19 December 2024, Thursday
KSFE Galaxy Chits Banner 2

സ്ത്രീശാക്തീകരണവും കേരള മഹിളാ സംഘവും

ജെ ചിഞ്ചുറാണി
September 8, 2023 4:45 am

ഇന്ത്യയിലെ സ്ത്രീകളുടെ ഏറ്റവും പ്രബലമായ സമരപ്രസ്ഥാനമാണ് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമണ്‍ (എൻഎഫ്ഐഡബ്ല്യു). ഈ സംഘടനയ്ക്ക് മുമ്പുതന്നെ കേരള മഹിളാ സംഘം രൂപം കൊണ്ടിരുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരിവർഗത്തിന്റെ കനത്ത വേട്ടയാടലുകളെ നേരിട്ട 1940കളിലാണ് പുരോഗമന ആശയങ്ങളിൽ ആകൃഷ്ടരായ ഒരു കൂട്ടം വനിതകൾ മഹിളാ സംഘം രൂപീകരിച്ചത്. 1942ൽ നവംബറിൽ കോഴിക്കോട് നടന്ന മഹിളകളുടെ ക്യാമ്പിൽ വച്ചാണ് ലോക വനിതാ സംഘടനയായ വിമൻസ് ഇന്റർനാഷണൽ ഡെമോക്രാറ്റിക് ഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എൻഎഫ്ഐഡബ്ല്യുവിന്റെ കേരളഘടകമായി കേരള മഹിളാ സംഘം രൂപീകരണം. സഖാവ് പി കൃഷ്ണപിള്ളയായിരുന്നു ഈ ക്യാമ്പിന്റെ മുഖ്യ സംഘാടകന്‍. ശാരദാ കൃഷ്ണനും തങ്കമ്മ കൃഷ്ണപിള്ളയും ഭാരവാഹികളായാണ് കമ്മിറ്റി രൂപീകരിച്ചത്. യശോദ ടീച്ചർ, ആര്യാ പള്ളം, പി സി കാർത്യായനിക്കുട്ടി അമ്മ, കെ ദേവയാനി തുടങ്ങിയ മഹിളാ നേതാക്കള്‍ ആ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നു.

 


ഇതുകൂടി വായിക്കൂ; ശിവശക്തിയിലെ എട്ടുകാലിമമ്മൂഞ്ഞ്!


കേരളത്തിലെ മഹിളാ സംഘത്തിന്റെ ചരിത്രത്തില്‍ ത്രസിപ്പിക്കുന്ന സമരാനുഭവങ്ങളുള്ള ഒട്ടേറെ നേതാക്കളെ നമുക്ക് കാണാനാകും. കൂത്താട്ടുകുളം മേരിയും, റോസമ്മാ പുന്നൂസും, യശോദ ടീച്ചറും, കെ ആർ ഗൗരിയും ഉൾപ്പെടെ നിരവധിയാണ് ആ പേരുകൾ. പുതിയ തലമുറയ്ക്ക് സങ്കല്പിക്കാൻ പോലുമാകാത്ത ദുരിതങ്ങൾ ഏറ്റുവാങ്ങിയ നേതാക്കൾ. കൊടിയ പൊലീസ് മർദനം, ജയിൽവാസം, ഗുണ്ടകളുടെയും ജന്മിമാരുടെയും കടന്നാക്രമണങ്ങൾ, തുടങ്ങിയ കനൽവഴികൾ താണ്ടിയാണവർ നാടിന്റെ സ്വാതന്ത്ര്യത്തിനും, സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്താനും വേണ്ടി പ്രക്ഷോഭങ്ങൾ നയിച്ചത്. ജന്മിത്തത്തിന്റെ ഭീകരതകൾക്കെതിരായ ചെറുത്തുനില്പിന്റെ മുന്നിലും അവർ ഉണ്ടായിരുന്നു. 1954ലാണ് എൻഎഫ്ഐഡബ്ല്യു രൂപീകൃതമാകുന്നത്. അരുണാ ആസഫലിയുൾപ്പെടെ ഇന്ത്യയിലെ പ്രമുഖരായ നേതാക്കൾ ഇതിനായി പ്രയത്നിച്ചു. സ്ത്രീകളുടെ സാമൂഹ്യ പദവി ഉയർത്തുക എന്നത് ഇന്നും ഒരു ആവശ്യം മാത്രമായി നിൽക്കുകയാണ്.
സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. തൊഴിലിടങ്ങളിൽ ലിംഗപരമായ വിവേചനം നിലനിൽക്കുന്നു. പലയിടങ്ങളിലും അധ്വാനത്തിന് അനുസരണമായി മാന്യമായ വേതനം പോലും സ്ത്രീകൾക്ക് ലഭ്യമാകുന്നില്ല. സ്ത്രീശാക്തീകരണം എന്നത് സാമ്പത്തികമായ ശാക്തീകരണം കൂടിയാകേണ്ടതാണ്. സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ കേരളം സ്വീകരിച്ച നടപടികൾ ലോകത്തിനാകെ മാതൃകയായതാണ്. ജനകീയാസൂത്രണത്തിന് പിന്നാലെ പിറവിയെടുത്ത കുടുംബശ്രീ പ്രസ്ഥാനവും അതിന്റെ മുൻകയ്യിൽ രൂപപ്പെടുത്തിയ സ്വയംതൊഴിൽ സംരംഭങ്ങളും ഗ്രാമീണ സ്ത്രീജീവിതങ്ങളിൽ വമ്പിച്ച പുരോഗതിയാണ് സൃഷ്ടിച്ചത്. 25-ാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ 45 ലക്ഷം അംഗങ്ങളുടെ കരുത്താണ് കുടുംബശ്രീയുടെ അടിത്തറ. അടുക്കളയിൽ നിന്ന് സാമൂഹ്യ സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിന്റെ അരങ്ങത്തേക്ക് സ്ത്രീകളെ എത്തിക്കുന്നതിന് ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.

 


ഇതുകൂടി വായിക്കൂ; രാജ്യത്തെയും ജീവനോപാധികളും സംരക്ഷിക്കുക


സ്ത്രീകളുടെ അവകാശ സംരക്ഷണ പോരാട്ടങ്ങളുടെ സജീവനേതൃത്വമായിരുന്ന എൻഎഫ് ഐഡബ്ല്യു രാജ്യത്ത് സ്ത്രീകളുടെ സാമൂഹ്യ പദവി ഉയർത്തുക എന്ന ലക്ഷ്യം മുൻനിര്‍ത്തി നിരന്തരമായ പ്രക്ഷോഭങ്ങളും ഇടപെടലുകളും നടത്തിവരികയാണ്. സമീപകാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്ന വാർത്തകൾ വല്ലാതെ അസ്വസ്ഥമാക്കുകയാണ്. മണിപ്പൂരിലെ കൂട്ടമാനഭംഗത്തിന്റെയും, രാജസ്ഥാനിൽ യുവതിയെ നഗ്നയാക്കി നടത്തിച്ചതും ലോകത്തെ ഞെട്ടിച്ചു. കലാപങ്ങളിൽ സ്ത്രീകൾ നിർബാധം ആക്രമിക്കപ്പെടുന്നു. അക്രമികൾക്ക് രാഷ്ട്രീയ സംരക്ഷണവും ലഭിക്കുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽക്കീസ് ബാനു കേസിലെ പ്രതികൾ മോചിപ്പിക്കപ്പെട്ടതും, അവർക്ക് സ്വീകരണം ഒരുക്കിയതും നാം കണ്ടു. മണിപ്പൂരിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടത് ഗുജറാത്ത് സംഭവം നൽകിയ ധൈര്യം കൊണ്ടുകൂടിയാകാം. കലാപത്തിന്റെ ഏറ്റവും വലിയ ദുരിതംപേറിയത് സ്ത്രീകളും കുട്ടികളുമാണ്.
രാഷ്ട്രീയാധികാരത്തിലേക്ക് സ്ത്രീകൾ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല എന്നത് ഇന്നും ഗൗരവമുള്ള ഒരു പ്രശ്നമാണ്. വനിതാ സംവരണ ബിൽ പാസാക്കാനുള്ള ശ്രമങ്ങളിലേക്ക് ഭരണകൂടത്തെ എത്തിക്കാനുള്ള നീക്കം മഹിളാ ഫെഡറേഷൻ തുടരുകയാണ്. ബിൽ യാഥാർത്ഥ്യമാക്കാൻ സഖാവ് ഗീതാ മുഖർജി നടത്തിയ പരിശ്രമങ്ങൾ ഈ അവസരത്തിൽ സ്മരണീയമാണ്. മഹിളാ ഫെഡറേഷൻ ഇത്തരമൊരാവശ്യം ഉയർത്തുകയും, പാർലമെന്റിലും പുറത്തും ഇടതുപക്ഷം ഇതിനായി ശബ്ദമുയർത്തുകയും ചെയ്യുമ്പോൾ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഈ ആവശ്യത്തെ പരിഹസിക്കുകയാണ് ചെയ്തത്. കേരളം ഇക്കാര്യത്തിലും രാജ്യത്തിന് മാതൃകയാണ്. ഇവിടെ പ്രാദേശിക സർക്കാരുള്ളിൽ 50 ശതമാനം സ്ത്രീകളുടെ നേതൃത്വമാണ്.

വനിതാ സംവരണം രാജ്യത്തൊട്ടാകെ യാഥാർത്ഥ്യമാക്കാൻ കൂടുതൽ ശക്തമായ പോരാട്ടങ്ങൾ അനിവാര്യമാണ്. രാജ്യത്ത് എവിടെയെല്ലാം സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്നുവോ അവിടെ നീതിക്ക് വേണ്ടി ശബ്ദമുയർത്താൻ മഹിളാ ഫെഡറേഷൻ രംഗത്ത് വരുന്നുണ്ട്. മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിൽ ആക്രമിക്കപ്പെട്ട സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ ആദ്യമെത്തിയത് മഹിളാ ഫെഡറേഷൻ നേതാക്കളായിരുന്നു. രാജ്യത്ത് അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും, വിഭജന രാഷ്ട്രീയത്തിനും എതിരായി ശക്തമായ ചെറുത്തുനില്പുകൾക്കാണ് ഫെഡറേഷൻ നേതൃത്വം നൽകുന്നത്.ആഗോളീകരണ നയങ്ങളുടെ ഏറ്റവും വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടി വരുന്നതും സ്ത്രീകളാണ്. രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും സ്ത്രീ ജീവിതങ്ങളെ ദുരിതപൂർണമാക്കുന്നു. ശുദ്ധജലവും, പോഷകാഹാരവും ലഭിക്കാത്ത ഗ്രാമീണ സ്ത്രീജീവിതങ്ങളുടെ ദൈന്യത രാജ്യത്ത് വ്യാപകമാണ്. ഇക്കാര്യത്തിലും രാജ്യത്ത് കേരളം മാത്രമാണ് വ്യത്യസ്തമായി നിൽക്കുന്നത്. ആഗോളീകരണം സ്ത്രീയെ കേവലം ഒരു ശരീരമായി മാത്രം കാണാനാണ് സമൂഹത്തെ പ്രേരിപ്പിക്കുന്നത്. സ്ത്രീകൾ നേരിടുന്ന ആക്രമണങ്ങൾ വർധിച്ചുവരുന്നതിന് ഇതും ഒരു കാരണമാണ്. ആഗോളീകരണ കാലത്തെ ഉപഭോഗ സംസ്കാരവും, അത് സൃഷ്ടിക്കുന്ന അനാരോഗ്യകരമായ പ്രവണതകളെയും ചെറുക്കാൻ ശക്തമായ ആശയപ്രചരണം അനിവാര്യമാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയുമെല്ലാം വർധിച്ചു വരുന്ന ഉപഭോഗവും സമൂഹത്തിൽ ചെറുതല്ലാത്ത ആശങ്ക സൃഷ്ടിക്കുന്നു. ഈ പ്രവണതകളെ ചെറുക്കാൻ കേരള മഹിളാ സംഘം ശക്തമായി രംഗത്തിറങ്ങും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ദുരിതത്തിലാകുന്നവരിൽ ഭൂരിഭാഗവും ദുർബല ജനവിഭാഗത്തിൽപ്പെടുന്ന സ്ത്രീകളാണ്. വികസിത രാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ടവരില്‍ ഒരു വലിയ വിഭാഗം സ്ത്രീജനങ്ങളാണ്. ഐക്യരാഷ്ട്രസംഘടനയുടെ ഒരു പഠന റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ പറിച്ചുമാറ്റപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നവരിൽ 80 ശതമാനമാണ് സ്ത്രീകള്‍. അവരുടെ ശാക്തീകരണത്തിലൂടെ ലിംഗസമത്വം ഉറപ്പുവരുത്തുകയും സർക്കാരിന്റെ നയരൂപീകരണത്തിൽ സ്ത്രീപക്ഷ ചിന്തകളുടെ സ്വാധീനം ഉണ്ടാക്കുകയും ചെയ്യണം. മഹിളാ സംഘം സംസ്ഥാന സമ്മേളനം തൃശൂരിൽ ചേരുമ്പോൾ ഇത്തരം വിഷയങ്ങൾ ഗൗരവമായ ചർച്ചയ്ക്ക് വിധേയമാക്കും. ചരിത്രമെഴുതുന്ന സമ്മേളനം വിജയിപ്പിക്കാൻ നമുക്ക് ഒത്തുചേരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.