21 November 2024, Thursday
KSFE Galaxy Chits Banner 2

ഭാഷക്കപ്പുറത്ത് സിനിമ ചർച്ചയാകാതെ ചുരുളി

ഷാജി ഇടപ്പള്ളി
November 28, 2021 7:23 am

പറയാൻ ശ്രമിച്ചതിനേക്കാൾ പറഞ്ഞുപോകുന്ന ഭാഷ മാത്രം ചർച്ചയായ സിനിമയാണ് ചുരുളി. സർവ സ്വാതന്ത്ര്യവും അനുഭവിക്കുന്ന കുറച്ചുപേർ ഒരുമിച്ച് താമസിക്കുന്ന ഒരിടം. മികച്ച സിനിമയുടെ എല്ലാ കലാമൂല്യങ്ങളും ഒത്തിണങ്ങിയിട്ടും ചുരുളിയിലെ പ്രത്യേകതകളിൽ ജീവിക്കുന്ന കഥാപാത്രങ്ങളുടെ സംഭാഷങ്ങളിൽ സ്വാഭാവികമായി കടന്നുവരുന്ന തെറിവിളികളിൽ വിമർശനമേറ്റ് ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥക്ക് എസ് ഹരീഷിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശേരിയാണ് ‘ചുരുളി’ സംവിധാനം ചെയ്തിട്ടുള്ളത്. ‘അങ്കമാലി ഡയറീസ്’, ‘ഈ. മ. യൗ.’, ‘ജെല്ലിക്കെട്ട്’ തുടങ്ങിയ വേറിട്ട സിനിമകൾ ചെയ്തിട്ടുള്ള പെല്ലിശേരിയുടെ മറ്റൊരു വ്യത്യസ്ത ചിത്രമായി ഇതിനെക്കാണാം.ജനാധിപത്യം ഇല്ലാതായാൽ സ്വാതന്ത്രത്തിന്റെ വഴി ദുർഘടവും അപകടം നിറഞ്ഞതാണെന് ചിത്രം ഓർമ്മപ്പെടുത്തുന്നുണ്ട്. നിരവധി കുറ്റങ്ങൾ ചെയ്ത കുറ്റവാളികൾ ഒരുമിച്ചു താമസിക്കുന്ന ചുരുളി എന്ന ഒറ്റപ്പെട്ട പ്രദേശത്തെ ജീവിതം അവിടെയുള്ളവർ ആഘോഷിക്കുകയാണ്. മദ്യപിച്ചും വേട്ടയാടിയും പാട്ടുപാടിയും ഇഷ്ടംപോലെ ലൈംഗികത ആസ്വദിച്ചും തെറി പറഞ്ഞും വളരെ സന്തോഷത്തോടെയാണ് അവരുടെ ജീവിതം. യാതൊരു സദാചാര ബോധങ്ങളും അത്തരം ചിന്തകളും ആരുടെ മനസിലും ഉണ്ടാകുന്നില്ല. കുറ്റവാളികളും അത്തരം വാസനകൾ ഉള്ളവരും സാധാരണ ഉപയോഗിക്കാറുള്ള തെറി പദപ്രയോഗങ്ങൾ മറയില്ലാതെ പറയുന്നത് മാത്രമാണ് ഈ സിനിമയിലും കാണാൻ കഴിയുന്നത്. എന്നിട്ടും സിനിമയുടെ രാഷ്ട്രീയം ചർച്ച ചെയ്യാതെ വിനിമയ ഭാഷയിലെ സദാചാര വിരുദ്ധത വലിയ അപകടമായി ചർച്ച ചെയ്യപ്പെടുകയാണ്.

പിടികിട്ടാപ്പുള്ളിയായ മൈലാടും പറമ്പിൽ ജോയിയെ തേടിയെത്തുന്ന വേഷം മാറിയ പോലീസുകാരായിട്ടായിട്ടാണ് ഷാജിവൻ (വിനയ് ഫോർട്ട് ), ആന്റണി (ചെമ്പൻ വിനോദ് ) എന്നിവർ ചുരുളിയിലെത്തുന്നത്. പിന്നെ ഇവർ കണ്ടുമുട്ടുന്ന പല മുഖങ്ങൾ, നേരിട്ട അനുഭവങ്ങൾ, കണ്ടെത്തുന്ന അന്വേഷണങ്ങൾ, ഇവരിൽ ഉണ്ടാകുന്ന സ്വഭാവ പരിണാമം ഇതിലൂടയാണ് സിനിമ കടന്നു പോകുന്നത്. ജാഫർ ഇടുക്കിയുടെ ഷാപ്പ് മുതലാളിയായ കറിയാച്ചനും സിനിമയിലെ ഏറെ ആകർഷണമായ ഗീതി സംഗീതയുടെ പെങ്ങൾ തങ്കയും ചിത്രം കാണുന്ന ആരും മറക്കില്ല. അത്രക്ക് ഭാവ ഗംഭീരമായി ഇവർ നിറഞ്ഞാടിയിട്ടുണ്ട്. ഭാഷയുടെ പേരിൽ മാത്രം ഒരു സിനിമ മോശമെന്ന് വിലയിരുത്തുന്ന പ്രവണതയോട് വ്യക്തിപരമായി യോജിക്കാനാവില്ലെന്നും സിനിമയുടെ എല്ലാ വശങ്ങളും ഒരുപോലെ ചർച്ചക്ക് വഴി തുറക്കേണ്ടതാണെന്ന് ചിത്രത്തിലെ തങ്കയെ അവതരിപ്പിച്ച ഗീതി സംഗീത പറഞ്ഞു. ചുരുളി പോലൊരു സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ചെറിയ വേഷമാണെങ്കിലും ഗീതി എന്നാൽ ചുരുളി എന്നറിയപ്പെട്ടു കഴിഞ്ഞു. പ്രശസ്തരായ സംവിധായകരുടെ അഞ്ചോളം സിനിമകൾ അടുത്ത് തന്നെ റിലീസ് ചെയ്യാനിരിക്കെയാണ് ചുരുളി ഇറങ്ങിയത്. ഏറെ ഗൗരവമായി സമീപിക്കേണ്ട സിനിമയാണ് ചുരുളി. അതിന്റെ രാഷ്ട്രീയവും കലാമൂല്യവും പശ്ചാത്തലവും കഥാപാത്രങ്ങൾക്ക് അനുസരിച്ചുള്ള പറച്ചിൽ രീതികളും ആ അർത്ഥത്തിൽ ചർച്ച ചെയ്യേണ്ട സിനിമയാനിന്നും ഗീതി പറയുന്നു. കഥയിലെ തെറിയേക്കുറിച്ച് മാത്രം ചിന്തിക്കാതെ കുറ്റവാളികൾ മാത്രം താമസിയ്ക്കുന്ന ഒരിടത്തെ ഭാഷ അങ്ങനെ തന്നെയല്ലേ വേണ്ടത്, മറിച്ചായാൽ കൃത്രിമത്വം ഫീൽ ചെയ്യും. ഓരോ സിനിമയും അതർഹിയ്ക്കുന്ന ഭാഷയാണ് വേണ്ടത്. പെങ്ങൾ തങ്ക എന്ന കഥാപാത്രത്തിന് വേണ്ടി തടി കൂട്ടേണ്ടി വന്നു ഗീതിക്ക്.തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ വിജയത്തിന് വേണ്ടി അൽമാർത്ഥമായി പരിശ്രമിക്കുമെന്നും ഗീതി സംഗീത പറഞ്ഞു.

ഫാസിസം നടമാടുന്ന ഒരിടത്ത് നീതിക്ക് പെട്ടെന്ന് കടന്നു ചെല്ലാൻ കഴിയില്ല. അതെ സമയം അവിടേക്ക് മതത്തിന് എളുപ്പത്തിൽ പ്രവേശിക്കാനും കഴിയുന്നു. ഇത്തരത്തിലുള്ള ഒരു അനുഭവമാണ് ഷാപ്പ് ആരാധനാലയമായി മാറ്റി അതിനുള്ളിൽ പുരോഹിതൻ പ്രാർത്ഥന നടത്തുന്നതും അവിടെ ഒത്തുകൂടുന്നവർ ഒരുമയോടെ ഭക്ഷണം കഴിക്കുന്നതും അത് പാകം ചെയ്യുന്നതും. അതിനിടയിലെ സംഭാഷണവും ചിത്രത്തിൽ എടുത്തുപറയേണ്ട സന്ദർഭമാണ്. പെരുമാടനെ പിടിക്കാൻ ചെന്ന തിരുമേനിയുടെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അതിന്റെ തുടർച്ചയിലാണ് സിനിമ തീരുന്നതും. ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ തോന്നിപ്പോകും. കഥയിലെ ചുരുളുകൾ പെട്ടെന്ന് ബോധ്യപ്പെടാൻ കഴിയാത്തതും ചുരുളിയുടെ സവിഷേതയാണ്. കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ. അതിനാൽ കാനനഭംഗിയും ദുർഘടവും ഭയപ്പെടുത്തുന്നതുമായ കാനനപാതകളും ജീപ്പ് സഞ്ചാരവും വെള്ളച്ചാട്ടവും അരുവികളും മൂടൽ മഞ്ഞും തണുപ്പും മഴയും ഇടിവെട്ടും പക്ഷികളുടെയും ചീവിടുകളുടെയും ശബ്ദവും എല്ലാ എത്ര ഭംഗിയായിട്ടാണ് മധു നീലകണ്ഠൻ ഒപ്പിയെടുത്തിട്ടുള്ളത്.

സിനിമ തീയറ്ററിൽ റിലീസ് ചെയ്യാത്തതിനാലും 18 വയസിന് മുകളിൽ ഉള്ളവർക്ക് മാത്രം കാണാവുന്നത് എന്ന മുന്നറിയിപ്പും ഉണ്ടായിട്ടും ചിത്രത്തിലെ സംഭാഷങ്ങളെ കേന്ദ്രീകരിച്ച് ചർച്ചകൾ നടക്കുമ്പോൾ ജനപ്രിയ ചിത്രങ്ങളിൽ മഹാ നടൻമാർ പലപ്പോഴും നടത്തിയിട്ടുള്ള തെറിവിളികളിലൊന്നും ഇത്രയേറെ വേവലാതി കണ്ടിട്ടില്ലെന്നാണ് ചുരുളിയെ ഇഷ്ടപ്പെടുന്നവർ പറയുന്നത്. ചർച്ചകൾ നടക്കണം. പ്രേക്ഷകന് അതിനുള്ള അവകാശവുമുണ്ട്. അതിനെ എതിർക്കേണ്ടതില്ലെന്നുമാണ് പൊതുവെ ഉയരുന്ന അഭിപ്രായങ്ങൾ.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.