23 December 2024, Monday
KSFE Galaxy Chits Banner 2

ഗായകരുടെ വായ പൊത്തരുത്

കുരീപ്പുഴ ശ്രീകുമാർ
വര്‍ത്തമാനം
April 27, 2023 4:00 am

ഉത്സവം കാണാൻ പോകുന്നത് ആരെല്ലാമാണ്? ഉത്സവം ഹിന്ദുക്ഷേത്രത്തിൽ ആണെങ്കിലും എല്ലാ മതവിശ്വാസികളും മതരഹിതരും അവിടെ ഒത്തുചേരും. സമീപകാലത്ത് ഉത്സവങ്ങൾ മതിൽക്കെട്ടിനകത്തേക്ക് മാറ്റുകയും ഉച്ചഭാഷിണി പല ചതുരശ്ര കിലോമീറ്ററിൽ വിന്യസിക്കുകയും ചെയ്തപ്പോഴാണ് കാണാൻ എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങൾ ഇല്ലാതായത്. കച്ചവടത്തിനായി വരുന്നവർ, കാമുകീകാമുകന്മാർ, പോക്കറ്റടിക്കാർ, ചൂതുകളിക്കാർ, കലാസ്നേഹികൾ എല്ലാവരും ഉത്സവസ്ഥലത്ത് ഒത്തുകൂടും. അവിടത്തെ പരിപാടികളിൽ മതവിരോധം പറഞ്ഞ് ആരെയെങ്കിലും ഒഴിവാക്കുന്ന രീതി അടുത്തകാലം വരെ ഇല്ലായിരുന്നു. അനുഷ്ഠാനങ്ങൾ ആരാധനാകേന്ദ്രത്തിൽ നടക്കുമ്പോഴും ജനങ്ങൾ പലവിധ ഉത്സാഹങ്ങളാൽ ഉത്സവപ്പറമ്പിനെ സജീവമാക്കുമായിരുന്നു. കെ ടി മുഹമ്മദിന്റെയും പൊൻകുന്നം വർക്കിയുടെയും ടി കെ ജോണിന്റെയും പാപ്പച്ചന്റെയും മറ്റും നാടകങ്ങളും ജോസഫ് കൈമാപ്പറമ്പന്റെയും റാംലാ ബീവിയുടെയും മറ്റും കഥാപ്രസംഗങ്ങളും ആൾക്കൂട്ടങ്ങളുടെ ഹരമായിരുന്നു. കാലം മാറുകയാണ്. വർഗീയത വർധിക്കുകയാണ്.


ഇതുകൂടി വായിക്കു;വന്ദേഭാരത് കേരളത്തിലെത്തുമ്പോള്‍


 

ശബരിമല അയ്യപ്പന്റെയും വാവരുടെയും അടുപ്പം മതമൈത്രിയുടെ വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ട്. ഈ ഇഴയടുപ്പം അയ്യപ്പൻ വിളക്കിനോടൊപ്പമുള്ള പാട്ടുകളിലും കാണാവുന്നതാണ്. മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് ഉടുക്കുപാട്ടുകളിൽ വാവരുടെ കഥ അവതരിപ്പിക്കുന്നത്. ‘പൂമരം കാണുവാൻ പോവല്ലേ പാത്തുമ്മാ പൂമരത്തിൽ ചതിയുണ്ടല്ലോ പാത്തുമ്മാ’ എന്നും ‘തകൃതിത്താം തോപ്പിലെ പാത്തുമ്മബീവിക്ക് വാർകാലനെന്നൊരു വാവർ പെറ്റുണ്ടായി, വാർകാലനെന്നൊരു വാവരെ പെറ്റകാലം നെല്ലൊന്നും കുലച്ചില്ല മാവൊന്നും പൂത്തില്ല’ എന്നും പാട്ടുകളുണ്ടായി. അതൊക്കെ വീട്ടുമുറ്റത്തു കെട്ടിയൊരുക്കിയ പന്തലിൽ അയ്യപ്പന്റെ പടം വച്ച് ഭക്തിയോടെ പാടിയതുമാണ്. അന്ന് തെരളിയും പഴവും കടലയും തിന്നു പിരിഞ്ഞവർക്ക് മതാന്ധത ഉണ്ടായിരുന്നില്ല. ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാർ മലബാറിൽ ചൊല്ലി അവതരിപ്പിച്ച മാപ്പിളരാമായണവും കേരളത്തിലെ മതമൈത്രിക്ക് കിട്ടിയ പുരസ്കാരമാണ്. രാമനിലെ ‘ര’ ഉപേക്ഷിച്ച് ലാമനാക്കിയാണല്ലോ ആ കൃതിയിൽ ഉപയോഗിക്കുന്നത്. ‘മൂന്നു പെണ്ണിനെ ദശരഥൻ നിക്കാഹ് ചെയ്ത’ പാട്ടെന്നും ‘ബീവിയാൾക്ക് വരം കൊടുത്ത് സൂയിപ്പിലായ’ പാട്ടെന്നും പാടിയിട്ടും കേരളത്തിലെ മതമൈത്രിക്ക് കോട്ടമുണ്ടായില്ല.

എന്നാൽ അടുത്ത കാലത്ത് പന്തളം കാരയ്ക്കാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലുണ്ടായ ഒരു ആക്രോശം മലയാളിയുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഉത്സവപ്പറമ്പുകളിലും മറ്റും നാടൻപാട്ട് മേള നടത്തുന്ന ഒരു ശ്രദ്ധേയ സംഘമാണ് പാട്ടുപുര. നാടൻ പാട്ടുകൾക്ക് പുതുജീവൻ നൽകിയ സി ജെ കുട്ടപ്പന്റെയും അകാലത്തിൽ വേർപെട്ടുപോയ പി എസ് ബാനർജിയുടെയും നേരവകാശിയായ മത്തായി സുനിലും മറ്റുമായിരുന്നു ഗായകർ. ഗാനമേള ജനങ്ങൾക്ക് ഹരമായി മുന്നേറിയപ്പോഴാണ്, മാപ്പിളപ്പാട്ടിന്റെ ഛായയുള്ള ഒരു നാടൻപാട്ട് പാടാൻ തുടങ്ങിയത്. അത് കേട്ടമാത്രയിൽ മുൻ ജനപ്രതിനിധിയും ജാത്യഭിമാനിയുമായ ഒരാൾക്ക് കലിപിടിച്ചു. ഹിന്ദുക്കളുടെ അമ്പലത്തിൽ, ഹിന്ദുക്കളുടെ കാശുകൊണ്ടു നടത്തുന്ന പരിപാടിയിൽ മുസ്ലിങ്ങളുടെ പാട്ട് പാടരുത് എന്നായിരുന്നു തീട്ടൂരം. പൊലീസ് ഇടപെടുകയും ഗാനമേള അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു. ഹിന്ദുക്കളുടെ കാശ് എന്നൊരു കാശുണ്ടോ? പണമെല്ലാം മതേതര രാജ്യമായ ഇന്ത്യയുടേതല്ലേ? പക്ഷേ മതാന്ധത ബാധിച്ചാൽ വന്ദേ ഭാരത് വരെ ഹിന്ദു ഭരണകൂടത്തിന്റെ സംഭാവനാവണ്ടിയാകുമല്ലോ. ഇവയെല്ലാം ആരുടെയും ഔദാര്യമല്ല, നമ്മുടെ അവകാശമാണെന്ന ബോധമാണ് അട്ടിമറിക്കപ്പെടുന്നത്. മസാലദോശയ്ക്ക് പോലും നികുതിയേർപ്പെടുത്തിയ ഒരു ഭരണകൂടം മതവ്യത്യാസം കൂടാതെ ശേഖരിക്കുന്ന പണമാണല്ലോ ഇന്ത്യയുടെ പണം. ഈ പ്രവണത വർധിച്ചുവന്നാൽ കേരളത്തിൽ ബാഹ്യതലത്തിലെങ്കിലും ഇന്ന് നിലനിൽക്കുന്ന മതമൈത്രി ഇല്ലാതാകും. ഗായകരുടെ വായ പൊത്തുകയും നാവരിയുകയും ചെയ്യുന്നത് ആശയഭീരുത്വമുള്ള ഫാസിസ്റ്റുകളുടെ ലക്ഷണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.