻ ആർഎസ്എസ് തയ്യാറായിരുന്നില്ല. മുൻകാലങ്ങളിൽ ഷിൻഡെയുടെ നിലപാടുകളെ എതിർത്ത ബിജെപി, എൻസിപിയെ ‘നാച്വറലി കറപ്റ്റ് പാർട്ടി’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ഷിൻഡെയ്ക്കെതിരെയുള്ള നിലപാടുകളെയും അജിത് പവാറിനെതിരെ ഉയർന്ന ആരോപണങ്ങളെയുമെല്ലാം സൗകര്യ പൂർവം വിഴുങ്ങിയ ബിജെപി അധികാരം ഉറപ്പിക്കാൻ അവരെ ഒപ്പം കൂട്ടി. പുതിയ സർക്കാരിൽ നിന്ന് ഷിൻഡെയെ മാറ്റിനിർത്തുവാനും ബിജെപി തയ്യാറല്ലായിരുന്നു. മഹായുതി സർക്കാരിൽ ഏക്‌നാഥ് ഷിൻഡെയുടെ പങ്ക് മന്ത്രിസ്ഥാനങ്ങൾക്കപ്പുറമാണെന്നാണ് അവരുടെ വിലയിരുത്തൽ . മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായ മറാത്താ സമുദായത്തിലേക്കുള്ള നിർണായക കണ്ണിയായാണ് ഷിൻഡെയെ ബിജെപി കാണുന്നത്. ശിവസേനയിലെ പിളർപ്പും മറാത്താ പ്രതിഷേധവും ഉൾപ്പെടെയുള്ള ദുഷ്‌കരമായ സാഹചര്യങ്ങൾ മറികടക്കാൻ ഷിൻഡെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ നേതൃത്വം സഹായിച്ചുവെന്നാണ് ബിജെപിയുടെ വിലയിരുത്തൽ .
2019ലെ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്ന ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തല്ലിപ്പിരിഞ്ഞപ്പോൾ പുതിയൊരു മുന്നണി ഉദയംചെയ്യാൻ മുൻകയ്യെടുത്തത് എൻസിപി നേതാവ് ശരത് പവാർ ആയിരുന്നു. എന്നാൽ ശിവസേനയും എൻസിപിയും കോൺഗ്രസുമായി ചേർന്ന് രൂപീകരിച്ച പുതിയ സർക്കാരിന് വലിയ ആയുസുണ്ടായില്ല. മോഡി- അമിത് ഷാ തന്ത്രശാലകളിൽ പുതിയ ആശയങ്ങൾ പരുവപ്പെട്ടപ്പോൾ കോൺഗ്രസ് പിന്തുണയുള്ള ഉദ്ധവ് താക്കറെ സർക്കാർ നിലം പൊത്തിയത് ചരിത്രം. ശിവസേനയെയും എൻസിപിയെയും പിളർത്തിയാണ് ബിജെപി അധികാരം തിരികെ പിടിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട ബിജെപി, ശിവസേന നേതാവ് ഏകനാഥ് ഷിൻഡയെ മുഖ്യമന്ത്രിയാക്കി പുതിയ സർക്കാരിന് നിലമൊരുക്കി. 2019ല്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷമില്ലായിരുന്നു. ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തി ഉപമുഖ്യമന്ത്രി പദം മനസില്ലാ മനസോടെ ഏറ്റെടുത്തപ്പോൾ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കളമൊരുക്കുകയായിരുന്നു ഫഡ്‌നാവിസ്. ചേരുംപടി ചേരാത്ത പാർട്ടികൾ ഉൾപ്പെട്ട ഉദ്ദവ് സർക്കാരിനെ വീഴ്‌ത്തി മഹാരാഷ്ട്രയിൽ അധികാരം കൈപ്പിടിയിലാക്കുമ്പോൾ ബിജെപിക്ക് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ശരത് പവാറിന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നടക്കുന്ന പ്രതിപക്ഷ നീക്കത്തെ പൊളിക്കുക എന്നത്, അഞ്ച് വർഷത്തിനിടയിൽ മൂന്ന് മുഖ്യമന്ത്രിമാരെ വാഴിച്ച മഹാരാഷ്ട്രയിൽ അധികാരത്തിനായി ഇനി നടക്കുന്ന കരുനീക്കങ്ങൾ എന്തെന്ന് കണ്ടറിയണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.