5 December 2025, Friday

സ്വപ്നം പോലെ ഒരു ഗ്രന്ഥപ്പുര

പി എ വാസുദേവൻ
കാഴ്ച
July 6, 2025 4:15 am

വായന മാത്രം പോര. വായിച്ചെടുക്കലുമുണ്ട്. രണ്ടാമത്തെതിലെത്തുമ്പോഴേ വായന ഒരു സര്‍ഗ പ്രക്രിയയാവൂ. വായിച്ചതിന്റെ വചനമാണ് വായിച്ചെടുക്കല്‍. അതില്‍ ഒരുതരം മെറ്റമോര്‍ഫസിസ് സംഭവിക്കുന്നു. പുസ്തകത്തില്‍ നിന്നെടുക്കുന്ന ചിന്തകള്‍, സ്വന്തം ആഗിരണശേഷിയിലൂടെ മാറ്റം വരുത്തി സ്വീകരിക്കാം, പ്രകാശിപ്പിക്കാം. വായനയ്ക്ക് അങ്ങനെയൊരു അതിഭൗതിക തലമുണ്ട്. ഒരേ പുസ്തകം പലരിലും പലതായി ചെന്നുപതിക്കുന്നതും പ്രകാശിതമാവുന്നതും അങ്ങനെയാണ്. വായന രൂപാന്തരീകരിക്കപ്പെടുന്നത് ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനമാണ്. പുസ്തകങ്ങളുടെ സ്റ്റോര്‍ ഹൗസ് മാത്രമാവരുത് ലൈബ്രറി. ആ പുസ്തകങ്ങള്‍ നല്‍കുന്ന വെളിച്ചം വര്‍ത്തമാനകാല ജീവിതത്തിനുതകുന്ന തരത്തില്‍ തിരിച്ചുവിടാന്‍ അറിവിനെ മറ്റു മണ്ഡലങ്ങളിലേക്കാനയിക്കുന്ന പ്രവൃത്തികളും വേണം. ലൈബ്രറികള്‍ പൂര്‍ത്തീകരിക്കുന്നതങ്ങനെയാണ്. ചര്‍ച്ചകള്‍, നാടകങ്ങള്‍, പ്രധാനപ്പെട്ട സിനിമകള്‍, സമാഗമങ്ങള്‍ തുടങ്ങി ഒട്ടേറെ സാംസ്കാരിക പ്രവര്‍ത്തനങ്ങളും ലൈബ്രറിയുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ വേണം. സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും ഇത്തരം ലൈബ്രറികളുണ്ടാവണം. ചില നഗരങ്ങളില്‍ ഒന്നാന്തരം ലൈബ്രറികളുണ്ട്. ഗ്രാമങ്ങളിലെ ഗ്രന്ഥശാലകള്‍, പുസ്തകം എടുക്കാനും കൊടുക്കാനുമുള്ള സ്ഥലങ്ങള്‍ മാത്രമല്ല, വളരെ പണ്ടുതന്നെ അവ സജീവമായ ആശയവിനിമയ കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഗ്രാമത്തിലെ എല്ലാവരും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കയ്യേറിയിരുന്നു. ഒരു ഗ്രാമത്തിന്റെ ഹൃദയമതാണ്. ഞാനിത് പറയാന്‍ കാരണം കഴിഞ്ഞ വ്യാഴവട്ടക്കാലമായി പാലക്കാട്ട് വളര്‍ന്നു വികസിച്ച് പട്ടണത്തിന്റെ സിരാകേന്ദ്രമായ പാലക്കാട് ജില്ലാ ലൈബ്രറിക്ക് ഒരു മുഖക്കുറിപ്പായിട്ടാണ്. ഇതിന് മുമ്പ് ഇവിടെ മുനിസിപ്പല്‍ ലൈബ്രറിയുണ്ടായിരുന്നെങ്കിലും ഏറെക്കാലം അത് അവഗണിക്കപ്പെട്ടുകിടന്നിരുന്നു. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതൊന്നു സജീവമാക്കാന്‍ ഞങ്ങള്‍ കുറച്ചുപേര്‍ രംഗത്തിറങ്ങി. പട്ടിക്കരയില്‍ ഒരു ഇരുട്ടുമുറിയില്‍ കൂട്ടിയിട്ടിരുന്ന 10,000 ത്തിലധികം വരുന്ന പുസ്തകങ്ങള്‍ തീവ്രയത്നം കൊണ്ട് സുല്‍ത്താന്‍പേട്ടയിലെ ഒരു കെട്ടിടത്തിലേക്ക് മാറ്റി. ഇന്ന് അത് ഒരുവിധം ഭംഗിയായി പ്രവര്‍ത്തിക്കുന്നുണ്ട്. അന്ന് അത് മാറ്റാന്‍ ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും അധ്യാപകരുമൊക്കെയുണ്ടായിരുന്നു. അതിന്റെ പ്രവര്‍ത്തകനായിരുന്ന ഞാന്‍, ഇന്നും ഓര്‍ക്കുന്നത് പരേതനായ റഷീദ് കാണിച്ചേരി എന്ന അധ്യാപകനേതാവിനെയാണ്. കാണിച്ചേരി നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു. 

പാലക്കാട് ജില്ലാ ലൈബ്രറി ഒരു വ്യാഴവട്ടം തികയ്ക്കുമ്പോള്‍, അത് സാധിച്ചത് ധൈഷണിക സാംസ്കാരിക രംഗത്തെ ഒരു വന്‍ ചുവടുമാറ്റമാണ്. താരതമ്യേന ലളിതമായൊരു തുടക്കത്തില്‍ നിന്ന് ഇന്നത്തെ സ്ഥിതിയിലേക്കുണ്ടായ മാറ്റത്തിന് ദീര്‍ഘദര്‍ശനമുള്ളൊരു നേതൃത്വവും സമര്‍പ്പിത കൂട്ടായ്മയുമുണ്ട്. ഈ വളര്‍ച്ചയുടെ ഒരു പൊതുദര്‍ശനം പ്രസക്തമാണ്. ലൈബ്രറിക്ക് 30 സെന്റ് സ്ഥലം, ഉടമസ്ഥത സര്‍ക്കാരിനു നിലനിര്‍ത്തി, ലൈബ്രറി ഭരണസമിതിക്ക് കൈമാറിയത് അന്നത്തെ ജില്ലാ കളക്ടറും എഴുത്തുകാരനുമായ കെ വി മോഹന്‍കുമാര്‍ ആയിരുന്നു. അന്നത്തെ പാലക്കാട് എംപി എന്‍ എന്‍ കൃഷ്ണദാസ് തന്റെ 2009-10 ലെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി 25 ലക്ഷം രൂപ അനുവദിച്ചതോടെ ‘ടെയ്‌ല്‍ ഓഫ്’ ആരംഭിച്ചു. ലൈബ്രറി പിന്നെ ഉന്നതങ്ങളില്‍ നിന്ന്, ഉന്നതങ്ങളിലേക്ക് കുതിക്കുകയായിരുന്നു. ജില്ലയിലെ 12 എംഎല്‍എമാരില്‍ നിന്ന് 65 ലക്ഷം രൂപയും അനുവദിച്ചുകിട്ടി. ആരംഭം മുതല്‍ ഇന്നുവരെ ഈ മഹാസ്ഥാപനത്തിനായി സമയം മുഴുവന്‍ നീക്കിവച്ച ടി ആര്‍ അജയന്‍ ഒരു ജീവിതസാഫല്യമായിരുന്നു ഇതിലൂടെ നേടിയത്. ഇപ്പോള്‍ നിങ്ങള്‍ ആ ഗ്രന്ഥാലയത്തില്‍ വന്നാല്‍ കാണുന്നത് വിദ്യാര്‍ത്ഥികള്‍, വായനയും ഗവേഷണവുമായി വൈകുന്നേരം വരെ അവിടെ ഇരിക്കുന്ന കാഴ്ചയാണ്. ഇത്തരമൊരു വിജ്ഞാന കേന്ദ്രത്തിന് ഒരു സമൂഹത്തിന്റെ സംസ്കരണത്തില്‍ വലിയ പങ്കുവഹിക്കാനാവും. ചെറുപ്പക്കാര്‍ ഇരുന്ന് ചര്‍ച്ച ചെയ്യുന്നതും പഠനക്കൂട്ടായ്മകള്‍ നടത്തുന്നതും വളരെ കൗതുകകരമായ കാഴ്ചയാണ്. നാളത്തെ പുറംലോകത്തെ പുനഃക്രമീകരിക്കുന്നതില്‍ ഇവര്‍ക്ക് ഏറെ ചെയ്യാനുണ്ടാവും. അതിന്റെ നഴ്സറിയാണ് ഈ ഗ്രന്ഥാലയം. ലൈബ്രറിയില്‍ ഇപ്പോഴുള്ള സൗകര്യങ്ങളും മറ്റു പതിവ് പരിപാടികളും ഒന്നുനോക്കാം. നഗരമധ്യത്തില്‍ 30 സെന്റ് സ്ഥലത്ത് മൂന്നു നില കെട്ടിടം- വിസ്തീര്‍ണം 10,000 ചതുരശ്രയടി. വിവിധ ഭാഷകളിലെ 1,20,000 പുസ്തകങ്ങള്‍. ഇടയ്ക്കിടെ നടക്കുന്ന സംഗീതപരിപാടികള്‍, സെമിനാറുകള്‍ എന്നിവയ്ക്കായി 150 പേര്‍ക്ക് ഇരിക്കാവുന്ന എസി ഹാള്‍. നല്ലൊരു റീഡിങ് സോണ്‍. പ്രശസ്തരായ വ്യക്തികളുടെ പേരിലുള്ള 30 കോര്‍ണറുകള്‍, കുട്ടികളുടെ സോണ്‍, ഇന്റര്‍നെറ്റ് കഫേ എന്നിവയും നല്ലൊരു പാര്‍ക്കിങ് ഏരിയയും. നഗരത്തിന്റെ തിരക്കില്‍ നിന്നകന്ന് മുന്നില്‍ വിശാലമായ പാടങ്ങളും കരിമ്പനകളുമുളള പ്രദേശം. ഒരുപക്ഷെ മറ്റൊരു നഗരത്തിലും ഇത്ര ഉചിതമായ സംവിധാനമുള്ള ലൈബ്രറി ഉണ്ടാവില്ല. 

നേരത്തെ പറഞ്ഞതുപോലെ ഇവിടെ പുസ്തകം എടുക്കലും കൊടുക്കലും മാത്രമല്ല. ഒരര്‍ത്ഥത്തില്‍ ഇതൊരു ‘വൈബ്രന്റ്’ ആയ സാംസ്കാരിക കേന്ദ്രം കൂടിയാണെന്ന് ഇവിടെ നടക്കുന്ന പരിപാടികള്‍ നോക്കിയാലറിയാം. എല്ലാ മാസവും വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ഗരശ്മി, വെള്ളിയാഴ്ചകളിലെ സിനിമാ പ്രദര്‍ശനം, പ്രതിമാസം ‘മീറ്റ് ദ ഓതര്‍’, മാസംതോറും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രഭാഷണം, പുസ്തക പ്രകാശനങ്ങള്‍, സെമിനാറുകള്‍, വ്യക്തിത്വവികസന ശില്പശാലകള്‍, കരിയര്‍ ഗൈഡന്‍സ് സെഷനുകള്‍, ലൈഫ് സ്കില്‍ ട്രെയിനിങ്, യുവാക്കള്‍ക്കുള്ള പ്രതിമാസ പരിപാടി. പരിപാടികളുടെ ബാഹുല്യം മാത്രമല്ല, അതിന്റെ വൈവിധ്യം കൊണ്ടുകൂടി, ശ്രദ്ധേയമാണ് പാലക്കാട് ജില്ലാ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍. ഏതാണ്ട് 185 ആജീവനാന്ത അംഗങ്ങള്‍, 308 ഓണററി അംഗങ്ങള്‍, 2,624 ഒന്നാം ക്ലാസ് അംഗങ്ങള്‍, 5,691 രണ്ടാം ക്ലാസ് അംഗങ്ങള്‍, 4,300 വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന 13,117 അംഗങ്ങളാണ് ലൈബ്രറിയുടെ ശക്തി. ഇവിടം ഏതാണ്ടൊരു സന്ദര്‍ശന കേന്ദ്രം പോലെയായി മാറിയിരിക്കുന്നു. ഇവിടെ വരാത്ത സാഹിത്യ — രാഷ്ട്രീയ — സാംസ്കാരിക നേതാക്കളില്ല. പുസ്തകത്തിന്റെ കണക്കുകള്‍ മാത്രമല്ല, കൂട്ടായ്മയുടെയും നിരന്തര പ്രവര്‍ത്തനത്തിന്റെയും കേന്ദ്രം കൂടിയായ ഈ ഗ്രന്ഥാലയം, വൈകാതെ പാലക്കാട്ടെ ഏറ്റവും വലിയ സന്ദര്‍ശന കേന്ദ്രം കൂടിയാവും. ഒരു ലൈബ്രറിയെ ഈ നിലയിലേക്കുയര്‍ത്തിയെടുക്കുക എളുപ്പമല്ല. പന്ത്രണ്ടാണ്ട് തികയ്ക്കുമ്പോള്‍ പാലക്കാട് ജില്ലാ ലൈബ്രറിക്കും അതിന്റെ അമരക്കാരായ ടി ആര്‍ അജയനടക്കമുള്ളവര്‍ക്കും സഫലമായത് ഒരു ജീവിതസ്വപ്നമാണ്. ഒപ്പം, ഒരു പ്രദേശത്തിന്റെ സ്വപ്നവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.