28 September 2024, Saturday
KSFE Galaxy Chits Banner 2

2024 തെരഞ്ഞെടുപ്പ് തരുന്ന സൂചനകള്‍

പി എ വാസുദേവൻ
കാഴ്ച
June 22, 2024 4:40 am

ഒരു തെരഞ്ഞെടുപ്പ് അതിന്റെ അന്തിമഫലത്തെക്കാള്‍ എത്രയോ വിശാലമായ വ്യാകരണങ്ങളിലെത്തുന്നു. ഇത് കേവലം കുറേ സംഖ്യകളുടെ മാത്രം പ്രശ്നമല്ല. അതൊക്കെ കുറേ തട്ടിക്കൂട്ടുകളുടെയും കാലുമാറ്റക്കാരുടെ വരവിന്റെയും പോക്കിന്റെയും കാര്യം മാത്രമാണ്. അതിനൊക്കെ അപ്പുറത്ത് പരിഗണനയര്‍ഹിക്കുന്ന പലതുണ്ട്. മുഖാമുഖമാവുന്ന മുന്നണികളുടെ സ്വഭാവം. ഇരുപക്ഷത്തെയും നേതൃനിരകളുടെ സ്വഭാവം. നേതൃനിരകളുടെ ശേഷി. അവര്‍ അവതരിപ്പിക്കുന്ന പ്രശ്നങ്ങളുടെ യാഥാര്‍ത്ഥ്യം. പിന്നെയുമുണ്ട് പലതും. മറ്റൊരു പ്രധാനകാര്യം യാതൊരുതരം ക്രെഡിബിലിറ്റിയുമില്ലാത്ത ഇക്കൂട്ടരില്‍ പലരുടെയും അടുത്ത നീക്കമെന്താവും എന്നതാണ്.
ഇതൊക്കെ ചിന്തിക്കേണ്ടുന്ന അവസ്ഥയോളമെത്തിയിരിക്കുന്നു ഈ റിപ്പബ്ലിക്ക്. തെരഞ്ഞെടുപ്പ് മോഡിയെ മൂന്നാമതും അധികാരത്തിലേറ്റിയെങ്കിലും അതിലും ചില സങ്കീര്‍ണതകളിലേക്ക് അത് നമ്മെ എത്തിക്കുന്നു. ചില പ്രസക്തമായ ചോദ്യങ്ങളുണ്ട്. 1,000 കോടികള്‍ ചെലവിട്ട് അയോധ്യയില്‍ രാമക്ഷേത്രം പണിതിട്ടും എന്തേ തെരഞ്ഞെടുപ്പ് ഫലം വിപരീതമായത്? കോര്‍പറേറ്റ് രാമക്ഷേത്രത്തോടുള്ള പൊതുജനത്തിന്റെ വെെമുഖ്യമോ, അതുകാരണം വലിച്ചെറിയപ്പെട്ട ചെറിയ മനുഷ്യരുടെ വെെരാഗ്യമോ. ഒരു പ്രധാനമന്ത്രി തന്റെ നിയോജകമണ്ഡലത്തില്‍ 10 വര്‍ഷത്തോളം പണം കോരിയൊഴിച്ചിട്ടും അതിന് മുമ്പത്തെ തെരഞ്ഞെടുപ്പിന്റെ പകുതി ഭൂരിപക്ഷമേ ലഭിച്ചുള്ളു. പോറ്റിവളര്‍ത്തിയ ഉത്തര്‍പ്രദേശില്‍ വോട്ടുബാങ്ക് ഇടിഞ്ഞു. പ്രധാനമന്ത്രി ദശവത്സരങ്ങളോളം പടുത്തുയര്‍ത്തിയ അജയ്യത തെരുവില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇത് ജനാധിപത്യത്തിന്റെ പക്വതപ്പെടലാണ്. മുമ്പ് ജയപ്രകാശ് നാരായണന്‍ ഇന്ദിരാഗാന്ധിയെ താഴെയിറക്കിയത് നാം ഓര്‍ക്കുന്നു. ഒപ്പം തന്നെ അതേഫലം പക്വപ്പെടാതെ വീണ്ടും പഴയ ദുഷിപ്പുകളിലേക്കെത്തിയതും നാം ഓര്‍ക്കണം. ജനം ഒരിക്കല്‍ നേതൃത്വത്തെ തിരുത്തി, താഴ്ത്തിയത് കൊണ്ടുനടക്കാന്‍ ജനനേതാക്കള്‍ക്ക് സാധിക്കാതെ പോയത് മറ്റൊരു ദുരന്തം. ഈ നാടകത്തിന്റെ ആദ്യഭാഗം കാണാനിടവരുന്നതിന്റെ അടുത്തുവരെയെത്തി, തിരിച്ചുപോയത് അന്നത്തെപ്പോലൊരു നേതൃത്വം ഇന്നില്ലാതെ പോയതുകൊണ്ടാണ്. ആരെയാണോ നാം എതിര്‍ത്ത് ജയിക്കാനുദ്ദേശിക്കുന്നത് അവരുടെ തന്ത്രം തന്നെ മറുവശം പരീക്ഷിക്കുന്നത് അബദ്ധമാണ്. തെരഞ്ഞെടുപ്പാണ് എല്ലാം എന്ന് കരുതിയതാണ് തെറ്റ്. അതിന്റെ മുന്നൊരുക്കങ്ങളില്‍ പ്രതിപക്ഷം സന്നദ്ധരായിരുന്നില്ല. ഇത് നാം ഇനിയും അറിയേണ്ട രഹസ്യമാണ്.

ജനാധിപത്യത്തിലെ അസംബന്ധമായ കൂടിക്കലരുകള്‍ നടന്നു. മൊത്തം പാര്‍ട്ടികള്‍ ഇരുപക്ഷത്തുമായി ഐക്യം നോക്കാതെ കൂട്ടുകൂടി. ഭരിച്ചാലും പ്രതിപക്ഷത്തിരുന്നാലും ഭാരമാകുന്ന ജാതി, മത, പ്രാദേശിക കക്ഷികള്‍ മറിഞ്ഞുകളിച്ചു. ഇതൊക്കെ ജയിച്ച സഖ്യത്തെയും തോറ്റ സഖ്യത്തെയും അപ്രസക്തരാക്കുന്നു. ഒരുപാട് സംശയങ്ങള്‍ ഈ തെരഞ്ഞെടുപ്പ്ഫലം ഉയര്‍ത്തുന്നു. എന്നെ ഏറ്റവും ആശങ്കാകുലനാക്കുന്നത് മറ്റൊന്നാണ്. എന്തുകൊണ്ടാണ് തീര്‍ത്തും വര്‍ഗീയമായ ഒരു പാര്‍ട്ടിയെ, ഒരു ദശവത്സരക്കാലം ജനാധിപത്യത്തെ ഏകാധിപത്യമാക്കി മെരുക്കിയ, ഒരു തലവനെയും പാര്‍ട്ടിയെയും ഇനിയും ഇന്ത്യയ്ക്ക് അകറ്റിനിര്‍ത്താനാകാതെ വന്നത്. പുതിയപുതിയ കാപട്യങ്ങളിലൂടെ നവം ചെയ്തുവരാന്‍ അതിനും അതിന്റെ കൂട്ടാളികള്‍ക്കും ഇനിയും കഴിയുന്നു. അതിന്റെ അപകടം ജനാധിപത്യത്തിന്റെ തരംതാഴ്ചയാണ്. ഒറ്റയടിക്ക് ജനാധിപത്യം ജയിച്ചെന്ന് പറയാനാവുന്നില്ല. അധികാരത്തിന്റെ മറ്റൊരു രൂപാന്തരീകരണമാണ് നടന്നത്. ഈ ‘യുദ്ധ’ത്തില്‍ കര്‍ഷകര്‍ മാത്രമാണ് ജയിച്ചത്. രാജസ്ഥാന്‍, യുപി എന്നിവിടങ്ങളിലെ കര്‍ഷകരുടെ ഐതിഹാസിക സമരം ഫലം കണ്ടത് ഇത്തവണയാണ്. ഇനി ബിജെപി അവരുടെമേല്‍ വിജയം ആഘോഷിക്കില്ല. അധികാരമേറ്റയുടനെ മോഡി പ്രഖ്യാപിച്ച കര്‍ഷക ആനുകൂല്യങ്ങള്‍ സ്നേഹംകൊണ്ടാവാനിടയില്ല. ഇത് മുമ്പില്ലാത്ത സ്നേഹമാണ്. തെരഞ്ഞെടുപ്പ് ഫലങ്ങളുടെ ആഘാതമാണ് ഈ ഭാവപ്പകര്‍ച്ചയ്ക്ക് കാരണം. ഇന്ത്യ സഖ്യത്തിന് പറ്റിയ അബദ്ധം, തെരഞ്ഞെടുപ്പിന് വളരെമുമ്പേ തന്നെ കൂട്ടുചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കാനായില്ല എന്നതാണ്. നരേന്ദ്ര മോഡിയുടെ സ്വേച്ഛാധിപത്യ‑വര്‍ഗീയ നിലപാടുകള്‍ക്കെതിരെ രൂപംപ്രാപിച്ചു വന്ന ജനശക്തി തത്സമയം കണ്ടറിയാനും അടിത്തട്ടില്‍ നിന്ന് പിന്തുണ നേടാനും ‘ഇന്ത്യ’ സഖ്യത്തിനായില്ല എന്നത് ഒരു ശക്തമായ ആത്മവിചാരണയില്‍ നാം സമ്മതിക്കണം. ഇതേ പ്രശ്നം തന്നെയല്ലേ എന്‍ഡിഎയ്ക്കുമുള്ളതെന്ന് ചോദിക്കാം. അതേ, അല്പം വ്യത്യാസത്തോടെ. അവിടെ മത-വര്‍ഗീയ താല്പര്യങ്ങളുടെ വ്യാപാരശേഷിയുള്ള ഒരു പാര്‍ട്ടിയുടെ ഓരം ചേര്‍ന്നുനിന്നാല്‍ ലഭിക്കുന്ന ലാഭം മാത്രമാണ് പ്രശ്നം. രണ്ടുപക്ഷത്തിനും എന്നും ചോര്‍ന്നുപോകാവുന്ന ഘടകങ്ങളേയുള്ളു.

വര്‍ഗീയ‑മത പരികല്പനകള്‍ വേണ്ടത്ര ഏശുന്നില്ല എന്നത് ബിജെപിയുടെ പാഠം 2019ലെക്കാള്‍ 63 സീറ്റുകള്‍ നഷ്ടമാക്കി. അതാണവരെ ടിഡിപി, ജെഡിയു എന്നിവയുമായുള്ള ബാന്ധവത്തിലെത്തിച്ചത്. അതില്‍ നിതീഷ് കുമാര്‍ ട്രപ്പീസ് വിദഗ്ധനായ രാഷ്ട്രീയക്കാരനാണ്. ഒരു മനഃസാക്ഷിയുമില്ലാതെ പക്ഷം മാറും. മാജിക് നമ്പറായ 272 കടന്നത് മഹാതന്ത്രം മാത്രമാണ്. തന്ത്രമാണ്, രാഷ്ട്രീയ പരിഗണനകളല്ല മോഡിക്ക് മൂന്നാം വരവൊരുക്കിയത്. രാഷ്ട്രം ഒരു ഏകാധിപത്യത്തിലേക്ക് നീങ്ങിപ്പോവുമെന്ന ഘട്ടത്തിലാണ് ഭരണപാര്‍ട്ടി ഒരുതരം മലയിറക്കം അനുഭവിച്ചത്. മൂന്നാംതവണ അധികാരത്തില്‍ വന്നപ്പോള്‍ മോഡി നടത്തിയ പ്രസ്താവനകളും എടുത്ത തീരുമാനങ്ങളും ഒരുതരം കീഴടങ്ങലിന്റെതായിരുന്നു. വകതിരിവാണെന്ന് പറഞ്ഞുകൂടാ. കാരണം ഇനിയുള്ള തീരുമാനങ്ങള്‍ എടുക്കുക പണ്ടത്തെപ്പോലെ എളുപ്പമാവില്ല. കാരണം കൂട്ടുകക്ഷികളില്‍ മിടുക്കന്മാരായ ‘മീന്‍കൊത്തികള്‍’ ഉണ്ട്.
മോഡിക്ക് പലതും ഓര്‍ക്കാനുണ്ടാവും. ഒരു ടേം മുഴുവനും വാരാണസിയില്‍ പണം ചെലവിട്ടിട്ടും ഭൂരിപക്ഷത്തില്‍ വന്ന ഏതാണ്ട് 2.5 ലക്ഷത്തിലധികം വോട്ടിന്റെ കുറവ്. എസ്‌പിയോട് യുപിയില്‍ ഏറ്റ പരാജയം. അയോധ്യയില്‍ വന്‍ രാമക്ഷേത്രം പണിതുയര്‍ത്തിയിട്ടും അയോധ്യ അടങ്ങുന്ന ഫെെസാബാദ് മണ്ഡലത്തില്‍ പാര്‍ട്ടിക്കേറ്റ തോല്‍വി. തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചില പഠനങ്ങളില്‍ അയോധ്യയിലെ കുറച്ചുപേര്‍ പറഞ്ഞതോര്‍മ്മ വരുന്നു. പ്രശ്നം അമ്പലത്തിന്റെ വലിപ്പമായിരുന്നില്ല. ആയിരം ചെറിയചെറിയ കച്ചവടക്കാര്‍ക്ക് അവിടം ഒഴിഞ്ഞുപോവേണ്ടി വന്നു. ഉപജീവനത്തിന് വഴിയില്ലാതായി. ഒഴിഞ്ഞുപോയവര്‍ക്ക് 25 കിലോമീറ്ററിനുള്ളില്‍ പോലും ഒരു സെന്റ് ഭൂമി കിട്ടാനില്ലാതായി. അമ്പലം വലുതായി. സന്ദര്‍ശകര്‍ വന്നുകയറി തിരക്ക് വര്‍ധിപ്പിച്ചു. ലക്ഷങ്ങള്‍ക്ക് ജീവിതം വഴിമുട്ടി. മോഡി മനസിലാക്കാതെപോയ ഒരു സത്യമുണ്ടായിരുന്നു; ഏത് വ്യവസ്ഥയിലും പ്രധാനം ‘ലെെഫ് ആന്റ് ലെെവ്‌ലി ഹുഡ്’ ആണ്. ഒരു ആരാധനാലയത്തിനും ഒരു മതസംഹിതയ്ക്കും അതിനുമേല്‍ പോവാനാവില്ല. ഇതുതന്നെയാണ് പഞ്ചാബിലെയും ഹരിയാനയിലെയും യുപിയിലെയും കര്‍ഷകര്‍ തെളിയിച്ചത്. അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതിന് കൊടുത്ത പിഴയാണ് തെരഞ്ഞെടുപ്പ് വിധി. ഇന്ത്യന്‍ ജനാധിപത്യം പക്വമായി വരുന്നുവോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.