19 December 2024, Thursday
KSFE Galaxy Chits Banner 2

എലിപ്പത്തായ സാങ്കേതികവിദ്യ!

ദേവിക
വാതിൽപ്പഴുതിലൂടെ
November 28, 2023 4:35 am

മാളിക പണിയുന്ന ശില്പിയും പട്ട് നെയ്യുന്ന നെയ്ത്തുകാരനുമെല്ലാം ഒരു സമാനതയുണ്ട്. ശില്പിക്ക് ഓലക്കുടിലില്‍ ജീവിക്കാനാണ് യോഗം. നെയ്ത്തുകാരന് ജീര്‍ണവസ്ത്രം ധരിക്കാനും. ഇതുതന്നെയാണ് സാങ്കേതികവിദ്യയുടെയും കഥ. കടുകില്‍ ഒരു ദ്വാരമിടുന്നതുപോലും സാങ്കേതികവിദ്യയാണ്. എന്നാല്‍ തങ്ങളുടെ സാങ്കേതിക പ്രതിഭ അന്യര്‍ക്ക് വേണ്ടി മാത്രമാണെന്നാണ് വിദഗ്ധരുടെ ഒരു ശീലവും ആചാരവും. തങ്ങള്‍ക്ക് ഒരു സാങ്കേതികവിദ്യയും ബാധകമല്ലെന്ന് വിദഗ്ധര്‍ കരുതുന്നതിന് ഉദാഹരണമാണ് കുസാറ്റ് ദുരന്തത്തിന്റെ പിന്നാമ്പുറങ്ങള്‍. ഓഡിറ്റോറിയങ്ങളില്‍ ആവശ്യത്തിന് വാതിലുകളുണ്ടായിരിക്കണമെന്നത് നിര്‍മ്മാണത്തിന്റെ മൗലികമായ സാങ്കേതികവിദ്യയാണ്. ഓഡിറ്റോറിയങ്ങള്‍ എലിപ്പത്തായം പോലെയാകരുത്. അകത്തുകയറിയാല്‍ എലിക്കെണി വീഴും എലി അകത്താകും. പിന്നെ ശവമായേ പുറത്തേക്ക് അന്ത്യയാത്രയുള്ളു. കുസാറ്റിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് എലിപ്പത്തായം പോലെ ഒരൊറ്റ കവാടമേയുള്ളു. കെണികളായി അകത്തേക്കുള്ള പടവുകളും. നൂറുകണക്കിന് കുട്ടികള്‍ ഈ കെണിപ്പടികളിലൂടെ അകത്തേക്ക് ഇരച്ചുകയറിയപ്പോള്‍ നഷ്ടമായത് വിലമതിക്കാനാവാത്ത നാല് മനുഷ്യജീവനുകളും. ഇതെല്ലാമായപ്പോള്‍ കുസാറ്റ് സര്‍വകലാശാലയുടെ വെെസ്‌ചാന്‍സലറുടെ ന്യായീകരണം. ഒരു കവാടം മാത്രമായത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവത്രെ. തങ്ങള്‍ എലിപ്പത്തായത്തിനുള്ളില്‍ മേള നടത്തുന്നത് പൊലീസിനെ വാക്കാല്‍ അറിയിച്ചതേയുള്ളു. പിന്നെ മഴയ്ക്കൊരു പഴിയും. മഴ വന്നതുകൊണ്ടാണ് കുട്ടികള്‍ ഉള്ളില്‍ തള്ളിക്കയറിയതത്രെ. ഇതെല്ലാം പറഞ്ഞുതരാന്‍ ഒരു ലോകോത്തര സര്‍വകലാശാലയുടെ വെെസ്ചാന്‍സലര്‍ വേണോ. സംഭവത്തെക്കുറിച്ചറിയാന്‍‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമത്രെ. ബസിന് തീപിടിക്കല്‍, ബോട്ടപകടങ്ങള്‍ തുടങ്ങിയ നിരവധി മുന്‍കാല ദുരന്തങ്ങളെക്കുറിച്ച് നടന്ന മജിസ്റ്റീരിയല്‍ അന്വേഷണങ്ങളും ജുഡീഷ്യല്‍ അന്വേഷണങ്ങളും കാക്കത്തൊള്ളായിരം. ഒരന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശയെങ്കിലും നടപ്പാക്കിയിട്ടുണ്ടോ. ഇപ്പോള്‍ പറയുന്നു കുസാറ്റ് ദുരന്തത്തിന് ഉത്തരവാദികളായ സംഘാടക വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വധശ്രമത്തിന് കേസെടുക്കുമെന്ന്. തൂങ്ങിച്ചത്തവനെതിരെ ആത്മഹത്യക്ക് കേസെടുക്കുന്നതുപോലുള്ള കലാപരിപാടി. എന്നിട്ടും എലിപ്പത്തായ സാങ്കേതിക വിദ്യയെക്കുറിച്ച് മിണ്ടാട്ടമില്ല. ഇതെന്തൊരു കുസാറ്റെടാ മെെതീനേ.

നമ്മുടെ മോഡി ഭഗവാനെ അധിക്ഷേപിക്കുകയും അദ്ദേഹത്തിന് മനോവിഷമമുണ്ടാക്കുകയും ചെയ്തതിന് നാടെമ്പാടുമുള്ള കോടതികളില്‍ പരാതിപ്രളയം. ലോകകപ്പ് ക്രിക്കറ്റില്‍ ഒമ്പത് കളികളും തോല്‍ക്കാതെ അജയ്യരായി ഫെെനലിലെത്തിയ ഇന്ത്യന്‍ ടീമിനെ അനുഗ്രഹിക്കാന്‍ മോഡി ഡ്രസിങ് റൂമില്‍ നുഴഞ്ഞുകയറി. അനുഗ്രഹവര്‍ഷത്തില്‍ ഇന്ത്യന്‍ ടീമിന് ശ്വാസംമുട്ടി. ശ്വാസംമുട്ടലോടെ കളത്തിലിറങ്ങിയ ടീം ഇന്ത്യ തോറ്റു പാളീസാവുകയും ചെയ്തു. ഈ അനുഗ്രഹത്തിന്റെ ‘കൊണം‘കണ്ട് രാഹുല്‍ഗാന്ധി പറഞ്ഞുപോയി, ഒരു ദുശ്ശകുനം ചെന്ന് അനുഗ്രഹിച്ചതോടെ ഇന്ത്യ തോറ്റമ്പി. ദുശ്ശകുനം എന്ന് വിശേഷിപ്പിച്ചതിന് രാഹുലിനെ തൂക്കിക്കൊല്ലണമെന്നാണ് പരാതി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മോഡിയെ വിളിച്ചത് മഹാപാപി എന്ന്. ഇതു കേട്ടപാടെ പിന്നെയും കേസുകെട്ടുകള്‍; ‘അരചനെ കെടുത്തൊന്നും പറഞ്ഞീടൊല്ല’ എന്നല്ലേ പ്രമാണം. ദേവികയ്ക്ക് ഒരു കുടുംബസുഹൃത്തുണ്ട്, കലഞ്ഞൂര്‍ ഭാസ്കരന്‍. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ സ്ഥാപകനേതാക്കളിലൊരാളായ 82കാരന്‍. ഫോണ്‍ ചെയ്താല്‍ ഉടന്‍ പറയും, എടോ മഹാപാപി താനൊന്നു വിളിച്ചിട്ട് എത്ര കാലമായി. ശശികുമാര്‍ എന്ന മറ്റൊരു പഴയ ജോയിന്റ് കൗണ്‍സില്‍ നേതാവ് വിളിക്കാറുണ്ടോ എന്നു ചോദിച്ചാല്‍ പറയും, ആ മഹാപാപി നല്ല സുഖമില്ലാതെ കിടപ്പിലാണെന്ന്. കലഞ്ഞൂരിനെതിരെ ആരെങ്കിലും മഹാപാപി പ്രയോഗത്തിനെതിരെ മാനനഷ്ടത്തിന് ഇതുവരെ കേസ് കൊടുത്തതായി അറിയില്ല. എന്നാല്‍ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നാണല്ലോ പ്രമാണം. വ്യക്തിയധിക്ഷേപത്തിന്റെ ആശാന്മാരായ ബിജെപിയും മോഡിയും രാഹുലിന് ചാര്‍ത്തിയത് എന്തെല്ലാം പേരുകളാണ്. പപ്പു, മന്ദബുദ്ധി, സങ്കര കാളക്കുട്ടി എന്നിങ്ങനെ എത്രായിരം അധിക്ഷേപ വാക്കുകള്‍. രാഹുലിന്റെ അമ്മ സോണിയയെ ജഴ്സിപ്പശു, ബാര്‍ ഡാന്‍സര്‍ എന്നിങ്ങനെ അധിക്ഷേപിച്ചില്ലേ. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്ന മിതഭാഷിക്ക് അവരിട്ട പേര് മൗനിബാബ എന്ന്. ബിജെപിക്കു വേണ്ടി തെറിയഭിഷേകം നടത്തിയതിന് തെരുവില്‍ കിടന്ന് തല്ലുകൊണ്ടയാളാണ് അഭിഭാഷക പ്രമുഖനായ രാംജെത് മലാനി. ‘അടിയോളം ഉതകാ അണ്ണന്‍ തമ്പിയും’ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുമാറ് അടികൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ബിജെപി വിട്ടയാളാണ് മേല്പടിയാന്‍. എന്നിട്ടാണ് മഹാപാപിയും ദുശ്ശകുനവും ഇപ്പോള്‍ മോഡിക്ക് ചതുര്‍ത്ഥിയാകുന്നത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് തെരുവില്‍ കിടന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടയടിയുണ്ടാക്കിയത് ഇരട്ടപ്പേര് വിളിച്ചതിന്റെ പേരില്‍. അവരാരും കേസുകൊടുക്കാന്‍ പോയില്ല. വിഷയം അടിച്ചുതീര്‍ത്തു.

ഞങ്ങളുടെ നാട്ടില്‍ ഒരു സുന്ദരിപ്പെണ്ണുണ്ടായിരുന്നു. പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ആദ്യമിറങ്ങിയപ്പോള്‍ ഒരു പോളിസ്റ്റര്‍ സാരി ധരിച്ചുവെന്ന പേരില്‍ നാട്ടിലെ പെണ്ണുങ്ങളെല്ലാം ചേര്‍ന്ന് അവള്‍ക്ക് ഒരു ഇരട്ടപ്പേരിട്ടു. പോളിസ്റ്റര്‍ ശ്യാമള. ഈ വിളി കേട്ട് ശ്യാമള കേസിനൊന്നും പോയില്ല. പോളിസ്റ്റര്‍ ശ്യാമളേ എന്ന വിളി കേട്ടാല്‍ ഹൃദ്യമായി ചിരിക്കും. മോഡിക്കെങ്ങനെ ചിരിക്കാനാവും. ദുഃഖഭാരം ചുമക്കുന്ന ദുശ്ശകുനത്തിന് ചിരിക്കാനാവുമോ. കഴിഞ്ഞ ദിവസം ആഫ്രിക്കയിലെ ഭവാണയിലെങ്ങാണ്ടുള്ള ഒരു 71കാരന്റെ കഥ കേട്ടു. കഴിഞ്ഞ 55 വര്‍ഷമായി ആ മുത്തശ്ശന്‍ വീട്ടില്‍ സ്വയം അടച്ചുപൂട്ടിയിരിപ്പാണ്. പുറത്തിറങ്ങാറേയില്ല. സ്ത്രീകളെ കണ്ടാല്‍ പേടി. ആരെങ്കിലും അടച്ചുപൂട്ടിയ ഗേറ്റിനുള്ളിലേക്ക് ഭക്ഷണം എറിഞ്ഞുകൊടുക്കുന്നത് കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പയ്യനായിരിക്കുമ്പോള്‍ ഒരു യുവസുന്ദരിയുടെ നഗ്നത കണ്ടതുമുതല്‍ തുടങ്ങിയ ഭയം. പണ്ടുകണ്ട നഗ്നത ഹൃദ്യമല്ലായിരുന്നു ഭീകരമായിരുന്നുവെന്നു വേണം അനുമാനിക്കാന്‍. സ്വയം അടച്ചുപൂട്ടിയിരിക്കുന്ന ഇയാള്‍ക്ക് ഈയിടെയായി ചില വാര്‍ത്തകള്‍ കേട്ട് ഭയം ഉച്ചസ്ഥായിലെത്തിയിരിക്കുന്നുവത്രെ. ചടയമംഗലത്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകള്‍ക്കകം ഭാര്യ രണ്ട് വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ വാര്‍ത്ത, ജന്മനാള്‍ ആഘോഷിക്കാന്‍ ദുബായില്‍ കൊണ്ടുപോകാത്തതിന് ഭാര്യ രേണുക, വ്യവസായിയായ ഭര്‍ത്താവ് നിഖില്‍ ഖന്നയുടെ മൂക്കിനിടിച്ചു കൊന്നത്… ഈ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മുത്തശ്ശനെങ്ങനെ പെണ്‍പേടി വരാതിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.